Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 17: മിനി ആന്റണി )

Published on 23 March, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ - 17: മിനി ആന്റണി )

പറയാനൊരു ഭാഷയുണ്ടായിരുന്നെങ്കിൽ മൃഗങ്ങൾക്ക് എന്തെല്ലാം സങ്കടങ്ങൾ പറയാനുണ്ടാകുമായിരുന്നു. അവർ എന്തെല്ലാം സന്തോഷം പങ്കുവയ്ക്കുമായിരുന്നു.  സങ്കടപ്പെട്ടിരിക്കുന്ന  അവരുടെ സംരക്ഷകരെ അവരാശ്വപ്പിക്കുമായിരുന്നു.

മനുഷ്യർക്ക്  ഭാഷയുണ്ടെങ്കിലും  ചിലപ്പോഴൊക്കെ ചില സങ്കടങ്ങൾ പറയാനാവാതെ ഉള്ളിൽ കൊണ്ടുനടക്കേണ്ടി വരും. കുറേ ദിവസത്തേക്ക് എനിക്കും അവാന്തിക്കുമിടയിൽ മൗനം കനത്തുകിടന്നു. ഫാമിലെ മിണ്ടാപ്രാണികൾ എന്നേക്കാൾ അവാന്തിയെ തിരിച്ചറിയുന്നവരാണ്. എന്തോ ഒരു മാറ്റം തിരിച്ചറിഞ്ഞിട്ടെന്ന പോലെ അവറ്റകളും നിശബ്ദരായി. 

ജോലികൾ പതിവുപോലെ നടന്നു. എന്നിലെ ഉത്സാഹം തിരിച്ചുപിടിക്കാൻ എനിക്ക് കുറച്ചധികം ദിവസങ്ങൾ വേണ്ടി വന്നു. ഇൻ്റു വലിയൊരു കളിയിൽ ജയിച്ചവനെപ്പോലെ നിലംകുലുക്കിക്കൊണ്ട് മദിച്ചു നടന്നു.
തോറ്റവൾക്കുനേരെ പരിഹാസത്തോടെ വാക്കുകൾ തുപ്പി. കൂവിച്ചിരിച്ചു. മരിച്ചവളെയും വെറുതെ വിട്ടില്ല.

"മന്ദര  പോയില്ലേ!. ഇ...ഹി.... ഹീ... ഹോ..... ഹോ. മഹാറാണിനി 
എന്തെയ്യാവോ. വലതയ്യല്ലേ അറ്റത്.?
  
തൽക്കാലത്തേക്ക് ഞാൻ പരാജിതയായിരുന്നു. മരണമെന്നെ പരാജയപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിൻ്റെ നിരർത്ഥകതയും
ജീവൻ്റെ അസ്ഥിരതയും ഓർമ്മിപ്പിച്ചിരിക്കുന്നു.  എൻ്റെ കുടുംബത്തിൽ വേണ്ടപ്പെട്ട ആരുടേയും മരണം അതേവരെ നടന്നിട്ടില്ലായിരുന്നു. അടുത്തുളളവരുടെ മരണങ്ങൾ എന്നിൽ പ്രേതഭയം മാത്രമാണുണ്ടാക്കിയത്.   മരണമുണ്ടാക്കുന്ന ശൂന്യതയെന്തെന്ന് ഞാനതേവരെ അറിഞ്ഞിട്ടേയില്ലായിരുന്നു. എന്തിന് ഞാൻ വളർത്തിയ മൃഗങ്ങളിലൊന്നുപോലും 
അന്നേവരെ ചത്തുപോയിട്ടുണ്ടായിരുന്നില്ല.

ജീവിതമെന്നെ  പലതും പഠിപ്പിച്ചു കൊണ്ടേയിരുന്നു. കഷ്ടതയിൽ നിന്ന് കഷ്ടതയിലേക്ക് തള്ളിയിടുമ്പോഴും അതിൽ നിന്ന് കരകയറാനൊരു കയറിട്ടു തരാറുമുണ്ട്.  എന്നാൽ മരണം കൊണ്ടൊരു വിടവുണ്ടാക്കിയത് ആദ്യമായിട്ടായിരുന്നു.   ആ വിടവു നികന്നുകിട്ടാൻ കുറേയേറെ ദിവസങ്ങൾ വേണ്ടിവന്നു. അതുംകഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് നല്ല ക്ഷീര കർഷകക്കുള്ള ഒരവാർഡ് എന്നെത്തേടിയെത്തുന്നത്. ഞാൻ പൂർണ്ണമായും ആ അവാർഡിനർഹയായിരുന്നില്ല.
അതെനിക്ക് നന്നായറിയാമായിരുന്നു. എൻ്റെ മാത്രം കഴിവുകൊണ്ടായിരുന്നില്ലല്ലോ ഫാം അത്രത്തോളമായത്.  നല്ലയിനം പശുക്കൾ, ഗുണനിലവാരമുള്ള പാൽ, കുറഞ്ഞ നിരക്കിൽ നാട്ടുകാർക്ക് വിതരണം ചെയ്യൽ, ഫാമിൽ സ്വന്തം നാട്ടുകാർക്കു മാത്രം ജോലി, 
തീറ്റപ്പുൽകൃഷിയുൽപാദിപ്പിക്കാൻ നാട്ടുകാരുടെ സഹായം തേടൽ എന്നിങ്ങനെ പല കാരണങ്ങളും കണക്കിലെടുത്താണ് അവാർഡ് തരുന്നത്. ഇതൊന്നും എൻ്റെ മാത്രം മിടുക്കല്ലല്ലോ.

ആ അവാർഡ് സ്വീകരിക്കാനോ  അവാർഡിനു പുറകെയുള്ള അനുമോദനങ്ങൾക്ക് പോകാനോ ഉള്ള മാനസികാവസ്ഥയിലല്ലായിരുന്നു ഞാൻ. ഒന്നുമെന്നെ സന്തോഷിപ്പിച്ചില്ല. 
ആ സമയത്ത് മുമ്പത്തേതിനേക്കാൾ ശക്തമായ പ്രഹരമേറ്റ് ഞാൻ വീണ്ടും വീണു കിടക്കുകയായിരുന്നു. 

എന്നാൽ ഇൻ്റു വലിയ ഉൽസാഹത്തിലായിരുന്നു. എന്നെ പറ്റി നല്ലതു പറയാനയാൾ ആരംഭിച്ചിരിക്കുന്നു. ഫാം കാണാൻ വരുന്നവരോട് സംസാരിക്കുന്നു. പശുക്കളുടെ മേൻമയെ പറ്റിയും  ഏതിനമാണ് എന്നതിനെപറ്റിയും അവയെ വാങ്ങിക്കാൻ നാടു ചുറ്റിയതിനെ പറ്റിയും വാചാലനാകുന്നു.
എൻ്റെ അവാന്തിയുടേയും വർഷങ്ങളുടെ
പരിശ്രമഫലം എത്ര പെട്ടെന്നാണയാൾ കൈവശമാക്കിയത്. എല്ലാത്തിലും സഹകരിക്കുന്ന നല്ല ഭർത്താവായത്. കുടുംബാഗങ്ങളുടെ പൂർണ്ണമായ പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ഏതൊരു സ്ത്രീയെ പറ്റിയും പറയുംപോലെ മാധ്യമങ്ങളാവർത്തിച്ചു. എനിക്കെതിർക്കാനുമായില്ല. വാശിയും വെറുപ്പും പ്രകടിപ്പിക്കാനാവാത്ത ഒരു മാനസികാവസ്ഥയിലായിരുന്നല്ലോ ഞാനപ്പോൾ. മാത്രമല്ല   അടുത്തറിയുന്ന ചിലരുടെ മുന്നിലൊഴിച്ച് മറ്റെല്ലാവർക്കും മുന്നിൽ ഞങ്ങളപ്പോഴും നല്ല ദമ്പതിമാരായിരുന്നു.

എൻ്റെ കരുത്തവാന്തിയായിരുന്നെന്നും അവനില്ലായിരുന്നെങ്കിൽ ഞാനിവിടെയൊന്നും എത്തുമായിരുന്നില്ലെന്നും വിളിച്ചു പറയാൻ ഞാനാഗ്രഹിച്ചു. അത് സത്യവുമായിരുന്നു.
എന്നെ സഹായിക്കാൻ അവാന്തിയെത്തിയില്ലായിരുന്നെങ്കിൽ
അവൻ്റെ കഴിവുകളെ ഞാൻ വേണ്ടവിധം
ഉപയോഗിച്ചില്ലായിരുന്നെങ്കിൽ  എൻ്റെ ഫാം  ഇത്രപ്പെട്ടെന്ന് പുരോഗതിയിലേക്കെത്തുമായിരുന്നില്ല.
കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്ന് പാലുൽപാദനശേഷികൂടുതലുള്ള പശുക്കളെ തിരഞ്ഞുപിടിച്ച് വാങ്ങിയത് അവാന്തിയുടെ മിടുക്കാണ്. തമിഴ്നാട്ടിൽ നിന്നും നാൻപതുലിറ്ററോളം പാൽ തരുന്ന രണ്ടു പശുക്കളെ കൊണ്ടുവന്നതും അവൻ മുൻകൈയ്യെടുത്തിട്ടാണ്. മുന്നൂറോളം ലിറ്റർ പാൽ അരലിറ്ററിൻ്റെയും ഒരു ലിറ്ററിൻ്റെയും കവറുകളിലാക്കി വീടുകളിലേക്കെത്തിച്ചിരുന്നതും അവനായിരുന്നു. 

സ്ത്രീകൾ മാനസികമായി കരുത്തുള്ളവരാണ്.   പ്രതികൂലാവസ്ഥകളിൽ സ്വയമില്ലാവുന്ന അവസ്ഥ വരുമ്പോഴാണ്   പലരുമത് തിരിച്ചറിയുന്നത്.   ചിലർ വാശിയോടെ ഉയരങ്ങൾ കീഴടക്കും. ചിലർ മുന്നോട്ടോടുന്നതിനിടയിൽ ആരെങ്കിലും സഹായത്തിനുണ്ടായിരുന്നെങ്കിൽ 
എന്നാഗ്രഹിക്കും. സ്ത്രീമനസുകൾ അങ്ങനെയുമാണ്.  അങ്ങനെ ഒരാശ്രിതഭാവം എന്നിലുമുണ്ടായിരുന്നു. ശരിക്കും അവാന്തിയുടെ കഴിവുകൾ ഞാനുപയോഗപ്പെടുത്തുകയായിരുന്നു. അതേസമയംതന്നെ ഞാനവനെ ആശ്രയിക്കുകയുമായിരുന്നു.

എനിക്ക് ചെറിയ വരുമാനം ആയിത്തുടങ്ങിയ സമയം മുതലേ ഉത്തരവാദിത്വങ്ങൾ ഒരോന്നായി എൻ്റെ തലയിലേക്ക് വരാൻ തുടങ്ങിയിരുന്നു. അപ്പനിൽ നിന്നകന്ന് ഇൻ്റുവിലേക്കെത്തിയതു മുതൽ ഞാനാശ്രയമറ്റവളായി മാറിയിരുന്നു.
സ്വാശ്രയത്തിലേക്കെത്തിയതും അതുകൊണ്ടാണല്ലോ.  ആദ്യം എൻ്റെയും കുട്ടികളുടെയും കാര്യം മാത്രമാണ് ഞാൻ നോക്കിയിരുന്നതെങ്കിൽ പതിയെപതിയെ വീട്ടുചിലവുമുഴുവൻ ഞാൻ ചെയ്യേണ്ടതായി വന്നു. ഞാനോരോന്നും ഏറ്റെടുക്കുന്നതിനനുസരിച്ച് ഇൻ്റു പിൻമാറിക്കൊണ്ടുമിരുന്നു. ലളിതേച്ചിയുൾപ്പെടെയുള്ള എൻ്റെ അഭ്യുദയാകാംഷികളെല്ലാം എന്നെ ഉപദേശിച്ചു. എല്ലാ ചെലവുകളും സ്വയമേറ്റെടുക്കരുതെന്ന്. ഇൻ്റുവിനെ
വെറുതെയിരുന്ന് തിന്നാനനുവദിക്കരുതെന്ന് .

അന്നും ഇന്നും ആ കാര്യത്തിൽ എനിക്കൊരേ സ്വഭാവമാണ്. എന്നെ ദ്രോഹിക്കുന്നവരോ എന്നെ വേദനിപ്പിക്കുന്നവരോ എൻ്റെ ചെലവിലൊരുനേരമെങ്കിലും  കഴിയുന്നത് എന്നെ സന്തോഷിപ്പിക്കും. അവർക്കൊരൗദാര്യം ചെയ്യുന്നതിലൂടെ
പ്രതികാരത്തിൻ്റെതായ  ഒരു സുഖം ഞാനനുഭവിക്കും.  അതൊരു വലിയ മണ്ടത്തരമാണെന്ന് ഈയിടെ എൻ്റെയൊരു സുഹൃത്തെന്നോട് പറഞ്ഞു. ചിലപ്പോൾ അതൊരുതരം ഭ്രാന്തമായ ആത്മസുഖമായിരിക്കാം. 

എന്നാലിൻ്റു അതൊരവകാശമായാണ്
കരുതിയിരുന്നത്.  അതിലയാൾക്ക് അശേഷം ഉളുപ്പുള്ളതായി എനിക്ക് തോന്നിയിട്ടില്ല. നിന്ദിക്കേണ്ട സന്ദർഭങ്ങളിൽ ഞാനത് നന്നായുപയോഗിച്ചിട്ടു പോലും അയാളത് ശ്രദ്ധിച്ചതേയില്ല .അയാൾക്കുവേണ്ടി എല്ലാം ചെയ്യേണ്ടുന്ന ഒരടിമയാണ് ഞാനെന്ന മട്ടിലയാൾ പെരുമാറി. ഞാൻ വച്ചുവിളമ്പുന്നത് കഴിച്ചുകൊണ്ട് അയാളെനിക്കെതിരെ പുച്ഛം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു..

തറയിലെ തരിശായിക്കിടന്ന ചെറിയ പറമ്പുകളിളെല്ലാം  തീറ്റപ്പുല്ല് വളർത്താമെന്നുള്ള ആശയം പെട്ടെന്നാണ് ഫലവത്തായത്. പറമ്പുകളിൽ പുല്ല് കൃഷി ചെയ്യുന്നതും നനക്കുന്നതുമെല്ലാം വീട്ടുകാർ തന്നെയാണ്. അവരുടെ ഒഴിവുസമയങ്ങളിൽ. ഒരു അധികവരുമാനമെന്ന നിലയിൽ അതിനെ കാണാനവരെ പ്രേരിപ്പിച്ചത് അവാന്തിയായിരുന്നു. തീറ്റപ്പുൽകൃഷിയെപറ്റി  വീട്ടമ്മമാരെ പഠിപ്പിക്കുന്നതിന് കുടുംബശ്രീയുടെ സഹായവുമുണ്ടായിരുന്നു.

അവാന്തിയെ പണ്ടേ എല്ലാവർക്കും ഇഷ്ടമായിരുന്നു. എങ്കിലും എല്ലാവരും അവനെ അകറ്റിനിർത്തിയിരുന്നു. മറ്റുള്ളവർക്ക് പിടികൊടുക്കാത്ത രീതിയിലുള്ള എന്തോ ഒന്ന് അവനിലുണ്ടെന്ന തോന്നൽ കൊണ്ടാകാമത് .  അവൻ്റെ പ്രവൃത്തികളും ആ വിധമായിരുന്നല്ലോ. ഫാമിലെ ജോലിക്ക് കയറിയതിനു ശേഷം ആളുകളുടെ ആ മനോഭാവത്തിന് മാറ്റം വന്നു തുടങ്ങി.
പണ്ടത്തെ അവാന്തിയിൽ നിന്ന് അവനുമേറെ മാറിയിരുന്നു. എന്നാൽ മദ്യപാനശീലം മാത്രം മാറിയില്ല. എനിക്കവനെ ഉപദേശിക്കാനാവില്ലായിരുന്നു. 
അവനെയെന്നല്ല അത്തരം വിഷയങ്ങളിൽ ആരെയും ഉപദേശിക്കാൻ എനിക്കിഷ്ടമായിരുന്നില്ല.

അവാന്തിയുടെ  കുടികൊണ്ട് ആർക്കും ഒരുപദ്രവവും ഉണ്ടായിരുന്നില്ല. അവൻ അവൻ്റെ സന്തോഷത്തിനായി കുടിക്കുന്നു. ഒരാളുടെ സന്തോഷമതാണെങ്കിൽ അതില്ലാതാക്കുന്നതെന്തിന്?  കുടിയവൻ്റെ ആരോഗ്യമില്ലാതാക്കിയേക്കാം. നേരത്തേ മരണത്തിലേക്ക് തള്ളി വിട്ടേക്കാം. അവൻ ജീവിച്ചിരിക്കണമെന്നത് എൻ്റെ സ്വാർത്ഥതയാണ്. അവനതാഗ്രഹമില്ലാത്തിടത്തോളം.

"കൂടുതൽ കാലം ജീവിച്ചിരിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്താണ്? ഇഷ്ടങ്ങളുപേക്ഷിച്ചു ജീവിക്കേണ്ടതിൻ്റെ ആവശ്യമെന്താണ്.  " അവൻ്റെ ചോദ്യമാണ്. എനിക്കതിനൊരുത്തരമുണ്ടായില്ല.

"നിങ്ങൾക്ക് മക്കളുണ്ട്. അവരെ നോക്കണം. അപ്പനും അമ്മയുമുണ്ട്. 
ജീവിക്കാൻ കാരണങ്ങളുണ്ട്. " കുടി കൂടുതലാണെന്ന് ഇടയ്ക്കൊന്ന് സൂചിപ്പിച്ചപ്പോൾ അവനെൻ്റെ
വായടപ്പിച്ചു.  ജീവിക്കാനൊരു കാരണം കണ്ടെത്താൻ കഴിയാത്തവനോട് എന്തു പറയാനാണ്.

"എനിക്ക് ഭാര്യയോ മക്കളോ ഇല്ല. കടമകളും കടപ്പാടുകളും ഇല്ല. ഈ ശരീരത്തിൻ്റെ കെട്ടുപാടൊഴിച്ചാൽ സർവ്വത്രസ്വതന്ത്രൻ. അതിനും വേണ്ടേ ഒരു ഭാഗ്യം. വേണ്ടേ? ജീവിക്കുന്ന കാലത്തോളം  ഇഷ്ടത്തിന് ജീവിക്കണം. ആർക്കും ദോഷമാവാത്ത ഇഷ്ടങ്ങൾ. പിന്നെ സ്വയം നോക്കാൻ പറ്റാതാവുന്ന ഒരവസ്ഥ വന്നാല് റെയിൽപാതയുണ്ടല്ലോ...."

അവനെന്തൊക്കെ പറഞ്ഞാലും ലളിതേച്ചി ഇടക്കിടെ അവനോട് വഴക്കുണ്ടാക്കും.  അങ്ങനെ  വഴക്കുണ്ടാക്കാൻ ഒരാളുള്ളതിൽ അവനുള്ളിൽ സന്തോഷിക്കാറുണ്ടാവണം.   അതുകൊണ്ടായിരിക്കാം ലളിതേച്ചിയുടെ മരണത്തിൽ അവനെന്നെക്കാൾ ദുഖിച്ചത്. പുറമേ ക്കൊന്നും ഭാവിച്ചില്ലെങ്കിലും അതിനുശേഷം  മദ്യപാനം വളരെ കൂടുതലായിരുന്നു. 

ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ സ്വാതന്ത്ര്യമില്ലായ്മയേക്കാൾ ഭീകരമായിരിക്കാമെന്ന് അവനെ കാണുമ്പോഴാണ് എനിക്ക് തോന്നാറുള്ളത്.  അതല്ലെങ്കിലും അങ്ങനെയാണല്ലോ. പാരതന്ത്ര്യത്തിലായിരിക്കുമ്പോഴേ സ്വാതന്ത്ര്യത്തിൻ്റെ വിലയെന്തെന്ന് മനസ്സിലാകൂ. സർവ്വത്രസ്വാതന്ത്ര്യത്തിൽ വിഹരിക്കുമ്പോഴേ ചില ബന്ധനങ്ങളുടെ ആവശ്യകതയെ പറ്റിയോർക്കൂ.
അങ്ങനെ തോന്നിയൊരു സമയത്താവാം തമാശപോലെ 
അവാന്തിയിങ്ങനെ പറഞ്ഞത്.

"സ്നേഹിക്കാനൊരാളുണ്ടെങ്കിൽ നല്ലതാണ്. സ്നേഹിക്കപ്പെടാൻ ആരാണാഗ്രഹിക്കാത്തത്. വഴക്കുണ്ടാക്കിയിട്ടാണെങ്കിലും...... കൂടെയൊരാൾ. " 

അത് കേട്ട് ഞാനൽഭുതപ്പെട്ടു. ഒരുപക്ഷേ അവനും ഉണ്ടായിരുന്നിരിക്കാം അങ്ങനെ ചില ആഗ്രഹങ്ങൾ. ഒരിക്കലും സാധിക്കില്ലെന്ന് തോന്നുന്ന കാര്യങ്ങളോട് പലരും അനിഷ്ടം കാണിക്കാറുണ്ടല്ലോ. ജീവിതത്തോട് അവനാശ തോന്നിത്തുടങ്ങിയെന്ന് എനിക്കു തോന്നിത്തുടങ്ങിയ നാളിലാണ് അവൻ പരമമായ സ്വാതന്ത്ര്യത്തിലേക്ക് യാത്രയായത്. ഒരു മഴക്കാലരാത്രിയിൽ   വൈദ്യശാസ്ത്രത്തെ തോൽപ്പിച്ച് നാട്ടുകാരെ മുഴുവൻ കരയിച്ചുകൊണ്ട് അവാന്തി  സ്വന്തം ശരീരത്തിൽ നിന്നും സ്വാതന്ത്ര്യം നേടി.  

എലിപ്പനിയായിരുന്നു. ചെറിയ പനിയൊന്നും അവാന്തി കാര്യമാക്കാറില്ല.  അവനെന്തെങ്കിലും അസുഖം വന്നതായി എനിക്കോർമ്മയുമില്ല.  മദ്യപിക്കുന്നതിനാൽ രോഗത്തിൻ്റെ തളർച്ച അവനറിഞ്ഞില്ല. ചുവന്ന കണ്ണുകളും ക്ഷീണവും മദ്യപാനത്തിൻ്റെ ലക്ഷണമായി കൂടെയുള്ളവർ കരുതി.

ഫാമിൽ നാട്ടുകാരായ രണ്ട് സ്ത്രീകളെക്കൂടി ജോലിക്കായി നിയമിച്ചിരുന്നു. അവാന്തിക്കൊരു വിശ്രമമാവട്ടെ എന്ന് കരുതിയാണത് ചെയ്തത്. രണ്ട് ബംഗാളികളെ വെക്കേണ്ട കാര്യമേയുള്ളൂ എന്ന് ഇൻ്റു പലരോടും പറഞ്ഞു നടക്കുന്നത് ഞാനറിഞ്ഞിരുന്നു.
അതുകേട്ട്  ചില ബന്ധുക്കളെന്നെ ഉപദേശിക്കാനുമെത്തിയിരുന്നു.എൻ്റെ ഫാമിൽ എൻ്റെ നാട്ടുകാർക്കേ ജോലിയുള്ളൂ എന്ന് ഞാൻ മുൻപേ തീരുമാനിച്ചിരുന്നതാണ്. അതിലിത്തിരി നഷ്ടം വന്നാലും അതെനിക്ക് പ്രശ്നമായിരുന്നില്ല.  

മൂന്നാലുപേർ ജോലിക്കായുണ്ടല്ലോ എന്ന ആശ്വാസത്തിലും അവാന്തിയുടെ നിർബന്ധത്തിലുമാണ് ഞാനാ യാത്ര പോയത്. ഒരു പഠനസംഘത്തോടൊപ്പം ഒരുത്തരേന്ത്യൻ യാത്ര. വിവിധ ഫാമുകൾ സന്ദർശിക്കുകയും പുതിയ കൃഷിരീതികൾ പഠിക്കുകയുമാണ് ലക്ഷ്യം.  മുൻപും അത്തരം അവസരങ്ങൾ വന്നിട്ടുള്ളതാണ്. അന്നൊന്നും പോകാത്ത ഞാൻ ആ യാത്രക്ക് തയ്യാറെടുത്തത് പ്രപഞ്ചശക്തിയുടെ മറ്റൊരു കരുനീക്കലായിരുന്നിരിക്കാം.  അനുഭവങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ ഇനിയും എനിക്ക് യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അവാന്തിയെന്ന തടസ്സത്തെ ആ ശക്തി എടുത്തു  മാറ്റിയതാവാം. പക്ഷേ മറ്റൊരു തരത്തിൽ മാറ്റാമായിരുന്നല്ലോ.  ഇങ്ങനെയെന്തിന്?  അവാന്തിയെ പരിചയപ്പെടാനിടയായ നിമിഷത്തെ ഞാൻ പഴിച്ചു. നിസ്സാരനായ മനുഷ്യൻ്റെ നിസ്സാഹായതയെ കുറിച്ചോർത്ത് എന്നോടുതന്നെ പുഛം തോന്നി. ഒരു ശ്വാസമെടുക്കുന്നതിനുള്ളിൽ തീർന്നു പോയേക്കാവുന്ന ജീവനും വച്ചാണൊരാൾ അഹങ്കരിക്കുന്നത്. നാളേക്കായി ചിന്തിച്ചുകൂട്ടുന്നത്.  പലരോടും വെറുപ്പ് വച്ചുപുലർത്തുന്നത്.

കുഞ്ഞുങ്ങളെ അപ്പൻ്റെയും അമ്മയുടെയും അടുത്താക്കി പോയ ഞാൻ ഏഴുദിവസത്തെ യാത്രയും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവാന്തിയുടെ രോഗവിവരമറിയുന്നത്. ആസ്പത്രിയിലാക്കിയെങ്കിലും കാര്യമുണ്ടായില്ല. അവാന്തിയുടെ സംസ്ക്കാരസമയത്ത് തിങ്ങിക്കൂടിയ നാട്ടുകാർക്കുമുന്നിൽ ഞാൻ നാണമില്ലാതെ വാവിട്ടുകരഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ.  

