ആ കനി തിന്നരുത്.... ഏദൻ തോട്ടത്തിൽ മുഴങ്ങിയ ദൈവത്തിന്റെ ശബ്ദം ആദവും ഹവ്വയും അത് കേട്ടെങ്കിലും അനുസരിച്ചില്ല. സമൃദ്ധമായ ഫലങ്ങൾ ഉള്ള ആ തോട്ടത്തിലെ ഒരു പഴം മാത്രം തിന്നരുതെന്നാണ് ദൈവം കൽപ്പിച്ചത്. അതുപോലെ നിത്യവും ആഹാരം കഴിച്ച് ജീവിക്കുന്ന മനുഷ്യർ നാൽപ്പത് ദിവസകാലം ഉപവാസവും, പ്രാർത്ഥനയുമായി കഴിയണമെന്ന് തിരുവെഴുത്തുകൾ അനുശാസിക്കുന്നില്ലെങ്കിലും വിശ്വാസികൾ അത് അനുഷ്ഠിക്കുന്നു. സ്നാപകയോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ച യേശുദേവനെ നാൽപ്പതു ദിവസം സാത്താൻ പരീക്ഷിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യാൻ ശ്രമിച്ചെങ്കിലും ഉപവാസത്തിലൂടെ പ്രാർത്ഥനയിലൂടെ യേശുദേവൻ അതിൽ നിന്നെല്ലാം രക്ഷ നേടിയത്തിന്റെ പ്രതീകമായി നാല്പത് ദിവസത്തെ ഉപവാസം വിശ്വാസികൾ അനുഷ്ഠിക്കുന്നു. സത്യസന്ധതയോടെ അത് ആചരിക്കാൻ കഴിഞ്ഞാൽ മറ്റു ദിവസങ്ങളും അങ്ങനെ പുണ്യമുള്ളതാക്കാൻ നമുക്ക് ശക്തി ലഭിക്കുന്നു.
ആത്മീയതയിലേക്കുള്ള ആദ്യ കാൽവയ്പ്പാണ് ഉപവാസം. ഉപവാസം എല്ലാ മതങ്ങളും ഉത്‌ഘോഷിക്കുന്നു. ഉപവാസത്തിലൂടെ ആരോഗ്യപരമായ നേട്ടങ്ങളും ലഭിക്കുന്നു. ഭക്ഷണമില്ലാതെ ഒരാൾക്കു ജീവിക്കാൻ പ്രയാസമാണെങ്കിലും ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിലും അത് ക്രമീകരിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഏദൻ തോട്ടത്തിലുണ്ടായിരുന്ന വിലക്കപ്പെട്ട കനിപോലെ നമ്മുടെ ജീവിതത്തിലും അങ്ങനെയുള്ള ഫലങ്ങൾ ഉണ്ട്. അത് വർജ്ജിക്കേണ്ടിയിരിക്കുന്നു.
ആരോഗ്യപരമായ ആനുകൂല്യങ്ങൾ ഉപവാസത്തിലൂടെ ലഭിക്കുമെങ്കിലും ആത്മീയമായ ഉണർവും ശക്തിയുമാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. പുറത്ത് കാണിക്കുന്ന ഒരു ചടങ്ങായി അതിനെ അവർ കാണുന്നില്ല. മത്തായിയുടെ സുവിശേഷം ഇങ്ങനെ ഉപദേശിക്കുന്നു. 16 ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.17 നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. 18 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. (മത്തായി അദ്ധ്യായം 6 :16 -18).
സമ്പന്ന രാജ്യമായ അമേരിക്കയിൽ ജീവിക്കുന്നവർ വിശ്വാസികൾ ആണെങ്കിലും അല്ലെങ്കിലും അവർ ഒരു പക്ഷെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം കല്പിക്കുന്നില്ലായിരിക്കും. പ്രാര്ഥനയെയും ഉപവാസത്തെയും പരിഹസിക്കുന്നവരുമുണ്ടാകാം. സങ്കീർത്തനം 69 : 10 മുതൽ 14 വരേയുള്ള വാക്യങ്ങളിൽ ദാവീദ് പറയുന്നത് തന്നെയാണ് ഇന്നും നമുക്ക് ചുറ്റും കാണുന്നതും. പത്ത് മുതൽ പതിന്നാലുവരെയുള്ള സങ്കീർത്തനങ്ങൾ ഉദ്ധരിക്കാം. 10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു. 12 പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ. 14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
മതപരമായ ചടങ്ങുകൾ, അനുശാസനങ്ങൾ എന്നിവക്ക് നേരെ വിമുഖത കാണിക്കുന്നവർ അങ്ങനെ ചെയുന്നത് പലപ്പോഴും അജ്ഞതകൊണ്ടോ അഹങ്കാരം (pride) കൊണ്ടോ ആയിരിക്കാം. അല്ലെങ്കിൽ അതിനെ കച്ചവടമാക്കുന്നവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആയിരിക്കും.. ഇങ്കളീഷിൽ fasting എന്ന വാക്കിന്റെ ഹീബ്രു സമാനപദം "വായ അടക്കുക" എന്നാണു. ഭക്ഷണം ഒഴിവാക്കിക്കൊണ്ടാണല്ലേ ഉപവസിക്കുന്നത്. ജഡിക മോഹങ്ങളേ നിയന്ത്രിക്കാൻ പ്രാർത്ഥനയും ഉപവാസവും സഹായിക്കുന്നു. നമ്മൾ ജഡിക മോഹങ്ങളുടെ പുറകെ പോകുമ്പോൾ ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്നു.
ഇന്ന് നമ്മൾ മഹാമാരിയുടെ, യുദ്ധങ്ങളുടെ, അക്രമങ്ങളുടെ പിടിയിലാണ്. ദൈവത്തിന്റെ അനുഗ്രഹമുള്ള ശാസ്‌ത്രജ്‌ഞന്മാർ രോഗങ്ങൾക്കുള്ള പ്രതിവിധി കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. പ്രാർത്ഥനകൊണ്ടും ഉപവാസം കൊണ്ടും അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാം എന്ന് വിളിച്ചുപറയുന്നവരിൽ നിന്നും രക്ഷനേടാനും സ്വയം പ്രാർത്ഥിക്കുക, ഉപവസിക്കുക.
പെസഹാ വ്യാഴാഴ്ച്ചയിലേക്ക് ഇനി 3 ദിവസങ്ങൾ കൂടിയുണ്ട്. പ്രാർത്ഥിക്കുക. ദൈവവചനങ്ങൾ ഓർക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുക. അങ്ങനെ വായനക്കാരിൽ ആത്മീയോന്മേഷം പ്രദാനം ചെയ്തുകൊണ്ട് ഈ ഉപവാസനാളുകളെ പവിത്രമാക്കുക.
എല്ലാവർക്കും നന്മകൾ !