"ഗോത്രത്തലവൻ അവനെ ആളയച്ചുവരുത്തി. നേരത്തെ പറഞ്ഞിരുന്നത് പോലെ സമ്മാനമായി 50 സ്വർണ്ണ നാണയങ്ങൾ എണ്ണിക്കൊടുത്തു. അപ്പോഴും അദ്ദേഹം പണ്ടത്തെ ജോസഫ് എന്ന പ്രവാചകന്റെ കഥ ആവർത്തിച്ചു.
"നിനക്കിവിടെത്തന്നെ നിന്നുകൂടെ. ഈ മരുപ്പച്ചയിൽ, നമ്മുടെ ഉപദേഷ്ടാവായി?"-.അദ്ദേഹം ചോദിച്ചു.
സൂര്യൻ അസ്തമിച്ചു. ആകാശത്ത് നാലഞ്ചു നക്ഷത്രങ്ങൾ തിളങ്ങാൻ തുടങ്ങി. അവൻ തെക്കോട്ട് നടന്നു. കുറേ ചെന്നപ്പോൾ ഒറ്റ തിരിഞ്ഞു നിൽക്കുന്ന ഒരു കൂടാരം. അതിലെ കടന്നുപോയ ഒരു കൂട്ടം അറബികൾ അവനെ വിളിച്ചു പറഞ്ഞു: "സൂക്ഷിച്ചോളൂ. ഭൂത പ്രേത പിശാചുക്കളുടെ വാസസ്ഥലമാണിവിടം." അവൻ അത് കാര്യമാക്കിയില്ല. അവിടെത്തന്നെ കാത്തിരിക്കാൻ തീരുമാനിച്ചു.
ചന്ദ്രൻ ഉദിച്ചുപൊങ്ങിയിട്ട് ആൽക്കമിസ്റ്റ് അവൻറെ മുമ്പിൽ വരുകയുണ്ടായുള്ളു. കുതിരപ്പുറത്ത് കയറി തോളിൽ 2 ചത്ത കഴുകന്മാരെയും തൂക്കിയിട്ട് അയാൾ അവന്റെ അരികിൽ വന്നു.
ഞാനിവിടെയുണ്ട് അവൻ പറഞ്ഞു.
നീ ഇവിടെ വരരുത് ആയിരുന്നു അയാൾ പ്രതികരിച്ചു : അല്ലെങ്കിൽ നിൻറെ വിധി തന്നെയായിരിക്കും നിന്നെ ഇവിടെ കൊണ്ട് എത്തിച്ചത്.
ഗോത്രങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ മരുഭൂമിയിൽ കൂടിയുള്ള യാത്ര അസാധ്യം. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്.
അയാൾ കുതിരപ്പുറത്ത് നിന്നിറങ്ങി കൂടാരത്തിന് നേരെ നടന്നു. കൂടെ ചെല്ലാൻ അവനോട് ആംഗ്യം കാണിച്ചു.
മരുപ്പച്ചകളിൽ സാധാരണയായി കാണുന്ന കൂടാരങ്ങൾ പോലെ തന്നെ അവൻറെ കണ്ണുകൾ അവിടെയാകെ പരതി. ലോഹം ഉരുക്കി സ്വർണ്ണമാക്കാൻ വേണ്ട പ്രത്യേക തരം ചൂടുള്ള ഉപകരണങ്ങളും അവിടെയെങ്ങാനും ഉണ്ടോ. പക്ഷേ അങ്ങനെയൊന്നും കണ്ണിൽ പെടുകയുണ്ടായില്ല. ഒരു മൂലയിൽ ഏതാനും പുസ്തകങ്ങൾ, അപ്പുറത്ത് മാറി ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള അടുപ്പ്. വിചിത്രമായ ചിത്രപ്പണികൾ ചെയ്ത ഒരു പരവതാനി നിലത്ത് വിരിച്ചിരുന്നു.
അവിടെ അയാൾ അവനെ ക്ഷണിച്ചു . ആദ്യം നമുക്ക് എന്തെങ്കിലും കുടിയ്ക്കാം. പിന്നെ ഇവറ്റയെ തിന്നാം.
അവന് തോന്നി തലേന്നാൾ അവന്റെ കണ്ണിൽപെട്ട ആ രണ്ട് കഴുകന്മാർ തന്നെയാണ് ഇപ്പോൾ അവിടെ ചത്തുകിടക്കുന്നതെന്ന്. എന്നാലും അവൻ ഒന്നും പറയുകയുണ്ടായില്ല.
അയാൾ അടുപ്പ് കത്തിച്ചു. ക്രമേണ സുഖകരമായ ഒരു മണം. അവിടെയെങ്ങും ഹുക്കയുടെ പുകയേക്കാൾ നല്ല ഒരു വാസന.
എന്നെ കാണണമെന്ന് പറഞ്ഞതെന്തിനാണ്- അവൻ ചോദിച്ചു.
നിമിത്തങ്ങൾ അങ്ങനെ സൂചിപ്പിച്ചു . കാറ്റാണ് പറഞ്ഞത് നീ ഇവിടെ വന്നിട്ടുണ്ടെന്നും സഹായം വേണ്ടിവരുമെന്നും.
കാറ്റു പറഞ്ഞത് എന്നെക്കുറിച്ചാവാൻ വഴിയില്ല . അവന്റെ വാക്കുകളിൽ നേരിയ ഒരു അവിശ്വാസം. കാറ്റ് എൻറെ കൂടെയുള്ള വിദേശിയെ ആയിരിക്കും ഉദ്ദേശിച്ചിരിക്കുക.അയാളാണ് നിങ്ങളെ അന്വേഷിച്ചു കൊണ്ട് നടക്കുന്നത്.
അതെനിക്കറിയാം അയാൾ അവന്റെ സംശയം എത്തി നീക്കി,
അയാൾക്ക് വേറെയും പല കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് . ഏതായാലും അയാൾക്ക് വഴി തെറ്റിയിട്ടില്ല . മരുഭൂമിയെ കുറേശെയായി മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാനോ, എന്നെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിന് എത്തും - ആൽക്കെമിസ്റ്റ് പറഞ്ഞു. അവന് അതിശയം തോന്നി അന്ന് ജ്ഞാനിയായ രാജാവ് പറഞ്ഞാ അതേ വാക്കുകൾ ഇന്നിവിടെ ഇയാൾ ഏറ്റു പറയുന്നല്ലോ.
അവന് അയാൾ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി. സ്വന്തം ലക്ഷ്യപ്രാപ്തിയിൽ തന്നെ സഹായിക്കാനായി ഇതാ വേറൊരാൾ കൂടി കൈനീട്ടിരിക്കുന്നു".
(ദി ആൽക്കെമിസ്റ്റ് - പൗലോ കൊയ്ലൊ)
മനുഷ്യൻ ജീവിതത്തിൽ വെറുമൊരു നിധിയന്വേഷകനായി മാറാൻ പാടില്ല. നിധിയന്വേഷകൻ എന്നതിൻ്റെ പൊരുൾ കൂടുതൽ സമ്പത്ത് കരഗതമാകാൻ വേണ്ടിയുള്ള മനുഷ്യൻ്റെ അലച്ചിലുകളെയാണ് സൂചിപ്പിക്കുന്നത്. അത് അവനെ കൂടുതൽ കൂടുതൽ അസന്നിഗ്ദമായ കാര്യങ്ങളിലേക്കെ എത്തിക്കൂ. ഉള്ളത് വെച്ച് അതിൽ തൃപ്തിപ്പെട്ട് ജീവിച്ച് ജീവിതത്തി സംതൃപ്തി കണ്ടെത്തുമ്പോഴാണ് അവൻ്റെ ജീവിതം അർത്ഥപൂർണമാകുന്നത്. ഒരുപാട് സമ്പത്തും ജീവിത വിഭവങ്ങളും ഉണ്ടാകണമെന്നത് പലപ്പോഴും മനുഷ്യസഹജമായ ആഗ്രഹങ്ങളിൽ പെട്ടതാണെങ്കിലും ജീവിത ഉത്തരവാദിത്തങ്ങളും ധർമ്മങ്ങളും വിസ്മരിച്ച് ധന സമ്പാദത്തിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ അത് വരുത്തി വെക്കുന്നു.
ഓരോമനുഷ്യനും അള്ളാഹു നൽകപ്പെട്ട സമ്പത്തും ജീവിത വിഭവങ്ങളും അള്ളാഹുവിൻ്റെ റഹ്മത്തുകളിൽ പെട്ടതാണ്. ഓരോ വ്യക്തികൾക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ച് അള്ളാഹുവിൻ്റെ ചോദ്യമുണ്ടാകും. ഓരോ ചില്ലിക്കാശും ജീവിത സൗകര്യങ്ങളും അവൻ എങ്ങനെയാണ് ചിലവഴിച്ചത് എന്ന് ചോദിക്കപ്പെടും എന്നു സാരം.
പ്രവാചകൻ പ്രാർത്ഥിച്ചത് എന്നെ മിസ്ക്കീനായി ജീവിപ്പിച്ച് മിസ്ക്കീനായി മരിപ്പിക്കണെ എന്നാണ്. ഈ ഭൂമിയിൽ മനുഷ്യ സമൂഹത്തിന് തത്വശാസ്ത്രങ്ങളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുമെല്ലാം പലപ്പോഴും സമ്പന്നൻ്റെയോ പ്രഭുവിൻേറയോ പരിശ്രമ ഫലം കൊണ്ടല്ല.
മറിച്ച് കുടിലിൽ അന്തിയുറങ്ങി കുടിലിൽ നിന്നും വരുന്നവൻ്റെ ധൈഷണിക പിൻബലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
പ്രവാചകൻ നാളെ സ്വർഗത്തിലേക്ക് വരുന്നത് ദരിദ്രൻ്റെ കൂടെ / മിസ്ക്കീൻമാരുടെ കൂടെയാണ്. അവർക്ക് ഇസ്ലാമിക ദൃഷ്ട്യാ വലിയ ധാധാന്യമുണ്ട്. സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ ലോകം പല ഗ്രൂപ്പുകളിലായും വിഭജിച്ചിട്ടുണ്ട്. എന്നാൽ ഇസ്ലാമിക തത്വശാസ്ത്രത്തിൽ മനുഷ്യൻ ദൈവം എന്നിങ്ങനെയുള്ള തലങ്ങളാണുള്ള. മനുഷ്യൻ സദാ പരിശ്രമിച്ചുകൊണ്ടും പ്രയത്നിച്ചു കൊണ്ടുമിരിക്കണമെന്നാണ് പടച്ചോൻ പറയുന്നത്. ശരിയായ നൻമയുടെ ഭാഗത്ത് നിന്നുകൊണ്ട് പടച്ചോനോട് ചോദിച്ചാൽ അവൻ നൽകുമെന്നത് വസ്തുതയാണ്. മനുഷ്യനുള്ള ജീവിത വിഭവങ്ങളിലും അനുഗ്രഹങ്ങളിലും തൃപ്തി കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്.