Image

അക്കാഡമിക്കായ നർത്തകി! (വിജയ് സി.എച്ച്)

Published on 20 March, 2024
അക്കാഡമിക്കായ നർത്തകി! (വിജയ് സി.എച്ച്)

കേന്ദ്ര സംഗീത നാടക അക്കാദമി ഈയിടെ പ്രഖ്യാപിച്ച ദേശീയ അവാർഡുകളിൽ പ്രശസ്തമായ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നേടിയ അക്ഷര എം.ദാസ് പറയുന്നു ഇതുവരെ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തൻ്റെ കലാപ്രവർത്തനങ്ങൾ ദേശീയതലത്തിലേയ്ക്കു വ്യാപിപ്പിക്കുവാൻ സമഗ്രമായ ഇടപെടലുകൾ ആവശ്യമാണെന്ന്.
തൃശ്ശൂർ ഒളരിക്കരയിൽ 'സൂര്യകാന്തി' എന്ന നൃത്ത വിദ്യാലയം നടത്തിവരുന്ന അക്ഷരയോടു സംസാരിക്കുകയെന്നാൽ ആവണിക്കുളിരുള്ളൊരു സായാഹ്നത്തിൽ ഒട്ടേറെ ഐറ്റങ്ങൾ അനുക്രമമായി കാണുന്നതിനു സമാനം...


🟥 സന്തോഷം, അഭിമാനം!
ദേശീയതലത്തിലുള്ള ഈ അംഗീകാരം ഏറെ സന്തോഷത്തോടൊപ്പം അഭിമാനവും നൽകുന്നു. അതേസമയം മോഹിനിയാട്ട കലാകാരി എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വവുമാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാരം എന്നിൽ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇത്രയും കാലം കേരളത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന എൻ്റെ കലാപ്രവർത്തനങ്ങളെ ദേശീയതലത്തിലേയ്ക്കു വ്യാപിപ്പിക്കുവാൻ സമഗ്രമായ കൂടുതൽ ഇടപെടലുകൾ ആവശ്യമാണ്. എൻ്റെ ഗുരുനാഥ ലീലാമ്മ ടീച്ചർ വിഭാവനം ചെയ്ത കലാമണ്ഡലം ശൈലിയുടെ (ബാണി) വക്താവായി മാറുക എന്ന കർത്തവ്യം കൂടി എൻ്റെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. അത് അത്ര നിസ്സാരമല്ലെന്ന് ഞാൻ മനസ്സിലാക്കുന്നുമുണ്ട്.


🟥 പ്രശസ്ത വേദികൾ, സോളോകൾ
ഭുവനേശ്വറിലെ പ്രശസ്തമായ ദേവദാസി ഫെസ്റ്റിൽ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത്. ഈ വേദിയിൽ തന്നെയാണ് സ്വന്തമായി ചിട്ടപ്പെടുത്തിയ ഇനങ്ങൾ സ്വയം പരിചയപ്പെടുത്തിയതും! രാജമാതാവായ കൗസല്യയെ കേന്ദ്ര കഥാപാത്രമാക്കി രാമൻ്റെ ജീവിത മുഹൂർത്തങ്ങൾ വർണിക്കുന്ന 'ശ്രീരാമചന്ദ്ര് കൃപാൽ ഭജ്മൻ' എന്ന തുളസീദാസ് കൃതി ആസ്വാദകരുടെയും നിരൂപകരുടെയും പ്രശംസ നേടി. മധ്യപ്രദേശ് കലാ പരിഷത്ത് സംഘടിപ്പിക്കുന്ന വിശ്രുതമായ ഖജുരാഹോ നൃത്തോത്സവത്തിൽ 'ഭാവയാമി രഘുരാമം' എന്ന മോഹിനിയാട്ട ആവിഷ്ക്കാരവുമായി എത്താ൯ സാധിച്ചത് ഉള്ളിൽ കുളിരുകോരുന്നൊരു അനുഭവമാണ്. രാജ്യത്തിൻ്റെ തലസ്ഥാനത്ത് കേന്ദ്ര സാംസ്കാരിക വകുപ്പ് ക്രമപ്പെടുത്തിയ ദേശീയതല ഡേൻസ് ഫെസ്റ്റിൽ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നൃത്ത സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചത് മറ്റൊരു വ്യത്യസ്ത അനുഭവമായി. തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവൽ, തിരൂർ തുഞ്ചൻ ഫെസ്റ്റിവൽ, പാലക്കാട് സ്വരലയ ഫെസ്റ്റിവൽ, മയ്യഴി മഹോത്സവം തുടങ്ങിയ പ്രശസ്ത ഇവൻ്റുകളെല്ലാം മോഹിനിയാട്ട നർത്തകി എന്ന നിലയിൽ അഭിമാനം തന്ന വേദികളാണ്. കലാമണ്ഡലത്തിലെ പഠന കാലയളവിൽ അവിടത്തെ നൃത്തസംഘത്തിൽ അംഗമായി ഭാരതത്തിൽ ഉടനീളമുള്ള കേന്ദ്രങ്ങളിലെത്തിയത് എൻ്റെ അരങ്ങു പരിചയത്തിനു മുതൽക്കൂട്ടായിട്ടുണ്ട്.


