Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 15 : മിനി ആന്റണി )

Published on 14 March, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ - 15 : മിനി ആന്റണി )

ഈശ്വരനെപ്പോലെ കരുതിയാണ് വിസിറ്റിങ്ങ് വിസയിൽ യൂറോപ്പിലേക്ക് കയറുന്ന ഒരോരുത്തരും സ്വന്തം ഏജൻ്റിൽ വിശ്വാസമർപ്പിക്കുന്നത്. സ്വന്തം കഴിവുകൾ ചില നേരത്ത് ഒട്ടും പ്രയോജനപ്പെടാതെ വരും .പരിചയമില്ലാത്ത രാജ്യത്ത് ഭാഷയില്ലാതെ സഞ്ചരിക്കേണ്ടി വരുമ്പോൾ അത്തരം ചില വിശ്വാസങ്ങളാണ്  എന്നെപ്പോലുള്ള സാധാരണക്കാർക്ക് മുന്നോട്ടു പോകാനുള്ള ധൈര്യം നൽകുന്നത്.

ഒരോരുത്തരേയും  സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന കാര്യത്തിൽ ക്ലമൻ്റ് എൻ്റെ ഏജൻ്റിനേക്കാൾ ഡീസൻ്റായിരുന്നെന്ന് അയാളുടെ ക്ലൈൻ്റ്സിനെ പരിചയപ്പെട്ടപ്പോൾ എനിക്ക് മനസിലായി. അയാൾ വരുന്നതറിഞ്ഞ്  രാവിലെ മുതൽ പലരും ലീവെടുത്ത് വരാൻ തുടങ്ങിയിരുന്നു.

വന്നവരിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എൻലയെ ആയിരുന്നു. പാവാടയും ഷർട്ടുമിട്ട , നീളമുള്ള മുടി പിന്നിയിട്ട നാടൻ പെൺകുട്ടി. മോണയിത്തിരി ഉയർന്നിരുന്നാലും അവളുടെ ചിരി കാണാൻ രസമാണ്. ഒരു കാലൻകുടയും കറക്കിക്കൊണ്ടാണ് അവൾ പറുദീസയിലേക്ക് കയറി വന്നത്. അവിടെ നിന്നവരും ഇരുന്നവരുമടക്കമുള്ള എല്ലാവരോടും പ്രസരിപ്പോടെ സംസാരിച്ച ശേഷം അവളടുക്കളയിലേക്ക് കയറി. ബോബിയവിടെ പാചകത്തിലാണ്. ഇനി ബോബിയുടെ പുറകിൽതന്നെയുണ്ടാകും എൻല. കണ്ടറിഞ്ഞ് സഹായിക്കാൻ എൻലക്ക് പ്രത്യേക കഴിവുണ്ട്.   സുബി ചെയ്യേണ്ട കാര്യങ്ങളാണ് പകരക്കാരിയായി എൻല ചെയ്തുകൊണ്ടിരുന്നത്.  ബോബിക്ക് എൻലയെപ്പോലൊരു കുട്ടിയെയായിരുന്നു വേണ്ടിയിരുന്നതെന്ന്   എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

 സിസിലിയയിലെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമാണ് തിന്തിരിപ്പള്ളി.
അവിടെ മുട്ടുകുത്തി നടകയറി പ്രാർത്ഥിച്ചാൽ ഏതാഗ്രവും സാധിക്കുമെന്ന് ബോബിയാണ് ഒരിക്കലെന്നോട് പറഞ്ഞത്. അങ്ങനെ പ്രാർത്ഥിച്ചു നേടിയതാണത്രെ സുബിയെ. അങ്ങനെയാണെങ്കിൽ ബോബിക്ക് തെറ്റിയെന്നേ പറയാനൊക്കൂ. അവനിപ്പോഴും സുബിയെ നേടിയിട്ടില്ല.  താലികെട്ടിയതു കൊണ്ട് മാത്രം ഒരു പെണ്ണും ഒരാണിൻ്റേതാവില്ലല്ലോ.
      

