ജനിച്ചു വളർന്ന നാടിൻ്റെ പഴമയുള്ള സ്വാദ്, ജീവിക്കുന്ന രാജ്യത്തെ സാഹചര്യങ്ങളിൽ പുനർജനിക്കുമ്പോൾ, രണ്ടു രുചി സംസ്കാരങ്ങളും ഒരുമിച്ച് ഒരു പ്ലേറ്റിലെത്തുന്നു. ലണ്ടൻ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന The Lalit London എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഹെഡ് ഷെഫ് ഇപ്പറഞ്ഞതു ജീവിച്ചു കാട്ടുന്നു!
മാവേലിക്കരക്കാരൻ ജോമോൻ കുര്യാക്കോസിനെ കേട്ടിരിക്കുമ്പോൾ, കേരളത്തിൻ്റെ പരമ്പരാഗത വിഭവങ്ങളായ അവിയലും, എരിശ്ശേരിയും, പുളിശ്ശേരിയും, പച്ചടിയും, പുളിയിഞ്ചിയും, കാളനും, ഓലനും, മെഴുക്കുപുരട്ടിയുമൊക്കെ ശരിക്കുമെങ്ങനെ പാകം ചെയ്യാമെന്നറിയാൻ ലണ്ടനിൽ പോകേണ്ടിവരുമെന്നു പോലും തോന്നിയേക്കാം...
🟥 എരിവാണ് പ്രശ്നം
നമ്മുടെ തനതായ പദാർത്ഥങ്ങൾ മറ്റുള്ളവർ കൂടി ആസ്വദിക്കണമെങ്കിൽ അവയിൽ ലളിതമായ ചില മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി. മലയാളികൾ ധാരാളം എരിവ് കഴിച്ചു ശീലിച്ചവരാണ്. വിദേശികൾക്കു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനക്കാർക്കു പോലും നാം കറികളിൽ ചേർക്കുന്ന എരിവിനു മുന്നിൽ പിടിച്ചു നിൽക്കാനാവില്ല. ഇതു വ്യക്തമാക്കാൻ ഒരു കഥയുണ്ട്. തേങ്ങാപ്പാലിൽ തയ്യാറാക്കുന്ന ഫിഷ് മോളി ലോകപ്രശസ്തമാണ്. നമ്മുടെ സ്വന്തം മീൻ സ്പെഷ്യൽറ്റിയാണിത്. പോർച്ചുഗീസുകാർ പണ്ട് കേരളത്തിൽ വന്നപ്പോൾ, ആതിഥ്യമര്യാദയ്ക്കു പിന്നിലല്ലാത്ത നമ്മൾ വിളമ്പിക്കൊടുത്ത മീൻ കറിയിലെ എരിവ് അവർക്ക് സഹിക്കാനായില്ല. തൊണ്ടയിൽ തീപിടിച്ചു
വിദേശ അതിഥികൾ പിടയുന്നതു കാണാനിടയായ നാട്ടുകാരി മോളി ഓടിയെത്തി മീൻ കറിയിൽ തേങ്ങാപ്പാൽ പിഴിഞ്ഞൊഴിച്ച് ഉടനടി എരിവ് കുറച്ചു. മോളിയുടെ പരീക്ഷണം അന്നു മുതൽ 'ഫിഷ് മോളി' എന്ന് അറിയപ്പെടാൻ തുടങ്ങി! കൈപ്പുണ്യമുള്ള മോളിച്ചേച്ചിയിൽ നിന്ന് ഞാനൊരു പോയൻ്റ് കടമെടുത്തു. മീനിൽ മാത്രമല്ല, എല്ലാ റെസിപീകളിലും എരിവ് കുറച്ചു. മിതമായി മുളകു ചേർത്ത നമ്മുടെ ഐറ്റംസ് ബ്രിട്ടീഷുകാർക്ക് ഹൃദ്യമായിമാറിയത്, ചേരുവകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ എനിയ്ക്കു പ്രചോദനമായി.
