1967 മെയ് 30-ന് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് വെളിച്ചപ്പാട്ട് വീട്ടില്‍ സുബ്രഹ്മണ്യന്റെയും പ്രേമാവതിയുടെയും നാലുമക്കളില്‍ രണ്ടാമനായി ജനിച്ചു. അന്തിക്കാട് കെ ജി എം എല്‍ പി സ്‌കൂള്‍, അന്തിക്കാട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് നാട്ടിക എസ് എന്‍ കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദവും നേടിയശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും പാസ്സായി. അച്ഛന്റെ അച്ഛന്‍ വി കെ ശങ്കരന്‍കുട്ടിയും അമ്മയുടെ അച്ഛന്‍ സി കെ കുമാരനും അന്തിക്കാട് ചെത്തുതൊഴിലാളി സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരും സ്വാതന്ത്ര്യസമര സേനാനികളുമാണ്.
57 വയസ്സുള്ള സുനിൽ കുമാർ കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക- കാർഷിക രംഗങ്ങളിലെ സജീവസ്സാന്നിധ്യമാണ്. വിദ്യാര്‍ത്ഥി സംഘടനാരംഗത്ത് സജീവമായിരുന്ന സുനില്‍കുമാര്‍ അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ (എ ഐ എസ് എഫ്) തൃശൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ യുവജന ഫെഡറേഷന്‍(എ ഐ വൈ എഫ്) ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992 മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം, സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പാര്‍ട്ടി ചുമതലകള്‍ വഹിച്ചു.
നിലവില്‍ സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലാ സെക്രട്ടറി, സി.അച്യുതമേനോന്‍ ഫൗണ്ടേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി, ഏനമ്മാവ്-പെരിങ്ങോട്ടുകര(തൃശൂര്‍ താലൂക്ക്) ചെത്തുതൊഴിലാളി യൂണിയന്‍-എ ഐ ടി യു സി പ്രസിഡന്റ്(കെ പി പ്രഭാകരന്റെ മരണശേഷം നാളിതുവരെ യൂണിയന്റെ പ്രസിഡന്റാണ്), അന്തിക്കാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍, വി കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി ചെയര്‍മാന്‍, സി ഡബ്ല്യു ആര്‍ ഡി എം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിക്കുന്നു. വിദ്യാര്‍ത്ഥി-യുവജന സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. നവോദയ സമരം, പോളിടെക്‌നിക് സമരം, പ്രീ ഡിഗ്രി ബോര്‍ഡ് സമരം, സ്വകാര്യ-സ്വാശ്രയ കോളേജ് സമരം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന, സ്വകാര്യ-സ്വാശ്രയ കോളേജ് സമരത്തില്‍ പങ്കെടുത്ത് 14 ദിവസത്തെയും പിന്നീട് 11 ദിവസത്തെയും നിരാഹാരസമരം നടത്തി.
നിരാഹാരപന്തലില്‍ വെച്ച് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 2006-ല്‍ യുവജന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് നിയമസഭാ മാര്‍ച്ചിന് നേതൃത്വം കൊടുക്കുമ്പോള്‍ പൊലീസിന്റെ ഇലക്ട്രിക് ലാത്തി പ്രയോഗത്തില്‍ മര്‍ദ്ദനമേറ്റ് 29 ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷയനുഭവിച്ചു. ശ്രീ കേരളവര്‍മ്മ കോളേജില്‍ എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍, മന്ത്രി കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് എംപി, പി ബാലചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. 2006-ല്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006-2011 കാലഘട്ടത്തില്‍ ചേര്‍പ്പ് എംഎല്‍എ ആയിരിക്കുമ്പോഴാണ് തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 2011-ല്‍ കയ്പമംഗലം നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
അക്കാലയളവില്‍ നിയമസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ് വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ശബരിമലയുടെ പ്രത്യേക വികസനം ലക്ഷ്യമിട്ടുകൊണ്ട് നിരവധി തവണ അവിടെ സന്ദര്‍ശനം നടത്തുകയും ഒരു സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതും. ആ റിപ്പോര്‍ട്ടാണ് പിന്നീട് ശബരിമല മാസ്റ്റര്‍പ്ലാനിന്റെ രൂപീകരണത്തിന് വഴിതുറന്നത്. പ്രതിപക്ഷ നിരയില്‍ വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമൊപ്പം മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച അദ്ദേഹം സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു.
നിയമസഭയില്‍ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ല് പിന്നീട് സര്‍ക്കാര്‍ നിയമമായി മാറിയതും ചരിത്രമാണ്. ക്ഷേത്രകലാകാരന്മാര്‍ക്കുള്ള ക്ഷേമനിധി ബില്‍. അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം ബി ബേബി ആ സ്വകാര്യ ബില്ലിന്റെ മെറിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് ക്ഷേത്രകലാകാരന്മാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരികയും അത് പാസ്സാവുകയും ചെയ്തു. 2016-ല്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാന കൃഷി-മണ്ണ് സംരക്ഷണവും മണ്ണ് പര്യവേഷണവും വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമ ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കിയത് അക്കാലത്താണ്. ഓണത്തിനൊരു മുറം പച്ചക്കറി, ഇന്ത്യയില്‍ ആദ്യമായി നെല്‍ക്കര്‍ഷകര്‍ക്ക് റോയല്‍റ്റി, സുഭിക്ഷകേരളം പദ്ധതി, ജൈവകാര്‍ഷിക മുറകളുടെ വ്യാപനം, നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി, ഫയലില്‍ നിന്ന് വയലിലേക്ക്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍കളെ കാര്‍ഷികസംസ്‌കാരത്തിലേക്ക് കൊണ്ടുവന്ന പാഠം ഒന്ന് പാടത്തേയ്ക്ക്, ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം,
തരിശുനിലകൃഷി വ്യാപനം എന്നിവയുള്‍പ്പെടെ നൂതനങ്ങളായ അനവധി പദ്ധതികള്‍ കൃഷി മന്ത്രിയായിരിക്കെ ആവിഷ്‌കരിച്ച് നടപ്പിലാക്കി. വൈഗ (Value Addition for Income Generation in Agriculture-VAIGA) എന്ന പേരില്‍ ആരംഭിച്ച അന്താരാഷ്ട്ര കാര്‍ഷിക-കാര്‍ഷികാധിഷ്ഠിത സംരംഭക പ്രദര്‍ശനം സ്ഥിരം സംവിധാനമായി മാറി. ഇതുവഴി സംസ്ഥാനത്ത് കാര്‍ഷികാധിഷ്ഠിത സംരംഭങ്ങളില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടായത് വി എസ് സുനില്‍കുമാര്‍ കൃഷി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതും മാരകകീടനാശിനികള്‍ നിയമം മൂലം നിരോധിച്ചതും അക്കാലത്താണ്. തൃശൂര്‍-പൊന്നാനി കോള്‍ മേഖലയില്‍ വലിയ വികസനത്തിന് വഴി തുറന്ന 300 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കിയതും പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയ്ക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ പുതുജീവന്‍ നല്‍കിയതും വി എസ് സുനില്‍കുമാറിന്റെ ഇച്ഛാശക്തിയുടെ ഫലമായിട്ടാണ്.
കൃഷിമന്ത്രിയായിരിക്കുമ്പോള്‍ ഔദ്ദ്യോഗികവസതിയിൽ വച്ച് കൃഷി ശാസ്ത്രജജനായ എ,ആർ ഹേലി, രതീദേവി, മന്ത്രി സുനിൽ കുമാർ
2018-ലെ മഹാപ്രളയകാലത്ത് തൃശൂര്‍ ജില്ലയുടെ ചുമതലയും കോവിഡ് മഹാമാരിയുടെ കാലത്ത് എറണാകുളം ജില്ലയുടെ ചുമതലയും വഹിച്ചു. അക്കാലത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. മികച്ച കൃഷി മന്ത്രിയ്ക്കുള്ള പി ടി ചാക്കോ പുരസ്‌കാരം(ആലപ്പുഴ), മികച്ച പൊതുപ്രവര്‍ത്തകനുള്ള രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ്(കോട്ടയം), മികച്ച നിയമസഭാ സാമാജികനുള്ള ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരം, ഡോ.കെ കെ രാഹുലന്‍ പുരസ്‌കാരം, പൗലോസ് താക്കോല്‍ക്കാരന്‍ പുരസ്‌കാരം, തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ അവാര്‍ഡ്, കൃഷ്ണന്‍ കണിയാംപറമ്പില്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. തൃശൂര്‍ ഉപഭോക്തൃഫോറം അംഗമായിരുന്ന അഡ്വ. രേഖ സുനില്‍കുമാറാണ് ഭാര്യ. മകന്‍- നിരഞ്ജന്‍കൃഷ്ണ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ എം എ ഇക്കണോമിക്‌സ്.
അവസാനിച്ചു