എപ്പോഴും ചിരിക്കുന്നതു കൊണ്ടോ  വാതോരാതെ സംസാരിക്കുന്നതുകൊണ്ടോ എനിക്കെൻലയെ വല്ലാതങ്ങിഷ്ടപ്പെട്ടു. സച്ചുവും എൻലയും സുബിയും ഒന്നിച്ചുണ്ടെങ്കിൽ സമയം പോകുന്നതറിയുകയേയില്ല. വ്യത്യസ്തമായ സ്വഭാവമുള്ളവരായിരുന്നു മൂവരും.  സച്ചുവിൻ്റെ ചെറിയ ചെറിയ കൊളുത്തുകളും തഞ്ചത്തോടെയുള്ള എൻലയുടെ മറുപടിയും സുബിയുടെ ടിക്ക്ടോക്കും. എല്ലാം കൊള്ളാമായിരുന്നു. അന്നതൊക്കെ എല്ലാവരും  രസിച്ചാസ്വദിച്ചിരുന്നു.

ഞാനവിടെയെത്തിയ സമയത്തേ എൻല പറുദീസയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു.  അന്നൊക്കെ സഹനടിയുടെ റോളിലാണ് നിറഞ്ഞു നിന്നിരുന്നതെങ്കിലും  അധികം വൈകാതെ നായികയേക്കാൾ പ്രാധാന്യമുളളവളായി മാറുകയാണുണ്ടായത്. ഇറ്റലിയിലെത്തിയ ഓരോരുത്തർക്കും
പറയാനുണ്ടാകും ഒരോ കഥ.
പരാജയത്തിൻ്റെയൊ സങ്കടത്തിൻ്റെയോ ആയ ഒരു കഥ . 

"ഒരു വയസനെക്കൊണ്ട് കെട്ടിക്കാനപ്പൻ തീരുമാനിച്ചപ്പോ നാടുവിട്ടതാന്നേ."   എന്നാണ് എൻലയെപ്പോഴും അവളെപ്പറ്റി തമാശയായി പറയാറ്. ആ തമാശക്കു പുറകിലൊളിഞ്ഞിരിക്കുന്ന വലിയ സങ്കടം പിന്നീടുള്ള ചെറിയ നിശബ്ദതയിൽ ഒളിഞ്ഞിരിപ്പുണ്ട്.  അവളൊരു മാടപ്രാവായിരുന്നു എന്നാണ് അന്ന് ഞാൻ മനസിലാക്കിയിരുന്നത്. ഞാൻ മാത്രമല്ല എല്ലാവരും അങ്ങനെയാണ് കരുതിയിരുന്നത്.  അന്നൊക്കെ പറുദീസയിൽ ചേരിതിരിവും കൂട്ടത്തല്ലും ഉണ്ടായിരുന്നില്ല. ഉള്ളവർ തമ്മിലൊരു ഐക്യമുണ്ടായിരുന്നു. ഇനി തങ്ങളുടെ തറവാട് പറുദീസയാണെന്നും സംരക്ഷകർ ബോബിയും സുബിയുമാണെന്നുമുള്ള ഉറച്ച വിശ്വാസമായിരുന്നു ഞാനടക്കമുള്ള സകലർക്കും അന്നുണ്ടായിരുന്നത്.

നെടുമ്പാശ്ശേരിയിൽ നിന്ന് റിയാദിലേക്കും റിയാദിൽനിന്ന് സ്വിറ്റ്സർലണ്ടിലേക്കുമുള്ള  കണക്ഷൻ ഫ്ലെറ്റിലായിരുന്നല്ലോ  എൻ്റെ ഇറ്റലിയിലേക്കുള്ള വരവ്.ഫ്ലൈറ്റിൽ തൊട്ടപ്പുറത്തിരുന്ന അമേരിക്കൻ മലയാളിയാണ് റിയാദിലിറങ്ങിയപ്പോൾ എന്നെ സഹായിച്ചത്. ടെർമിനൽ എന്നാലെന്തെന്ന് കേട്ടറിവു പോലുമില്ലാത്ത ഞാൻ ടെർമിനൽ ത്രി എങ്ങനെ കണ്ടുപിടിക്കാനാണ്. ടെർമിനൽ ത്രിയിലെത്തിയാൽ തന്നെ അവിടെ സ്വിറ്റ്സർലണ്ട്ഫ്ലൈറ്റിലേക്ക് കയറുന്നവർ നിൽക്കേണ്ട സ്ഥലമേതെന്ന് മനസിലാക്കാനും ബുദ്ധിമുട്ടിയേനെ.ആ അമേരിക്കൻ മലയാളി സഹായിച്ചില്ലായിരുന്നെങ്കിൽ....

ദൈവത്തെ ഞാൻ കണ്ടിട്ടില്ലെന്ന് മുൻപേ പറഞ്ഞിട്ടുണ്ട്. ഇതാണ് ദൈവം ഇങ്ങനെയാണ് ദൈവമെന്ന് സഭയെന്നെ പഠിപ്പിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ കരഞ്ഞുവിളിച്ച് പ്രാർത്ഥിക്കണമെന്നും സ്തുതിക്കണമെന്നും ആഗ്രഹിക്കുന്ന ദൈവം.   ആ ദൈവത്തെ എനിക്കറിയില്ലെങ്കിലും ഞാനാ ഫ്ലൈറ്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ മലയാളി എനിക്കപ്പോൾ ദൈവമായിരുന്നു. തിരിച്ചൊരു നന്ദിപോലും അയാളാഗ്രഹിച്ചിരുന്നില്ലെന്ന് തോന്നുന്നു.
എനിക്കു വേണ്ടി ബുദ്ധിമുട്ടാനയാൾ തയ്യാറായത് നൻമയുള്ള മനസ്സുള്ളതുകൊണ്ട് മാത്രമായിരിക്കണം. 

ടെർമിനൽ ത്രിയിൽ സ്വിറ്റ്സർലണ്ടിലേക്കുള്ള ഫ്ലൈറ്റിനായി എനിക്കെട്ടുമണിക്കൂർ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. എ.സിയുടെ കഠിനമായ തണുപ്പ്. തണുപ്പ് പറ്റാത്തതിനാൽ കട്ടിയുള്ള ബനിയനും അതിനു പുറത്തൊരു കോട്ടും ഞാനിട്ടിരുന്നു. അതും തുളച്ചകത്തുകടന്ന തണുപ്പെന്നെ നന്നായി ബുദ്ധിമുട്ടിച്ചു. ഫ്ലൈറ്റിൽ വച്ചുകിട്ടിയ നീലനിറത്തിലുള്ള കമ്പിളിയും പുതച്ച് പലരും ഒരോയിടത്ത് ചുരുണ്ടുകൂടിയിരിക്കുന്നുണ്ട്. ഞാൻ എനിക്കു കിട്ടിയ കമ്പിളി സീറ്റിൽത്തന്നെ മടക്കി വയ്ക്കുകയാണ് ചെയ്തത്. അതെടുക്കാൻ പാടില്ലെന്നാണല്ലോ ഞാൻ കരുതിയത്. അതുണ്ടെങ്കിൽ തണുപ്പിനൊരു തടയായേനെ.  അങ്ങനെ തണുത്ത് വിറച്ചിരിക്കുന്നതിനിടയിലാണ് ഞാനാ മലയാളി കുടുംബത്തെ പരിചയപ്പെട്ടത്. അവരും സ്വിറ്റ്സർലണ്ടിലേക്കായിരുന്നു. അവരവിടെ വർഷങ്ങളായി താമസിക്കുന്നവരുമായിരുന്നു. അവരും എനിക്കപ്പോൾ ദൈവമായിരുന്നു. 

സ്വിറ്റ്സർലണ്ടിൽ ഫ്ലൈറ്റിങ്ങുന്നതുവരെ എൻ്റെ ഏജൻ്റിൽ ഞാനർപ്പിച്ച വിശ്വാസത്തിന് കോട്ടം തട്ടിയിരുന്നില്ല. എന്നാൽ അവിടുന്നങ്ങോട്ട് എല്ലാം പറ്റിപ്പായിട്ടാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ  ഈ മേഖലയിൽ ഏജൻ്റിനുള്ള പരിചയക്കുറവായിരിക്കാം കാരണം. അയാളീ മേഖലയിൽ പുതിയതായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. ഞാനയാളുടെ ആദ്യത്തെ ക്ലൈൻ്റായിരുന്നു.

