വഴി തെറ്റിവന്ന വസന്തംപോലെ മേടമാസത്തിൽ പൂക്കാതിരുന്ന എന്റെ വീട്ടിലെ കണിക്കൊന്ന മരം മഞ്ഞപ്പട്ടുടുത്തു വീടിന്റെ വടക്കു ഭാഗത്തു പരിലസിച്ചു നിന്നതു രാവിലെ തന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു. പുലർകാല സൂര്യനും പുതിയകാവ് അമ്പലത്തിൽ നിന്നും ഒഴുകിയെത്തിയ സ്തുതിഗീതങ്ങളും ചെറുകിളികളുടെ പാട്ടും പ്രഭാതത്തെ സന്തോഷപ്പെടുത്തിയിരുന്നു. പതിവുപോലെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി കട്ടൻചായയുമായി വരാന്തയിലിരുന്നു മാതൃഭൂമി പത്രം ചരമക്കോളം പേജൊഴികെ അരിച്ചുപെറുക്കി വായിച്ചു. പിന്നീട് അലുമിനിയം കുടത്തിൽ വീട്ടിലെ കുളത്തിൽ നിന്നും വെള്ളം കോരികൊണ്ടു വന്നു അമ്മ നട്ടുവളർത്തി പരിപാലിച്ചിരുന്ന പൂന്തോട്ടത്തിലെ റോസയ്ക്കും ചെത്തിക്കും മുല്ലയ്ക്കും വെള്ളമന്ദാരത്തിനും നനച്ചതിനു ശേഷം അടുക്കളഭാഗത്തുണ്ടായിരുന്ന വാഴയ്ക്കും ചേമ്പിനും എല്ലാം വെള്ളം കോരിയൊഴികാനായി കുളത്തിലേക്ക് വീണ്ടും നടന്നു. മുറിക്കു പുറത്തിറങ്ങിയ ആനന്ദവല്ലിയമ്മുമ്മ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു എടിയേ... നിന്റെ ചെറുക്കാന് ബുദ്ധിവെച്ചു തുടങ്ങി. സിദ്ധാർത്ഥനെന്ന ശ്രീബുദ്ധന് വെളിപാടുണ്ടായപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപോയെന്ന കഥ ഒരിക്കൽ ആനന്ദവല്ലിയമ്മുമ്മ പറഞ്ഞത് ഓർത്തെടുത്തു. എനിക്കും വെളിപാട് ഉണ്ടായതാണോ എന്നറിയില്ല അന്നേവരെ ചെയ്യാതിരുന്ന ജോലി ഞാൻ ചെയ്യുന്ന കണ്ടു അടുക്കള ഭാഗത്തേക്ക് വന്ന 'അമ്മ അതിശയോക്തികലർന്നു എന്നെ വീക്ഷിച്ചു. മുട്ടൊപ്പം വരുന്ന നിക്കരിട്ടിരുന്ന ഞാൻ അലുമിനിയം കുടം താഴേക്ക് ഇറക്കി വെച്ച് രണ്ടു കൈകളും ഉയർത്തി മിസ്റ്റർ കേരള എന്ന ഭാവത്തിൽ അമ്മയെ കൈകൾ വളച്ചു മസിലുകൾ പെരുപ്പിച്ചു കാണിച്ചു. കാണാൻ നല്ല ചേലുണ്ട് ക്യാമറ ഉണ്ടാരുന്നേൽ ഫോട്ടോ എടുത്തു സന്തോഷ് സ്റ്റുഡിയോയിൽ കൊടുത്തു ചില്ലിട്ടു വെയ്ക്കാമാരുന്നു എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് 'അമ്മ അകത്തേക്ക് പോയി. എന്നിലെ മിസ്റ്റർ ഇൻഡ്യായെയാണ് 'അമ്മ പുശ്ചിച്ചതെന്ന നിരാശയോടെ ഞാൻ വെള്ളം കോരിയൊഴിക്കുന്നതു മടിയില്ലാതെ പൂർത്തിയാക്കി.
കുളത്തിലിറങ്ങി കൈയ്യും കാലും കഴുകുന്നതിനിടയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി അമ്മയുടെ വിളി വന്നു. മേശപ്പുറത്തു കരുതിരിയുന്ന കാസറോൾ തുറന്നു നോക്കി പ്രാതൽ വിഭവം പുട്ടായിരുന്നു. കൂട്ടിനു ഏതും തിരഞ്ഞെടുക്കാൻ വിധം കടലക്കറിയും വീട്ടിൽ കുലച്ച വാഴയിലെ പാളേൻകോടൻ പഴവും ഉണ്ടായിരുന്നു. അദ്ധ്വാന ക്ഷീണത്താൽ രണ്ടു വിധവും പരീക്ഷിക്കാൻ ഞാൻ തയ്യാറായി. കടലക്കറി കൂട്ടിയും പഴം കൂട്ടി തിരുമ്മിയും ഒന്നരക്കുറ്റി പുട്ടു അകത്താക്കി. കട്ടൻ ചായയും ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചുകൊണ്ട് ആമാശയത്തിനു പണിയേൽപ്പിച്ചു ഞാൻ നല്ലൊരെമ്പക്കം പാസ്സാക്കി. മുറിക്കുള്ളിൽ നിന്നും പുറത്തേക്കു കടക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ ഷോകേസിൽ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമായ "ഐതീഹമാല" ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വർഷങ്ങളായി അവിടെ നിലയുറപ്പിച്ചിരുന്നു പുസ്തകം എന്റെ കണ്ണിൽ എന്നത് ഇന്നായിരുന്നു എന്ന കൗതുകം ഉൾക്കൊണ്ട് ഞാൻ ആ പുസ്തകം പുറത്തെടുത്തു. ഘനമേറിയ പുസ്തകം താങ്ങിയെടുത്തു ഞാൻ വരാന്തയിലെത്തി താളുകൾ ഞാൻ മറിച്ചു. കുറച്ചു പേജുകൾ മറിച്ചു എന്റെ കണ്ണിലുടക്കിയ തലക്കെട്ടായിരുന്നു "പറയിപെറ്റ പന്തിരുകുലം." പിന്നീട് വിശദമായ വായനയിൽ മുഴുകി. വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യ പഞ്ചമിയ്ക്കും ജനിച്ച പന്ത്രണ്ടു സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
പുസ്തകം ഒരു ഭാവനകൊണ്ട് ദൃശ്യവത്കരണം നടത്താൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു ജലവിദ്യയാണെന്നു ഞാൻ രണ്ടു മൂന്നു മണിക്കൂറുകൾ കൊണ്ട് മനസിലാക്കിയിരുന്നു. വെറുതെയല്ല സിമിയും അത്രയധികം പുസ്തകങ്ങൾ വായിച്ചു തീർത്തതെന്ന പൊരുൾ ഞാൻ കണ്ടെത്തി. തുറന്നു പിടിച്ച പുസ്തകത്തിലേക്ക് ഒന്ന് കൂടി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുതിയകാവ് സർവീസ് സഹകരണ സംഘത്തിൽ അമ്മ മിച്ചം പിടിച്ചു സ്വരുക്കൂട്ടിയ കുറച്ചു പണം കൊണ്ടുപോയി നിക്ഷേപിക്കണം എന്ന അഭ്യർത്ഥനയുമായി 'അമ്മ രംഗപ്രവേശം ചെയിതു. സമ്മതം മൂളി ഞാൻ പുസ്തകം മടക്കി അകത്തുകൊണ്ടുപോയി വെച്ചു. അകത്തുപോയി ഒരുങ്ങി വന്ന എന്നിലെ മാറ്റങ്ങൾ 'അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്താണ് രണ്ടു മൂന്ന് ദിവസമായി ചെറുക്കാനൊരിളക്കം.? വാതിൽ പടിയിൽ നിന്നും അല്പം മാറി ശരീരം ആസകലം ഒന്ന് ഇളക്കികൊണ്ടു ഞാൻ അമ്മയോട് ചോദിച്ചു എന്താ ഇളകിക്കൂടെ? എന്റെ ശരീരചലനം കണ്ടിട്ട് അമ്മയ്ക്ക് ചിരി വന്നു എങ്കിലും സാരി തുമ്പിലൊളിപ്പിച്ചു. വിരളമായിട്ടാണ് ചിരിക്കുന്നതെങ്കിലും അമ്മയുടെ ചിരി കാണാൻ നല്ല ഭംഗിയായിരുന്നു. 'അമ്മ എന്റെ നേർക്ക് പാസ്ബുക്ക് നീട്ടി അതിൽ മുഴിഞ്ഞ നൂറിന്റെ എഴു നോട്ടുകളുണ്ടായിരുന്നു. ഞാൻ അച്ഛന്റെ കടയിൽ കൂടി കയറിയിട്ട് വരൂ എന്ന് പറഞ്ഞു സൈക്കിളെടുത്തു വേലിക്കു പുറത്തു വരെ നിന്നു ചവിട്ടി മുന്നോട്ടു പോയി.
കവലയിലെത്തുന്നതിനു മുൻപായി വിക്രമാദിത്യന്റെ കൂടെ വേതാളം ഉണ്ടാകുമെന്നപോലെ ഞാൻ ബിനീഷിനെ കണ്ടു. ഒഴിഞ്ഞു മാറാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫല ശ്രമമായി പരിണമിച്ചു. ഇന്നലെ പാടത്തു കളിയ്ക്കാൻ ചെല്ലാതിരുന്നതിന്റെ വിദ്വേഷം മുഖത്ത് പ്രകടമായിരുന്നു. പക്ഷേ അവൻ അത് പ്രകടിപ്പിക്കാതെ സിമിയെ പ്രണയത്തിലാക്കാനുള്ള നുറുങ്ങു വിദ്യയുമായി എത്തിയതാണെന്ന സന്തോഷം പറഞ്ഞു. ആകാശയുടെ പൂത്തിരികൾ എന്റെ മുഖത്ത് കത്തിപ്പടർന്നു. പൊരി വെയിലിൽ നിന്നും മരത്തിന്റെ തണലിലേക്ക് ഞങ്ങൾ സൈക്കിളൊതുക്കി നിന്നു. ഹേമലത ടീച്ചറുടെ വീട്ടിൽ സിമി സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ വരുന്നുണ്ടെന്നു അവിടെ നീ കൂടി ചേർന്ന് പഠിക്കാൻ എന്നെ ഉപദേശിച്ചു. സ്പോക്കൺ ഇംഗ്ലീഷിൽ താല്പര്യമില്ലാത്ത ഞാൻ സിമിയുടെ കാര്യത്തിലേക്കുള്ള വഴിയായതിനാൽ കൂടുതൽ കാര്യങ്ങൾ ബിനീഷിൽ നിന്നും അറിയാൻ ശ്രമിച്ചു. ആകപ്പാടെ രണ്ടു കുട്ടികളാണ് അവിടെ ഉള്ളത് ഒന്ന് അവരുടെ ബന്ധുവും പിന്നെ സിമിയും. നീ കൂടി അവിടെ ചേരുമ്പോൾ അവളുമായി സംസാരിക്കാൻ കൂടുതൽ സമയം കിട്ടും പിന്നെ മറ്റൊരു ഉപാധികൂടി ഉണ്ട് നീ ഒരു കത്തെഴുതി അവൾക്കു നൽകുകയും ചെയ്യുക. കത്തെഴുതി പുതിയകാവ് പഞ്ചായത്തിൽ വിജയിച്ച നിരവധി നിശബ്ദ പ്രണയങ്ങളുടെന്നു ഞാൻ ബിനീഷിൽ നിന്നും മനസിലാക്കി. ബിനീഷിന്റെ കയ്യിൽ നിന്നും കാശുമുടക്കി ഞങ്ങൾ രാഘവൻ ചേട്ടന്റെ കടയിൽ നിന്നും ഓരോ നാരങ്ങാവെള്ളം കുടിച്ചു ഉഷ്ണമകറ്റി. പ്രണയലേഖനം എങ്ങനെ തുടങ്ങണം എന്തൊക്കെ ഉൾപ്പെടുത്തണം എങ്ങനെ പറഞ്ഞു വിവരിച്ചു തുടങ്ങണം എന്നൊക്കെയുള്ള ചിന്തയിൽ എന്റെ മനസ്സ് വെളിച്ചപ്പാടിനെപ്പോലെ പഞ്ചായത്തുകവല ചുറ്റി വലംവെയ്ക്കാൻ തുടങ്ങി..
(തുടരും.....)