🟥 'പൂതപ്പാട്ടി'ൻ്റെ സംഘാവിഷ്ക്കാരം
നൃത്തസംവിധാനങ്ങൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും, മലയാള കവിതയിൽ പുത്തനൊരു കാല്പനികതയുമായെത്തിയ ഇടശ്ശേരി ഗോവിന്ദൻ നായരുടെ 'പൂതപ്പാട്ടി'ൻ്റെ അവതരണ അനുഭവങ്ങളാണ് ഉള്ളിലേറെ നിറഞ്ഞു നിൽക്കുന്നത്! മനോഹരമായ ദൃശ്യ ബിംബങ്ങളാൽ സമ്പന്നമായ കാവ്യത്തിൻ്റെ ധാരാളം നൃത്ത ഭാഷ്യങ്ങൾ കലാസ്നേഹികൾ ഇതിനകം കണ്ടുകഴിഞ്ഞതാണെന്ന യാഥാർത്ഥ്യമായിരുന്നു ആദ്യത്തെ വെല്ലുവിളി. പുതിയതിനൊരു പുത്തൻ മാനമില്ലെങ്കിൽ ദൗത്യം വിജയിക്കുമോ? കവിതയിലെ പ്രധാന വാക്താക്കളെ മോഹിനിയാട്ട ഏകാഹാര്യത്തിൽ അവതരിപ്പിക്കുകയെന്ന പഴയ രീതിയ്ക്കു പകരം, സംഘാവിഷ്ക്കാര മാതൃക പരീക്ഷിക്കാൻ തീരുമാനിച്ചു. പൂതം, അമ്മ, ഉണ്ണി എന്നീ കഥാപാത്രങ്ങളെ അരുണിമയും, ഗാഥയും, റിയയും വെവ്വേറെ വരച്ചു കാട്ടി. മൂന്നു പേരും എൻ്റെ നൃത്തവിദ്യാലയത്തിലെ മികവുറ്റ അധ്യോതാക്കളായതിനാൽ നിരന്തര പരിശീലനത്തിലൂടെ ശരിയ്ക്കുമവരെ 'പൂതപ്പാട്ടി'ലെ ജീവനുള്ള കഥാപാത്രങ്ങളാക്കി മാറ്റാൻ സാധിച്ചു. കർണാടക സംഗീതവും, കേരളക്കരയിലെ തനതു രാഗങ്ങളും, നാടോടി ശീലുകളും വേണ്ടുംവിധം ചേർത്തു ഭർത്താവും സംഗീതജ്ഞനുമായ ബിജീഷ് കൃഷ്ണ ഹൃദ്യമാക്കിയ സംഗീത പശ്ചാത്തലത്തിൽ, പൂതവും, അമ്മയും, ഉണ്ണിയുമായി എൻ്റെ കുട്ടികൾ മോഹനനൃത്തിൻ്റെ ലാസ്യച്ചുവടുകൾവച്ചു മുന്നേറിയപ്പോൾ, സദസ്സിൽനിന്നുയർന്നത് നിലയ്ക്കാത്ത കരഘോഷങ്ങളാണ്! 'പൊന്നുങ്കുടം പോലെ പൂവൻ പഴം പോലെ പോന്നു വരുന്നോനെ കണ്ടു പൂതം, പൂതത്തിനുള്ളിലൊരിക്കിളി തോന്നി, പൂതത്തിന്മാറത്തു കോരിത്തരിച്ചൂ...'; 'നരിയായും പുലിയായും ചെന്നു പൂതം, തരികെൻ്റെ കുഞ്ഞിനെയെന്നാളമ്മ...'; 'പൊന്നും മണികളും കിഴികെട്ടിത്തന്നിടാം പൊന്നാരക്കുട്ടനെ ഞാനെടുക്കും...'; 'ഇതിലും വലിയതാണെൻ്റെ പൊന്നോമന അതിനെ തരികെൻ്റെ പൂതമേ നീ...', 'പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു പൊട്ടപ്പൂതമിതെന്നു കയർത്താൾ'...; 'ഞെട്ടിവിറച്ചു പതിച്ചു പൂതം കുട്ടിയ വേഗം വിട്ടുകൊടുത്താൾ...' വടക്കൻ കേരളത്തിലെ 'പൂതൻ' എന്ന നാടോടി കലാരൂപം പ്രതിപാദ്യമാക്കി ഇടശ്ശേരി രചിച്ച നിത്യഹരിതമായ വരികൾ, ശബ്ദം ബിജീഷിൻ്റെ! ചെണ്ടയും പുല്ലാങ്കുഴലും രൗദ്ര-രതി ഭാവങ്ങളെ ഇണക്കിച്ചേർത്തു.

മോഹിനിയാട്ടത്തിന് ആദ്യമായി അസുര വാദ്യമായ ചെണ്ട അകമ്പടി നിന്നു! പൂതമെങ്കിലും അവളുടെ ഉള്ളിലും മൃദുലഭാവങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന തിരിച്ചറിവിൽ, ഇടശ്ശേരിയുടെ കഥാപാത്രത്തെയൊരു വിങ്ങലായി അസ്വാദക ഹൃദയങ്ങളിൽ കുടിയിരുത്തും വിധം ഒരു ട്വിസ്റ്റ് പ്രമേയത്തിനു ഞാൻ നൽകിയിട്ടുണ്ട്. തൃശ്ശൂരിലെ സംഗീത നാടക അക്കാദമിയിൽ നടന്ന അവതരണത്തിനു സാക്ഷ്യം വഹിക്കാൻ മഹാകവിയുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നു. കവിതയുടെ ആത്മാംശത്തെ പൂർണമായി ഉൾക്കൊണ്ടുള്ള മനോഹരമായ രംഗാവതരണമെന്നു ഇടശ്ശേരിയുടെ മകൾ അഭിപ്രായപ്പെട്ട ആ ദൃശ്യം ഉള്ളിൻ്റെയുള്ളിൽ ഞാൻ ചില്ലിട്ടു തൂക്കിയിട്ടുണ്ട്!


🟥 ഗവേഷണത്തിൻ്റെ പ്രസക്തി
'മോഹിനിയാട്ടത്തിൻ്റെ ആധുനിക മുഖം -- ഒരു വിശകലനം' എന്ന വിഷയത്തിലാണ് ഡോക്ടറൽ
ബിരുദത്തിനു വേണ്ടി ഗവേഷണം ചെയ്യുന്നത്. ആചാര്യമാരായ കല്യാണിക്കുട്ടിയമ്മയുടെയും സത്യഭാമയുടെയും അത്യദ്ധ്വാനത്തിൽ 1950-കളിൽ തുടക്കം കുറിച്ചതാണ് മോഹിനിയാട്ടത്തിലെ ആധുനിക സമ്പ്രദായ രീതികൾ. സമാന്തരമായി വികാസം പ്രാപിച്ച ഈ രണ്ടു കളരികളാണ് ആധുനിക രംഗവേദിയിൽ മറ്റു ശാസ്ത്രീയ കലാരൂപങ്ങൾക്കൊപ്പം മോഹിനിയാട്ടത്തിനു കൂടി ഒരു ഇടം നേടിക്കൊടുത്തത്. നമ്മുടേതെന്നു അവകാശപ്പെടാവുന്ന ഈ നൃത്തരൂപത്തിൻ്റെ വളർച്ചാവഴികളിലൂടെയുള്ള സഞ്ചാരമാണ് അടിസ്ഥാനപരമായി എൻ്റെ ഗവേഷണ വിഷയം. അധ്യാപനം, നൃത്തസംവിധാനം, പ്രയോഗപരത മുതലായവയിലുള്ള പ്രാവീണ്യം നർത്തകരിൽ കൂടിയും കുറഞ്ഞുമിരിയ്ക്കും. അതിനുസരിച്ചു, രാജ്യത്തിന്ന് മുഖ്യധാരയിലുള്ളവരും, സ്വന്തമായി രീതിശാസ്ത്രം സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ളവരുമായ മോഹിനിയാട്ട നർത്തകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി, രേഖപ്പെടുത്തുകയാണ് ഞാൻ ഗവേഷണ പ്രബന്ധത്തിൽ ചെയ്യുന്നത്. അമ്പതുകൾക്കു ശേഷം രൂപപ്പെട്ട വിഭിന്നമായ ശൈലികൾ, പാഠ്യപദ്ധതികൾ, പഠന രീതിശാസ്ത്രങ്ങൾ എന്നിവ മോഹിനിയാട്ടത്തിൻ്റെ പൊതുവായ ആധുനിക മുഖമാണ്. ഇക്കാലത്ത് മോഹിനിയാട്ടത്തിനുണ്ടായ വളർച്ചാ വിവരങ്ങൾ ശേഖരിച്ചു, ഓരോ കളരികളുടെയും സംഭാവനകൾ വിലയിരുത്തി, അവയെ സംബന്ധിക്കുന്ന കുറിപ്പുകൾ തയ്യാറാക്കുന്നുണ്ട്. നർത്തകരെയും, അവരുടെ കലാ പ്രവർത്തനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങൾ അവരുടെ കാലശേഷം മറവിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയാണല്ലൊ ഇന്നുള്ളത്. പൂർവ കാലത്തു സംഭവിച്ചതു പോലെ, മോഹിനിയാട്ടത്തിൻ്റെ ചരിത്രപരമായ തെളിവുകൾ ഇല്ലാതാകുന്ന നിർഭാഗ്യം ഇനിയുണ്ടാവാതെ നോക്കേണ്ടത് ഞാൻ ഉൾപ്പെടെയുള്ളവരുടെ ഉത്തരവാദിത്വമാണെന്നു ഈ കലാസ്നേഹി വിശ്വസിക്കുന്നു. മുപ്പതോളം നർത്തകരെയും കലാപ്രവർത്തകരെയും വീഡിയോ ഡോക്യുമെൻ്റേഷൻ ചെയ്തു അവരുടെ അവതരണങ്ങളെ ശേഖരിക്കുവാൻ സാധിച്ചു. പുതിയ പഠിതാക്കൾക്കു തങ്ങളുടെ കലയിലെ ആചാര്യന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചു വ്യക്തമായ അവബോധം അനിവാര്യമാണ്. ഈ കലാരൂപം ഉരുവപ്പെട്ട മാർഗങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടു വേണം അവർ അതു സ്വായത്തമാക്കാൻ! അതിനാൽ ഭാവി തലമുറയ്ക്ക് ഉതകുന്ന വിധത്തിൽ മോഹിനിയാട്ടത്തിൻ്റെ ആധുനിക കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നതാണ് ഗവേഷണ പഠനത്തിൻ്റെ പരമോന്നതമായ പ്രസക്തി.


🟥 കലാമണ്ഡലം ശൈലികൾ
രണ്ടു പ്രധാന ശൈലികളാണ് കലാമണ്ഡലത്തിൽ രൂപപ്പെട്ടത്. സത്യഭാമ ടീച്ചറുടെ കാഴ്ചപ്പാടുകളാണ് ആധുനിക കലാമണ്ഡലം ശൈലിയെങ്കിൽ, കല്യാണിക്കുട്ടിയമ്മ ടീച്ചറുടെ രീതിശാസ്ത്രത്തിൽ വികസിച്ചതാണ് തൃപ്പൂണിത്തുറ ശൈലി. ആംഗികം വാചികം, സാത്വികം, ആഹാര്യം എന്നീ ചതുർവിധാഭിനയ സങ്കേതങ്ങളിൽ ഒരു കലാരൂപം സ്വീകരിക്കുന്ന ശക്തമായ ഇടപെടലുകളാണ് അതിൻ്റെ ശൈലി നിർണയിക്കുന്നത്. കല്യാണിക്കുട്ടിയമ്മ ടീച്ചർ തൻ്റെ ഗുരുവായ അപ്പേക്കാട്ട് കൃഷ്ണപ്പണിക്കർ ആശാൻ്റെ പാഠ്യരീതിയിൽ അധിഷ്ഠിതമായി കളരി പാഠങ്ങൾ രൂപപ്പെടുത്തുകയും, അവയെല്ലാം സിദ്ധാന്തപരമായി സ്ഥാപിച്ചെടുക്കുകയും ചെയ്തു. സത്യഭാമ ടീച്ചർ തൻ്റെ ഗുരുവായ ചിന്നമ്മുവമ്മ ടീച്ചറിൽ നിന്നും പകർന്നു കിട്ടിയ പാഠങ്ങളെ കഥകളിയുടെ അടിസ്ഥാന സങ്കേതങ്ങളുമായി കൂട്ടിച്ചേർത്ത് നവീനമാക്കിത്തീർത്തു. അടിസ്ഥാന സങ്കേതങ്ങളായ അരമണ്ഡലം, ഹസ്ത പ്രയോഗങ്ങളുടെ അളവുകൾ, ശരീര നിലകൾ, ചലന സമ്പ്രദായങ്ങൾ തുടങ്ങിയവയിലുള്ള പ്രയോഗ വ്യത്യാസങ്ങളാണ് ഈ രണ്ടു കളരികളെയും വ്യതിരിക്തമാക്കുന്നത്. അരമണ്ഡലത്തിന് ഒന്നര ചാൺ അകലം, ഹസ്ത ചലനങ്ങളുടെ പൂർണ വൃത്താകൃതി, അരമണ്ഡലത്തിന് അനുസൃതമായ ശരീര സ്ഥാനങ്ങൾ, ഒതുങ്ങിയ ചലനങ്ങൾ തുടങ്ങിയവ തൻ്റെ ശൈലിയുടെ ആംഗിക സ്വഭാവമായി കല്യാണിക്കുട്ടിയമ്മ ടീച്ചർ നിശ്ചയിച്ചു. കഥകളി സമ്പ്രദായപ്രകാരത്തിൽ ഒന്നര അടി അകലത്തിൽ പാദങ്ങൾ അകത്തി അമർന്നിരുന്നുള്ള നിലയാണ് അരമണ്ഡലത്തിനായി സത്യഭാമ ടീച്ചർ കൈക്കൊണ്ടത്. അതിനനുസരിച്ചു ശരീരചലനങ്ങൾക്കു വലിപ്പം കൂടുന്നു. ഹസ്തചലനങ്ങൾ അർദ്ധ വൃത്താകൃതിയിൽ സഞ്ചരിക്കുന്ന രീതിയാണ് ടീച്ചർ സ്വീകരിച്ചത്. അങ്ങനെ മോഹിനിയാട്ട ചലനങ്ങൾ ഒതുക്കമുള്ളതാക്കാൻ ടീച്ചർക്കു കഴിഞ്ഞു. സ്വാഭാവികമായും ആധുനിക കലാമണ്ഡലം ശൈലിയുടെ വക്താവായി ടീച്ചർ ഇന്ന് അറിയപ്പെടുന്നു. മോഹിനിയാട്ടത്തിൻ്റെ വാചികം അഥവാ സംഗീതം സ്വാതിയുടെ കാലഘട്ടത്തിൻ്റെ പിന്തുടർച്ച എന്ന നിലയിൽ കർണാടക സംഗീത പദ്ധതിയാണ് രണ്ടു ശൈലിയും സ്വീകരിച്ചിരിക്കുന്നത്. ആഹാര്യത്തിലാണ് കാര്യമായ വ്യത്യാസം. ആദ്യകാലത്ത് മുടി പുറകിൽ നീട്ടി പിന്നിയിട്ട് മുല്ലപ്പൂക്കൾ വെച്ച് അലങ്കരിക്കുകയാണ് ചെയ്തിരുന്നത്. ദാസിയാട്ടത്തിൻ്റെ കാലഘട്ടത്തിൽ ശിരോലങ്കാര സമ്പ്രദായം അപ്രകാരമായിരുന്നു. കല്യാണിക്കുട്ടിയമ്മ ടീച്ചർ തൻ്റെ ഗുരുവിൻ്റെ രീതി പിന്തുടരുവാനാണ് നിഷ്ക്കർഷിച്ചത്. എന്നാൽ, 1960-ൽ കലാമണ്ഡലത്തിൽ വെച്ചു നടന്ന കൂടിയാലോചനയുടെ ഭാഗമായി ആഹാര്യത്തിൽ മാറ്റങ്ങൾ സ്വീകരിക്കുവാൻ സത്യഭാമ ടീച്ചർ തയ്യാറായി. മുടിക്കെട്ട് ശിരസ്സിൻ്റെ ഇടതുഭാഗത്ത് കൊണ്ട കെട്ടുന്ന രീതി ആരംഭിച്ചത് അതിൻ്റെ ഫലമായാണ്. പ്രയോഗത്തിൽ വ്യത്യസ്തത പുലർത്തുന്ന നിരവധി സമ്പ്രദായങ്ങൾ സമകാലീന രംഗവേദിയിൽ കാണാമെങ്കിലും, ഈ രണ്ടു ഗുരുക്കന്മാരുടെയും പിൻതുടർച്ചയിലുള്ളവരാണ് ഭാരതത്തിൽ ഇന്നുള്ള എല്ലാ മോഹിനിയാട്ട കലാകാരികളും.


🟥 ചരിത്ര രേഖകൾ അപര്യാപ്തം
മറ്റു ശാസ്ത്രീയ കലാരൂപങ്ങളെ അപേക്ഷിച്ച് മോഹിനിയാട്ടം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം അതിൻ്റെ പ്രയോഗ സങ്കേതങ്ങളെ സാധൂകരിക്കുന്ന വിശ്വസനീയമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ്. കാർത്തികതിരുനാൾ ബാലരാമ വർമ്മയുടെ കാലം മുതൽ കേരളത്തിലെ സ്ത്രീനൃത്തരൂപങ്ങളിലൊന്നിന് മോഹിനിയാട്ടം എന്ന പേര് ഉപയോഗിച്ചിരുന്നു. സ്വാതി തിരുനാളിൻ്റെ നൃത്ത രചനകളെല്ലാം മോഹിനിയാട്ടത്തിന് വേണ്ടിയുള്ളതുമായിരുന്നു. അദ്ദേഹത്തിൻ്റെ കാലശേഷമുള്ള ഭരണാധികാരികൾ കഥകളി പ്രിയർ ആയതിനാൽ, നർത്തകരും നൃത്തവും രാജകൊട്ടാരത്തിൽ നിന്നു പുറന്തള്ളപ്പെടുകയും അധികം താമസിയാതെ തിരുവിതാംകൂറിൽ മോഹിനിയാട്ടം നിരോധിക്കപ്പെടുകയും ചെയ്തു. ചരിത്രവഴികളിൽ നിന്നും അതിൻ്റെ പ്രയോഗ രൂപങ്ങളെല്ലാം അപ്രത്യക്ഷമായി. 1930-കളിൽ കലാമണ്ഡലത്തിൽ ഈ കല പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ സൗരാഷ്ട്ര രാഗത്തിലുള്ള ചൊൽക്കെട്ടും, യദുകുല കാംബോജിയിലുള്ള വർണവും മാത്രമാണ് ഇനങ്ങളായി അവശേഷിച്ചിരുന്നത്. അതിൽ നിന്നും ഇന്നു കാണുന്ന കച്ചേരി സമ്പ്രദായത്തെ വികസിപ്പിച്ചെടുക്കാൻ പൂർവ്വികരായ ഗുരുക്കന്മാർക്കു കഴിഞ്ഞപ്പോഴാണ് ചരിത്രം പുനസൃഷ്ടിക്കപ്പെട്ടത്. സ്വാതി തിരുനാളിൻ്റെ രചനകൾ ഭൂരിപക്ഷവും മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്തുന്നുണ്ടെങ്കിലും പ്രയോഗപരമായി പഴയതുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ല. ഇന്നു കാണുന്ന മോഹിനിയാട്ട ഇനങ്ങളെല്ലാം തികച്ചും ആധുനിക കളരി പാഠങ്ങളിൽ അധിഷ്ഠിതമായതാണ്.


🟥 നൃത്തം ഉയർത്തെഴുന്നേറ്റു 
കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നില്ല. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന കലാകാരികളാണ് തിരുവിതാംകൂർ കൊട്ടാരത്തിൽ സ്വാതിതിരുനാളിൻ്റെ കാലത്ത് നൃത്തമവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ കാലശേഷം രാജകൊട്ടാരത്തിൽ നിന്നും പുറന്തള്ളപ്പെട്ട അവരുടെ ജീവിതാവസ്ഥ ദുരിതപൂർണമായി മാറുകയും, നൃത്താവതരണം ഉപജീവനാർത്ഥമായിത്തീരുകയും ചെയ്തു. ആസ്വാദകരുടെ താല്പര്യങ്ങളെ മാനിച്ചു പല വിട്ടുവീഴ്ചകളും നർത്തകിമാർക്ക് ചെയ്യേണ്ടി വന്നു.

ചന്ദനം ചാർത്തൽ, മൂക്കുത്തി തിരയൽ, പൊലി മുതലായ ഇനങ്ങൾ അവരുടെ അവസ്ഥയെ ചൂഷണം ചെയ്യുന്ന വിധത്തിലുള്ളതുമായിരുന്നു. തുടർന്നു, സമൂഹത്തിനു ദോഷകരമായി ബാധിക്കുമെന്ന കാരണം ഉദ്ധരിച്ചാണ് ഈ നൃത്തരൂപം നിരോധിക്കപ്പെട്ടത്. വർഷങ്ങൾക്കു ശേഷം, മണക്കുളം മുകുന്ദ രാജയും വള്ളത്തോളും മുൻകൈയെടുത്തു കലാമണ്ഡലത്തിൽ ഈ കല പുനരുജ്ജീവിപ്പിച്ചപ്പോൾ അതിലെ അശ്ലീല ഭാഗങ്ങൾ നീക്കം ചെയ്യുകയും നൃത്തത്തിൻ്റെ ആത്മസത്ത സംരക്ഷിക്കപ്പെടുകയും ചെയ്തു. ആദ്യം രൂപഘടന, അടവുകൾ, ചലനസ്വഭാവങ്ങൾ, മുദ്രകൾ, അഭിനയം മുതലായ അടിസ്ഥാന ഘടകങ്ങൾ പുനർനിർമ്മിക്കപ്പെട്ടു. അതിനു ശേഷം ചൊൽക്കെട്ടു മുതൽ തില്ലാന വരെയുള്ള മാർഗ ഇനങ്ങൾ ചിട്ട ചെയ്യപ്പെട്ടു. പിൽകാലത്താണ് വ്യത്യസ്തമായ ശൈലികളും അവതരണ രീതികളും രൂപപ്പെട്ടത്.
--------------------- 

അക്കാഡമിക്കായ നർത്തകി! (വിജയ് സി.എച്ച്)അക്കാഡമിക്കായ നർത്തകി! (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക