അര ലക്ഷത്തോളം വായനക്കാര്‍ ഉള്ള എഴുത്തുകാരന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അതും രണ്ടു കൊലപാതകങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട്.
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ്, ആഭിചാര ക്രിയകള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു നോവല്‍ മഹാ മാന്ത്രികമെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2018ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ വായിച്ചത് അമ്പതിനായിരത്തോളം പേര്‍.ഓണ്‍ലൈന്‍ സൈറ്റില്‍ ഹിറ്റായ ഈ നോവലില്‍ അടിമുടി അഭിചാരങ്ങളും ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും പകപോക്കലും ഒക്കെയാണ്. ഈ നോവല്‍ നിതീഷ് എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. ആറ് അധ്യായങ്ങള്‍ മാത്രം എഴുതിയപ്പോഴാണ് ഇത്രയും വായനക്കാര്‍ സൃഷ്ടിക്കപ്പെട്ടത്. തുടരും എന്നു സൂചിപ്പിച്ചാണ് നിതീഷ് നോവല്‍ അവസാനിപ്പിച്ചത്. ഒരു സ്‌കൂളിനെ മന്ത്രവാദത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുന്ന ദുര്‍മന്ത്രവാദിയും അയാളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്ന മന്ത്രവാദിയും ആണ് നോവലിലെ കഥാപാത്രങ്ങള്‍. മന്ത്രവാദം, ചുടല രക്ഷസ് എന്നിങ്ങനെ വായനക്കാരെ ത്രസിപ്പിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട്.
യഥാര്‍ത്ഥ ജീവിതത്തില്‍ നിതീഷ്, സിനിമയിലെ സീനുകള്‍ അനുകരിച്ചാണ് കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിക്കുന്നത്.
ദൃശ്യത്തില്‍ പോലീസ് സ്റ്റേഷന്റെ തറയിലാണ് മൃതദേഹം ഒളിപ്പിക്കുന്നതെങ്കില്‍ ഇവിടെ കൂട്ടുകാരന്റെ അച്ഛനായ വിജയനെയാണ് കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ടതും സിമന്റ് ഇട്ട് ആ കുഴി അടച്ചതും. കൂടാതെ സംഭവ ദിവസം താന്‍ കൊച്ചിയിലായിരിക്കുമെന്നു കാണിക്കാന്‍ ഒരു ബസ് ടിക്കറ്റ് സംഘടിപ്പിച്ച് പോലീസിനെ കാണിക്കാനും ശ്രമിച്ചു. അതും സിനിമയില്‍ നിന്നും കണ്ടെത്തിയ രീതിയാണ്.'
നിതീഷ് പി ആര്‍ എന്ന തൂലികാനാമത്തില്‍ ഓണ്‍ലൈന്‍ സൈറ്റില്‍ നോവല്‍ പ്രസിദ്ധീകരിച്ച ഇയാള്‍ ആരാധകരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. എഴുത്തുകാരനെ ഒന്നു കാണുന്നതു പോലും ഭാഗ്യമായിക്കരുതുന്നവരാണ് ഈ ആരാധകരില്‍ പലരും. നോവലിന്റെ ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നവരാണീ ആരാധകര്‍. മറ്റു രണ്ടു നോവലുകള്‍ കൂടി നിതീഷ് എഴുതിയിരുന്നുവെങ്കിലും അതും അപൂര്‍ണമാണ്. സ്വന്തം കുഞ്ഞിനേയും, സുഹൃത്തിന്റെ അച്ഛനേയും കൊന്നു കുഴിച്ചുമൂടിയ ശേഷം അക്ഷോഭ്യനായി മറ്റൊരു മുഖം മൂടി അണിഞ്ഞ് എഴുത്തുകാരനായി നടിച്ച് ജീവിച്ചിരുന്ന നിതീഷ് എന്തായാലും പിടിയിലായി എന്നതില്‍ ആശ്വസിക്കാം.