🟥 മുള്ള് മാറ്റി ഭീതിയകറ്റി
എരിവ് കുറച്ചതോടെ മീൻ കറികളും ഫ്രൈകളും വെള്ളക്കാർ ധാരാളം കഴിച്ചു തുടങ്ങി. ആയിടയ്ക്കാണ് ഡിന്നറിനെത്തിയ ഒരു സായിപ്പു ദമ്പതികൾ മത്തി പൊരിച്ചത് വളരെ ഇഷ്ടപ്പെട്ടെന്നറിയിച്ചത്. എന്നാൽ, മത്തിയുടെ മുള്ള് കടിച്ചു തിന്നുമ്പോൾ ഭയം തോന്നുന്നതായി അവർ ആവലാതിപ്പെട്ടു. മുള്ളൻ്റെ മുള്ളും കറുമുറാ ചവച്ചിറക്കുന്ന മലയാളികൾക്ക് മത്തിയുടെ മൊരിഞ്ഞ മുള്ള് ഒരു ഭീഷണിയാകുന്നേയില്ല. പക്ഷെ, ലണ്ടനിലെ ഒരു പ്രശസ്ത ഹോട്ടലിൽ ബ്രിട്ടീഷുകാരുടെ താൽപര്യങ്ങൾക്ക് പ്രസക്തിയുണ്ട്. ഫ്രൈ അപ്പ്സും, പൈ ആൻഡ് മാഷും, റോസ്റ്റ് ഡിന്നറും കഴിച്ചു വഴക്കമുള്ളവർക്കല്ലേ നമ്മുടെ നാടൻ സാധനങ്ങൾ വിളമ്പുന്നത്! അതെ, മീൻ മുള്ള് ആഹാര ആഗോളവൽക്കരണത്തിന് ഒരു വിലങ്ങുതടിയാകരുത്. ഫിഷ് കട്ടിങ്ങിൻ്റെ ബാലപാഠം എന്നെ പഠിപ്പിച്ച കാരണവന്മാരെ ഓർത്തുകൊണ്ട്, മീനിന് അത്ര പരിക്കില്ലാത്ത രീതിയിൽ അവയുടെ മുള്ളുകൾ ഞാ൯ മുറിച്ചു നീക്കി. തുടർന്നാണ് മുള്ളില്ലാതെ മുറിച്ചെടുത്ത മത്തികൊണ്ട് പുത്തൻ ഒരു ഐറ്റം എന്തുകൊണ്ട് തയ്യാറാക്കിക്കൂടെന്ന് ചിന്തിച്ചത്.
വെളിച്ചെണ്ണയിൽ മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, വെളുത്തുള്ളിയും അരച്ചു പേയ്സ്റ്റാക്കി, അതിൽ കറിവേപ്പില അരിഞ്ഞതും, നാരങ്ങാനീരും, കല്ലുപ്പും ചേർത്ത് മാരിനേറ്റ് ചെയ്തു വാഴയിലയിൽ അടുക്കി വെച്ചു മൊരിച്ചെടുത്തു. കൂടെ അല്പം ചമ്മന്തിപ്പൊടിയും, പർപ്പിൾ പൊട്ടാറ്റോ സ്റ്റിർ-ഫ്രൈ ആക്കിയതും! പിറന്നു വീണതോ, Sardine Fillet Grilled on Banana Leaves! പേരിലും വേണ്ടേ ഒരു പുതുമ! മെനു കാർഡിൽ പുതിയതായി പ്രത്യക്ഷപ്പെട്ട സാധനം വെള്ളക്കാരുടെ ഒരു ദൗർബല്യമായി മാറിയത് ഹോട്ടൽ മാനേജുമെൻ്റിനെ അത്ഭുതപ്പെടുത്തി. ഒരു കിണ്ണം ചോറുണ്ണാൻ അമ്മച്ചി എനിയ്ക്ക് പതിവായി ഉണ്ടാക്കിത്തന്നിരുന്ന ചാള പൊരിച്ചതു തന്നെയാണിതെന്ന് തിരിച്ചറിയാൻ ആർക്കും കഴിയാതെയായി! പേരും, പരിവേഷവും പരിവർത്തനങ്ങൾക്ക് വിധേയമായില്ലേ! 'ഇൻ്റർകാൻറ്റിനെൻ്റൽ' എന്ന വിശേഷണം ഒരുപക്ഷെ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് 'ഫുഡ്' എന്ന പദത്തോടൊപ്പമായിരിക്കും. പല ഭൂഖണ്‌ഡങ്ങളിൽ പൊതുവായുളള ഭക്ഷണം ലോകത്തിൻ്റെ തന്നെ അഭിരുചിയാണ്. വലിയ ലോകത്ത് കൊച്ചു കേരളമെവിടെയെന്ന് കാണാൻ ഇന്ന് സൂക്ഷിച്ചു നോക്കണം!
🟥 കപ്പയും മീൻകറിയും
സാർഡീൻ ഫില്ലെറ്റിൻ്റെ വിജയത്തിനു ശേഷം, നമ്മുടെ മറ്റൊരു ജനകീയ ഭക്ഷണമായ കപ്പയും മീൻകറിയും പഞ്ചനക്ഷത്ര തീ൯മേശയിൽ നിവേശിപ്പിക്കുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ബ്രസീലുകാര൯ മരച്ചീനി ഇംഗ്ളണ്ടിലത്ര പ്രസിദ്ധനല്ല. പക്ഷെ, അതിൻ്റെ പ്രത്യേക സ്വാദ് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. കപ്പയുടെ പ്രത്യേക രുചി അതുപോലെ നിലനിർത്തിക്കൊണ്ട്, ചേരുവകളിൽ അൽപം വ്യത്യാസം വരുത്തി, കാഴ്ച്ചയിൽ മനോഹാരിത വർദ്ധിപ്പിച്ചു. വലിയ തരം മീനുകളുടെ മുള്ളുകളില്ലാത്ത കഷ്ണങ്ങൾ ചേർത്തുള്ള കറിയാണ് കപ്പയ്ക്കു കൂട്ടായി സെർവ് ചെയ്യുന്നത്. കപ്പയും മീൻകറിയും എന്ന നാമധേയം പഴഞ്ചനല്ലേ! എന്നാൽ, അത് Cassava Mash with Seared Red Mullet എന്നാക്കിയപ്പോൾ വെള്ളക്കാർക്ക് മാത്രമല്ല, ഹോട്ടലിലെത്തുന്ന ഇന്ത്യൻ അതിഥികൾക്കും ഏറെ പ്രിയപ്പെട്ടതായി മാറി!
🟥 ചേമ്പും ചമ്മന്തിയും
ചില ചേമ്പുകളുടെ കിഴങ്ങും മുളകളും പുഴുങ്ങിയെടുത്താൽ വെണ്ണ പോലെയിരിയ്ക്കും. മെനുവിനാവശ്യമായ പച്ചക്കറികൾ കിച്ചൺ സ്റ്റോറിലെത്തിയാൽ അവയുടെ അവസ്ഥയും നിലവാരവും പരിശോധിയ്ക്കും. പുഴുക്കിന് യോജ്യമാണ് ചേമ്പെങ്കിൽ, അന്ന് മെനുവിൽ Colocasia and Chutney പ്രത്യക്ഷപ്പെടും. ചമ്മന്തിയ്ക്കു വേണ്ട തേങ്ങയും, പച്ച മാങ്ങയും, വേപ്പിലയും ഫ്രഷ് തന്നെ വേണം. നാടൻ പച്ചക്കറികൾ ഇംഗ്ളണ്ടിൽ കൃഷി ചെയ്യപ്പെടുന്നില്ല. അതിനാൽ, മത്തി പൊരിക്കാനുള്ള വാഴയില മുതൽ അവിയലിനാവശ്യമായ മുരിങ്ങാക്കായും, നേന്ത്രക്കായും, പച്ചപ്പയറും വരെയുള്ളവ കേരളത്തിൽ നിന്ന് എത്തുക തന്നെ വേണം. പൊടിയുള്ള മത്തനും, രുചിയുള്ള പയറും ഉണ്ടെങ്കിലേ എരിശ്ശേരി മെനുവിലെത്തൂ. ഓലന് ഒന്നാം തരം കുമ്പളങ്ങയും ധാരാളം പാലുള്ള നാളികേരവും വേണം. കാർഗോയിൽ താമസം നേരിട്ടാൽ, അവിയലിൻ്റെയും, ഓലൻ്റെയും, എരിശ്ശേരിയുടെയും 'സ്റ്റാർ വാല്യു' കുറയും! യൂറോപ്പിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കേരളത്തിൻ്റെ പൈതൃക ഡിഷുകളാണ് അവതരിപ്പിക്കപ്പെടുന്നതെന്ന യാഥാർത്ഥ്യം എനിയ്ക്ക് മറക്കുവാൻ കഴിയുമോ?
🟥 കൊഞ്ചു തീയൽ, വില 30 ബ്രിട്ടീഷ് പൗണ്ട്!
ഒടുവിൽ മെനുവിലെത്തിയ ഐറ്റമാണ് കൊഞ്ചു തീയൽ. അതിവിടെ വളരെ പെട്ടെന്ന് ഹിറ്റായി. കുഞ്ഞുന്നാളിൽ എന്നെ വല്ലാതെ ആകർഷിച്ച സാധനം ലണ്ടനിലൊന്നു ട്രൈ ചെയ്യാൻ തീരുമാനിച്ചത്, അമ്മച്ചി ഉണ്ടാക്കി തന്നിരുന്നതിൻ്റെ രുചി ഇപ്പോഴും നാവിലുള്ളതിനാലാണ്. പിന്നെ താമസിച്ചില്ല, അമ്മച്ചിയോട് വോയ്സ് അയച്ചു തരാൻ പറഞ്ഞു. മൂന്നാം നാൾ Char-grilled Lobster മെനുവിലെത്തി! റെസിപീയിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ നമ്മുടെ തീയൽ യൂറോപ്പിലേയ്ക്ക് പറിച്ചുനട്ടു. തൊട്ടുകൂട്ടാൻ കൂടെ ഈത്തപ്പഴ അച്ചാർ നൽകുന്നു. ഒരൊറ്റ വലിയ ചെമ്മീനാണ് പ്ലേറ്റിൽ ഉണ്ടാകുക. വില 30 ബ്രിട്ടീഷ് പൗണ്ട്! മുപ്പതു ബ്രിട്ടീഷ് പൗണ്ടെന്നാൽ ഇന്ത്യയിൽ മുവ്വായിരത്തിലേറെ രൂപയാണ്. റോയൽറ്റി നൽകേണ്ടത് പ്രിയ മാതാവിന്!
🟥 കട്ട്ലറി ഒരു കൂടിയ കാര്യം
ആഹാര സാധനങ്ങൾ രൂപപ്പെടുത്താനും, മുറിച്ചോ കോരിയെടുത്തോ ഭക്ഷിക്കാനുമാണ് പാശ്ചാത്യർ ഫോർക്ക്, കത്തി, സ്പൂൺ മുതലായ കട്ട്ലറി ഉപയോഗിക്കുന്നത്. പരമ്പരാഗതമായി അവരുടെ ഭക്ഷണങ്ങളും, ഭക്ഷ്യരീതിയും കട്ട്ലറിയോടു ബന്ധപ്പെട്ടതാണ്. ഭോജന സഹായ സാമഗ്രികൾ ഉപയോഗിക്കാതെയുള്ള ഭോജ്യ രീതി നിലവാരം കുറഞ്ഞതെന്നുള്ള പൊതു ധാരണയും ചിലപ്പോൾ പാശ്ചാത്യരെ മാതൃകയായി നാം കരുതുന്നതു കൊണ്ടാകാം. എന്നാൽ, പൊരിച്ച മീനോ കറിയിലെ മീനോ നുള്ളിയെടുത്തു കഴിക്കാനോ, പുട്ട് പഴം ചേർത്ത് കുഴയ്ക്കാനോ, നമുക്ക് വിരലുകൾ നേരിട്ട് ഉപയോഗിക്കേണ്ടേ? നമ്മുടെ ഭക്ഷണ സാധനങ്ങൾ പാശ്ചാത്യർക്കു നൽകുമ്പോൾ നേരിടേണ്ടി വരുന്ന വലിയ പ്രശ്നവുമിതാണ്. ഉദാഹരണമായി, മീൻ പിച്ചിയെടുത്താണ് കഴിയ്ക്കുന്നതെങ്കിൽ, അതിൻ്റെ മുള്ള് ഒരു ഭീഷണിയാകുന്നില്ലല്ലൊ. ഒരു സാംസ്കാരിക സമരസപ്പെടുത്തലെന്നോണം, പറ്റുന്നത്ര കട്ട്ലറി ഉപയോഗിച്ചു കൊണ്ടു കഴിയ്ക്കാൻ കഴിയുന്ന രൂപത്തിലാക്കിയാണ് വെള്ളക്കാരുടെ മുന്നിൽ നമ്മുടെ ഐറ്റംസ് എത്തിക്കുന്നത്. പാശ്ചാത്യ പ്ലേറ്റുകൾക്കൊപ്പം, വിന്ധ്യനു വടക്കും തെക്കുമുള്ള വിഭവങ്ങളും ഒരുമിച്ചെത്തുമ്പോൾ, ഞങ്ങളുടെ അടുക്കള വ്യത്യസ്‌തമായ പരിഷ്‌കൃതികളുടെ ഒരു കലവറയായി മാറുകയാണ്.
🟥 'കൊള്ളാമല്ലൊ നിൻ്റെ ഇംഗ്ളീഷ്!'
മലയാളം തന്നെ തപ്പിത്തടഞ്ഞാണ് കുഞ്ഞുംനാളിൽ പറഞ്ഞിരുന്നത്. നാട്ടിൻപുറത്തെ മലയാളം മീഡിയം സ്കൂളിൽ പഠിച്ചുവളർന്ന എനിയ്ക്ക് ഇംഗ്ളീഷായിരുന്നു ഏറ്റവും വലിയ ഭീഷണി. മാവേലിക്കരയിലെ ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ (BHHSS) അദ്ധ്യാപകൻ ഡേവിഡ് ജേക്കബ് സാറിന് അത് നന്നായി അറിയാമായിരുന്നു. ലണ്ടനിലെ ഒരു തണുത്ത പ്രഭാതത്തിൽ, അദ്ദേഹം ഈയിടെ ഫോണിൽ വിളിച്ച്, 'ജോമോനേ, കൊള്ളാമല്ലൊ നിൻ്റെ ഇംഗ്ളീഷ്' എന്നു ആഹ്ളാദത്തോടെ പറഞ്ഞപ്പോൾ, എൻ്റെ ഉള്ളും പുറവും ഒരുപോലെ ഊഷ്മളമായി! BBC പ്രക്ഷേപണം ചെയ്ത 'Celebrity Master Chef' പരിപാടി അദ്ദേഹം തലേന്നു രാത്രി കണ്ടിരുന്നത്രെ! ഇരുപതു വിദഗ്‌ദ്ധരുടെയും മൂന്നു ക്യാമറകളുടെയും മുന്നിൽ, ഡിജിടെക് എൽഇഡി ലൈറ്റുകളുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന പ്രകാശത്തിൽ, ഷെഫ് കോട്ട് ധരിച്ചു ഷൂട്ടിനു നിന്നപ്പോൾ എനിയ്ക്കിത്രയും നന്നായി ആംഗലേയം പറയാനായോ, അറിയില്ല.
🟥 2021-ലെ ബ്രിട്ടീഷ് ദേശീയ പുരസ്കാരം
ബ്രിട്ടനിലെ ഏറ്റവും വലിയ കുക്കറി ആൻഡ് ഫുഡ് അസ്സോഷ്യേഷനിൽ നിന്ന്, കഴിഞ്ഞ വർഷത്തെ നേഷനൽ ഷെഫ് പുരസ്കാരം ലഭിച്ചത് അഭിമാനത്തോടെ ഓർക്കുന്നു. ഞാൻ പാകം ചെയ്ത കേരള ട്രെഡീഷനൽ ഐറ്റംസും, വാഴയിലയിൽ പൊള്ളിച്ച മീനും നിരവധി രുചി വിദഗ്‌ദ്ധർ (Gourmets) മാറ്റുനോക്കിയതിന് ഒടുവിലാണ് എന്നെ മികച്ച ദേശീയതല ഷെഫ് പദവിയിലേക്ക് തിരഞ്ഞെടുത്തത്. പ്രശസ്തരായ അനേകം ഷെഫുമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. 1965-ൽ സ്ഥാപിതമായ Craft Guild of Chefs എന്ന സംഘടന നൽകുന്ന വാർഷിക അംഗീകാരമാണിത്. 2019-ൽ, 'ബ്രിട്ടീഷ് മലയാളി' പുരസ്കാരത്തിനായി (News Person of the Year) തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഗായകൻ ജി.വേണുഗോപാൽ നാട്ടിൽ നിന്നെത്തി ശിൽപം സമ്മാനിച്ചു. ബ്രിട്ടനിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 മലയാളികളിൽ ഒരാളായി തിരഞ്ഞെടുത്തു, പൊന്നാട അണിയിക്കപ്പെട്ടത് മറ്റൊരു അഭിമാന നിമിഷം. പഠിക്കാൻ ആശിച്ച കോളേജുകളിൽ, പാചകം പഠിപ്പിക്കാൻ ഗസ്റ്റ് ലക്ച്ചററായി പോകാൻ കഴിഞ്ഞത് ഭാഗ്യമല്ലാതെ മറ്റെന്താണ്! ഹോട്ടൽ മാനേജുമെൻ്റിൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം, ഒരു സ്റ്റുഡൻ്റ് വിസയെടുത്ത് 2008-ൽ ലണ്ടനിലെ ഹിത്രോ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ, ഞാനിത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
പാചക മേഖലയിൽ താൽപര്യം കാണിച്ചപ്പോൾ, എന്നെ പഠിപ്പിച്ചു വലുതാക്കിയത് കുശിനിക്കാരനാക്കാനല്ലെന്നു നിരൂപിച്ച അപ്പച്ചനോട് ഞാൻ നീതി പുലർത്തിയില്ലേ? സമൂഹത്തിൽ മാന്യ സ്ഥാനമുള്ള പി.സി.കുര്യാക്കോസിന് തൻ്റെ പുത്രനാൽ സത്പേര് മാത്രമേ വരാവൂ! പഠിപ്പിനേക്കാൾ തൻ്റെ മകന് താൽപര്യം തീറ്റയിലാണെന്ന്, BHHSS അദ്ധ്യാപകൻ സുനിൽ ഡി.കുരുവിളയോട് പരാതിപ്പെട്ടപ്പോൾ, 'അവൻ്റെ തീറ്റ പ്രേമം അവൻ്റെ ജീവിത മാർഗമാവെട്ടെ'യെന്നാണ് അദ്ദേഹം അമ്മച്ചിയ്ക്ക്
മറുപടികൊടുത്തത്. മറക്കാനാകുമോ സുനിൽ സാറിനെയും, എൻ്റെ എല്ലാ 'കുറുമ്പി'നും എന്നും അകമ്പടി നിന്ന അനിയൻ ജിജോമോനെയും!
🟥 അരിഞ്ഞു ചേർക്കണം, അൽപം സ്നേഹം
സെലിൻ ചേച്ചിയെ അയൽക്കാർക്കെല്ലാം ഇഷ്ടമാണ്. കാരണം, ലളിതം. ജോമോൻ്റെയും, ജിജോമോൻ്റെയും അമ്മച്ചി പറയുന്നതിലെയും പ്രവർത്തിക്കുന്നതിലെയും പ്രധാന ചേരുവ സ്നേഹമാണ്! നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുകയെന്നതാണ് അമ്മച്ചിയുടെ വേദവാക്യം! "ജോമോനേ, ലാഭക്കണക്ക് നീ പാചകത്തിൽ ചേർക്കരുത്. നീ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനെത്തുന്നത് നിൻ്റെ ബന്ധുക്കളും, സ്നേഹിതരും, സ്നേഹിതരാകാൻ പോകുന്നവരുമാണെന്ന് എപ്പോഴും ഓർക്കണം. ആയതിനാൽ, പാചകം ചെയ്യുമ്പോൾ അതിൽ അൽപം സ്നേഹം കൂടി നീ അരിഞ്ഞു ചേർക്കണം!" അമ്മച്ചി ഇടയ്ക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. ഹോട്ടലിലെ മാത്രമല്ല, Jo's Nest എന്ന ഞങ്ങളുടെ ഭവനത്തിലും ഹെഡ് ഷെഫ് ഞാൻ തന്നെയാണെന്നതിനാൽ അമ്മച്ചിയുടെ മാർഗനിർദ്ദേശം എൻ്റെ മനസ്സിലാണ് എന്നും. പത്നി ലിൻജോ, മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവർ ഉൾപ്പെട്ടതാണ് എൻ്റെ കിളിക്കൂട്. കിച്ചൺ ബാലൻസിൽ വെച്ചു തൂക്കി നോക്കാതെയാണ് ഓരോ ഐറ്റത്തിലും ഞാൻ സ്നേഹം ചേർത്തുകൊണ്ടിരിക്കുന്നത്!
----------------