10 വഴി തെറ്റി വന്ന കപ്പല്‍.
ആയിരത്തി നാനുറ്റി തൊണ്ണൂറ്റി രണ്ട് (1492) ഏതാണ്ട് ഒരു അഞ്ഞൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്‌ലാന്റിക്ക് ഓഷനില്‍ വഴിതെറ്റിവന്ന ഒരു കപ്പല്‍ ലോകത്തിന്റെ മുഴുവന്‍ ജാതകം മാറ്റിയെഴുതി. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാനിപ്പൊള്‍ എന്താ വഴിമാറിപ്പൊകുകയാണോ എന്ന്. പക്ഷേ അതങ്ങനെയല്ല. ഈ കപ്പലും കപ്പിത്താനും നമ്മുടെ കഥയിലും ഉണ്ടാകും. അല്ലെങ്കില്‍ ലോകത്തിന്റെ കുടിയേറ്റ ചരിത്രത്തില്‍ ഇവരില്ലെങ്കില്‍ അതു പൂര്‍ണ്ണമാകില്ല. കപ്പലിന്റെ പേര് സന്താ മരിയ എന്നും കപ്പിത്താന്റെ പേര് ക്രിസ്റ്റഫര്‍ കൊളബസ് എന്നും. അവര്‍ കടലില്‍ കിഴക്കോട്ടു ലക്ഷ്യം വെച്ചു തുഴഞ്ഞവരാണ്. പക്ഷേ എത്തിയത് പടിഞ്ഞാറായിരുന്നു എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത് വൈകിയാണ്. അവര്‍ എത്തിയ സ്ഥലം ഇന്ത്യ എന്നവര്‍ ധരിച്ചു. അവര്‍ ശരിക്കും ഇന്ത്യയിലെ പേരുകേട്ട സ്വണ്ണവും, സുഗന്ധദ്രവ്യങ്ങളും, കുരുമുളകും അന്വേഷിച്ചിറങ്ങവരായിരുന്നു. അതുകൊണ്ടവര്‍ അവടെ കണ്ട സ്വദേശികളെ ഇന്ത്യന്‍സ് എന്നു വിളിച്ചു. അവിടെ ആ ജനതയുടെ ദുരിതങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഒപ്പം മറ്റു ലോക ജനതയുടേയും.
വന്നവര്‍ ഒരു പുതിയ രാജ്യം കണ്ടുപിടിച്ചു എന്നാണവകാശപ്പെടുന്നത്. അപ്പോള്‍ അതുവരെ അവിടെ ജീവിച്ചിരുന്നവരെ നിരാകരിച്ചുകൊണ്ട്, അവരെ മൃഗങ്ങള്‍ എന്നു കണക്കാക്കി ചരിത്രത്തെ മാറ്റിയെഴുതാന്‍ മനസാക്ഷിക്കുത്തില്ലാത്തവരുടെ ചരിത്രത്തില്‍ ആണു നമ്മള്‍ ജീവിക്കുന്നത്. ആരും ചരിത്രത്തില്‍ സത്യം പറയുന്നില്ല. കൊളംബസ് ഇവിടെ എത്തുന്നതിനു മുമ്പേ ഈ രാജ്യം ഇവിടെയുണ്ട്, ഇവിടെ സന്തോഷത്തിലും സമര്‍ദ്ധിയിലുംജീവിക്കുന്ന ഒരു ജനതയുണ്ടായിരുന്നു. അവര്‍ നായാടിയും, അല്പാല്പം കൃഷിചെയ്തും, ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യഥേഷ്ടം താമസം മാറിയും, പ്രത്യേക മതങ്ങളൊ, ദൈവങ്ങളൊ ഇല്ലാതെ, പ്രകൃതിയെ ആരാധിച്ച്, ഒരോ കൂട്ടങ്ങള്‍ ഒരോ ഗോത്രത്തലവന്മാരുടെ കീഴില്‍ ജീവിച്ചു. അവരുടെ ഇടയിലേക്കാണ് മൂന്നു കപ്പലുകളിലായി, മുട്ടാളന്മാരായ ഈ യമദൂതന്മാര്‍ വന്നിറങ്ങിയത്.
ബൊഹാമസ് ഐലന്റില്‍ വന്നിറങ്ങയവരുടെ കയ്യില്‍ തിളങ്ങുന്ന വാളും, നീളമുള്ള കുന്തങ്ങളും ഉണ്ടായിരുന്നു. കൂടാതെ യൂറോപ്യന്‍സിന്റെ മാത്രമായ തീ തുപ്പുന്ന തോക്കുകളും. അവരുടെ തിളങ്ങുന്ന കുപ്പായങ്ങളും, ആയുധങ്ങള്‍കയ്യിലുള്ളവന്റെ ഗര്‍വ്വും, കുപ്പികളില്‍ നിറച്ച മദ്യവും, പുകയിലയുടെ വീര്യവും എല്ലാം തദ്ദേശികളെ രണ്ടാം തരക്കാരാക്കി, അവരുടെ സേവകരാക്കി. ആദ്യം വെള്ളത്തില്‍ചലിക്കുന്ന പ്രേതത്തെ കണ്ട ആദിവാസികള്‍ ഭയന്ന് കരയോടുചേര്‍ന്നുള്ള കുറ്റിക്കാടുകളിലും, മരപ്പൊത്തുകളിലും ഒളിച്ചു. അതടുത്തു വരുന്തോറും അവരില്‍ ഭയം വര്‍ദ്ധിച്ചു. മൂപ്പന്റെ നിര്‍ദ്ദേശപ്രകാരം തീ കൂട്ടി അവര്‍ ആഴിക്കു ചുറ്റും, പിഴമൂളി, പിതൃക്കളോടു പ്രാര്‍ത്ഥിച്ചു.
രണ്ടു ദിവസം കരയോടു ചേര്‍ന്ന് നങ്കൂരമിട്ട കപ്പല്‍ കരയെ വീക്ഷിച്ചു. അപകടമില്ലെന്നും, ആക്രമിക്കാന്‍ ആരും വരുന്നില്ലെന്നും ഉറപ്പുവരുത്തി, നോഹയുടെ പെട്ടകത്തില്‍ നിന്നും കരയെ തേടി പറപ്പിച്ച കിളികളെ ഉള്ളിലോര്‍ത്തിട്ടെന്നവണ്ണം കുന്തവും, വാളുമേന്തിയ രണ്ടു മല്ലന്മാരെ കരയിലേക്കിറക്കി. സുരക്ഷിതമെന്നു കണ്ടപ്പോള്‍ വീണ്ടും രണ്ടുപേര്‍. അങ്ങനെ അവര്‍ഒരോരുത്തരായി കരയണഞ്ഞു. കുറ്റിക്കാട്ടിലും മരക്കൊമ്പുകളിലും ഇരുന്ന് ഇതൊക്കെ കണ്ട തദ്ദേശിയര്‍ തങ്ങളുടെ ദൈവങ്ങളോടായി രക്ഷിക്കണേ എന്നു നിലവിളിച്ചു. തങ്ങളെ ശിക്ഷിക്കാന്‍ ദൈവം അയച്ചവരെന്നവര്‍ തീര്‍ച്ചയാക്കി. ഏറ്റവും ഒടുവില്‍ കപ്പിത്താന്‍ തീരമണഞ്ഞപ്പോള്‍ അവര്‍ക്കുറപ്പയി ദൈവം തന്നെ നേരില്‍ വന്നിറങ്ങിയിരിക്കുന്നു. ഇനി ദൈവത്തെ പ്രസാദിപ്പിക്കാനുള്ള പാട്ടും, നൃത്തവും തുടങ്ങാന്‍ ഗോത്രമൂപ്പന്‍ കല്പിച്ചു. തിളങ്ങുന്ന കുപ്പായങ്ങളും, കിന്നരിവെച്ച തലപ്പാവുമുള്ള കപ്പിത്താനു ചുറ്റും അവര്‍ കൂടി. ആദ്യം കപ്പിത്താന്‍ ഒന്നു പതറിയെങ്കിലും, ആയുധങ്ങളില്ലാത്ത, വസ്ത്രങ്ങളില്ലാതെ, അരയില്‍ എന്തോ കെട്ടി നാണം മറച്ചവരുടെ തലയില്‍ കെട്ടിയുറപ്പിച്ച പക്ഷിതൂവ്വലുകളുടെ പുതുമയില്‍ ഒന്നു ചിരിച്ചു. ഉള്ളിലെ ഭയം മറച്ച്, ആയുധ ധാരികളെ ചുറ്റിനും നിര്‍ത്തി, ഒരു നായകനെപ്പോലെ ഗര്‍ജ്ജിച്ചു. അതെന്തെന്ന് കേട്ടവര്‍ തിരിച്ചറിഞ്ഞില്ല. അവര്‍ക്കൊരിക്കലും ആ ഭാഷ മനസിലാകുമായിരുന്നില്ല.
കപ്പിത്താന്‍ പറഞ്ഞത്: യുദ്ധം ചെയ്യാന്‍ തല്പര്യമുള്ളവര്‍ മുന്നോട്ടു വരിക അല്ലെങ്കില്‍ കീഴടങ്ങുക. ഈ രാജ്യം ഇനി എന്റേതാണ്. കപ്പിത്താന്‍ പറഞ്ഞതെന്തെന്നാറിയാത്തവര്‍ ചുറ്റിനും പാട്ടുപാടി നൃത്തം വെച്ചു, കപ്പിത്താന്‍ കപ്പലില്‍ ഉണ്ടായിരുന്ന വിഭവങ്ങള്‍ അവര്‍ക്കു കൊടുത്ത് അവരെ കൂടുതല്‍ ലഹരിയുള്ളവരാക്കി. അവരുടെ സ്ത്രീകള്‍ കപ്പലില്‍ വന്നവരുടെ തൃഷ്ണക്കിരയായി, കപ്പലില്‍ നിന്നും കൊണ്ടുവന്ന പുതിയ രോഗങ്ങളുടെ പകര്‍പ്പവകാശം ഏറ്റുവാങ്ങി.മൂപ്പന്റെ അഞ്ചാം ഭാര്യയും, മകളൂം കപ്പിത്താനൊപ്പം പോയി സ്വയം ബഹുമാനിതരായി സമ്മാനങ്ങള്‍ നേടി. കിട്ടിയ സാധങ്ങളുടെ വിലയെക്കുറിച്ച് അവര്‍ക്കറിയില്ലായിരുന്നു. നിറമുള്ള ഒരു പട്ടുറുമാല്‍ അവര്‍ക്ക് അമൂല്യ നിധിയായിരുന്നു. അങ്ങനെ കീഴടക്കല്‍ വളരെ എളുപ്പമായി. ചെറുത്തു നില്‍ക്കാന്‍ അറിയാത്തവരുടെ കീഴടങ്ങല്‍. പിന്നെ പതുക്കെ കീഴടങ്ങിയവന്റെ നാട് സ്വന്തമന്നവര്‍ പ്രഖ്യാപിച്ച്, വിരുന്നു വന്നവന്‍ അവകാശിയായി. ഒരോ രാജാവും തന്റെ അധികാരം ഉറപ്പിക്കുന്നത് കൊടിക്കുറയിലാണല്ലോ...അങ്ങനെ കൊളമ്പസ് അവിടെ തന്റെ കൊടിനാട്ടി.
സ്വര്‍ണ്ണവും, രക്‌നങ്ങളും, സുഗന്ധ വര്‍ഗ്ഗങ്ങളും ഇന്ത്യയില്‍ നിന്നുംകൊണ്ടുവന്നു വ്യാപരം ചെയ്യാമെന്നും, തനിക്കുള്ള അവകാശം അതില്‍ പത്തിലൊന്നാണന്നും രാഞ്ജിയുമായി കരാറുണ്ടാക്കി പുറപ്പെട്ട കൊളമ്പസ് എത്തിയിടം വെറും തരിശായിരുന്നു എന്ന തിരിച്ചറിവിലെ നിരാശയത്രയും, തദ്ദേശ്യരോടുള്ള പീഡനമായി പുറത്തുവരാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി പടിഞ്ഞാറന്‍ നാടുകളുമായി വ്യാപാരം നടത്തുന്ന ഇന്ത്യ അല്ല ഇതെന്നും, ഇവിടം ഇനിയും മനുഷ്യ വാസമില്ലാത്ത വെറും ഭൂമിയാണന്നുമുള്ള അറിവില്‍ നിരാശപ്പെടുമ്പോഴും ഈ തരുശുഭൂമിയെ എങ്ങനെ തനിക്കനുകൂലമാക്കാം എന്നാലൊചിച്ചു. കുറെ ഇടങ്ങളില്‍ സ്വര്‍ണ്ണത്തിനായി കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. യുറോപ്യന്‍ ദീപസമൂഹങ്ങളിലെ കരഭൂമിയുടെ അഭാവം ഓര്‍മ്മയില്‍ വന്നവന്‍ പുതിയ ഒരു കിടിയേറ്റ സാദ്ധ്യതയുടെ രൂപരേഖകളൂമായി തിരിച്ചുപോയി. തിരിച്ചു പോകുമ്പോള്‍ പുതിയ ഭൂമിയിലെ നിഷ്‌ക്കളങ്കാരായ പെണ്ണിനേയും ആണിനേയും അടിമകളായി കപ്പലില്‍ അടച്ചിരുന്നു. അങ്ങനെ അടിമക്കച്ചോടത്തിന്റെ വഴികള്‍ കൊളംബസ് തുറന്നിട്ടു. പിന്നെ രണ്ടു പ്രാവശ്യം കൂടി കൊളംബസിന്റെ കപ്പല്‍പ്പട ഇവിടെ കൂടുതല്‍ ദുരന്തങ്ങളുമായി എത്തി.
കൊളംബസ് തുറന്ന കടല്പാതകളിലൂടെ പിന്നെ വന്നവരെ തീര്‍ത്ഥാടകരെന്നു വിളിച്ച് വെള്ളപൂശുന്ന ചരിത്രം, അവരുടെ തനിനിറത്തെക്കുറിച്ചേറെ മറച്ച് ഈ രാജ്യത്തെ അധിനിവേശക്കാരുടെ സ്വന്തം ഭൂമിയെന്നു രേഖപ്പെടുത്തി. തീര്‍ത്ഥാടകരായി വന്നവര്‍ രാജ്യത്തിന്റെ അവകാശികളായി. പില്‍ഗ്രിം ഫാദേഴ്‌സിനായി അവര്‍ താങ്ക്‌സ്ഗീവിഗ് എന്ന ആഘോഷം ഏര്‍പ്പാടാക്കി, തദ്ദേശിയരായ റെഡിന്ത്യന്‍സിനെ പാടെ നിരാകരിച്ച്, ചരിത്രത്തില്‍ നിന്നും പുറത്താക്കി. അങ്ങനെയാണെന്നും അധിനിവേശക്കാര്‍ ചരിത്രം സൃഷ്ടിക്കുന്നത്. ഇതു കുടിയേറ്റക്കാരുടെ ഭൂമിയെന്ന സത്യത്തെ മറച്ച്, തൊലി വെളുത്തവര്‍ രാജ്യത്തിന്റെ അവകാശികളും, തൊലിക്ക് വെളുത്ത നിറം ഇല്ലാത്തവര്‍ രണ്ടാം തരക്കാരും വരുത്തരുമായി. ഇതു നിറത്തിന്റെ രാഷ്ട്രിയമാണ്. റെയിസ് തിയ്യറി. കൊളംബസ് ഈ നാട്ടില്‍ ഇറക്കിയ വംശീയതയുടെ വിത്തുകള്‍ ഇപ്പോഴും ഇവിടെ വിളയുന്നു. അടിമവഗ്ഗം അതിന്റെ ഉല്പന്നമാണ്. ഇവിടെ വന്നവര്‍ അവകാശികില്ലാത്ത, ഭൂമിയെല്ലാം കയ്യേറി തങ്ങളുടേതാക്കി വേലികെട്ടി. ഇനി അതില്‍ പണിയെടുക്കാന്‍ ആളുവേണം