അടുപ്പിച്ച് രണ്ടുമരണങ്ങൾ. ആ നാട്ടിലെനിക്ക് പ്രിയപ്പെട്ടതായിരുന്ന രണ്ടു പേർ. ലളിതേച്ചിയുടെ മരണത്തേക്കാൾ എന്നെ ഉലച്ചുകളഞ്ഞത് അവാന്തിയുടെ മരണമായിരുന്നു. അവൻ്റെ കാര്യത്തിൽ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു എന്നൊരു കുറ്റബോധമെന്നെ അലട്ടി. ഒരു ജൻമത്തിൻ്റെ നിസ്സാരതയെക്കുറിച്ച് വീണ്ടുമൊരു ബോധ്യപ്പെടുത്തലായിരിക്കാമത് എന്ന തോന്നലുണ്ടായെങ്കിലും എൻ്റെ മനസ്സിനെ എനിക്കാശ്വസിപ്പിക്കാനായില്ല.  എൻ്റെ ശ്രദ്ധയില്ലായ്മ ഫാമിനെ കാര്യമായി ബാധിച്ചില്ല. അവാന്തിയുടെ ഒഴിവിലേക്ക് ഇൻ്റു സമർത്ഥമായി കയറിപറ്റിയതിനാലായിരുന്നു അത്.
മറ്റൊരാളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിൽ ഇൻ്റു മിടുക്കനായിരുന്നു. എന്നെപ്രതി പഴയ ജോലിക്കാർ ഇൻ്റുവിൻ്റെ ഭരണം സഹിച്ചു. ഇരട്ടി ജോലിചെയ്തു.പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും എനിക്ക് പഴയ ഉൽസാഹം വീണ്ടെടുക്കാനായില്ല. ഇൻ്റു അയാളുടെ ഇഷ്ടപ്രകാരം രണ്ട് ബംഗാളികളെ വച്ചു. പഴയവരിൽ ചിലരെ പറഞ്ഞയച്ചു. എന്നിട്ടും ഞാനതിലൊന്നും ശ്രദ്ധിച്ചില്ല. വല്ലാത്തൊരു സംഭ്രമം എന്നെയലട്ടി. അവാന്തിയുടെ വരവിനുശേഷം എന്നിൽനിന്ന്
അകന്നുനിന്നിരുന്ന ഒരസുഖം ഇരട്ടി തീവ്രതയോടെ എന്നിലേക്ക് തിരിച്ചെത്തി.

കുറേ നാളുകളായി ഞാനസിഡിറ്റിക്ക് ചികൽസയിലായിരുന്നു. വീർത്തുമുട്ടുന്ന വയറും  നെഞ്ചെരിച്ചിലും എന്നെ ശല്യപ്പെടുത്തിയിരുന്നു. കൃത്യമായ ഭക്ഷണക്രമമില്ലാത്തതാണ് അസുഖത്തിന് കാരണമെന്ന് ഡോക്ടറെന്നോട് പറഞ്ഞു. 

"ഗ്യാസാ. ആയുർവേദാണ് നല്ലെ.
ഇദ്ത്തിരി അയമോദകം പൊടിച്ച്താ. വായിലേക്ക്ട്.."

ലളിതേച്ചിയുടെ അത്തരം ചെപ്പടി വിദ്യകളൊന്നും ഫലിക്കാതായപ്പോഴാണ് 
ഞാനൊരായുർവേദ ഡോക്ടറെ കണ്ടത്. നെഞ്ചത്ത് തടസ്സവും കൂടിയായപ്പോൾ ഹെൽത്ത് സെൻ്ററിലും പോയി. മരുന്നു കഴിക്കുമ്പോൾ തൽക്കാലത്തേക്ക് മാറിയാലും  അതിടക്കിടെ വന്നും പോയുമിരുന്നു. 

"ഈ പശുക്ടാങ്ങളെ പിടിച്ച്വലിച്ചിട്ടാ. നെഞ്ചുളിക്കീണ്ടാവും."  

ലളിതേച്ചിയുടെ ആ പറച്ചിലിൽ കാര്യമുണ്ടാകും. പശുവൊരുത്തിക്ക് പാൽചുരത്താൻ മൂരിക്കുട്ടൻ അകിടിലിടിക്കണം. പാലുകുടിച്ച് രസം പിടിക്കുന്ന സമയത്ത് അവനെ തിരിച്ചുവലിക്കുക ചില്ലറപ്പണിയല്ല. സകലശക്തിയും പ്രയോഗിക്കണം. ഒരു പക്ഷേ അതാവാം നെഞ്ചുവേദനക്ക് കാരണമെന്ന് ഞാൻ കരുതി. സഹായത്തിനാരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് അപ്പോഴൊക്കെ സങ്കടപ്പെടുമായിരുന്നു. ആ സങ്കടത്തിലേക്കാണ് അവാന്തി കയറി വന്നത്.  

അവാന്തി വന്നുതുടങ്ങിയതിനു ശേഷം അവനാണ് എല്ലാം ചെയ്തിരുന്നത്. എൻ്റെ ജോലിഭാരം പാതിയായി കുറഞ്ഞു. അതിനുശേഷം എനിക്ക് നെഞ്ചിലെ ആ തടസ്സമുണ്ടായില്ല. മൂരിക്കുട്ടൻ തന്നെയാണ് തടസ്സത്തിന് കാരണമെന്ന് ഞാനുറപ്പിച്ചു. 

"കൊളസ്ട്രോളുണ്ടെങ്കിലും ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാകും. എന്നും നടക്കണത് നല്ലതാ. പാലൊക്കെ അധികം ഉപയോഗിക്കണതല്ലേ. ഒന്നൂല്ലെങ്കിലും നല്ല ശുദ്ധവായു ശ്വസിക്കാലോ. കുറച്ച് ദെവസം നടന്ന് നോക്ക്.

ഈ മൃഗങ്ങൾക്കു പുറകെ ഓടുന്ന എനിക്ക് എന്ത് കൊളസ്ട്രോൾ എന്ന് മനസിൽ കരുതിയെങ്കിലും  അവാന്തിയുടെ അഭിപ്രായം തീർത്തും തള്ളിക്കളയാൻ തോന്നിയില്ല.  ആദ്യമൊക്കെ ലളിതേച്ചിയും കൂടെ വരാറുണ്ടായിരുന്നു. പിന്നീട് ഞാനതൊരു ശീലമാക്കി. തനിച്ചാണെങ്കിലും നടത്തം മുടക്കാറേയില്ല.

ജോലിക്കാളുകൾ കൂടുകയും സാമ്പത്തികമായി ഭേദപ്പെടുകയും ചെയ്തതോടെ ഞാനെനിക്കുവേണ്ടി കൂടുതൽ സമയം മാറ്റി വയ്ക്കാനും തുടങ്ങിയിരുന്നു. ഇടയ്ക്കൊരു സിനിമയ്ക്ക്. അല്ലെങ്കിൽ ടൗണിൽ വെറുതെയൊരു കറക്കം. ചില സൗഹൃദങ്ങൾ. അങ്ങനെ ചില നേരംപോക്കുകൾ.  ഇൻറുവിനെ വെല്ലുവിളിക്കുകയാണ് മുഖ്യലക്ഷ്യമെങ്കിലും അതെല്ലാമെനിക്ക് വലിയ സന്തോഷം നൽകിയിരുന്നു. ഭക്ഷണകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചിട്ടും അസിഡിറ്റി വിട്ടുമാറിയില്ല. അതെന്നെ അലട്ടിക്കൊണ്ടേയിരുന്നു. 

അവാന്തിയും ഇല്ലാതായതിനുശേഷമൊരു ദിവസം  നെഞ്ചിലെ തടസ്സം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നു. അപ്പോൾ മൂരിക്കുട്ടനായിരുന്നില്ല കാരണമെന്നെനിക്ക് മനസ്സിലായി.ഒന്നുരണ്ടു ദിവസം  ഞാനത് വച്ചുകൊണ്ടിരുന്നെങ്കിലും സഹിക്കാൻ പറ്റാത്തവിധം അസ്വസ്ഥത വർദ്ധിച്ചു. നെഞ്ചിലൊരു ഭാരം കയറ്റി വച്ചതുപോലെ. സങ്കടംവന്ന് തൊണ്ടയിൽ കനത്തു നിൽക്കുന്നതു പോലെ. സംസാരിക്കാൻ പോലും പറ്റാത്ത വിധം ഞാൻ വീർപ്പുമുട്ടി.  ഞാനുടനെ അടുത്തുള്ള വിൻസൻ്റ് ഡി പോൾ ഹോസ്പിറ്റലിലേക്കോടി. അവിടെ യുള്ള ഡോ. മാത്യുവിനെ കാണുകയായിരുന്നു ലക്ഷ്യം.

മരണഭയം എന്നിൽനിന്ന് പാടേ എടുത്തു മാറ്റപ്പെട്ടിരുന്നു. ജീവിതത്തോടുള്ള ആശയും എവിടെയോ നഷ്ടപ്പെട്ടിരുന്നു. എങ്കിലും എനിക്ക് ജീവിക്കണമായിരുന്നു. 
എൻ്റെ കുഞ്ഞുങ്ങൾക്കു വേണ്ടി എനിക്കിനിയും പൊരുതി നേടണമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക