Image

മഹായാത്ര (രമാ പിഷാരടി)

Published on 30 March, 2024
മഹായാത്ര (രമാ പിഷാരടി)

ഓരോ  കുരിശിലും-

സത്യമിറ്റുന്നുണ്ട്..

ഒരോയിടത്തും-

ദയയ്ക്ക് കൂരമ്പുണ്ട്..

 

മാനിൻ്റെ മുഖമുള്ള-

കാടൻ്റെ  മനസ്സുള്ള-

മാരീചമായകൾ-

ചുറ്റിനിൽക്കുന്നുണ്ട്..

നന്നായ്  നടിക്കുന്ന-

പിന്നിൽ കുരുക്കുന്ന-

കന്മഷത്തിൻ കൂട്ടു-

പാട്ടുണ്ട്, തീയുണ്ട്..

ഓരോയിടത്തും-

പതുങ്ങി വെള്ളിക്കാശ്-

കോരുന്നൊരച്ചടിക്കൂടുണ്ട്-

പടയുണ്ട്..

 

കാൽവരിക്കുന്നിലായ്-

മുൾക്കിരീടത്തിനെ-

ആരോ ശിരസ്സിലേക്കാഴ്ത്തി-

വയ്ക്കുമ്പോഴും,

പ്രാണൻ്റെ നോവിൽ-

പിടഞ്ഞ് വീഴുമ്പോഴും-

ദൂരത്തിരുന്നവർ-

കൈകൊട്ടിയാർത്തുവോ?

 

പൂവായ  പൂക്കൾ-

വസന്താർദ്രവർണ്ണമായ്-

ഭൂമിയായ് വന്നങ്ങ്

കൂട്ടായിരിക്കിലും,

പിന്നിലുണ്ടിന്നും

ചതിക്ക് ചായത്തിൻ്റെ

പുഞ്ചിരിക്കിണ്ണം

കമഴ്ത്തിക്കുടഞ്ഞവർ

ഗാഗുൽത്തയിൽ  വന്ന്

കല്ലറയ്ക്കുള്ളിലേക്കായിരം-

കല്ലെറിഞ്ഞോടുന്നവർ,

ദൂരെ മിന്നലും വാളും

മെനഞ്ഞ് സൂക്ഷിപ്പവർ..

 

കണ്ടും,കടുത്തും,

മടുക്കുന്ന ഭൂമി നീ

കണ്ടുവോ മഞ്ഞായി

മാറുന്ന  വാക്കിനെ...

കല്ലറക്കുള്ളിലായ്

വീണ്ടും അടയ്ക്കുവാൻ

കല്ലൊന്ന്  തേടുന്ന

കൂലിക്കെഴുത്തുകാർ-

കൺതുറക്കുന്നതിൻ-

മുന്നേ  പലായനം

ചെയ്യുന്ന  ഭൂമി-

നീ മുന്നേ  നടക്കുക..

കാറ്റും മരങ്ങളും-

കൂട്ടത്തിലെത്തിടാം

കൂട്ടിനായ് ദേശാടകർ

കിളിക്കൂട്ടവും..

കണ്ണിലെ ദീപം

കെടാതെയുണ്ടിപ്പോഴും

മിന്നാമിനുങ്ങുകൾ

മിന്നി  നീങ്ങുന്നുണ്ട്

മണ്ണിൻ്റെ പച്ചപ്പ്

പ്രാണൻ്റെ  നിസ്വനം

പുണ്യമാസത്തിൻ

വിശുദ്ധി  തേടാം  ഭൂമി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക