ആരുമാജന്മം പൊഴിക്കും
കണ്ണുനീർ സംഭരിച്ചാൽ,
എത്തുമതു ശിരസ്സോളം:
നെഞ്ചോളമതിൽ മുങ്ങുമ്പോൾ
അറിയുമതിൻ വൈഭവം--
കൈയും കാലുമിട്ടടിച്ചാൽ
നീന്താൻ പഠിച്ചിടും വേഗം.
കണ്ണു നിറയുന്നേരം കൈ
താനേ പൊങ്ങുമെങ്കിലും
തുടയ്ക്കാതെ, ഒഴുകട്ടെ;
ആസകലം നനച്ചാശ്രു
ചെന്നെത്തീടണം മണ്ണിൽ--
ജ്ഞാനസ്നാനത്തിനാവുന്ന
ഗംഗാജലം, ജോർദ്ദാൻജലം..
അപരന്റെ ദുഷ്ടതയോ,
സ്വന്തം പിഴവോ, സമയ-
ദോഷമോ ദുഃഖകാരണം?
എങ്കിലും സ്വന്തം തെറ്റുകൾ
പെരുക്കാതെ, തിരുത്തി,
ക്ഷമയോടെ സഹിക്കുക--
അല്ലാതെ നമുക്കെന്താകും!
മണ്ണുപോൽ സത്യമാകുന്നു
മിഴിനീ,രതു പൊരുളായ്
ജീവിതത്തെ തിളക്കുന്നു;
ഒരോ തവണയും നമ്മെ
വീണ്ടും ശുദ്ധ്യമർത്ത്യരാക്കി
മേലോകർക്കുംമേലെയാക്കി, *
ഉപ്പിൻ കാരംപോൽ വാഴുന്നു.
പഴുതൊൻപതുമെത്തിടും
ഗൂഢനാളങ്ങൾ നിറഞ്ഞും,
കനക്കും തൊണ്ടയിലൂടെ
താണുമതു ദേഹത്തെയും
സന്ദ്രമാക്കിത്തളർത്തവെ,
ചിന്തയ്ക്കുതാഴെയമർന്നു
മരുവൂ നിശ്ചലം, മൗനം.
ഒരിക്കലും ചിരിക്കാത്തോർ
ചിരിച്ചുമരിക്കുന്നുവോ,
ഒരിക്കലും കരയാത്തോർ
കരഞ്ഞുമരിക്കുന്നുവോ!
സർവ്വം കൂട്ടിക്കുറയ്ക്കുകിൽ
ഏവനും ശിഷ്ടം തുലമാം--
കരഞ്ഞോളൂ, ചിരിച്ചോളൂ.
രക്തം വിയർപ്പാക്കാം, പക്ഷേ
ചോരയാണു ചോദിപ്പതാൽ,
അതു വാലുന്നു കണ്ണീരായി;
സ്വപ്നവും കർമ്മവുമിത്ഥം
വ്യർത്ഥമുരുകിയൊലിക്കെ,
കരയാതിരിക്കൻ ചൊല്ലാ-
നാവുന്നില്ലെനിക്കിപ്പൊഴും.