മലയാളികളുടെ സംഘബോധവും സഹജീവി സൗഹാര്‍ദ്ദവും മലയാളി സാന്നിധ്യമുള്ള ലോകത്തിലെവിടെയും പ്രകടമാണ്. കുടിയേറ്റത്തില്‍ മുക്കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കന്‍ മലയാളികളുടേതായി അനേകം സംഘങ്ങള്‍ ഇവിടേയും പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകളും മത ഭാഷാ തൊഴിലധിഷ്ഠിത സൗഹൃദ വേദികളും അതില്‍ ഉള്‍പ്പെടുന്നു. ദേശ ഭാഷാ വ്യത്യാസമില്ലാതെ അവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സത്ഗുണ സാമൂഹ്യ നിര്‍മ്മിതിയും കണക്കിലെടുത്തു അവയില്‍ പലതിനും നികുകിവിമുക്ത പദവി നല്‍കിയും സംഭാവന തുകക്ക് നികുതി വിടുതല്‍ പരിരക്ഷയും നല്‍കി ഫെഡറല്‍ സര്‍ക്കാരും റവന്യൂ വകുക്കും പ്രോത്സാഹനവും നല്‍കി വരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് നല്‍കുന്ന നികുതിരഹിത പദവി നിലനിര്‍ത്താനും ധനസഹായത്തിനുള്ള ഇളവുകള്‍ക്കും കൃത്യമായ മാനദണ്ഡങ്ങള്‍ അമേരിക്കന്‍ ഇന്റേണല്‍ റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ അയല്‍ സംസ്ഥാന പ്രവാസികള്‍ വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്ന ഒരു ദേശിയ സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന ഫെഡറല്‍ അന്വേഷണങ്ങളും നിയമക്കുരുക്കുകളുമാണ് ഇത്തരമൊരു കുറിപ്പിന് കാരണമായത്.
മലയാളികളുടെ സഹോദര സംഘടന സ്ഥാനത്തുള്ള അവിടത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചില ഭാരവാഹികള്‍ നടത്തിയ ചട്ടവിരുദ്ധമായ ധന കൈമാറ്റങ്ങളും കൃത്രിമ രേഖ ചമയ്ക്കലുമാണ് മുഖ്യ അന്വേഷണ വിഷയം. സംഘടനക്കുള്ളിലെ അധികാര തര്‍ക്കങ്ങളാണ് ചിലരുടെ പരാതികളായി അധികാരികളുടെ മുന്നിലെത്തിയതും കഴിഞ്ഞ പത്തുവര്‍ഷത്തെ ധനവിനിയോഗം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാന്‍ കാരണമായതും. അമേരിക്കയിലെ ഉള്‍പ്പോര് നേരിടുന്ന എല്ലാ സംഘടനകള്‍ക്കും ഇതൊരു ഗുണപാഠമാക്കാവുന്നതുമാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി എല്ലാ കോര്‍പറേറ്റ് സ്ഥാപനങ്ങളും ഒരു വിഹിതം മാറ്റിവെക്കുക എന്നത് അവരുടെ പതിവ് രീതിയാണ്. അവിടത്തെ ഒരു ജീവനക്കാരന്‍ ഒരു അംഗീകൃത സംഘടനക്ക് അതെ ആവശ്യത്തിന് ഒരു തുക സംഭാവന നല്‍കുകയാണെങ്കില്‍ അതിനു സമാനമായ തുക സ്ഥാപനത്തിന്റെ ഫണ്ടില്‍ നിന്നും നല്‍കുന്ന മാച്ചിങ് ഗ്രാന്റ്‌സ് പ്രോഗ്രാം ആണ് ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. സ്ഥാപനത്തിന്റ വിഹിതം ഉറപ്പായി കഴിയുമ്പോള്‍ ആദ്യ ദാതാവിനു അയാളുടെ പണം മടക്കിനല്‍കി കമ്പനി പണം അനധികൃതമായി കരസ്ഥമാക്കുക എന്ന കുറ്റമാണ് ഇവിടെ തെളിയിക്കപ്പെട്ടത്. അങ്ങനെ സമാഹരിച്ച തുക ഇവിടത്തെ നിയമ പരിധിക്കുള്ളില്‍ ചെലവഴിക്കണം എന്ന നിയമം ലംഘിച്ചു ഇന്ത്യയിലേക്ക് അയച്ചു എന്നതാണ് അടുത്ത ഗുരുതരമായ കണ്ടെത്തല്‍. അമേരിക്കയോടൊപ്പം ജന്മനാട്ടിലെ സഹോദരങ്ങളുടെ ക്ഷേമവും അഭിലഷണീയമാണെങ്കിലും ഈ രാജ്യം അനുവദിക്കുന്ന സൗജന്യം നിയമവിധേയമായി മാത്രം ഉപയോഗിക്കാന്‍ സംഘടനകള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു സംഘടന നടത്തിയ കൃത്യവിലോപം മറ്റു സംഘടനകളെക്കൂടി സംശയത്തിന്റെ നിഴലിലാക്കാനുള്ള സാദ്ധ്യതകള്‍ വര്ധിപ്പിക്കുന്നുണ്ട്. വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കാനും ധനപരമായ സുതാര്യത എല്ലാ അംഗങ്ങളെയും ബോധ്യപ്പെടുത്താനുമുള്ള ഒരു അവസരമായി ഇതിനെ മറ്റു സംഘടനകള്‍ കാണുമെന്നും നമുക്ക് പ്രത്യാശിക്കാം.