ബ്രിട്ടനിലുണ്ടായ വ്യവസായ വളര്‍ച്ചയും, കോളനിസ്ഥാപിക്കലിന്റെയും അധികാര രാഷ്ടിയം ലോകത്തെ ആകെ മാറ്റിമറിച്ചു. കൃഷിഭൂമികള്‍ തീരെ ഇല്ലാത്ത ദീപുകളില്‍ നിന്നും ആയിരക്കണക്കിനു കുടിയേറ്റക്കാര്‍ ഇവിടേക്ക് ഇരച്ചു കയറി. കയ്യുക്കുള്ളവനൊക്കേയും വളച്ചുകെട്ടി സ്വന്തമാക്കി. ആള്‍പ്പാര്‍പ്പില്ലാത്ത വിശാലമായ ഭൂമിയുടെ അവക്കാശികള്‍ ആരെന്നു തര്‍ക്കമില്ലായിരുന്നു. ഇവിടെയുണ്ടായിരുന്നവര്‍ നിഷ്‌ക്കളങ്കരും, ഭൂമിയുടെ വിലയോ, കൃഷിയുടെ ആവശ്യകതെയെക്കുറിേച്ചാ അറിയാത്തവര്‍ ആയിരുന്നു. അവരെയൊക്കെ ഒളിയമ്പുകളില്‍ ചതിച്ച് കുടിയേറ്റക്കാര്‍ എല്ലാ എതിര്‍പ്പുകളേയും ഇല്ലാതാക്കി.
മിതമായ കാലാവസ്ഥയും, വളക്കൂറുള്ള മണ്ണും വന്‍ങ്കിടക്കാരായ മുതലാളിമാരെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു ഭൂമിയുടെ അവകാശികളാക്കി. ആയിരം മുതല്‍ അമ്പതിനായിരം ഏക്കറുകള്‍ വരെ സ്വന്തമായവര്‍, തൊഴിലിനാളില്ലാതെ നെട്ടോട്ടം ഓടാന്‍ തുടങ്ങി. അവര്‍ യൂറോപ്പില്‍ നിന്നും വന്ന ഗതികിട്ടാത്തവര്‍ക്കൊക്കെ തൊഴില്‍ കൊടുത്തിട്ടും അവരുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. അവര്‍ മാതൃരാജ്യവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. മറ്റു രാജ്യങ്ങളുമായി വ്യാപരത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഒരോ രാജ്യത്തും തങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാനുള്ള ഒരു ചരക്കു കണ്ടെത്തി. അങ്ങനെയാണ് ആഫ്രിക്കയിലെ നമ്മുടെ ജനതയെ അവര്‍ അടിമകളാക്കിയത്. ഞാന്‍ ഉപായത്തില്‍ നിങ്ങളുടെ അറിവുകളെ ഒന്നു ബന്ധപ്പെടുത്തി എന്നേയുള്ളു. ഞാന്‍ പറഞ്ഞ രീതിയില്‍ തന്നെ ആയിരിക്കില്ല കാര്യങ്ങള്‍ നടന്നതെന്നു വേണമെങ്കില്‍ നിങ്ങള്‍ക്ക് പറയാം. ഇടക്ക് ഒത്തിരിയേറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടാകാം. ചെറുത്തു നില്പുകളുടെ കഥകള്‍ ഇതില്‍ വന്നിട്ടില്ല. അങ്ങനെ ഒന്നില്ലായിരുന്നു എന്നെങ്ങനെ പറയും. ആഫ്രിക്കയിലെ നമ്മുടെ പോരാട്ടവീരന്മാര്‍ ചില വെള്ളക്കാരെ അമ്പെയ്തു കൊന്നിട്ടുണ്ട്. അതു ചരിത്രത്തില്‍ കാണില്ല. ഇതുവരെയുള്ള ചരിതം അവരല്ലെ എഴുതിയത്. അപ്പോള്‍ അവരുടെ പരാജയങ്ങളുടെ കഥകള്‍ അധികമൊന്നും പറയില്ല. പക്ഷേ നമ്മുടെ നാടോടി പാട്ടുകളില്‍ ഇത്തരം വീരകഥകള്‍ ഇപ്പോഴും ഉണ്ട്.
തോക്കുകളും, വാളും, ഒളിപ്പോരും നമുക്ക് വശമില്ലായിരുന്നു. അവിടെയാണവര്‍ നമുക്കുമേല്‍ അധികാരം ഉറപ്പിച്ചത്. ചതിയായിരുന്നു അന്നും ഇന്നും അവരുടെ വലിയ ആയുധം. ദയ എന്നൊന്നവര്‍ക്കില്ല. എല്ലാം അവരുടേതാകണം അതാണവരുടെ അടിസ്ഥാന പ്രമാണം. അതിനുവേണ്ട എന്തു തന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. നേരിട്ടെതിര്‍ക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ കൂലിക്കാളെ എടുക്കും. പരസ്പരം ഭിന്നിപ്പിക്കും. കാടിളക്കി വലവെയ്ക്കും. ഇതൊന്നും നടന്നില്ലെങ്കില്‍ അവര്‍ ഇരവെയ്ക്കും. ആദ്യം ചെറിയ ചെറിയ സാധനങ്ങള്‍ എറിഞ്ഞു കൊടുക്കും ഇര കെണിക്കു ചുറ്റും മണത്തും, കൊതിച്ചും വട്ടം കറങ്ങും. കൂറെ നേരം അങ്ങനെ കഴിഞ്ഞാല്‍ വേട്ടക്കാരന്‍ ഒന്നും അറിയാത്ത പോലെ മറഞ്ഞിരിക്കും. അപകടം ഇല്ലെന്നുറപ്പിച്ച് ഇര അതു രുചിക്കും. പിറ്റെദിവസവും അതുതെന്നെ തൂടരും. പിന്നെ ഇര സ്വയം മുന്നോട്ടുവരും. വേട്ടക്കാരന്‍ ഇട്ടുകൊടുക്കുന്നതൊക്കെ കൊത്തും. പിന്നെ ഇരയും വേട്ടക്കരനും ഒപ്പം ആകും. അങ്ങനെ ഗോത്രമൂപ്പന്മാരെ അവര്‍ കൈയ്യിലെടുത്ത് ചെറിയ സന്തോഷങ്ങളെ കൊടുത്തു. എതിര്‍പ്പുകളില്ലാതെ അവര്‍ കെണികളിലാക്കിയവര്‍ ആരും അറിയാതെ കപ്പലിന്റെ അടിത്തട്ടുകളില്‍ ബന്ധികളായി. അങ്ങനെയാണവര്‍ നമ്മുടെ ജാതകം തിരുത്തിയത്.
മറ്റോരു കൂട്ടരുടെ കഥകൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം. മെക്‌സിക്കനു സ്വന്തം രാജ്യം തന്നെ നഷ്ടമായ കഥ. അവരും വിലപേശാന്‍ അറിയാന്‍ വയ്യാത്ത, അന്നന്നത്തെ അത്താഴത്തിനായി ജീവിക്കുന്നവരായിരുന്നു. ടെക്‌സാസിലും, അരിസോണയിലും, ഫ്‌ളോറിഡയിലും അവര്‍ കൂടുകള്‍ വെച്ചു. അതവരുടെ രാജ്യമായിരുന്നു. ചെറുത്തു നില്പിനു കരുത്തില്ലാത്തവര്‍ എന്നു കുടിയേറ്റക്കാര്‍ അവരെ തിരിച്ചറിഞ്ഞ്, അവരെ നദിയുടെ മറുകരയിലേക്കോടിച്ച് അതിരുകള്‍ തിരിച്ചു. റിയോ ഗ്രാന്റേ നദിയുടെ ഇപ്പുറവും അപ്പുറവും രണ്ടു രാജ്യങ്ങളായി. ഓടിപ്പൊകാത്തവര്‍ അടിമവംശത്തില്‍ ചേര്‍ക്കപ്പെട്ടെങ്കിലും അവരുടെ നില ഒരു നീഗ്രോയുടേതിനേക്കാള്‍ മെച്ചമായിരുന്നിരിക്കാം. നീഗ്രോയുടെ തൊലി ആഫ്രിക്കന്‍ നാടുകളില്‍ രൂപപ്പെട്ടതായിരുന്നു എന്ന സത്യത്തെ മറന്ന്, തണുത്ത രാജ്യങ്ങളിലെ ചുടധികം ഏല്‍ക്കാതെ വിരിഞ്ഞ കുഞ്ഞുങ്ങളുടെ വെളുത്ത നിറത്തില്‍ മഹത്വം കണ്ടെത്തി സ്വയം വരേണ്യരെന്നു വിളിക്കുന്നവരുടെ മലിന മനസിന്റെ ഉല്പന്നമാണ് ലോകമെല്ലാമുള്ള അതഃകൃതര്‍ എന്നു നമുക്ക് സമാധാനിക്കാം എങ്കിലും ചിലരുടെയെങ്കിലും മനസുകളിലെ പൊള്ളലിന്റെ വില അവര്‍ക്കു കൊടുക്കേണ്ടി വന്നു. എങ്കിലും അവരുടെ ത്യാഗത്തിന്റെ വില പാഴായി എന്നു പറയാറായിട്ടില്ല.
റിയേ ഗ്രാന്റേ നദി പലപ്രാവശ്യം കരകവിഞ്ഞു. ഒപ്പം അമേരിക്ക എന്ന രാഷ്ട്രവും രൂപപ്പെടുകയായിരുന്നു. അനേകം പേരുടെ നിലവിളിയും, നെടുവീര്‍പ്പും, പ്രാക്കും, ശാപവും ഈ നാടിന്റെ ഇരുണ്ട അകത്തളങ്ങളില്‍ നിന്നും ഇപ്പോഴും ഉയരുന്നു. അതൊക്കെ പുറം ലോകം അറിഞ്ഞാല്‍ വെളിത്തവന്റെ കപട സ്‌നേഹത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞുപോകും. അതു വികൃതമാണ്. ജീവനോട് തന്റെ ഇരയുടെ മാസം കടിച്ചു തിന്നുന്ന വേട്ടമൃഗത്തിന്റെ മുഖം. വേട്ടമൃഗം വെട്ടിപ്പിടിക്കാനും, കൂട്ടിവെയ്ക്കാനുമായി ഒന്നും ചെയ്യുന്നില്ല. ഒരിക്കലും വിശപ്പുമാറാത്ത വേട്ടമൃഗമായിരുന്നു കുടിയേറ്റക്കാര്‍. കുടിയേറ്റക്കാരെന്നവരെ വിളിക്കുന്നതവര്‍ക്കിഷ്ടമല്ല. അവര്‍ അവകാശികളാണത്രേ...!
ഏകദേശം ആയിരത്തി എഴുനൂറ്റി അമ്പതോടെ (1750) ആദ്യത്തെ പതീമൂന്നുകോളനികള്‍ ബ്രിട്ടന്റെ കീഴില്‍ നോര്‍ത്തമേരിക്ക എന്ന പേരി;ല്‍ ഒരു രാജ്യമായി പ്രഖ്യാപിച്ചു. വെര്‍ജീനിയ, മാസാച്ചുസെറ്റ്‌സ്, റോഡ് ഐലന്റ്, കണറ്റിക്കെട്ട്, ന്യു ഹാംഷര്‍, ന്യുയോര്‍ക്ക്, ന്യുജേര്‍സി, പെന്‍സല്‍വേനിയ, ഡെലാവയര്‍, മേരിലാന്റ്, നോര്‍ത്ത് കരോളീന, സൗത്ത് കരോളിന, ജോര്‍ജ്ജിയ എന്നി കോളനികള്‍ സ്വന്തം ഭരണഘടനയില്‍ യുണേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക രൂപീകരിക്കുമ്പോള്‍ മറ്റു പലരാജ്യങ്ങളുടെ കോളനികള്‍ ഒരോ സ്റ്റേറ്റുകളായി നിലനിന്നു. ഒരു കര്യം കൂടി പറഞ്ഞെങ്കിലെ ഇവിടെയുള്ള നീഗ്രോകളുടെ ഉള്ളില്‍ കത്തിയ തീയുടെ ആഴം നിങ്ങള്‍ക്കു മനസിലാകുകയുള്ളു. ആയിരത്തെഴുനൂറ്റി പന്ത്രെണ്ടില്‍ (1712) ന്യൂയോര്‍ക്കില്‍ നടന്ന അടിമക്കലാപത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്തോ...? ഇരുപത്തി മൂന്നില്‍ പരം വരുന്ന നമ്മുടെ ധീരന്മാരായ നീഗ്രോകള്‍ ഒന്‍പതു വെള്ളക്കാരെ അവരുടെ വീടുകളില്‍ കയറി കൊന്നു. മറ്റു പലരേയും പരുക്കേല്പിച്ചു. അവരെ നമുക്ക് ധീരന്മാരെന്നു വിളിക്കാമോ... അവര്‍ കൊലപാതകികള്‍ അല്ലെ...പക്ഷേ അവരെ ധീര്‍ന്മാര്‍ എന്നാല്ലതെ എന്തു വിളിക്കും. ആയിരത്തോളം വരുന്ന അവരുടെ സമൂഹം അനുഭവിച്ച, ദുരിദങ്ങള്‍ക്ക് അമ്മ പെങ്ങന്മാരും, ഭാര്യമാരും അനുഭവിച്ച ബലാല്‍ക്കാരങ്ങള്‍ക്ക് നേരെ അവസരം കിട്ടിയപ്പോള്‍ പ്രതികരിച്ചവരെ മറ്റെന്തു വിളിച്ചാണു ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്.
അന്ന് എഴുപതോളം വരുന്നവരെ ജയിലില്‍ അടച്ചു വിചാരണ ചെയ്തവരില്‍ ഇരുപത്തൊന്നു പേരെ തൂക്കിക്കൊന്നു. അവരുടെ സാഹസം വെറുതെ ആയി എന്നു പറയാന്‍ പറ്റുമോ... വെളുത്തവന്റെ ഉള്ളില്‍ ഭയത്തിന്റെ തിരമാലകള്‍ ഉയരാന്‍ തുടങ്ങി. അവര്‍ നേര്‍ക്കു നേര്‍ വരാതെയായി. കൂട്ടമായി വീണ്ടും നമ്മള്‍ ചങ്ങലയിലായി. പകമൂത്തവര്‍ ചിലരെ പച്ചയ്ക്ക് ചുട്ടു കൊന്നു. ചിലരെ പട്ടിണിക്കിട്ടു കൊന്നു. ഒരു ഗര്‍ഭിണിയെ പ്രസവം കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിനെ ഒരു നോക്കു കാണാന്‍ പോലും അവസരം കൊടുക്കാതെ കുഞ്ഞിനെ അവരെടുത്ത്, അമ്മയെ കൊന്നു. ഇതൊന്നും ക്രൂരതയുടെ കണക്കില്‍ പെടില്ല. സഹിക്കവയ്യാതെ ആയുധമെടുത്തവന്‍ ചരിത്രത്തിലെന്നും കുറ്റവാളി. അതാണൂ കുഞ്ഞെ ചരിത്രം . ഞാന്‍ എഴുത്തും വായനയും പഠിച്ചവനല്ല. എന്നാലും കണ്ടതും കേട്ടതും മറക്കുന്നവനല്ല. എന്റെ അടുത്ത തലമുറയ്ക്ക് കഥകള്‍ പകരാന്‍ ഞാന്‍ എല്ലാം ഓര്‍മ്മയില്‍ വെച്ചു.ഇങ്ങനെ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ട്. നിങ്ങള്‍ കുറെയൊക്കെ വായിക്കയും പഠിക്കയും ചെയ്തതല്ലെ. അതിനാല്‍ ഞാന്‍ എന്റെ വിമ്മിഷ്ടങ്ങളെ നിങ്ങള്‍ക്കു തരുന്നില്ല. നിങ്ങള്‍ക്കിതൊക്കെ പണ്ടെങ്ങോ നടന്ന കഥകള്‍ മാത്രം. ഞാന്‍ കടന്നു പോയവനാണ്. തീയ്യും വെള്ളവും എന്നെ തൊട്ടു. കൊടുംകാറ്റില്‍ ഞാന്‍ മൂന്നാം സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നു. അവിടെയൊക്കെ ഞാന്‍ വേദനകള്‍ മാത്രമേ കണ്ടുള്ളു. എന്റെ വര്‍ഗ്ഗത്തിന്റെ... എന്റെ സഹോദരങ്ങളുടെ ആ വികാരമുള്ളവരാണ് ആയുധം എടുത്തത്. ഞാന്‍ അവരെ കുറ്റപ്പെടുത്തുകയില്ല.
ഇവിടം എന്നും നിഗൂഡതകളാണ്. എന്തൊക്കയൊ ഒളിച്ചുകളികളുടെ നാട്.ആര്‍ക്കും ആരേയും വിശ്വാസമില്ല. സ്വന്തം ലാഭവും ജീവനും മാത്രം. ഞാന്‍... ഞാന്‍ മാത്രം!. നിനക്ക് എന്തു സംഭവിച്ചാലും എന്റെ ലാഭത്തില്‍ കുറവൊന്നും വരാന്‍ പാടില്ല. ഇന്നും ഇവിടെ അങ്ങനെ തന്നെ എന്നു നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.പതിമൂന്നു സ്റ്റേറ്റുകള്‍ അമേരിക്ക സ്ഥാപിക്കുമ്പോള്‍ മറ്റുള്ള സ്ഥലങ്ങളുടെ നിലപാടെന്തായിരുന്നു. അവരൊക്കെ മറ്റുപല രാജ്യങ്ങളുടെ കോളനികള്‍ ആയിരുന്നു. ഈ പതിമൂന്നു കോളനികള്‍ (സ്റ്റേറ്റുകള്‍) ബ്രിട്ടിഷുകാരുടെ ഭരണത്തില്‍ ആയതിനാല്‍ അവര്‍ ഒന്നിച്ചു നിന്നു. പക്ഷേ അടിസ്ഥനപരമായി അവര്‍ക്കിടയില്‍ ചില സ്വരച്ചേര്‍ച്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. സ്ലേവ് സ്റ്റേയിറ്റുകള്‍ ബ്രിട്ടന്റെ അടിമവ്യാപരം നിര്‍ത്തണമെന്ന ആവശ്യത്തില്‍ എതിരായിരുന്നപ്പോള്‍, ചിലരെല്ലാം അതിനനുകൂലമായിരുന്നു.
പതിമൂന്നു കേളനികള്‍ ഒരു രാജ്യമായി എങ്കിലും അവര്‍ക്ക് സ്വയം ഭരണാവകാശം ഇല്ലായിരുന്നു. നമ്മോടു ചോദിക്കാതെ അടിമവ്യാപാരം നിര്‍ത്തണം എന്നു പറയാന്‍ അവര്‍ ആര്‍. ..? നമ്മുടെ ആവശ്യങ്ങള്‍ പറയാനും അവകാശങ്ങള്‍ ചോദിക്കാനും നമുക്കവിടെ ആരുണ്ട് എന്ന ചോദ്യം അവര്‍ പരസ്പരം ചോദിക്കുകയും, അതുപിന്നെ പരസ്യമായ ഒരു ചോദ്യമായി ഉയരുകയും ചെയ്തു. ‘നോ ടാക്‌സേഷന്‍ വിത്തൗട്ട് റെപ്രന്റേഷന്‍’ എന്ന മുദ്യാവാക്യവുമായി ആ പ്രസ്ഥാനം ബലപ്പെട്ടുവന്നു. അപ്പോഴും അടിമകള്‍ കച്ചോട വസ്തുവായി തുടര്‍ന്നു. പല അടിമകളും ആയുധമെടുത്തു കൊല്ലുകയും മരിക്കുകയും ചെയ്തു. അടിമയുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതങ്ങളിലേക്കുആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.
നമ്മള്‍ പറഞ്ഞുവന്ന ക്യുന്‍സി തോട്ടത്തില്‍ മാത്രമല്ല സമീപ പ്രദേശത്തേയും, ഇതര സംസ്ഥാനങ്ങളിലേയും, തോട്ടങ്ങളിലെ അടിമ ജീവിതം സമാനതകളുള്ളതായിരുന്നു. ദിവസം എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിക്കുന്നു എന്നവര്‍ക്കറിയില്ല. വെളുപ്പിനെ നാലുമണിക്കെഴുനേല്‍ക്കുന്ന ഒരടിമ രാത്രി എട്ടുമണിവരെയെങ്കിലും പണിയെടുക്കണം. പിന്നെ കാര്യവിചാരകര്‍ കൊടുക്കുന്ന നാഴി ചോളമണികള്‍ ഇടികല്ലില്‍ പൊടിച്ച് കോണ്‍ബ്രഡുണ്ടാക്കി അതിനൊപ്പം കൊടുക്കുന്നതോ, അല്ലെങ്കില്‍ ആരും കാണാതെ മടിയില്‍ തിരുകുന്ന അല്പം ക്യാബേജിലകളോ കഴിച്ച്, സ്ലേവ് ക്യാബിനുകളില്‍ നിരത്തിയ കച്ചിപ്പുറത്തെക്കു വീണ് ഒന്നു മയങ്ങുമ്പോഴേക്കും കോഴികൂവും. പുതിയ ദിവസം തുടങ്ങുകയായി. ശനിയാഴ്ചകളില്‍ അല്പം ഇറച്ചി ഉണ്ടാക്കും. അതെജമാനന്റെ കനിവെന്നതിനേക്കാള്‍, അടിമയുടെ ആരോഗ്യം ആണവന്റെ പണപ്പെട്ടിയെ നിറയ്ക്കുന്നതെന്ന അറിവിനോടുള്ള ആദരവാണ്. കാട്ടുപന്നികളോ, മുയലുകളൊ മിക്കപ്പോഴും തോട്ടത്തില്‍നിന്നു തന്നെ വെടിവെച്ചിടാനുണ്ടാകും. യജമാനന്‍ വെടിവെപ്പിനിറങ്ങുമ്പോള്‍, നല്ല തടിമിടുക്കും, കാലുകള്‍ക്കു നീളവുമുള്ള അടിമകളെ ഒപ്പം കൂട്ടാറുണ്ട്. അവരാണു വെടിയിറച്ചി പറക്കേണ്ടതും, ഒരോ വെടിക്കും യജമാനനു സ്തുതി പാടേണ്ടവരും. അങ്ങനെ ചിലരൊക്കെ യജമാനനുമായി നല്ലബന്ധം സ്ഥാപിച്ചെടുക്കും. അവര്‍ക്കൊക്കെ കഠിന ജോലികളില്‍ നിന്നും ചിലപ്പോഴൊക്കെ മോചനം കിട്ടാറുണ്ട്.
വലിയ വലിയ തോട്ടങ്ങളില്‍ സ്‌കില്‍ഡ് ലേബേര്‍സ് എന്നൊരു കൂട്ടം വേര്‍തിരിക്കപ്പെടാന്‍ തുടങ്ങി. അവര്‍ കുതിരക്ക് ലാടം ഉണ്ടക്കുന്നവരും, സ്ലേവു ക്യാബിനുകള്‍ പണിയുന്നവരും, പണി ആയുധങ്ങള്‍ പണിയാനുള്ള കൊല്ലപ്പണികള്‍ ചെയ്യുന്നവരും ആയിരുന്നു. പ്രത്യേക തൊഴില്‍ പരീശീലനം കിട്ടിയവര്‍ക്ക് അല്പം മുന്തിയ വിലകിട്ടുമായിരുന്നു. പലപ്പോഴും യജമാനന്‍ അവരെ വില്‍ക്കാറില്ല. അതില്‍ കൊല്ലന്മാര്‍ക്കായിരുന്നു ഏറെ ആവശ്യക്കാര്‍. കാലം മാറുന്നതനുസരിച്ച്, അടിമകളുടേയും ഉടമയുടേയും ജീവിതവും മാറി വന്നുകൊണ്ടിരുന്നു. അതില്‍ ക്രിസ്ത്യന്‍ മിഷനിറിമാരുടെ പങ്കിനെ കുറച്ചു കാണണ്ട. അവര്‍ ഒരോ തോട്ടങ്ങളിലും സുവിശേഷിക്കാന്‍ തുടങ്ങി. ആറു ദിവസം ജോലിയും ഏഴാം ദിവസം വിശ്രമവും എന്ന നല്ല പുസ്തകത്തിലെ വചനം ഉള്‍ക്കൊള്ളാന്‍ ആദ്യമൊക്കെ മുതലാളിമാര്‍ക്ക് വലിയ പ്രയാസമായിരുന്നു.
പാസ്റ്റര്‍മാരുടെ നിരന്തര പ്രേരണയും, വിശ്രമം കിട്ടിന്ന അടിമ കൂടുതല്‍ പണിയെടുക്കും എന്ന തന്ത്രവും അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. ഏതായാലും ഒരു തോട്ടത്തില്‍ നടപ്പാക്കിയ പരിഷ്‌കാരം ഒരവകാശമായി മറ്റുതോട്ടങ്ങളിലേക്ക് വ്യാപിക്കും എന്ന ഭീതിയില്‍ മടിച്ചു നിന്നവരും അടിമകള്‍ക്ക് ഒരു ദിവസം വിശ്രമം അനുവധിച്ചു. അതടിമജീവിയത്തിലെ വലിയ വിപ്ലവങ്ങള്‍ക്ക് തുടക്കമായിരുന്നു. അടിമകള്‍ക്ക് വിവാഹവും, കുടുംബജീവിതവും നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും, ആണും പെണ്ണും ഒന്നിച്ചു ജീവിക്കാന്‍ അനുവദിച്ചിരുന്നു. അവര്‍ക്കിടയില്‍ നിയമങ്ങളോ, നിബന്ധനകളോ ഇല്ലായിരുന്നു. പരസ്പരം സംരക്ഷിച്ചുകൊള്ളാമെന്ന കരാറും ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യം ഇല്ലായിരുന്നു
Read more: https://emalayalee.com/writer/119