ഇറ്റലിയിലേക്കാണ് പോകുന്നതെന്ന് ഒരാളോടും  മിണ്ടിപ്പോകരുതെന്ന നിർദേശമുള്ളതിനാൽ ആ മലയാളിക്കുടുംബത്തോടെനിക്ക് നുണ പറയേണ്ടി വന്നു. ആ വിഷമം ഇപ്പോഴും എനിക്ക് മാറിയിട്ടില്ല.

സ്വിറ്റ്സർലണ്ട് കറങ്ങാനാണെന്നും സ്വിറ്റ്സർലണ്ട് ബെയ്സാക്കി ഒരു നോവലെഴുതാനാണെന്നും  ഞാനവരോടു പറഞ്ഞു. അവരത് വിശ്വസിച്ചു.  ഇത്തരം കടുപ്പിച്ച  നുണ പറയുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുസ്സഹമായിരുന്നു.

സ്വിറ്റ്സർലണ്ടിലിറങ്ങിയ ശേഷം ഹോസ്റ്റലിലേക്കുള്ള ടാക്സി ഏജെൻ്റേർപ്പാടാക്കിയിരുന്നില്ല. ഹോസ്റ്റൽ റൂം ബുക്ക് ചെയ്തിരുന്നില്ല. പിറ്റേന്ന് ഖത്താനിയയിലേക്ക് പോകാനുള്ള ഫ്ലൈറ്റിൽ സീറ്റും ബുക്ക് ചെയ്തിരുന്നില്ല.  

സ്വിറ്റ്സർലണ്ടിൽ എയർപോർട്ടിനു പുറത്തിറങ്ങിയാലുടനെ ഏജൻ്റിനെ വിളിക്കാനാണ് എന്നോടു പറഞ്ഞിരുന്നത്. സ്വിറ്റ്സർലണ്ടിൽ
എൻ്റെ സിം വർക്ക് ചെയ്തിരുന്നില്ലെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നു. അതെന്നെ ഒരു പാടു ബുദ്ധിമുട്ടിച്ചു.
പുറത്ത് എന്നെ കാത്ത് ഒരു ടാക്സിക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടാകുമെന്നാണല്ലോ ഏജൻ്റ് പറഞ്ഞിരുന്നത്. 

ആ മലയാളിക്കുടുംബം അവരുടെ ഹോട്ട്സ്പ്പോട്ടോണാക്കി തന്നു. ഞാനേജൻ്റിനെ വിളിച്ചു. ടാക്സി ഏർപ്പാടാക്കിയതായിരുന്നെന്ന് അയാൾ തറപ്പിച്ചു പറഞ്ഞു. ഫോണിലൂടെ ഒരു തർക്കത്തിന് സമയമില്ലായിരുന്നു. ആ മലയാളി കുടുംബത്തിന് തിരക്കുണ്ടായിരുന്നു. എന്നെ സെയ്ഫാക്കാതെ പോകാനും അവർക്ക് ബുദ്ധിമുട്ടായിരുന്നു.

പിന്നീട് അവരുടെ സഹായത്തോടെയാണ് ഞാൻ ഹോസ്റ്റലിലെത്തിയതും അന്നവിടെ താമസിച്ചതും. ഏജൻ്റിന് ഞാൻ നാലര ലക്ഷം രൂപയാണ് ആകെ കൊടുത്തത്. പിന്നെയും  ഒരു ലക്ഷം രൂപകൂടി എനിക്ക് ചെലവായി. അത് ഏജൻ്റിൻ്റെ അനാസ്ഥകൊണ്ടു മാത്രമാണുണ്ടായത്. അതുകൊണ്ട് എനിക്കയാളോട് ദേഷ്യമുണ്ടായിരുന്നു. രൂപ ചെലവായതിനേക്കാൾ ഞാനവിടെയനുഭവിച്ച ബുദ്ധിമുട്ടുകൾക്കും മനപ്രയാസത്തിനുമാണ് എനിക്കാ ഏജൻ്റിനോട് കലി വന്നത്.

പിറ്റേന്ന് സ്വിർസർണ്ടിലെ ജനീവയിൽ നിന്ന് ഖത്താനിയയിലേക്കുള്ള ഫ്ലെറ്റിലേക്ക് കയറി പറ്റാനും ഞാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. അപ്പോഴൊക്കെ ഞാൻ എൻ്റെ ഏജൻ്റിനെ തെറി 
പറഞ്ഞുകൊണ്ടേയിരുന്നു.

ക്ലമൻ്റിനെപറ്റി പറയാനുള്ളതുകൊണ്ടാണ് ഞാൻ എൻ്റെ ഏജൻ്റ് എനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞത്. രൂപയിത്തിരി കൂടുതൽ വാങ്ങിയാലും ഉത്തരവാദിത്വത്തോടെ അക്കോമഡേഷനിലെത്തിക്കാനും ജോലി കിട്ടിയോ എന്നന്വേഷിക്കാനുമുള്ള മനസ് ക്ലമൻ്റ് കാണിച്ചിരുന്നു. അതുകൊണ്ടായിരിക്കാം അയാൾ വരുന്നെന്നറിഞ്ഞപ്പോഴേക്കും അയാളുടെ കെയറോഫിൽ വന്ന ഭൂരിഭാഗം പേരും അയാളെ കാണാനെത്തിയത്. പലതും കേട്ടതു കൊണ്ടായിരിക്കാം അയാളുടെ വരവിൽ എനിക്ക് കൂടുതലാകാംക്ഷയുണ്ടായത്.

സാമാന്യം നല്ലരീതിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഒരേജൻ്റാണയാൾ. മനുഷ്യക്കടത്ത് എന്ന് വെറുതെപ്പറഞ്ഞതല്ല. ഇല്ലാത്ത ഡോക്യുമെൻ്റ്സുണ്ടാക്കി വിസയടിപ്പിക്കുന്നു. ക്ലമൻറിനേപ്പോലുള്ള പലരുമത് ചെയ്യുന്നുണ്ട്. അതുകൊണ്ട് യഥാർത്ഥ വിസിറ്റേഴ്സാരെന്നും ഡ്യൂപ്ലിക്കേറ്റ് വിസിറ്റേഴ്‌സാരെന്നും തിരിച്ചറിയാനൊക്കാത്ത ബുദ്ധിമുട്ടിലാണ് എംബസിക്കാരിപ്പോൾ.
    
വിസിറ്റിങ്ങിനെന്നുപറഞ്ഞ് ഇറ്റലിയിലേക്ക് കയറിപ്പോരുന്ന എല്ലാവരും സ്വന്തം രാജ്യമായ ഇന്ത്യയെയും വന്നിറങ്ങുന്ന മറ്റൊരു രാജ്യത്തേയും കബളിപ്പിക്കുകയാണല്ലോ.  നിയമവ്യവസ്ഥകൾ  ലംഘിച്ച് ഒരു രേഖയിലുമില്ലാതെ എത്രയോ പേരാണിവിടെ ജോലി ചെയ്യുന്നത്.   പേപ്പറില്ലാതെ ഇറ്റലിയിൽ കഴിയുന്നവർ തിരിച്ചിന്ത്യയിലെത്തുന്നതു വരെ മേൽവിലാസമില്ലാത്തവരായി കഴിയണം. 

അഭയാർത്ഥികൾക്ക് ഒരുപാടാനുകൂല്യങ്ങൾ ഉള്ള രാജ്യമാണ് ഇറ്റലി . എന്നാൽ ഇന്ത്യക്കാരെ ഇറ്റാലിയൻ ഗവൺമെൻ്റ് അഭയാർത്ഥിഗണത്തിൽ പെടുത്തിയിട്ടില്ലാത്തതിനാൽ  പേപ്പറില്ലാത പിടിക്കപ്പെട്ടാൽ ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള സാധ്യതയുണ്ട്.  പേപ്പറില്ലാതെ കഴിയുന്നവർ എപ്പോഴും ആ ഒരു ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. എങ്കിലും  പേപ്പറില്ലാത്ത എല്ലാവരും  അഭയാർത്ഥികളുടെ ഗണത്തിൽപ്പെടുന്നവരാണ്. ഞാനും ഇവിടെയിപ്പോൾ ഒരഭയാർത്ഥിയാണ്.

ഇവിടെയുള്ള മലയാളികളിൽ ഏകദേശമെല്ലാവരും വിസിറ്റിങ്ങ് വിസയിൽ ഇറ്റലിയിലേത്തിയവരാണ്.  മൂന്നരയും നാലും മുതൽ എട്ടും പത്തും ലക്ഷംവരെ അതിനുവേണ്ടി മുടക്കിയവരുണ്ട്. പല ഏജൻ്റുമാർക്കും പല റെയ്റ്റാണ്.  ലക്ഷങ്ങൾ മുടക്കി കയറിവന്നിട്ട് ഇവിടെ പിടിച്ചുനിൽക്കാനാവാതെ തിരിച്ചു പോയവരുമുണ്ട്.

ഈയിടെയാണ് ബദാന്തജോലിക്കായി
അന്യരാജ്യക്കാരെ വിസയോടുകൂടി കൊണ്ടുവരുന്ന ഒരേർപ്പാട് ഇറ്റാലിയൻ ഗവൺമെൻ്റ് തുടങ്ങിയത്. ഫ്ലൂസിയെന്ന പേരിൽ  മുൻപും അതുണ്ടായിരുന്നു. തണുപ്പുകാലം തീരുന്നസമയത്ത്  കൃഷിപ്പണികൾ തുടങ്ങും. ആ സമയത്തെ പറമ്പുപണികൾക്കും ഹോട്ടൽജോലിക്കുമൊക്കെയായി ഒൻപതുമാസത്തെ വിസയോടുകൂടി ആൾക്കാരെ കൊണ്ടുവരാറുണ്ട്.  വെറും ആയിരത്തിയഞ്ഞുറ് രൂപ മാത്രം ചെലവുവരുന്ന  അത്തരം വിസകൾക്ക്
ചില മലയാളി ഏജൻ്റുമാർ വാങ്ങുന്നത് ഏഴരലക്ഷം രൂപയാണ്. കൊള്ളയുടെ വ്യാപ്തി മനസ്സിലാക്കാൻ വേണ്ടി പറയുകയാണ്. ഫ്ലൂസിയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ചിലതിൽ കോൺട്രാക്റ്റ് വെക്കുന്ന കമ്പനിയിൽത്തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവരും ഏതു ജോലിയും ചെയ്യാവുന്ന സാധാരണ വിസയായി കിട്ടാൻ പിന്നെയും പല കടമ്പകളും കടക്കേണ്ടി വരും. ഇതൊന്നും ആരും വിശദീകരിച്ചെന്ന് വരില്ല. ഇതൊന്നുമറിയാതെയാണ് പലരും ഇത്തരം വിസക്കപേക്ഷിക്കുന്നത്.  മലയാളികൾ തന്നെയാണ് മലയാളികളോട് ഇവ്വിധമെല്ലാം ചെയ്യുന്നത്.
കാലുവാരാനും കാലുനക്കാനും മലയാളികളെ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ എന്ന് ഉളുപ്പില്ലാതെ പറയാനും നമുക്കുതന്നെയല്ലേ കഴിയൂ.

രാവിലെ പതിനൊന്നു മണിയോടെയാണ് ക്ലമൻ്റ് പറുദീസയിലെത്തിയത്. സുന്ദരിയായ ഒരു സ്ത്രീയും കൂടെയുണ്ടായിരുന്നു. കന്യാമറിയത്തിൻ്റെ മുഖമുളള ആ സ്ത്രീ ക്ലമൻ്റിൻ്റെ അടുത്ത ബന്ധുവോ സുഹൃത്തോ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. തുടക്കത്തിലേയുള്ള അവരുടെ പെരുമാറ്റത്തിൽ നിന്നാണ് ഞാനങ്ങനെയൊരു തോന്നലിലെത്തിയത്.  

അവരും മാഷും ടീച്ചറും ഒന്നിച്ചൊരു ഫ്ലൈറ്റിലാണ് യൂറോപ്പിലേക്ക് പുറപ്പെട്ടത്. മാഷും ടീച്ചറും ക്ലമൻ്റിൻ്റെ ക്ലൈൻ്റ്സാണല്ലോ. റോമിൽ ഫ്ലൈറ്റിറങ്ങുന്നതു വരെ അവരൊന്നിച്ചായിരുന്നു യാത്രയെന്ന് ടീച്ചർ പറയുകയും ചെയ്തു. റോമിൽ വച്ചാണവർ രണ്ടു വഴിക്കായത്. എന്നിട്ടും ആ പരിചയം ടീച്ചറാ സ്ത്രീയോട് കാണിച്ചതേയില്ല. തിരിച്ചും അങ്ങനെത്തന്നെയായിരുന്നു.

