Image

മുട്ടത്തുവര്‍ക്കിക്കഥകള്‍ - നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-1: അന്ന മുട്ടത്ത്)

Published on 31 March, 2024
മുട്ടത്തുവര്‍ക്കിക്കഥകള്‍ - നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-1: അന്ന മുട്ടത്ത്)

മുട്ടത്തുവര്‍ക്കി- ലോകമെങ്ങുമുള്ള മലയാളികള്‍ ഗൃഹാതുരത്വത്തോടെ എക്കാലവും ഓര്‍മ്മിക്കുന്ന നോവലിസ്റ്റാണ് അദ്ദേഹം. ഇണപ്രാവുകളും പാടാത്തപൈങ്കിളിയും മയിലാടും കുന്നും അഴകുള്ള സെലീനയും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ സാധാരണക്കാരായ മലയാളി വായനക്കാര്‍ നെഞ്ചിലേറ്റി ....
മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ പലതും മുട്ടത്തുവര്‍ക്കി നോവലുകള്‍ കൊണ്ട് പ്രചുരപ്രചാരം നേടിയ ഒരു കാലഘട്ടമുണ്ടായിരുന്നു.
പത്രാധിപന്മാര്‍ മാത്രമല്ല സിനിമാ നിര്‍മ്മാതാക്കളും സംവിധായകരും മുട്ടത്തുവര്‍ക്കിയുടെ സിനിമാക്കഥകള്‍ക്കുവേണ്ടി കാത്തുനിന്ന ഒരു കാലവും ഉണ്ടായിരുന്നു. അങ്ങനെയാണ് മാറ്റൊരു മലയാള സാഹിത്യകാരനും കഴിയാത്തവിധം മുപ്പതോളം മുട്ടത്തുവര്‍ക്കിക്കഥകള്‍ സിനിമയായത്. സത്യനും പ്രേംനസീറും മമ്മൂട്ടിയും മിസ്‌കുമാരിയും ശാരദയും ഷീലയും ജയഭാരതിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് ജനമനസ്സുകളില്‍  സ്ഥാനം പിടിച്ചു.
ആ മഹാസാഹിത്യകാരന്റെ കഥകളിലേക്ക്-കഥാ പാത്രങ്ങളിലേക്ക്-ഗൃഹാതുരത്വത്തോടെ നമുക്ക് ഒരിക്കല്‍കൂടി തിരികെ പോകാം. മുട്ടത്തു വര്‍ക്കിക്കഥകളുടെ സംക്ഷിപ്തരൂപം ഇ-മലയാളിയിലൂടെ അമേരിക്കന്‍ മലയാളിയും മുട്ടത്തുവര്‍ക്കിയുടെ പുത്രവധുവുമായ ശ്രീമതി അന്നമുട്ടത്ത് പുനരവതരിപ്പിക്കുന്നു.
'മുട്ടത്തുവര്‍ക്കിക്കഥകള്‍'

ഇണപ്രാവുകള്‍

മലയാളത്തിലെ ജനപ്രിയ സാഹിത്യശാഖയിലെ ക്ലാസിക്കുകളാണ് മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍. ഒരു കാലഘട്ടത്തിലെ സാധാരണക്കാരായ കേരളീയരുടെ വായനയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ എഴുത്തുകാരന്‍. തന്റെ നോവലുകളിലൂടെ മുട്ടത്തുവര്‍ക്കി മലയാളത്തില്‍ ജനപ്രിയസാഹിത്യം എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചു. 1953-ല്‍ പ്രസിദ്ധീകരിച്ച 'ഇണപ്രാവുകള്‍' മുട്ടത്തുവര്‍ക്കിയുടെ ഏറെ വായിക്കപ്പെട്ട ജനപ്രിയനോവലുകളിലൊന്നാണ്.
ഗ്രാമപ്രദേശത്തെ പാവപ്പെട്ട അന്തേവാസികളുടെ മക്കളായ അന്തോനിയും തടിയന്‍ കറിയായും റാഹേലും ത്രേസ്യായും പാക്കരനും പാവക്കിടാത്തനുമൊക്കെ ഏകോദരസഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞു വന്നിരുന്നത്. സ്‌കൂള്‍ വിട്ടുവന്നാല്‍ ശര്‍ക്കരേച്ചി എന്ന  മാവിന്‍ ചുവട്ടിലാണ് അവരുടെ താവളം. ഇടയ്ക്കിടയ്ക്ക് കൊച്ചുകൊച്ചു കലഹങ്ങളും പിണക്കങ്ങളും ഉണ്ടാവും. എങ്കിലും അന്തോനിയും റാഹേലും തമ്മില്‍ ഒരു  സൗഹൃദം കൊച്ചുന്നാള്‍ തൊട്ടേ വളര്‍ന്നുവരികയായിരുന്നു.
വള്ളമൂന്നുകാരന്‍ കൊച്ചാപ്പിയും ഭാര്യ മാമ്മിയും അമ്മിണിയും ചേര്‍ന്നതാണ് അന്തോണിയുടെ കുടുംബം. കാളവണ്ടിക്കാരന്‍ കുഞ്ചെറിയായും ഭാര്യ മറിയവും മക്കളായ തറതിയും റാഹേലും ഉള്‍പ്പെടുന്ന കുടുംബം തൊട്ടടുത്തു താമസിക്കുന്നു. ആ രണ്ടു കുടുംബങ്ങളിലെയും അംഗങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞുപോന്നത്.
ഏറെയും പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ താമസിക്കുന്ന ആ ഗ്രാമത്തിലെ നാട്ടുരാജാക്കന്മാരാണ് അങ്ങത്തെപ്പറമ്പുകാര്‍. അവിടത്തെ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ രാജന്‍ അന്തോണിയുടെ സമപ്രായക്കാരനാണ്. അവര്‍ തമ്മില്‍ ചിലപ്പോഴൊക്കെ വഴക്കു കൂടിയിട്ടുമുണ്ട്.
പക്ഷേ, ആ കാലമൊക്കെ കടന്നുപോയി. കയ്യാലപ്പറമ്പില്‍ നിന്ന മാവുകള്‍ പലവട്ടം പൂക്കുകയും കായ്ക്കുകയും പഴങ്ങള്‍ കൊഴിയുകയും ചെയ്തു. രാജന്‍ ഇന്ന് ബി.എ. ക്കാരനാണ്. അന്തോണി കുഞ്ചെറിയായോടൊപ്പം കാളവണ്ടിയില്‍ പോകുന്നു. റാഹേല്‍ ഇന്നൊരു യുവസുന്ദരിയാണ്.
വിവാഹപ്രായമെത്തിയ റാഹേലിനെക്കുറിച്ച് അവളുടെ മാതാപിതാക്കള്‍ക്ക് ഉല്‍ക്കണ്ഠയില്ല. കാരണം കുഞ്ചെറിയായും മറിയവും അവള്‍ക്കൊരു വരനെ നേരത്തെ തന്നെ കണ്ടുവച്ചിരിക്കുന്നു... അന്തോനി. അവന്‍ സ്വന്തം മകനെപ്പോലെയാണ് അവരോട് ഇടപെടുന്നത്.
രാജന്‍ തന്റെ കലാലയവിദ്യാഭ്യാസം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തി. ആ മടക്കയാത്രാവേളയില്‍ത്തന്നെ അവന്‍ അന്തോനിയെയും റാഹേലിനെയും കാണുകയും ബാല്യകാലസൗഹൃദങ്ങള്‍ പുതുക്കുകയും ചെയ്തു.
ഇതിനിടയില്‍ അന്തോനിയുടെയും റാഹേലിന്റെയും അമ്മമാര്‍ തമ്മില്‍ ഒരു ചെറിയ നീരസം. അതോടെ കുഞ്ചെറിയായോടൊപ്പം കാളവണ്ടിയില്‍ പോകുന്ന പണി അന്തോനി നിറുത്തി. തുടര്‍ന്ന് രാജന്റെ വിശാലമായ കൃഷിയിടത്തില്‍ അവന്‍ പണിക്കു പോയിത്തുടങ്ങി. റാഹേല്‍ നിര്‍ബന്ധിച്ചിട്ടുപോലും അവന്‍ കാളവണ്ടിയില്‍ പോകാന്‍ ചെന്നില്ല.
കാടുകയറിക്കിടന്ന തരിശുഭൂമി അന്തോനിയുടെയും മറ്റും സഹായത്തോടെ രാജന്‍ നല്ലൊരു വിളഭൂമിയാക്കി. കൃഷിസ്ഥലത്തു നിന്നു മടങ്ങിയ രാജനെകണ്ട് തോട്ടില്‍ കുളിച്ചുകൊണ്ടിരുന്ന റാഹേല്‍ നാണിച്ചു. ഒരു ദിവസം അങ്ങത്തെപ്പറമ്പിലെ വീട്ടിലെത്തിയ റാഹേലിനെക്കണ്ട് രാജന്റെ ഹൃദയം ശക്തിയായി തുടിച്ചു. റാഹേലിനെ തന്റെ ജീവിതസഖിയാക്കുവാന്‍ അവന്‍ മോഹിച്ചു.
അന്നുരാത്രിയില്‍ രാജന്‍, റാഹേലിനെ താന്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നതായി തന്റെ മാതാപിതാക്കളെ അറിയിച്ചു. അവര്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് മകന്റെ ആഗ്രഹത്തിനു സമ്മതം മൂളി.
ഇതിനിടയില്‍ കുഞ്ചെറിയാ മകള്‍ക്ക് വിവാഹാലോചന നടത്തി. പക്ഷേ പെണ്ണുകാണാന്‍ വന്ന പയ്യനെ അവള്‍ ആട്ടിയോടിച്ചു.
അതിനു പിന്നാലെയാണ് രാജന്‍ തന്റെ മോഹം കുഞ്ചെറിയായെ അറിയിക്കുന്നത്. അയാള്‍ക്ക് ലോട്ടറിയടിച്ച സന്തോഷമായി. അയാളുടെ വീടു പുതുക്കിപ്പണിയുന്നതിനും ഒരു ജൗളിക്കട തുടങ്ങുന്നതിനുമൊക്കെയുള്ള സാമ്പത്തിക സഹായവും രാജന്‍ നല്‍കി. എന്നാല്‍ ഇതിനുള്ള പണമൊക്കെ അപ്പന് എവിടുന്നു കിട്ടിയെന്ന് റാഹേലിനു പോലും അറിയില്ലായിരുന്നു. 
വലിയപള്ളിയില്‍ പെരുന്നാളു വന്നു. പള്ളിയില്‍ വച്ച് രാജനും റാഹേലും കളിതമാശകള്‍ പറഞ്ഞു. അവന്‍ തന്റെ കാറിലാണ് റാഹേലിനെയും കുടുംബാംഗങ്ങളെയും മടക്കിക്കൊണ്ടുവന്നത്. 
മലബാറില്‍ കുടിയേറ്റം നടത്തിയ കുട്ടിച്ചേട്ടന്റെ മകന്‍ കുര്യാക്കോസ് പെരുന്നാളിനു വന്നിട്ട് അന്നു രാത്രിയില്‍ അന്തോനിയുടെ വീട്ടില്‍ താമസിച്ചു. അയാള്‍ മലബാറിലേക്ക് അന്തോണിയെയും ക്ഷണിച്ചു. അവിടെ ചെന്നാല്‍ എത്ര ഏക്കര്‍ സ്ഥലം വേണമെങ്കിലും പാട്ടത്തിനെടുത്ത് കൃഷി ചെയ്യാമത്രെ. പക്ഷേ വീടും നാടും ഉപേക്ഷിച്ചുപോകാന്‍ അവനു താല്‍പര്യമില്ലായിരുന്നു.
ഇതിനിടെ അന്തോണിയുടെയും റാഹേലിന്റെയും വീട്ടുകാര്‍ തമ്മിലുള്ള അകല്‍ച്ച കൂടിക്കൂടി വന്നു. റാഹേല്‍ അപ്പോഴും അവനെ ഒരുനോക്കു കാണുന്നതിനുവേണ്ടി വഴിക്കണ്ണുകളോടെ കാത്തിരിക്കുമായിരുന്നു.
റാഹേലിനെ പെരുന്നാള്‍ സ്ഥലത്തു വച്ചു കണ്ട ഒരു സിനിമാനിര്‍മ്മാതാവ് അവളുടെ വീട്ടിലെത്തി ഏതാനും ഫോട്ടോകളെടുത്തു. അതൊരു സിനിമാവാരികയുടെ കവര്‍പേജായി അച്ചടിച്ചു വരുകയും ചെയ്തു. അന്തോനി ആ ഫോട്ടോ ഫ്രെയിം ചെയ്ത് തന്റെ വീടിന്റെ ചുമരില്‍ തൂക്കി. പുറമെ പരുക്കന്‍ ഭാവങ്ങള്‍ കാണിക്കുമ്പോഴും അവന്റെ മനസ്സു നിറയെ റാഹേല്‍ ആയിരുന്നു.
രാജനുമായുള്ള വിവാഹക്കാര്യം മാതാപിതാക്കള്‍ റാഹേലിന്റെ മുന്നില്‍ അവതരിപ്പിച്ചു. അവള്‍ നടുങ്ങിപ്പോയി. അന്തോനിയല്ലാതെ മറ്റൊരു പുരുഷനെക്കുറിച്ച് അവള്‍ക്കു ചിന്തിക്കുവാനേ കഴിയുമായിരുന്നില്ല. വീട്ടില്‍ അടിപിടിയും ബഹളവും നിലവിളിയുമായി.
രാജന്റെ അമ്മ പറഞ്ഞ് അന്തോണിയും ആ വിവാഹവാര്‍ത്ത അറിഞ്ഞു. കുഞ്ഞുന്നാള്‍ മുതല്‍ ഇണപ്രാവുകളെപ്പോലെ ഒരുമിച്ചു വളര്‍ന്ന റാഹേല്‍ തനിക്കു നഷ്ടമാകുന്നതിനെക്കുറിച്ച് അവനു ചിന്തിക്കുവാനേ കഴിയുമായിരുന്നില്ല.
പക്ഷേ, മാതാപിതാക്കളുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ റാഹേലിനു കഴിയുമായിരുന്നില്ല. കൂട്ടുകാരികളും അയല്‍ക്കാരികളുമൊക്കെ ആ മഹാഭാഗ്യം തട്ടിത്തെറിപ്പിക്കരുതെന്ന് അവളെ ഉപദേശിച്ചു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ റാഹേല്‍ രാജനുമൊത്തുള്ള വിവാഹത്തിനു സമ്മതം മൂളി.
തന്റെ ഇണക്കിളി നഷ്ടമാകുമെന്ന് ഉറപ്പായ അന്തോനി, രാജനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുവാന്‍ ഉപദേശിച്ചുകൊണ്ട് റാഹേലിന് കത്തെഴുതി. അതേല്പിക്കുവാന്‍ ചിരുതപ്പുലയിയെ ചുമതലപ്പെടുത്തി. പിന്നീട് ആ രാത്രിയില്‍ത്തന്നെ അവന്‍ മലബാറിലേക്കു യാത്രയായി.
മലബാറില്‍ സുഹൃത്തായ കുര്യാക്കോസിന്റെ വീട്ടിലെത്തിയ അന്തോണി പെട്ടെന്നുതന്നെ ഒരു മികച്ച കര്‍ഷകനായി മാറി. കൂടിയേറ്റഭൂമിയിലെ ഗുണ്ടയായ വറീതിനെ അടിച്ചുനിരപ്പാക്കിയ അവന്‍ കുര്യാക്കോസിന്റെ രക്ഷകനായും മാറി. അതോടെ കുര്യാക്കോസിന്റെ സഹോദരി കുഞ്ഞമ്മ അവന്റെ ആരാധികയായി. വീട്ടുകാര്‍ക്കും അവളെ അന്തോനിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാന്‍ താല്പര്യമായിരുന്നു. പക്ഷേ അവന്‍ വ്യക്തമായ ഒരു മറുപടി പറഞ്ഞില്ല.
രാജനുമായുള്ള മനസ്സമ്മതം നടന്നെങ്കിലും റാഹേലിന്റെ ഹൃദയത്തില്‍ അന്തോനിക്കുള്ള സ്ഥാനം നഷ്ടപ്പെട്ടില്ല. അവനെക്കുറിച്ചുള്ള ചിന്തയാല്‍ റാഹേലിന്റെ ഹൃദയം അനുനിമിഷം നീറിക്കൊണ്ടിരുന്നു. അവളുടെ  ജീവിതത്തിലെ എല്ലാ ഉല്ലാസങ്ങളും നിലച്ചു. ഊണില്ല. ഉറക്കമില്ല. യാതൊരു കാര്യത്തിലും താല്‍പര്യമില്ല. അവളുടെ പ്രതിശ്രുതവരനായ രാജന്‍ സുന്ദരനും സമ്പന്നനും സല്‍സ്വഭാവിയും ഒക്കെയാണെങ്കിലും വെറുമൊരു കൂലിപ്പണിക്കാരന്‍ മാത്രമായ അന്തോനിയായിരുന്നു അവളുടെ ഹൃദയത്തിലെ രാജകുമാരന്‍.
രാജന്റെയും റാഹേലിന്റെയും വിവാഹവൃത്താന്തം അറിയിച്ചു കൊണ്ട് വീട്ടില്‍നിന്നുള്ള കത്ത് അന്തോനിക്കു ലഭിച്ചു. അപ്പോള്‍ അവന്‍ കടുത്ത പനിയായിട്ടു കിടപ്പിലായിരുന്നു. പനി പിന്നീട് മലമ്പനിയാണെന്നു സ്ഥിരീകരിക്കപ്പെട്ടു. നാടന്‍ മരുന്നുകള്‍ കഴിച്ചിട്ടൊന്നും അസുഖത്തിനു കുറവില്ല.  കുര്യാക്കോസിനെയുംകൂട്ടി അന്തോണി നാട്ടിലേക്കു തിരിച്ചു. 
വീട്ടിലെത്തിയതോടെ അവന്റെ സ്ഥിതി കൂടുതല്‍ വഷളായി. റാഹേലിന്റെ പടം കെട്ടിപ്പിടിച്ചു കിടന്നുകൊണ്ടാണ് അവന്‍ ഈ ലോകത്തോടു വിട പറഞ്ഞത്.
എന്നിട്ടും റാഹേല്‍ ജീവിച്ചു. കരയുവാന്‍ അവള്‍ക്കു കണ്ണുനീര്‍ത്തുള്ളികള്‍ ബാക്കിയുണ്ടായിരുന്നില്ല.
നാളെ റാഹേലിന്റെ വിവാഹമാണ്. തലേന്നു രാത്രി ആരോരുമറിയാതെ അവള്‍ അന്തോനിയുടെ ശവകുടീരം സന്ദര്‍ശിച്ചു. പ്രഭാതത്തില്‍ അന്തോനിയുടെ ശവകുടീരത്തിനു സമീപം ബോധമില്ലാതെ കിടന്നിരുന്ന റാഹേലിനെ വീട്ടുകാര്‍ കണ്ടെത്തി.
അന്ന് രാജന്‍ റാഹേലിന്റെ കഴുത്തില്‍ താലി കെട്ടി. വിവാഹവേളയിലും സല്‍ക്കാരവേളയിലുമൊക്കെ അവള്‍ക്കു പലവട്ടം അസ്വാസ്ഥ്യങ്ങളും മോഹാലസ്യവും അനുഭവപ്പെട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ രോഗം കലശലായി. ഡോക്ടറുടെ ചികിത്സകള്‍ ഫലിച്ചില്ല. സ്വപ്നങ്ങള്‍ നിറച്ച ആ മണിയറയില്‍ വച്ച് അവള്‍ അന്ത്യനിദ്രയെ പുല്‍കി. മൃതമായ ആ മുഖത്ത് രാജന്‍ ചുംബിച്ചു. ആദ്യമായും അവസാനമായും.
ശ്മശാനഭൂമിയില്‍ മാര്‍ബിള്‍ കൊണ്ടുള്ള ഒരു ശവകുടീരം കാണാം. അനശ്വരമായ പ്രേമം കൊണ്ടു ജ്വലിച്ചിരുന്ന രണ്ടു ഹൃദയങ്ങള്‍-അന്തോനിയും റാഹേലും-അവിടെ ശയിക്കുന്നു. വിലയേറിയ പച്ച മാര്‍ബിള്‍ കൊണ്ട് ആ പ്രേമകുടീരത്തില്‍ രാജന്‍ ഇങ്ങനെ രേഖപ്പെടുത്തി.
''ഇണപ്രാവുകള്‍''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക