ഭാരത സർക്കാർ 'പൗരത്വ ഭേദഗതി നിയമം' നടപ്പിലാക്കാൻ ഉത്തരവിറക്കി. അതിനെതിരായി പല സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്. എന്താണ് ഈ നിയമം കൊണ്ട് അർഥമാക്കുന്നത്? ഈ നിയമം നടപ്പിലാക്കിയാൽ ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഗതി എന്താവും? ഇന്ത്യയിൽ നിന്നും മുസ്ലിങ്ങളെ പുറത്താക്കാനുള്ള പ്രാരംഭ നടപടിയാണോ ഇത്? ഈ വൈകാരികമായ പ്രതിഷേധം എന്തിനാണ്? പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യമെന്താണ്? അതിനു കേന്ദ്ര സർക്കാർ വഴങ്ങുമോ? ഈ നിയമ പ്രാബല്യത്തിനും പ്രതിഷേധത്തിനും ആസന്നമായ തെരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ? അങ്ങനെ സാമാന്യ ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
ആദ്യം തന്നെ ഈ 'പൗരത്വ ഭേദഗതി നിയമം' അഥവാ 'CAA' (Citizens Amendment Act) എന്താണെന്ന് നോക്കാം. അതിനു മുൻപേ ഈ നിയമം കൊണ്ടുവരാനുള്ള സാഹചര്യം എന്താണെന്നു കൂടി അറിയണം. 1947 ലെ ഇന്ത്യാ വിഭജന കാലത്തു മുസ്ലിങ്ങൾക്ക് പ്രത്യേക രാജ്യം വേണമെന്ന അവരുടെ ശാഠ്യം ബ്രിട്ടീഷ്-ഇന്ത്യൻ നേതാക്കൾ അനുവദിച്ചുകൊടുത്തിട്ടാണ് പാക്കിസ്ഥാൻ എന്ന മുസ്ലിം രാജ്യം ജന്മം കൊള്ളുന്നത്. ഇന്ത്യയിൽ നിന്നും ധാരാളം മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്കും അവിടെ വസിച്ചിരുന്ന ധാരാളം ഹിന്ദുക്കൾ ഇന്ത്യയിലേക്കും മാറ്റപ്പെട്ടു. അതിന്റെ പേരിൽ ജീവഹാനി സംഭവിച്ചവർ ആയിരക്കണക്കിനാണ്. അതൊക്കെ ചരിത്രം. എന്നാൽ തലമുറകളായി പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്‌ഗാനിസ്ഥാനിൽ പോലും വസിച്ചിരുന്ന അമുസ്ലിങ്ങളിൽ വലിയൊരു ശതമാനം അവിടെ തന്നെ തുടരാൻ തീരുമാനിച്ചു. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വത്തു വകകളൊക്കെ അവിടെ ഉപേക്ഷിച്ചു യാതൊന്നുമില്ലാതെ കുഞ്ഞുങ്ങളുടെ കൈക്കു പിടിച്ചു പലായനം ചെയ്യാൻ അവർ തയ്യാറല്ലായിരുന്നു. അന്ന് അങ്ങനെ പാക്കിസ്ഥാൻ ജന്മം എടുത്തപ്പോൾ ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധരും പാഴ്‌സികളും ക്രിസ്ത്യാനികളും അടങ്ങുന്ന അമുസ്ലിങ്ങളായിരുന്നു. അതുപോലെ തന്നെ ഇന്ത്യയിൽ തലമുറകളായി വസിച്ചിരുന്ന ധാരാളം മുസ്ലിങ്ങളും പാക്കിസ്ഥാനിലേക്കു പോകാൻ തയാറാകതെ ഇന്ത്യയിൽത്തന്നെ നിന്നു. അന്ന് അവർ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 3 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ വർഷങ്ങൾക്കു ശേഷം അവസാനമായി സെൻസസ് എടുത്ത 2012 ലെ കണക്കനുസരിച്ചു പാക്കിസ്ഥാനിലെ അമുസ്ലിങ്ങൾ രണ്ടു ശതമാനത്തിലേക്കു ചുരുങ്ങിയപ്പോൾ ഇന്ത്യയിലെ മുസ്ലിങ്ങൾ 18 ശതമാനത്തിലേക്കുയരുകയാണുണ്ടായത്. 1947 ലെ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ 22%, ബംഗ്ലാദേശിൽ (ഈസ്റ്റ് പാക്കിസ്ഥാൻ) 24%, അഫ്‌ഗാനിസ്ഥാൻ 14% എന്നിങ്ങനെ ആയിരുന്നു അമുസ്ലിം ജനസംഖ്യ. ഇന്ന് ആ ജനസംഖ്യ, പാക്കിസ്ഥാൻ 2%, ബംഗ്ലാദേശ് 0.9%, അഫ്‌ഗാനിസ്ഥാൻ 0.3% എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഇവരുടെ ജനസംഖ്യ ചുരുങ്ങിയത്? ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിതിവിവര കണക്കനുസരിച്ചു ക്രൂരമായ മതപീഢനവും മനുഷ്യാവകാശ ധ്വംസനവും നിർബന്ധിത മതപരിവർത്തനവും കാരണം നാട് വിട്ടുപോയവരും ഹീനമായി കൊല്ലപ്പെട്ടവരുമായ ഹതഭാഗ്യരുടെ എണ്ണമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2001 ൽ അഫ്‌ഗാനിസ്ഥാനിൽ നിർബന്ധിതമായി ഹിന്ദുക്കൾക്കു പ്രത്യേക 'ടാഗ്' നൽകുകയുണ്ടായി. അത് ധരിച്ചു മാത്രമേ അവർക്കു പുറത്തിറങ്ങുവാനാകുകയുള്ളൂ. ഈ ജനസംഖ്യാ അനുപാതത്തിൽ നിന്നും ആ ഇസ്‌ലാമിക രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ എങ്ങനെയാണവർ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണ്. എന്നാൽ ഹിന്ദു ഭൂരിപക്ഷമുള്ള ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതും ഇതിൽ നിന്നും വ്യക്തമാണ്.
ഇങ്ങനെ പീഢനമനുഭവിച്ചു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അമുസ്ലിങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ എന്നീ ആറു വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യയിൽ അഭയം നൽകി പൗരന്മാരായി ഭാരതത്തിൽ ജീവിക്കാനുള്ള അവസരമാണ് ഈ പൗരത്വ ഭേദഗതി നിയമം അനുശാസിക്കുന്നത്. ഇങ്ങനെ അഭയം തേടി വന്ന് അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്. അവർക്കൊക്കെ ഇനി ഇന്ത്യൻ പരത്വം ലഭിക്കും. ഇന്ത്യയിലെ സ്വതന്ത്ര വായു ശ്വസിച്ചു ധൈര്യമായി കുടുംബത്തോടൊപ്പം കഴിയാം.
പിന്നെ എന്തിനാണ് ഈ പ്രതിഷേധം ആളിക്കത്തിക്കുന്നത്? അവിടെയാണ് രാഷ്ട്രീയം എന്ന അപഹാസ്യമായ താത്പര്യം പൂന്തു വിളയാടുന്നത്. ഈ നിയമത്തെ യു. എൻ. ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്സ് 'മൗലികമായി വിവേചനപരം (fundamentally discriminative)' എന്നാണ് വിശേഷിപ്പിച്ചത്. ഈ ഭേദഗതിയിൽ എന്തുകൊണ്ടാണ് മുസ്ലിങ്ങളെ ഒഴിവാക്കിയത് എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇസ്‌ലാമിക രാജ്യങ്ങളാണ്. അവിടെ മുസ്ലിങ്ങൾ പീഢനമനുഭവിക്കുന്നില്ല. അതുകൊണ്ടു തന്നെ അവരെ ഇവിടേയ്ക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല എന്നാണ്. എങ്കിൽ പിന്നെ പാക്കിസ്ഥാനിൽ പീഢനം അനുഭവിക്കുന്ന അഹമ്മദീയരെയും ഷിയാകളെയും എന്തുകൊണ്ട് ഉൾക്കൊള്ളിക്കുന്നില്ല എന്ന ചോദ്യം ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. അത് മത പീഢനമല്ല, മറിച്ച്, വിഭാഗീയതയാണ് എന്നാണ് സർക്കാർ വിശദീകരണം. ഈ നിയമത്തിനെതിരേ ഏറ്റവും കൂടുതൽ പ്രതിഷേധം നടക്കുന്നത് ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. ബംഗ്ളാദേശിൽ നിന്നും കുടിയേറിയ ആയിരക്കണക്കിന് താഴ്ന്ന ജാതി ഹിന്ദുക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർ ഈ തെരഞ്ഞെടുപ്പിൽ ബിജെപി ക്കു മാത്രമേ വോട്ടു ചെയ്യൂ. ഇവർ ഇതുവരെ തൃണമൂലിന്റെ വോട്ടു ബാങ്കായിരുന്നു. ഈ വ്യതിയാനം ബംഗാളിലെ തെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. ഇതാണ് മമതയെ ചൊടിപ്പിച്ചിരിക്കുന്നത്.
ആകേരളത്തിലെ സ്ഥിതി മറ്റൊന്നാണ്. ഇപ്പോൾ കേരളത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വസിക്കുന്നത് 30 ലക്ഷത്തിൽ പരം ആളുകളാണ്. ഇതിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. 'ബംഗാളികൾ' എന്ന് പൊതുവെ അറിയപ്പെടുന്ന ഇവരിൽ നല്ലൊരു പങ്കും എവിടെ നിന്ന് വന്നുവെന്നോ അവർ ആരാണെന്നോ ഒന്നും കേരള സർക്കാരിനറിയില്ല. എന്നാൽ ഇവർക്ക് കൂട്ടമായി പൗരത്വം ലഭിച്ചാൽ കേരളത്തിലെ മുസ്ലിങ്ങളുടെ സ്വാധീനം ഇരട്ടിയാകുമെന്നു മനസ്സിലാക്കിയ മുസ്ലിം സംഘടനകൾ സർക്കാരിൽ സ്വാധീനം ചെലുത്തുന്നത് പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. നിയമം പ്രാബല്യത്തിലായാൽ ഇതിൽ നല്ലൊരു പങ്കിനും നാടു വിടേണ്ടി വരും. ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ മുസ്ലിം വോട്ടുകൾ നിർണ്ണായകമാണെന്നു മാത്രമല്ല, പലരുടെയും ഭാവി തീരുമാനിക്കുന്നതും ആ വോട്ടുകളാണ്. അവരുടെ ഐക്യം ക്രിസ്ത്യാനികൾക്കോ ഹിന്ദുക്കൾക്കോ ഒരിക്കലും ഇല്ലെന്നുള്ള സത്യം രാഷ്ട്രീയക്കാർക്ക് നല്ലതുപോലെ അറിയാം. അപ്പോൾ പിന്നെ പ്രതിഷേധ സമരങ്ങൾ കടുപ്പിച്ചു സമുദായത്തിന്റെ പ്രീതി പിടിച്ചു കിട്ടാനായി എൽ ഡി എഫും യു ഡി എഫും മത്സരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഡി എം കെ യുടെയും അവസ്ഥ ഇത് തന്നെ.
എന്നാൽ ഈ രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി ചെയ്യുന്ന അപരാധം വലുതാണ്. അവർ നിയമാനുസൃതമായി കാലാകാലങ്ങളായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളെ മുഴുവൻ ഇന്ത്യയിൽ നിന്നും നാടുകടത്താനായിട്ടുള്ള പദ്ധതിയാണ് ഈ നിയമം എന്നു പ്രചരിപ്പിക്കുന്നു. ഇത് തീക്കളിയാണ്. ഇപ്പോൾ തന്നെ ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന മതസൗഹാർദ്ദം ശിഥിലമാക്കാൻ മാത്രമേ ഈ പ്രകോപനം ഉപകരിക്കൂ എന്നവർ മനസ്സിലാക്കുന്നില്ല. എങ്കിൽ പിന്നെ എന്തിനാണ് ഈ തെരെഞ്ഞെടുപ്പിനു തൊട്ടു മുൻപേ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്? സംശയം വേണ്ട, വടക്കേ ഇന്ത്യയിലെ ഹിന്ദു വോട്ടു ബാങ്ക് ലക്ഷ്യമാക്കിത്തന്നെയാണ്. അന്യ നാടുകളിൽ പോലും പീഢനം അനുഭവിക്കുന്ന ഹിന്ദുക്കളുടെ രക്ഷയ്ക്ക് ഈ സർക്കാർ ഉണ്ടാവും എന്ന പ്രതിജ്ഞ ചെറിയ കാര്യമല്ല. പക്ഷേ, കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ബിജെപി യ്ക്ക് പ്രതികൂലമാകുകയില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. പക്ഷേ, നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെടിക്കു രണ്ടു പക്ഷികളാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ആശങ്കാകുലരാകുന്ന മുസ്ലിങ്ങൾക്ക് വേണ്ടി സമരത്തെ നയിക്കുന്നത് കോൺഗ്രസ് ആയിരിക്കുമെന്നു ബിജെപിക്കു നല്ലതുപോലെ അറിയാം. അതുകൊണ്ടുതന്നെ പ്രതിരോധത്തിലാകുന്നത് കോൺഗ്രസ് ആണ്. കാരണം, കോൺഗ്രസിനെ താങ്ങുന്ന ക്രിസ്ത്യൻ-ഹിന്ദു വോട്ടു ബാങ്കിൽ വിള്ളലുണ്ടാകും. ഇത് ഫലത്തിൽ സഹായിക്കുക എൽ ഡി എഫിനെയാണ്. അതുകൊണ്ടു ബിജെപി ക്ക് എന്തു ഗുണം എന്ന് ചോദിച്ചേക്കാം. ഗുണമുണ്ട്.
കോൺഗ്രസിന് ആകെ അൽപ്പം പിടിവള്ളിയുള്ള സംസ്ഥാനമാണ് കേരളം. അവിടെ കോൺഗ്രസിന് ക്ഷീണമുണ്ടായാൽ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന ബിജെപി അജണ്ടയാണ് നടപ്പിലാക്കുന്നത്. ഈ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് പൊട്ടലുണ്ടായാൽ വൻ നേതാക്കളടക്കം കൂട്ടത്തോടെ ബിജെപി യിലേക്ക് ചേക്കേറാനും അതുവഴി കോൺഗ്രസിന് ഒപ്പീസ് ചൊല്ലിക്കാനും സാധ്യതയുണ്ട്. പിന്നീട് കേരളത്തിൽ മുസ്ലിം സംഘടനകളുടെ പിന്തുണയോടെ കമ്മ്യൂണിസ്ററ് പാർട്ടിയോ കമ്മ്യൂണിസ്റ് പാർട്ടിയുടെ പിന്തുണ്ടയോടെ മുസ്ലിം സംഘടനകളോ ആയിരിക്കും കേരളം ഭരിക്കുക. തമ്മിലടി എന്ന മാരക രോഗത്താൽ വികലാംഗരായ കോൺഗ്രസ് നേതാക്കൾ ഇത് വേഗത്തിൽ സാധ്യമാക്കുകയും ചെയ്യും.
വളർന്നു വരുന്ന തീവ്രവാദ ഭീഷണിയെ നേരിടാൻ ഈ സർക്കാർ ഒരു പടി കൂടി മുൻപോട്ടു പോയി എന്ന് മാത്രമേ ഈ നിയമം കൊണ്ട് മനസ്സിലാക്കാനാവൂ!