കറങ്ങുന്ന പങ്കയിൽ കണ്ണും നട്ട്
ഉറങ്ങാതെ നീ കിടന്ന
രാവുകളിൽ നിന്നുടെ ചാരേ ഞാൻ വന്നതു കണ്ടില്ലേ ?
കൺകോണിൽ തുളുമ്പാൻ വെമ്പി നിന്ന
നീർകണം മെല്ലെ തുടച്ചു നീക്കിയത് നീയറിഞ്ഞില്ല
കഴിഞ്ഞ നാൾ കല്ലറയിൽ നീയെത്തി കത്തിച്ച മെഴുകുതിരി,
കാൽ ചുവട്ടിൽ മെല്ലെ വെച്ച ചുവന്ന റോസാപ്പൂവ് ..
ആ നിമിഷം കാറ്റായി വന്നു നിൻ ചുമലിൽ തൊട്ടത് ഞാനാണ്
ദേവാലയത്തിലെ നേർച്ചപ്പെട്ടിയിലിടാൻ ,
കാശു വെച്ച സഞ്ചിയിൽ പരതുന്നത് കണ്ടു ഞാൻ
എന്തിനാണിതെല്ലാം എന്ന് ചോദിച്ചതു കേട്ടോ നീ
ഇന്ന് രാവിലെ നീ എൻ്റെ പഴയ കാപ്പിക്കോപ്പയിൽ കാപ്പി കുടിക്കുന്നത് നോക്കി നിന്നു ഞാൻ..
എത്ര സാവധാനമാണ്
നീയത് ഊതിക്കുടിക്കുന്നത്..
പഴയ ധൃതിയൊക്കെ പോയെന്നു നിനച്ച നിമിഷം
എന്തൊക്കെയോ വീട്ടുപണികൾ ചെയ്തു തളർന്നിരുന്നു നീ
ആ നിമിഷം എൻ്റെ മനസ്സും തളർന്നു പോയി.
നിനക്കും വയസ്സായിത്തുടങ്ങി ഈ ഓട്ടം എന്തിനിനി
കുറച്ചു വിശ്രമിച്ചു കൂടെ നിനക്ക്...
നിൻ്റെ നെറ്റിയിൽ ചുംബിച്ചു ശുഭരാത്രി ആശംസിച്ചു
ഞാൻ
നീയതറിഞ്ഞോ?
നമ്മുടെ ഈ വേർപാട് കുറച്ചു നാളേക്ക് കൂടി മാത്രം
നിന്നെ ഇങ്ങോട്ട് സ്വീകരിച്ചാനയിക്കാൻ ഞാനുമുണ്ടാകും..
കാത്തിരിക്കൂ
അത് എന്നോ ആകട്ടെ....
നിൻ്റെ ജീവിത യാത്രകൾ തുടരൂ
സമയമാകുമ്പോൾ വീണ്ടും കാണാം നമുക്ക്..
നിൻ്റെ കൂടെയുണ്ട് ഞാനെപ്പോഴും.