ക്ലമൻ്റ് ആഗ്നസെന്ന് അവരെ പരിചയപ്പെടുത്തി. ആഗ്നസ് മനോഹരമായിചിരിച്ചു. സുബിയും സ്വതസിദ്ധമായ രീതിയിൽ തലയാട്ടിക്കൊണ്ടും താളം ചവിട്ടിക്കൊണ്ടും ആഗ്നസിനെ നോക്കി ചിരിച്ചു. ക്ലമൻ്റിന് വേണ്ടപ്പെട്ട ആളാണെന്ന തോന്നലുള്ളതു കൊണ്ടാവാം ആഗ്നസിൻ്റെ ഷോൾഡറിൽ നിന്ന് കൈമുട്ടിലേക്കുഴിഞ്ഞു കൊണ്ട് പതിവു ശൈലിയിൽ വീട്ടിലെ സൗകര്യക്കുറവുകളെ പറ്റി ആകുലപ്പെടാൻ തുടങ്ങിയത്. അടുത്തതായി ക്ഷമാപണം നടത്തുന്നു . ക്ലമൻ്റിനെ ആവശ്യത്തിലധികം പുകഴ്ത്തുന്നു. ഇതെല്ലാം നടക്കുന്ന സമയത്ത് ബോബിയവിടെ നിൽപ്പുണ്ട്. 
അടുത്തുതന്നെ എൻലയും.  സാധാരണരീതിയിലുള്ള ചില കുശലാന്വേഷണങ്ങൾ ബോബിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ബോബിക്കെപ്പോഴും ഒരേ ഭാവവും ഒരേ പെരുമാറ്റവുമാണെന്നുള്ളത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആരോടാണെങ്കിലും അതങ്ങനെയാണ്  കണ്ടിട്ടുള്ളത്.

പിറ്റേന്ന് ക്ലമൻ്റ് തിരിച്ചു പോകുന്നതിനിടയിൽ സംഭവിച്ച ചില കാര്യങ്ങൾ. എൻ്റെ അഭിപ്രായത്തിൽ വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ടതില്ലാത്ത ചില സംഭവങ്ങൾ. അതെല്ലാം  കണ്ടപ്പോൾ ആഗ്നസും ക്ലമൻ്റും പ്രണയത്തിലായിരിക്കാം എന്ന ചിന്തയിലേക്ക് ഞാനെത്തി. വെറും ചിന്തയല്ല അവർ തമ്മിൽ പ്രണയത്തിലാണ് എന്നൊരുറപ്പാണ് അപ്പോഴെനിക്കുണ്ടായത്. പ്രണയിക്കുന്നവരെ കാണുന്നത് എനിക്കെപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. പ്രണയിനികളെ ഞാനെപ്പോഴും പിന്തുണക്കാറുമുണ്ട്. ചുരുങ്ങിയ കാലത്തേക്കാണെങ്കിൽ പോലും യഥാർത്ഥപ്രണയത്തിൽ അനുഭവിക്കുന്ന അദമ്യമായ ആഹ്ളാദമുണ്ടല്ലോ അതെല്ലാവർക്കും ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നതുകൊണ്ടാണത്.

പ്രത്യക്ഷമായി ആഗ്നസും പരോക്ഷമായി എൻലയും പിന്നീടുള്ള എൻ്റെ ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമായവരാണ്. അന്നവിടെയുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും നടന്ന സംഭവങ്ങളെ വലിയ പ്രാധാന്യത്തോടെ  കാണുകയും  മനസിലൊളിപ്പിച്ചു വയ്ക്കുകയും  ചെയ്തിരുന്നെന്ന്  പിന്നീടാണെനിക്ക് മനസ്സിലായത്.നിശബ്ദമായി എല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഞാനോർത്തിരുന്നില്ല മാസങ്ങൾക്കപ്പുറം ഈ സീനുകളിലെ എൻ്റെ നിശബ്ദ കഥാപാത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന്. 

                   ( തുടരും.. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക