Image

“സർവദുരിതഹരൻ തൃപ്പയാറപ്പൻ” (സുധീർ പണിക്കവീട്ടിൽ)

Published on 22 March, 2024
“സർവദുരിതഹരൻ തൃപ്പയാറപ്പൻ” (സുധീർ പണിക്കവീട്ടിൽ)

നിനച്ചിരിക്കാതെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം തരപ്പെട്ടു.ഭഗവാൻ സന്തോഷിച്ചുകാണും. ഒരു നിഷേധിയെപോലെ അമ്പലങ്ങളിൽ നിന്നും അകന്നു നിന്ന് എന്താണ്  അമ്പലം എന്താണ് ക്ഷേത്രദർശനം കൊണ്ട് പ്രയോജനം  എന്നൊക്കെയുള്ള മൂഢചിന്തകൾ കുറേക്കാലത്തേക്ക് അമ്പലദർശനം മുടക്കിയിരുന്നു.  കൗമാരകാലത്തു മുത്തശ്ശിയുടെ കൈപിടിച്ചും യൗവ്വനകാലങ്ങളിൽ കൂട്ടുകാരൊത്തും ഭഗവാനെ സന്ദർശിച്ചിരുന്നു. വീണ്ടും പാവനമായ ഇവിടെ എത്തിയപ്പോൾ എന്തോ ഒരു നിർവൃതി. നമ്മൾ ഒരേ നക്ഷത്രക്കാർ. നീ എന്തെ വൈകി വന്നുവെന്നു ചതുർബാഹുവായ ശ്രീരാമൻ ചോദിക്കുന്നപോലെ പൂജാരിയുടെ മണിയടി ശബ്ദം സൂചിപ്പിച്ചു.. ആറടി ഉയരമുള്ള ഭഗവാന്റെ വിഗ്രഹം ദ്വാപര യുഗത്തിൽ ശ്രീ കൃഷ്ണൻ പൂജിച്ചിരുന്നതാണത്രേ. മഹാഭാരതയുദ്ധം കഴിഞ്ഞു  ഗാന്ധാരിയുടെ ശാപം ഫലിക്കുമാറു യാദവകുലം നശിക്കുകയും ശ്രീകൃഷ്ണൻ സ്വര്ഗാരോഹിതനാകയും ദ്വാരകാപുരിയെ കടലെടുക്കുകയും ചെയ്തപ്പോൾ വിഗ്രഹം കടലിൽ ഒഴുകി നടന്നു. തൃശ്ശർ ജില്ലയിലെ നാട്ടിക കടപ്പുറത്തുള്ള  മുക്കുവർക്ക് ഇത് കിട്ടുകയും അവർ നാട്ടുപ്രമാണിയെ ഏൽപ്പിക്കുകയും ചെയ്ത്. ആ വിഗ്രഹമാണിവിടെ പ്രതിഷ്ഠ. ഖരാസുരനെ നിഗ്രഹിച്ചശേഷം ലക്ഷ്മീസമേതനായി നിൽക്കുന്ന ചതുർബുജവിഷ്‌ണുവിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ വിഗ്രഹം. ശ്രീരാമദർശനം ഹനുമാനെ തൊഴുതതിനു ശേഷം എന്ന് ഭക്തർ വിശ്വസിക്കുന്നു. രാമനാമം ജപിക്കുന്നേടത്തെല്ലാം ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുന്നു.

രാവിലെ  ആയതുകൊണ്ട് ചൂട് തുടങ്ങിയിട്ടില്ല. പ്രദിക്ഷണവഴിയിൽ വച്ച് കണ്ടുമുട്ടിയവർ ആരും പരിചയക്കാരല്ല. വർഷങ്ങൾക്ക് മുമ്പ് ഇവിടെ വരുമ്പോൾ എന്തൊരു ആഹ്ലാദമായിരുന്നു  പ്രിയമുള്ളവർ  ആരെങ്കിലും കാണും. ചരിത്രപ്രധാനമായ അമ്പലത്തെക്കുറിച്ച അവരൊക്കെ  പറയും. അതിന്മേൽ തർക്കമുണ്ടാകും. “ആസന്ന പ്രസവാ നാരി തൈലപുര്ണംത യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം ”പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ  നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട്. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.പ്രദിക്ഷണം വയ്ക്കുമ്പോൾ പതുക്കെ നടക്കുന്നത് സുന്ദരിമാരെ കാണാനാണെന്ന ആൺകുട്ടികളുടെ വാദം ശ്രീലക്ഷ്മി ശക്തമായി എതിർത്തിരുന്നു.കൂടെ പഠിച്ചിരുന്ന ശ്രീലക്ഷ്മിയാണ് ഐതിഹ്യങ്ങളുടെ ഭാണ്ഡവുമായി വരിക. 

മഹാബലിയെ ചവുട്ടി താഴ്ത്താൻ ഭഗവാൻ ത്രിവിക്രമനായി വളർന്നപ്പോൾ ഒരു പാദം സത്യലോകത്തെത്തി. അതുകണ്ടു പരിഭ്രമിച്ച ബ്രഹ്‌മാവ്‌ തന്റെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത ഭഗവത്പാദത്തിൽ അർപ്പിച്ചു. ആ ജലം അവിടെന്നൊഴുകി കുറച്ച് ഭൂമിയിലും പതിച്ചു.  ആ തീർത്ഥജലമാണത്രെ തൃപ്രയാർ ആയത്. തിരുപാദം കഴുകയിയത് ആറായപ്പോൾ അത് തിരുപ്പാദയാറായി  അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി എന്ന് ഭക്‌തർ വിശ്വസിക്കുന്നു. പേരിനെക്കുറിച്ചു വേറെയും വ്യാഖ്യാനങ്ങൾ ഉണ്ട്. തൃപ്രയാറപ്പന് വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി അഭിഷേകം കഴിഞ്ഞിട്ടും തിരികെ പോയില്ല. ഇത് ദർശനത്തിനു  വന്നവർക്ക് ബുദ്ധിമുട്ടായി. അപ്പോൾ ഭഗവൻ നദിയുടെ ഗതി തിരിച്ചുവിട്ടു. അങ്ങനെ  തിരിച്ചുവിട്ട ആറ്  എന്നർത്ഥത്തിൽ "തിരു-പുറൈ -ആറ് ആകുകയും അത് പിന്നീട് തൃപ്രയാർ ആകുകയും ചെയ്തു.  അമ്പലത്തിന്റെ മുന്നിലൂടെ ഒഴുകുന്ന നദിക്ക്  ദക്ഷിണ സരയു എന്ന് പേര് കൊടുത്തിരിക്കുന്നു.

ശ്രീലക്ഷ്മിയെ സംബന്ധിച്ചേടത്തോളം മീനൂട്ട് വളരെ പ്രധാനമാണ്. മീനുകൾക്ക് ചോറ് കൊടുക്കുന്നതാണ് ആ വഴിപാട്. ഈ മീനുകൾക്ക് ചോറ് കൊടുത്തിട്ട് എന്ത് കിട്ടാൻ എന്ന ചോദ്യം അവരെ ചൊടിപ്പിച്ചിരുന്നു. അപ്പോഴാണ് അതിന്റെ പിന്നിലെ ചരിത്രം പറയുക. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം  ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. തന്മൂലം മത്സ്യങ്ങളെ ഊട്ടുന്നത് ഭഗവാന് പ്രിയമാണെന്നു കരുതുന്നു മത്സ്യങ്ങളുടെ രൂപത്തിൽ ഭഗവൻ ഈ പുഴകടവിൽ എത്തുമെന്ന ഭക്തർ ഉറച്ചു വിശ്വസിക്കുന്നു. അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കഷ്ടപ്പാടുകൾ മാറ്റി സന്തോഷമുണ്ടാക്കാൻ കാരണമാകുമെന്നാണ് ഹൈന്ദവ വിശ്വാസം.



പിന്നത്തെ പ്രധാന വഴിപാടാണ് കതിന വെടി. സീതാദേവിയെ കണ്ടെത്തിയ ഹനുമാന്റെ വരവ് ആഘോഷിക്കുന്നതാണ് ഈ വഴിപാട്. ഒന്ന് മുതൽ ആയിരത്തിൽ കൂടുതൽ വെടികൾ ഭക്തർ വഴിപാടായി നേരുന്നു ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് തൃപ്രയാർ അമ്പലം തകർക്കാൻ എത്തിയ അദ്ദേഹത്തോട് ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു. ശക്തിയുള്ള പ്രതിഷ്ഠയാണ്. അനർത്ഥങ്ങൾ ഉണ്ടാക്കാതെ തിരിച്ചുപോകണം. ടിപ്പു കതിന വെടികൾ പുഴയിലേക്ക് എറിഞ്ഞു പറഞ്ഞു ദേവന് ശക്തിയുണ്ടെങ്കിൽ അത് പൊട്ടട്ടെ. എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കതിന വെടികൾ ഒന്നൊന്നായി പൊട്ടി. ടിപ്പു പിൻ വാങ്ങി.ഇതൊക്കെ പറഞ്ഞു തന്നിരുന്ന ശ്രീലക്ഷ്മിയെ മനസ്സിൽ ധ്യാനിച്ചപ്പോൾ അതാ ആരുടെയോ വഴിപാട് . നൂറ്റിയൊന്ന് വെടികൾ പൊട്ടി. ശ്രീലക്ഷ്മിക്കിഷ്ടമുള്ള മീനുട്ടിനു  അവളുടെ പേരിൽ  ശീട്ടെടുത്തു. മത്സ്യങ്ങൾക്ക് തീറ്റ ഇട്ടുകൊടുക്കുമ്പോൾ അവ കൂട്ടം കൂട്ടമായി വന്നു തിന്നുകൊണ്ടിരുന്നു. എന്തിനാണവരെ ഓർക്കുന്നത്. ഏകപത്‌നീവ്രതകാരനായ ശ്രീരാമൻ കോവിലിനുള്ളിൽ നിന്നും കണ്ണുരുട്ടി. പുഴയുടെ ഓളങ്ങളിൽ സൂര്യ രസ്മികൾ തിളങ്ങി. ഭക്തിനിർഭരമായ അന്തരീക്ഷം. പുറകിൽ നിന്ന ഒരു മധ്യവയസ്ക്ക വെറുതെ ചിരിച്ചു. അവരും ആർക്കോ വേണ്ടി മത്സ്യങ്ങളെ തീറ്റുന്നു.

അടുത്ത വഴിപാട് വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിൽ വിശേഷമായി കൊണ്ടാടുന്ന ഏകാദശിയാണ്. രാവണ നിഗ്രഹത്തിനു ശേഷം പാപപരിഹാരമായി ശ്രീരാമൻ അനുഷ്ഠിച്ച തപശ്ചര്യയുടെ ഓർമ്മക്കായിട്ടാണ് ഇത് കൊണ്ടാടുന്നത്. രാമൻ പറഞ്ഞു രാവണൻ ശിവ ഭക്തനായിരുന്നു, ബ്രാഹ്മണനായിരുന്നു, അസാമാന്യ പാണ്ഡിത്യമുള്ളവനായിരുന്നു ഉദാരമനസ്ഥിതിയുള്ളവനായിരുന്നു. മഹാനായ രാജാവായിരുന്നു.അങ്ങനെയുള്ള ഒരാളെ കൊന്നതിൽ എനിക്ക് പശ്ചാത്താപമുണ്ട് രാവണനെ കൊന്നതിൽ എന്തിനു പശ്ചാത്തപിക്കുന്നു അദ്ദേഹം നിങ്ങളുടെ ഭാര്യയെ അപഹരിച്ചുകൊണ്ടുപോയില്ലേ. അപ്പോൾ രാമൻ പറഞ്ഞു രാവണന് പത്തു തലകൾ ഉണ്ടായിരുന്നു. അവ ഓരോന്നും കാമം, ക്രോധം, വ്യാമോഹം, ദുരാഗ്രഹം, അഹങ്കാരം, മത്സരമനോഭാവം, ഗർവ്, അസൂയ, ഇച്ഛ എന്നിവയായിരുന്നു. എന്നാൽ ഒരു ശിരസ്സ് നന്മകളുടെ നിറവ് ആയിരുന്നു. അതിൽ വലിയ ജ്ഞാനം, അറിവ്, ധാർമ്മികത, ഭക്തി, എന്നിവയുണ്ടായിരുന്നു. ആ ശിരസ്സ് ഞാൻ ഛേദനം ചെയ്യരുതായിരുന്നു. ആ ശിരസ്സ് അവിടെ നിർത്തി മറ്റു ശിരസ്സുകൾ ഛേദിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ആ ശിരസ്സ് ഛേദിച്ചതിന്റെ പ്രായശ്ചിത്തം എനിക്ക് ചെയ്യണം എന്ന് രാമൻ നിശ്ചയിച്ച്.
ഒരു ക്ഷേത്രദർശനവും ആത്മീയജ്ഞാനം വർധിപ്പിക്കാനും അറിവുകൾ വികസിപ്പിക്കാനും ശ്രമിക്കുമ്പോൾ ഭക്തർ അനുഗ്രഹിക്കപെടുന്നു. 
ശുഭം

Join WhatsApp News
Shankar Ottapalam 2024-03-22 03:47:16
നന്നായി...എഴുത്ത്. തൃപ്രയാർ ശ്രീരാമക്ഷേത്ര ഐതീഹ്യങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾക്ക് നന്ദി. ഞാൻ നാട്ടിലുള്ളപ്പോൾ മിക്കവാറും ഇവിടെ പോകാറുള്ളതാണ്. ഇവിടുന്ന് ഒരു മൂന്നാലു കിലോമീറ്റർ ദൂരത്തിൽ ഒരു കളരിക്കൽ "വിഷ്ണുമായ" ക്ഷേത്രം ഉണ്ട്‌. വിശാലവും പ്രകൃ തി രമണീയവുമായ ഒരു ക്ഷേത്ര സമു ച്ച യം...മനസ്സിനും ശരീരത്തിനും കുളിർമ്മയേകുന്ന ഇവിടെ തൊഴുതശേഷം കണ്ണടച്ചു സമാധാനമായി ഏതെങ്കിലും ഒരു ഭാഗത്ത് പോയി ശാന്തമായി ഇരിക്കും. അപ്പോൾ മനസ്സും ശരീരവും നിർമ്മലമാകും. ഉച്ചയോടെ ഇവിടെ ദിവസവും പ്രസാദ ഊട്ടും ഉണ്ട്‌. അത് വ്യത്യസ്ത മായൊരു രുചി അനുഭവമാണ് അതും കഴിഞ്ഞാണ് പിന്നെ മടക്കം.. ഒറ്റപ്പാലത്തേക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക