അരയാൾ പൊക്കത്തിൽ,നെടുകെയും കുറുകെയും ചെറിയ ഇരുമ്പുകമ്പികൾ ചേർത്തുവെച്ചു രണ്ടു തട്ടുകളായി നിർമ്മിച്ച ആ കിളിക്കൂടിനു മൊത്തത്തിൽ കാണുമ്പോൾ ഒരു ആനച്ചന്തം ഒക്കെ ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. ആ കിളിക്കൂടിനു നാല് ചെറിയ കിളിവാതിലുകൾ.രണ്ടെണ്ണം മേൽത്തട്ടിലും രണ്ടെണ്ണം താഴത്തെ തട്ടിലും. നെടുകയും കുറുകേയും വെച്ചിരിക്കുന്ന ചെറിയ മരക്കഷണങ്ങളിൽ, ഒന്നിൽനിന്നും ഒന്നിലേക്ക് പറന്നും ചാടിയും ഇടയ്ക്കു താഴത്തെ തട്ടിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ ഊഞ്ഞാലിൽ കാലുകളുറപ്പിച്ചു,അതിന്റെ ചാഞ്ചാട്ടത്തിൽ ഊഞ്ഞാലാടി,പിന്നെ മേൽത്തട്ടിലുള്ള ചെറിയ മരക്കമ്പിലേക്കു ചാടി അവിടെയിരിക്കുന്ന കുഞ്ഞിക്കിളിയുമായി കൊക്കുരുമ്മി,ഇളം നീലനിറത്തിലുള്ള ആ കുഞ്ഞിക്കിളി ആ കൂട്ടിനുള്ളിൽ പാറി നടന്നു.
ഇളം നീലനിറത്തിലും, കടും നീലനിറത്തിൽ തവിട്ടു പുള്ളികളുമുള്ള ആ രണ്ടു കുഞ്ഞിക്കിളികൾ അവളുടെ ഇളയ മകന്റെ പ്രിയപ്പെട്ട കൂട്ടുകാർ ആയിരുന്നു.ഒരു പട്ടിക്കുട്ടിക്കുവേണ്ടിയുള്ള അവന്റെ കെഞ്ചലുകളുടെ അവസാനം അവനു വാങ്ങിക്കൊടുത്ത പിറന്നാൾ സമ്മാനം ആണ് ആ കിളിക്കുഞ്ഞുങ്ങൾ.എങ്ങാനും ഒരു പട്ടിക്കുട്ടിയെ വാങ്ങിയാൽ,അമ്മോ പിന്നത്തെ കാര്യം ഓർക്കാൻ പോലും പറ്റില്ല. അവറ്റകൾക്കുള്ള മെഡിക്കൽ ചെക്കപ്പ്, പ്രതിരോധകുത്തിവെയ്പുകൾ, പിന്നെ ടോയ്‌ലറ്റ് ട്രെയിനിംഗ്,ഇതൊന്നും പോരാഞ്ഞു ദിവസവും അതിനെ നടക്കാൻ കൊണ്ടുപോകുക, പിന്നെ അതിന്റെ പിന്നാലെ നടന്നു അപ്പി കോരുക. എല്ലാം കഴിഞ്ഞു, അതിനു കിടക്കാൻ വീട്ടിനുള്ളിൽത്തന്നെ സ്ഥലം,ഉപയോഗിക്കുന്ന കിടക്കക്കും സോഫയ്ക്കും ഒക്കെ ഒരവകാശി കൂടി. എന്തോ,അതവൾക്കു സഹിക്കാൻ പറ്റില്ല. ''അമ്മ ഒന്നും അറിയണ്ട.പട്ടീടെ കാര്യം ഒക്കെ ഞാൻ നോക്കിക്കൊള്ളാം”. “പിന്നേ, നിന്റെ കാര്യം നോക്കാൻ തന്നെ ഒരാൾ പിറകെ നടക്കണം,അപ്പഴാ നീ പട്ടിയെ നോക്കാൻ പോകുന്നത്.നോക്കിയാലും കൂടിവന്നാൽ ഒരാഴ്ച. അതുകഴിയുമ്പം മൊത്തം എന്റെ തലയിൽ തന്നെ”.
അമേരിക്കയിൽ ജോലിക്കു ചേർന്ന ആദ്യകാലങ്ങൾ.ഒരിക്കൽ ഒരു 80 വയസുള്ള അമ്മച്ചിക്ക് അപസ്മാരത്തിന്റെ മരുന്നുകൊടുത്തപ്പോൾ അവർ പറഞ്ഞു “ഈ മരുന്നുതന്നെയാ ഞാൻ എന്റെ ജാക്കിനും കൊടുക്കുന്നത്”. “ആരാ ജാക്ക്”? , ഒരു പക്ഷെ അത് അവരുടെ ഭർത്താവോ മകനോ ആയിരിക്കും എന്ന് കരുതി അവൾ ചോദിച്ചു. “ഓ അതോ, അത് എന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടി, ഇപ്പോൾ അവനെ നോക്കാൻ ഞാൻ ഒരാളെ നിർത്തിയേക്കുവാ. പാവം, അവനിപ്പോൾ എന്നെ കാണാതെ കരയുകയായിരിക്കും”.
അപസ്മാരത്തിന്റെ മരുന്ന് പട്ടിക്കോ! ഇവർക്കെന്തുപറ്റി. റൂമിനു വെളിയിൽ വന്നു അമേരിക്കക്കാരിയായ മറ്റൊരു നഴ്സിനോട് അവൾ തന്റെ ആശങ്ക പങ്കുവെച്ചു. “അതിനെന്താ നീ ഇത്ര അതിശയിക്കുന്നത്? ഇവിടെ എല്ലാ വളർത്തുമൃഗങ്ങൾക്കും ചെക്കപ്പ് ചെയ്യുകയും മരുന്ന് കൊടുക്കുകയും ഒക്കെ ചെയ്യും. നമുക്കുണ്ടാകുന്ന ഓരോ രോഗങ്ങളും അവർക്കും ഉണ്ടാകും”.
അങ്ങ് ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ,വീടിന്റെ ഇളം തിണ്ണയിൽ,ഒരു തുടലിൽ കെട്ടിയിട്ടിരുന്ന പട്ടിക്കുട്ടി, എന്തോ അസുഖം പിടിച്ചു അത് ചത്തുപോയപ്പോൾ പിന്നാമ്പുറത്താണ് അതിനെ കുഴിച്ചിട്ടത്. പാവം അതിവിടെയെങ്ങാനും ജനിച്ചിരുന്നെങ്കിൽ...
ആ രണ്ടു കിളിക്കുഞ്ഞുങ്ങൾക്കു പേരിടീൽ കർമ്മവും അവൻ തന്നെ നിർവ്വഹിച്ചു. ഇളം നീലനിറത്തിലുള്ള കിളിക്കു ‘നോവ’ എന്നും കടും നീലനിറത്തിൽ തവിട്ടു പുള്ളികൾ ഉള്ള കിളിക്കുഞ്ഞിന് ‘സൗത്ത്’ എന്നും. “കിളികളെ വാങ്ങിച്ചുതന്നതൊക്കെ ശരി, പക്ഷെ അതിനു തീറ്റി കൊടുക്കാനോ, കൂടു വൃത്തിയാക്കാനോ ഒന്നും നീ എന്നെ പ്രതീക്ഷിച്ചേക്കരുത്. പിന്നെ അതിന്റെ പപ്പും പൂടയുമൊന്നും ഇതിലെ പറന്നുനടക്കാതിരിക്കാനും നീ ശ്രദ്ധിച്ചോണം”.
മകന് കർശന നിർദേശങ്ങൾ കൊടുക്കുമ്പോഴും, ആ കിളിക്കുഞ്ഞുങ്ങളുടെ അടുത്ത് സമയം ചിലവഴിക്കാനും, അവയ്ക്കു തീറ്റ കൊടുക്കാനും, അവയെ കൂടിനു വെളിയിൽ എടുത്തു കൈവെള്ളയിൽ വെയ്ക്കാനും കൂടു വൃത്തിയാക്കാനും ഒക്കെ അവൾക്കു ഒരു പ്രെത്യേക ഉത്സാഹമായിരുന്നു.ഓർമ്മകളിൽ , ആറ്റുവഞ്ചികളിലും റബർമരങ്ങളിലും, നല്ല ഉയരത്തിൽ നിൽക്കുന്ന ആഞ്ഞിലിമരങ്ങളിലും ഒക്കെ കൂടു കൂട്ടുന്ന,പേരറിയാത്ത പലതരം ചെറുകിളികൾ. കൂട്ടത്തിൽ കാക്കക്കൂടുകളും ഉണ്ട്. ചിലപ്പോഴൊക്കെ ആ കൂടുകളിൽ ചെറിയ കിളിമുട്ടകൾ അവൾ കണ്ടിട്ടുണ്ട്. " ആ മുട്ടകളിൽ ഒന്നും തൊടരുത്. തൊട്ടാൽ അമ്മക്കിളിക്ക് മനസിലാകും.പിന്നെ അത് ആ കൂട്ടിൽ വരില്ല. ആ മുട്ട പിന്നെ വിരിയില്ല.", 'അമ്മ അവളോട് പറയാറുണ്ട്. ആ കുഞ്ഞുകിളിക്കൂടുകളിൽ നിന്നും വെളിയിലേക്കു തലനീട്ടി നോക്കുന്ന കിളിക്കുഞ്ഞുങ്ങളെ കാണാൻ കൊതിയോടെ പലപ്പോഴും അവൾ മരച്ചുവട്ടിൽ നിന്നിട്ടുണ്ട്..അമ്മക്കിളി കൊത്തിക്കൊണ്ടുവരുന്ന തീറ്റക്കുവേണ്ടി കൊക്ക് പിളർന്നുകരയുന്ന നല്ല ഓമനത്തമുള്ള കിളിക്കുഞ്ഞുങ്ങൾ.അവകളെ കൈവെള്ളയിലെടുക്കാൻ അവൾ ഒത്തിരി കൊതിച്ചിട്ടുണ്ട്. ചിലപ്പോൾ പലവർണ്ണങ്ങളിലുള്ള ചെറിയ കിളിക്കുഞ്ഞുങ്ങൾ അവളുടെ കൈവെള്ളയിൽ ഒതുങ്ങി ഇരിക്കും. ഒരു നിമിഷം കൂടി അവറ്റയെ കൈവെള്ളയിൽ വെക്കാൻ അവൾ ആഗ്രഹിക്കുമ്പോഴേക്കും അവൾ കണ്ണ് തുറക്കും. അപ്പോൾ മാത്രമേ അതൊരു സ്വപ്നം ആയിരുന്നു എന്നവൾക്കു മനസിലാകുകയുള്ളു.
“അല്ലാ , ഈ കൂടു തുറന്നുവിട്ടാൽ ഇവറ്റകൾ പറന്നുപോകുമോ? ഇത്രയും നാൾ നീയായിട്ടല്ലേ ഇതിനു ഫുഡ് കൊടുക്കുകേം ഇതുങ്ങളെ തോളിൽ എടുത്തുവെയ്ക്കുകയും ഒക്കെ ചെയ്തോണ്ടിരിക്കുന്നത്?” “അമ്മേ , അതിനു ഇത് പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ ആണോ , ഇത് വെറും കിളിക്കുഞ്ഞുങ്ങളല്ലേ, അതും Parakeet ഇനത്തിൽപ്പെട്ടവ. ഇവറ്റകൾക്ക് തീരെ ബുദ്ധി ഇല്ല. കൂടു തുറന്നുവിട്ടാൽ അത് എങ്ങോട്ടെങ്കിലും പോകും. പിന്നെ തിരിച്ചുവരുകയുമില്ല. അത്ര തന്നെ. എന്താ അമ്മാ, 'അമ്മ അത്രയ്ക്ക് ദുഷ്ടയാണോ , ഇവയെ തുറന്നുവിട്ടാൽ ഇവ ഒട്ടു വെളിയിൽ സർവൈവ് ചെയ്യുകയുമില്ല. വേറെ ഏതെങ്കിലും വലിയ പക്ഷികൾ അതുങ്ങളെ കൊല്ലും”.
“നീ ഒന്ന് പോടാ. സമയമില്ലാത്ത നേരത്തു അവന്റെ ഒരു ഉപദേശം”. കൃത്രിമഗൗരവം അണിഞ്ഞു അവൾ പാത്രം കഴുകുന്നത് തുടർന്നു.
“അല്ല ശരിക്കും കൂടു തുറന്നു ഇവയെ വെളിയിൽ വിട്ടാല് അവ പറന്നുപോകുമോ? വര്ഷം ഒന്ന് രണ്ടായില്ലേ ഈ കിളിക്കുഞ്ഞുങ്ങളെ അവനും ഞാനും കാര്യമായി കൊണ്ടുനടക്കുന്നത്.ഒന്ന് കൂടിനു വെളിയിൽ എടുത്തുനോക്കിയാലല്ലേ അവ പറന്നുപോകുമോ, അതോ പറന്നുപോയാലും തിരിച്ചുവരുമോ എന്നറിയാൻ പറ്റുകയുള്ളു” .
മദ്രാസിലെ സാമാന്യം നല്ല ഒരു ആശുപത്രി.
അന്ന് നല്ല തിരക്കുള്ള ദിവസം ആയിരുന്നു. രാവിലെ മുതൽ നിന്നുതിരിയാൻ പറ്റാത്ത വിധം ജോലി.ആ സർജിക്കൽ വാർഡിൽ തിരക്ക് കൂടാൻ വേറെയും കാര്യം ഉണ്ടായിരുന്നു. സ്റ്റാഫ് കുറവ്. പക്ഷെ സര്ജറികൾക്കു മാത്രം ഒരു കുറവുമില്ല. ആകെയുള്ള വിരലിൽ എണ്ണാവുന്ന സ്റ്റാഫ്, ചക്രങ്ങൾ പിടിപ്പിച്ച ഷൂസ് ധരിച്ചതുപോലെ ഓടി നടന്നു ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
“204 ലേക്ക് ഒരു അഡ്മിഷൻ വരുന്നുണ്ട് . പെട്ടെന്ന് റൂം റെഡി ആക്കണം.” ഏകദേശം ഒരൊമ്പതുമണിയായപ്പോൾ nusring supervisor വിളിച്ചു പറഞ്ഞു, “ക്യാഷുവാലിറ്റിയിൽ നിന്നും ആണ് . Burn case ആണു”. ചോദിക്കാതെ തന്നെ അവർ പറഞ്ഞു,
“ഈ റൂമിലെ ബെഡ് ഒന്ന് റെഡി ആക്കണേ വേഗം”. ഇരുന്നൂറ്റിമൂന്നാം റൂമിലേക്ക് മുറിവ് ഡ്രസ്സ് ചെയ്യാൻ ബാൻഡേജും കോട്ടണും ഒക്കെ ആയി ഓടുന്നതിനിടയിൽ അവൾ അവിട കണ്ട ഒരു സ്റ്റുഡന്റ് നഴ്സിനോട് പറഞ്ഞു . മിഴിച്ചുനോക്കുന്ന അവളെ കടന്നു പോകുമ്പോൾ അവൾ മനസ്സിൽ പുതിയ രോഗിക്ക് എന്തൊക്കെ വേണമെന്ന് കണക്കെടുത്തു .
‘ഒരു bedside ടേബിൾ കൂടെ വേണമല്ലോ . ഒന്ന് മതിയാകുമോ ആവോ? ഷീറ്റ് ദേഹത്ത് തൊടാതെ, ടേബിളിനു മുകളിലൂടെ കവർ ചെയ്യണം. കണ്ടാലേ അറിയൂ എത്രത്തോളം പൊള്ളൽ ഏറ്റിട്ടുണ്ട് എന്ന്.’ ഒരു പത്തു മിനിറ്റിനുള്ളിൽ അറ്റൻഡർ രോഗിയുമായി വന്നു. മുഖം കണ്ടിട്ട് നല്ല ചെറുപ്പം .
അവരെ ബെഡിൽ കിടത്തി , നെഞ്ചും വയറും ഒക്കെ പൊള്ളിയിരിക്കുന്നു, പൊള്ളലേറ്റ ഭാഗത്തു സ്പർശിക്കാതെ ഒരു വിധത്തിൽ,ഷീറ്റ് ഒക്കെ ടേബിളിന്റെ മുകളിൽ കൂടി വിരിച്ചു പുതപ്പിച്ചു
എല്ലാം കഴിഞ്ഞപ്പോൾ,അവർ അവളെ നോക്കി വേദന നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.
‘തമിഴ്‌സെൽവി’. അതായിരുന്നു അവരുടെ പേര്.സൈക്കിയാട്രി പഠനം കഴിഞ്ഞതേയുള്ളൂ. അവരെന്തിനു സ്വയം തീ കൊളുത്തി? അതിനുമാത്രം എന്ത് കൈയ്‌പ്പേറിയ അനുഭവങ്ങൾ ആയിരിക്കും ജീവിതം അവർക്കു സമ്മാനിച്ചിരിക്കുക? അതും ഇത്ര ചെറിയ പ്രായത്തിൽ.ഒരു സൈക്യാട്രിസ്റ് ആയ അവർ അങ്ങനെ ചെയ്തെങ്കിൽ, അതിന്റെ കാരണം എത്ര തീവ്രം ആയിരിക്കണം? അവരുടെ പൊള്ളലേറ്റ ഭാഗങ്ങൾ ശ്രദ്ധയോടെ ഡ്രസ്സ് ചെയ്യുമ്പോൾ അവൾ ആലോചിച്ചുകൊണ്ടിരുന്നു.ദിവസങ്ങൾ കഴിയുതോറും അവരുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നു. “എതുക്കാകെ നീങ്ക ഇപ്പിടി പണ്ണിട്ടിങ്കെ? (എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്തത്?)”. ഒരുദിവസം അവരുടെ പൊള്ളലേറ്റ ഭാഗം ശ്രദ്ധയോടെ കഴുകി വൃത്തിയാക്കുമ്പോൾ അവൾ ചോദിച്ചു. അതിനു അവർ നൽകിയ മറുപടി അവളെ അമ്പരിപ്പിച്ചു."ഒരാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ ഏതൊക്കെ അവസ്ഥകളിലൂടെ ആകും കടന്നുപോകുക? സ്വയം തീ കൊളുത്തി ആത്മഹത്യക്കു ശ്രമിക്കുന്നവർ, മാനസികമായും ശാരീരികമായും ഏതൊക്കെ വേദനകളിലൂടെ ആവും കടന്നുപോവുക? താളം തെറ്റിയ മനസുകളെ ചികിൽസിക്കുന്നവർ ഇതൊക്കെ മനസ്സിലാക്കണ്ടേ? ഇത് മനസിലാക്കാതെ എങ്ങനെയാ എനിക്കവരെ ചികിൽസിക്കാൻ പറ്റുക? അതുകൊണ്ടു, തീ കൊളുത്തി ആത്‌മഹത്യ ചെയ്യുന്നവരുടെ മാനസിക വ്യവഹാരങ്ങളും വേദനകളും മനസിലാക്കാൻ വേണ്ടി ഞാനൊന്നു ശ്രമിച്ചുനോക്കിയതാ”.അവരുടെ മറുപടി കേട്ട് അവൾ വാക്കുകൾ നഷ്ടപ്പെട്ട്, അവരുടെ മുഖത്തേക്ക് നോക്കിനിന്നു.
അന്നൊരു ശനിയാഴ്ച ആയിരുന്നു. അവൾക്കും കുട്ടികൾക്കും ഒഴിവുള്ള ദിവസം. പതിവുപോലെ, അവൾ കിളിക്കൂട് വീടിനു വെളിയിൽ എടുത്തു വെച്ച് വൃത്തിയാക്കാൻ തുടങ്ങി. അവളുടെ വീടിനപ്പുറം, ഒരു ചെറിയ കാടുപോലെ, പേരറിയാത്ത, നിറയെ മരങ്ങളും, കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രദേശമാണ്. ‘കൂടു തുറന്നു വെച്ചാൽ ഈ കിളികൾ പറന്നുപോകുമോ/ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ’ അവളുടെ ഉള്ളിലുയർന്ന ആ ശക്തമായ പ്രേരണ അവളുടെ യുക്തിക്കും സാമാന്യബുദ്ധിക്കും മേലെ ആയിരുന്നു. തുറന്ന വാതിലിലൂടെ ഒരു നിമിഷാർദ്ധത്തിൽ വെടിച്ചില്ലുപോലെ ആ രണ്ടു കിളികളും പുറത്തേക്കു കുതിച്ചു. അവൾക്കു ഒന്ന് പ്രതികരിക്കാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ, അവ അവളുടെ കണ്മുൻപിൽ നിന്നും പറന്നു അപ്രത്യക്ഷമായി. ‘നോവ, സൗത്ത്’ ആ കിളികളുടെ പേരുകൾ ഉറക്കെ വിളിച്ചുകൊണ്ടു അവളുടെ കുട്ടികൾ വീടിനു ചുറ്റും നടന്നു. കൂടെ അവളും, പേരറിയാത്ത മരത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിൽ ഒരു നിമിഷം, അവൾ കിളിക്കുഞ്ഞുങ്ങളിലൊന്നിനെ കണ്ടു. ഉയരത്തിൽ നിൽക്കുന്ന അനേകം മരങ്ങളുടെ ഇടയിൽ അവ അപ്രത്യക്ഷമായി.
“അമ്മ എന്ത് പണിയാ കാണിച്ചത്. കൂടു തുറന്നുവിട്ടാൽ അവകൾ പറന്നുപോകുമെന്നും, ദിക്കറിയാതെ ഉഴറി അവ തിരിച്ചുവരികയില്ലെന്നും അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞതാ”. “ഞാൻ മനഃപൂർവ്വമല്ലെടാ”. അവളുടെ ദുർബലമായ ചെറുത്തുനിൽപ്പ്, അവൾക്കു പോലും ബോധ്യമാകുന്നില്ലായിരുന്നു. എന്തോ, അങ്ങ് തമിഴ്‌നാട്ടിലെ ഹോസ്പിറ്റലും, തമിഴ്‌സെൽവിയും വര്ഷങ്ങൾക്കിപ്പുറത്തു, ഓർമകളുടെ മറ നീക്കി അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു, അനേകം ചെറുകിളികളുടെ കലപില ശബ്ദത്തിൽ നിന്നും ആ കിളിക്കുഞ്ഞുങ്ങളുടെ ഒച്ച വേർതിരിച്ചറിയാൻ വൃഥാ ശ്രമിച്ചു അവൾ അവിടവിടെ ഉഴറി നടന്നു.
ആ രാത്രിക്കു ഏറെ പ്രെത്യേകത ഉണ്ടായിരുന്നു. മദ്രാസ് നഗരം നേരത്തെതന്നെ തിരക്കിൽ നിന്നും മോചിതമായതുപോലെ. പൂർണ്ണചന്ദ്രൻ ഉദിച്ചുനല്കുന്ന തെളിഞ്ഞ നീലാകാശം . ചന്ദ്രനെ മറയ്ക്കാൻ വൃഥാ ശ്രമിക്കുന്ന, അങ്ങിങ്ങു തെളിഞ്ഞുകാണുന്ന കാർമേഘങ്ങൾ. രാത്രി ഏകദേശം ഒൻപതു മണിയായിക്കാണും. പതിവില്ലാതെ അന്ന് സർജിക്കൽ വാർഡ് ശാന്തമായിരുന്നു.സർജറി കഴിഞ്ഞുകിടക്കുന്ന കുറച്ചു രോഗികൾ. അവളുടെ കൂടെ അന്നുള്ളത് ഒരു പുതിയ നേഴ്സ് ആയിരുന്നു. പഠിച്ചിറങ്ങിയതേ ഉള്ളൂ. ആശുപത്രി എക്സ്പീരിയൻസ് തീരെ ഇല്ല. ഇങ്ങനെയുള്ള ഒരു ശാന്തമായ രാത്രി ആണെങ്കിൽ കുറച്ചേറെ പറഞ്ഞുകൊടുക്കാൻ പറ്റും,അവളും പഠിച്ചിറങ്ങിയിട്ടു ഒരു വർഷത്തിന് താഴെയേ ആകുന്നുള്ളൂ. പഠിച്ചിറങ്ങിയ ഹോസ്പിറ്റലിൽ തന്നെ ജോലി ആയതുകൊണ്ട് കാര്യങ്ങൾ ഒക്കെ അവൾക്കറിയാം, ഒരു ബെഡിൽ മാത്രമേ രോഗി ഇല്ലാതെയുള്ളൂ.
“ജീന , ഇരുന്നൂറ്റിമൂന്നാം റൂമിലേക്ക് ലേബർ റൂമിൽ നിന്നും ഒരു രോഗിയെ അഡ്മിറ്റ് ചെയ്യണം. അവരുടെ ആദ്യ പ്രസവം ആയിരുന്നു, അവർക്കു ബ്ലീഡിങ് കുറെ കൂടുതൽ ആണ്. അതുകൊണ്ടാണ് അങ്ങോട്ട് വിടുന്നത്. കുഞ്ഞിനെ നഴ്സറിയിലേക്കു മാറ്റി.” നഴ്സിംഗ് സൂപ്പർവൈസർ സർജറി വാർഡിലേക്ക് ഫോൺ ചെയ്തു. "അനു, അവസാനത്തെ റൂമിലേക്കുള്ള രോഗിയും വരുവാണ്. ആ റൂം ഒന്ന് വേഗം റെഡിയാക്ക്.പിന്നെ അഡ്മിഷൻ ഒന്നും വരാനില്ലാത്തതുകൊണ്ട്, ഇന്ന് നമുക്ക് വലിയ തിരക്ക് കാണുകയില്ല.”
അവൾ വേഗം കൂടെയുള്ള നഴ്സിനോട് പറഞ്ഞുകൊണ്ട് മരുന്നുമായി ഇരുന്നൂറ്റിഅഞ്ചാം റൂമിലേക്ക് നടന്നു,
“സിസ്റ്റർ,ഇവർക്ക് ഇപ്പോഴും ബ്ലീഡിങ് ഉള്ളതുകൊണ്ട്, രണ്ടു യൂണിറ്റ് ബ്ലഡ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. അത് കൊടുക്കണം. പിന്നെ ഇവരുടെ Uterine Fundus എപ്പോഴും ചെക്ക് ചെയ്യണം. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ അറിയിക്കണം.” തമിഴും ഇംഗ്ലീഷും കലർന്ന ഭാഷയിൽ ഡോക്ടർ പറഞ്ഞു.പ്രസവം കഴിഞ്ഞ രോഗിക്ക് ബ്ലീഡിങ് കൂടുതൽ ആയാൽ അത് അപകടമാണ്. വികസിച്ചിരിക്കുന്ന അവരുടെ ഗർഭപാത്രം, പ്രസവശേഷം ചുരുങ്ങി സാധാരണനിലയിലേക്കു വരാത്തതുകൊണ്ടു സംഭവിക്കുന്ന,മരണകാരണമാകാവുന്ന അവസ്ഥ.
‘പുനിത’, അതായിരുന്നു അവരുടെ പേര്.
“അനു, വേഗം ബ്ലഡ് ബാങ്കിലേക്ക് പോയി ഇവരുടെ ബ്ലഡ് എടുത്തുകൊണ്ടുവരണം.". അവരുടെ വയറ്റിൽ അമർത്തി , ഗര്ഭാശയത്തിന്റെ സ്ഥാനം പരിശോധിക്കുന്നതിനോടൊപ്പം അവൾ പറഞ്ഞു. മണിക്കൂറുകൾ കടന്നുപോയിട്ടും, അവരുടെ ബ്ലീഡിങ്ങിനു കാര്യമായ കുറവ് ഉണ്ടാകുന്നില്ല.”അനു,ആ ഇരുന്നൂറാം റൂമിലെ രോഗിക്ക് വേദനയുടെ മരുന്നിന്റെ സമയമായി. ഒന്ന് കൊടുത്തേക്കണേ”
ഒരു കയ്യിൽ കൂടി രക്തവും, മറുകയ്യിൽ കൂടി ഫ്‌ളൂയിഡും കടത്തിവിടുന്നതിനോടൊപ്പം, അവരുടെ ഡോക്ടർക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ വിളിച്ചുപറഞ്ഞു.
"സിസ്റ്റർ ഭയങ്കര ടെൻഷൻകാരി ആണെന്ന് തോന്നുന്നല്ലോ, സിസ്റ്റർ എന്റെ കുഞ്ഞിനെ കണ്ടായിരുന്നോ?” വേദനയുടെ ഇടയിലും ഒരു ചെറുപുഞ്ചിരിയോടെ അവർ ചോദിച്ചു.”ഇല്ല ഞാൻ കണ്ടില്ല. കുഞ്ഞു നഴ്സറിയിൽ അല്ലെ.”
“ഉം. അവനെ ചേർത്തുപിടിക്കാൻ എനിക്ക് കൊതിയാകുന്നു. പ്രസവം കഴിഞ്ഞപ്പം ഒരു നോക്ക് മാത്രമേ എന്റെ അടുത്ത് അവനെ കിട്ടിയുള്ളൂ. സിസ്റ്റർ പറ്റുവാണെങ്കിൽ അവനെ ഒന്ന് കാണണേ.” “അക്കാ, ബ്രേക്കിന് പോകുമ്പോൾ തീർച്ചയായും ഞാൻ പോയി കണ്ടിട്ട് വന്നു പറയാം കേട്ടോ”. അവരെ ആശ്വസിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു. "രാവിലെ ആകുമ്പോഴേക്കും എല്ലാം ശരിയാകുമായിരിക്കും അല്ലെ. അവനെ എന്റെ അടുത്തുകൊണ്ടുവരുമായിരിക്കും അല്ലെ”. “ഉം” ദുർബലമായി അവൾ ഒന്ന് മൂളി.
നിമിഷങ്ങൾ കൊഴിഞ്ഞുവീഴുമ്പോഴും പുനിതയുടെ ബ്ലീഡിങ്ങിനു ഒരു കുറവും ഉണ്ടാകുന്നില്ല. എത്രപ്രാവശ്യം അവരുടെ ഡോക്ടറിനെ ഇതിനിടയിൽ വിളിച്ചുവെന്ന കണക്കു അവൾ തന്നെ മറന്നുപോയിരുന്നു .അനു ഇടതടവില്ലാതെ ബ്ലഡ് ബാങ്കിലേക്ക് ഓടിക്കൊണ്ടിരുന്നു. ഇതിനിടയിൽ തന്നെ ജീന മരുന്നുകളും, മെഷിനുകളും ഒക്കെയായി റൂമുകളിൽ നിന്നും റൂമുകളിലേക്ക് ഓട്ടപ്രദക്ഷിണവും നടത്തിക്കൊണ്ടിരുന്നു.
"സിസ്റ്ററെ നിങ്ങൾ ബ്രേക്ക് ഒന്നും എടുക്കുന്നില്ലേ. ഇങ്ങനെ ടെൻഷൻ അടിക്കണോ. ഞാൻ ഓകെ ആണ്." അവരുടെ ബ്ലഡ് പ്രഷർ ചെക്ക് ചെയ്തുകൊണ്ടിരുന്ന ജീന അവരുടെ മുഖത്തേക്ക് നോക്കി. "എനിക്കൊരനിയത്തി ഉണ്ട്. അവളും സിസ്റ്ററിനെപ്പോലെയാ. ചുമ്മാ ടെൻഷൻ അടിക്കും. ഞങ്ങളുടെ മോൻ, കല്യാണം കഴിഞ്ഞു പത്തു വർഷങ്ങൾക്കുശേഷം ഞങ്ങൾക്ക് കിട്ടുന്ന സമ്മാനമാ. ഞങ്ങളെക്കാളും എന്റെ അനിയത്തിയാ അവനുവേണ്ടി കാത്തിരിക്കുന്നത്. അവൾക്കു എന്ത് സന്തോഷമായി എന്നറിയാമോ, ഞങ്ങൾക്ക് മോനുണ്ടായി എന്നറിഞ്ഞപ്പോൾ.അവൾ എന്താ പറഞ്ഞതെന്നറിയാമോ. "ഞങ്ങളുടെ കൊച്ചുകിളിക്കൂട്ടിലേക്കു ഒരു കുഞ്ഞിക്കിളി വരുന്നു എന്ന്. എനിക്കും അവൾക്കും കിളികളെ വലിയ ഇഷ്ടമാ കേട്ടോ. കുഞ്ഞുകിളിക്കൂടുകൾ തപ്പി അവൾ നടക്കും, ഞങ്ങളുടെ വീട് ഒരു കൊച്ചുഗ്രാമത്തിലാ. അവിടെ നിറയെ മരങ്ങളും അവകളിൽ പലതിലും കിളിക്കൂടുകളും ഉണ്ട്.”
തമിഴും ഇംഗ്ലീഷും ഇടകലർത്തി പുനിത പറഞ്ഞുകൊണ്ടേയിരുന്നു.
സമയം രാവിലെ ഏഴുമണിയാകാറായി. പുനിത അപ്പോഴേക്കും വളരെ ക്ഷീണിത ആയി കഴിഞ്ഞിരുന്നു.കുറെയേറെ രക്തം അവർക്കു രാത്രിയിലുടനീളം കൊടുത്തിരുന്നു.കൊടുത്തതിലേറെ അവരുടെ ശരീരത്തിൽനിന്നും നഷ്ടപ്പെടുകയും ചെയ്തു. മാറി മാറി ജീനയും അനുവും അവരുടെ ഡോക്ടറെ വിളിച്ചു, അവരുടെ അവസ്ഥ അറിയിച്ചുകൊണ്ടുമിരുന്നു.
“ജീന വേഗം ഇങ്ങോട്ടൊന്നു വരൂ”. അനുവിന്റെ വിളി കേട്ട് രാവിലത്തെ ഷിഫ്റ്റിലെ സ്റ്റാഫിന് റിപ്പോർട്ട് കൊടുത്തുകൊണ്ടിരുന്ന ജീന, ഇരുന്നൂറ്റിമൂന്നാം റൂമിലേക്ക് ഓടി. അവിടെ മരണവെപ്രാളം കാണിക്കുന്ന പുനിത. അവരുടെ ബ്ലഡ് പ്രെഷറും ഹൃദയമിടിപ്പും ഒക്കെ അപകടകരമായി താഴ്ന്നുകൊണ്ടിരിക്കുന്നു.
“ഡോക്ടറെ വേഗം വിളിക്കൂ”.അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന സ്റ്റാഫ്. “കോഡ് കാർട്ട് കൊണ്ടുവരൂ , ഡോക്ടർ ഇതാ , വേഗം വേണം”, “ഷോക്ക് കൊടുക്കൂ”.
"ജീന, സാരമില്ല, ഇനി ഞങ്ങൾ നോക്കിക്കൊള്ളാം. ജീന റിപ്പോർട്ട് കൊടുത്തിട്ടു പൊക്കോളൂ. സമയം കുറെ ആയില്ലേ". രാവിലത്തെ ചാർജ് നേഴ്സ് ആയ പരിമളം ജീനയുടെ തോളിൽ തട്ടി, ഒരാശ്വസിപ്പിക്കൽ പോലെ.റിപ്പോർട്ട് കൊടുത്തതിനുശേഷം വാർഡിനു വെളിയിലേക്കു നടക്കുമ്പോൾ അവൾ ഇരുന്നൂറ്റി മൂന്നാം റൂമിലേക്ക് പാളി നോക്കി. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. പല പല മെഷിനുകളും ഉപകരണങ്ങളും അങ്ങിങ്ങായി ആ മുറിക്കുള്ളിൽ. അവിടെ ബെഡിൽ ശാന്തമായി കണ്ണടച്ചുകിടക്കുന്ന ആ സ്ത്രീ. അവരുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തങ്ങിനിന്നിരുന്നുവോ. ഒരു മെഷിനും ഉപകരണവും അപ്പോൾ അവരുടെ ദേഹത്ത് ഘടിപ്പിച്ച നിലയിൽ ആയിരുന്നില്ല. ആ അമ്മക്കിളി തന്റെ കുഞ്ഞിക്കിളിയെ വീണ്ടും ഒരു നോക്കുകാണുവാനാകാതെ ആ കിളിക്കൂട്ടിൽനിന്നും എന്നന്നേക്കുമായി പറന്നുപോയിരുന്നു.
റൂമിലെത്തി, കുളിച്ചു വേഷം മാറി, മെസ് ഹാളിൽ എത്തിയപ്പോൾ അവളുടെ മനസ്സിൽ, കത്തിക്കാളുന്ന വിശപ്പിനെ ശമിപ്പിക്കാൻ, പതിവ് ഇഡ്ഡലിയും സാമ്പാറും എങ്കിലും കിട്ടിയാൽ മതി എന്നുള്ളത് മാത്രമേ ഉള്ളായിരുന്നുള്ളൂ.ആ രാത്രിയിലെ അമ്മക്കിളിയും,കിളിക്കൂടും ഒക്കെ വിസ്മൃതിയിൽ മറയുകയായിരുന്നു. അവളുടെ മുൻപിൽ എത്ര അമ്മക്കിളികളും കുഞ്ഞുകിളികളും ഇതിനോടകം ഇതുപോലെ വഴിതെറ്റി വന്നുകഴിഞ്ഞിരുന്നു!
“അമ്മാ, വിഷമിക്കേണ്ട, ഇനി എനിക്ക് വേറെ കിളിയെ ഒന്നും വാങ്ങിത്തരേണ്ട. അമ്മ കേറിപ്പോര്”. അതും പറഞ്ഞു അവളുടെ മകൻ വീട്ടിനുള്ളിൽ കടന്നു കമ്പ്യൂട്ടറിൽ കൂട്ടുകാരുമായി, വീഡിയോ ഗെയിം കളിയ്ക്കാൻ തുടങ്ങി. "അല്ല ആ കിളിക്കുഞ്ഞുങ്ങൾ തിരിച്ചുവരില്ല എന്ന് നിനക്കെന്താ ഇത്ര ഉറപ്പ്? ചിലപ്പോൾ അവ തിരിച്ചുവന്നെങ്കിലോ.”
“അമ്മ അവ ഇനി വരാൻ പോകുന്നില്ല. അവ അങ്ങ് മരങ്ങൾക്കിടയിലേക്കു പറന്നുപോയില്ലേ. ഇവിടെയാണെങ്കിൽ ഇഷ്ടം പോലെ കഴുകനും പരുന്തും എന്ന് വേണ്ട എല്ലാം ഉണ്ട്. അതുങ്ങളെ വലിയ ഏതെങ്കിലും പക്ഷികൾ വന്നു കൊന്നുതിന്നും”.
അത് കേട്ടപ്പോൾ അവളുടെ ചങ്കിനുള്ളിൽ ഒരു വലിയ കരച്ചിൽ വന്നു തിക്കിമുട്ടിനിന്നു. ഇടതൂർന്നു വളർന്നുനിൽക്കുന്ന വലിയ മരങ്ങൾക്കിടയിൽനിന്നും പല പല കിളിശബ്ദങ്ങൾ. ആ ശബ്ദങ്ങളിൽ പലതിനും, പറന്നുപോയ കിളിക്കുഞ്ഞുങ്ങളുടെ ശബ്ദം. എന്തുവേണമെന്നറിയാതെ,അവൾ അവിടവിടെ ചുറ്റിപ്പറ്റി നടന്നു. അവസാനം,ആ കിളിക്കൂടുമെടുത്തു,അതിൽ കിളിക്കുഞ്ഞുങ്ങൾക്കേറ്റവുമിഷ്ടപെട്ട തീറ്റയും എടുത്തുവെച്ചു,അവൾ വീടിന്റെ പിന്നാപുറത്തു,ആ മരങ്ങൾക്കിടയിലേക്കു നടന്നു. അവിടെ ആ കിളിക്കൂട് വെച്ചു,
‘ഒരുപക്ഷെ ആ കിളിക്കുഞ്ഞുങ്ങൾ കൂടു കണ്ടു തിരിച്ചുവന്നെങ്കിലോ’? തമിഴ്‌സെൽവി അവളുടെ പരീക്ഷണത്തിൽ വിജയിച്ചിരുന്നുവെങ്കിൽ, അല്ലെങ്കിൽ പുനിതയുടെ കിളിക്കൂട്ടിലേക്കു,അമ്മക്കിളി തന്റെ കുഞ്ഞുകിളിയുമായി പറന്നുചെന്നിരുന്നുവെങ്കിൽ. നടക്കില്ല എന്നുറപ്പുണ്ടെങ്കിലും ഒരു ചെറിയ പ്രതീക്ഷ.
ആ ഒഴിഞ്ഞ കിളിക്കൂട് അതിന്റെ കുഞ്ഞതിഥികൾക്കായ് ആ മരങ്ങൾക്കിടയിൽ വാതിലുകൾ തുറന്നുവെച്ച നിലയിൽ കിടന്നു. മരച്ചില്ലകളെ തഴുകിവന്ന ഒരിളംകാറ്റു അവളെ തലോടി കടന്നുപോയി. ഒരാശ്വസിപ്പിക്കൽ പോലെ.