പല സംഘടനകളും കൃത്യമായ നിയമബോധത്തോടെ ധനവിനിമയങ്ങള്‍ നടത്തുമ്പോളും അപവാദങ്ങള്‍ അനേകമുണ്ട്. മേല്‍ വാര്‍ത്ത സംബന്ധമായി സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളില്‍ അത് വ്യക്തമാകുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലും കണ്‍വന്‍ഷന്‍ അതിഥികളുടെ വിസ സമ്പാദനത്തിലും കലാ മാമാങ്കങ്ങളുടെ വരവേല്‍പ്പിലും അനേകം സംശയങ്ങള്‍ ഇത്തരക്കാര്‍ ബാക്കിവച്ചു ഇറങ്ങിപോകുന്നു.
അംഗീകൃത നികുതി വിമുക്ത സംഘടനകളുടെ വരവുചെലവ് കണക്കുകള്‍ പൊതുനിരീക്ഷണത്തിനു വിധേയമാണെന്ന വിവരം പോലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ അറിയുന്നില്ല. റവന്യൂ അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനുമുന്പ് വരവിന്റെ ഇനംതിരിച്ചുള്ള രസീതുകളും നടത്തിയ ചെലവിന്റെ ബഡ്ജറ്റ് വിഹിതവും ഭരണാനുമതിയും സര്‍വ്വോപരി സേവനമോ സാധനമോ നല്‍കിയ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ വൗച്ചറുകളും ബന്ധപ്പെട്ട കമ്മിറ്റി അംഗീകരിക്കുകയും എല്ലാ അംഗങ്ങള്‍ക്ക് വേണ്ടി അവര്‍ തെരഞ്ഞെടുത്ത ആഭ്യന്തര ആഡിറ്റ് കമ്മിറ്റി പരിശോധിച്ച് സാക്ഷ്യപത്രം നല്‍കേണ്ടതുണ്ട്. അത് സംഘടന കാര്യമാണെങ്കില്‍ യോഗ്യനായ ഒരു പബ്ലിക് അക്കൗണ്ടന്റ് കണക്കുകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടത് നിയമപരമായ അനിവാര്യത. ഇക്കാര്യങ്ങള്‍ സാമാന്യേന എല്ലാപേര്‍ക്കും അറിവുള്ളതാണെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ദേശിയ സംഘടനയില്‍ കാലാവധി മുഴുവന്‍ ധനസമാഹരണം നടത്തി കണ്‍വന്‍ഷനും നടത്തിയ പ്രസിഡന്റ് ഒരു കണക്കും ഒരു വേദിയിലും അവതരിപ്പിക്കാനോ ഓഡിറ്റ് ചെയ്യാനോ തയ്യാറാകാതെ സ്വന്തം കുടുംബത്തിലെ പബ്ലിക് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി ഐ.ആര്‍.എസ് ല്‍ സമര്‍പ്പിച്ച അസാധാരണ സംഭവം സാമൂഹ്യ മാധ്യമമാണ് മാലോകരെ അറിയിച്ചത്.
മറ്റൊരു മാന്യന്‍ നടത്തിയതോ താന്‍ മുഖ്യ കാര്യക്കാരനായ സംഘടനയെതന്നെ അടിച്ചുമാറ്റാന്‍ അടവുകള്‍ പയറ്റി അഭ്യാസം തെളിയിച്ചു. ദീര്‍ഘകാലത്തെ വിശ്വാസമാര്ജിച്ച സംഘടനയുടെ പേരും ചിഹ്നവും വെബ്‌സൈറ്റും മറ്റു ബൗദ്ധിക സ്വത്തുക്കളും തന്റെ സ്ഥാനം ഉപയോഗിച്ച് താന്‍ തന്നെ ചില അനുചരന്മാരോടൊപ്പം രൂപംകൊടുത്ത ഒരു കടലാസ്സ് സംഘടനക്കായി പേറ്റന്റ് നിയമം ഉപയോഗിച്ച് ട്രേഡ് മാര്‍ക്ക് ചെയ്തു സ്വന്തമാക്കാന്‍ യു.എസ്.പി.റ്റി.ഒ.എന്ന സ്ഥാപനത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയും അത് മറച്ചുവച്ചു കാലാവധി മുഴുവന്‍ കാഴ്ചക്കാരെ ഇരുട്ടത്ത് നിര്‍ത്തിയതും ചെയ്തത് അടുത്ത കാലത്തു മാത്രമാണ്.
മഹാ ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജന്മനാടിന്റെ സഹായത്തിനായി ഓടിയെത്തുകയും നിരാലംബരായ അനേകര്‍ക്ക് ആശ്വാസം നല്‍കുകയും പ്രവാസ ഭൂമിയില്‍ അഭിമാനത്തോടെ ജീവിക്കാന്‍ പ്രേരകമാകുകയും ചെയ്യുന്ന നമ്മുടെ കൂട്ടായ്മകളെ വിഷലിപ്തമാക്കാനും നിയമ കുരുക്കുകളില്‍ എത്തിച്ചു ശ്വാസംമുട്ടിക്കാനും ആര് ശ്രമിച്ചാലും അവരെ സാമൂഹ്യ ദ്രോഹികളായി ഒറ്റപ്പെടുത്താന്‍ എല്ലാ സംഘടനാ ബന്ധുക്കളും തയ്യാറാകുമെന്ന് പ്രത്യാശിക്കാം. എലിയെ പേടിച്ചു ഇല്ലമല്ല എലിയെ തന്നെയാണ് ചുട്ടുകൊല്ലേണ്ടത്.