Image

ഈ പോരാളിക്ക് ഒരു കൈത്താങ്ങ്  (ഇന്ദു മേനോൻ)

Published on 02 April, 2024
ഈ പോരാളിക്ക് ഒരു കൈത്താങ്ങ്  (ഇന്ദു മേനോൻ)

ഞാൻ അദ്ദേഹത്തെ അണ്ണൻ എന്നാണ് വിളിക്കുന്നത്. പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലാണ്. ഭാര്യയും ചെറിയ ഒരു മകനും ഉണ്ട്. കൂലിപ്പണികൾ ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. നഴ്സിങ്ങിന് പഠിക്കുന്ന ഒരു മകളും ഉണ്ട്.
കഴുത്തിൽ ഒരു മുഴയാണ് ആദ്യം ഉണ്ടായത്. അത് പരിശോധിച്ചപ്പോഴാണ് എല്ലുകൾ പൊടിഞ്ഞു പോകുന്ന തരത്തിലുള്ള ബോൺ ക്യാൻസറും കൂടി ഉണ്ട് എന്ന് കണ്ടെത്തിയത്. കഴുത്തെല്ല് എല്ലാം ദ്രവിച്ചിരിക്കുന്നു. മുകളിലേക്കും താഴേക്കും അസ്ഥികളിലൂടെ രോഗം ഇഴഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. അദ്ദേഹം അനുഭവിക്കുന്ന വേദനയെക്കുറിച്ച്  ഊഹിക്കാൻ പോലും നമുക്കാവില്ല.
ഇരുപത്തിയഞ്ച് റേഡിയേഷൻ നടന്നിരുന്നു.

കീമോ 150 നു മുകളിൽ നടന്നിട്ടുണ്ട്.
ആദ്യവർഷം ആഴ്ചയിൽ ഒന്ന് വെച്ചു ആദ്യാവർഷം RCC യിൽ. പിന്നെ മാസത്തിൽ രണ്ടു വെച്ചു.  മാസത്തിൽ രണ്ട് തവണ ആർസിസിസന്ദർശനം നിർബന്ധം. സർക്കാരിൽ നിന്നും കുറച്ചു പണം ഒക്കെ കിട്ടി.കഴുത്തിലെ മുഴ സംഗീർണമായ ഒരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കീമോയും മറ്റു ചില സർജറികളും കൂടി ചെയ്യാൻ സാധിച്ചു.
ഇടയ്ക്കൊക്കെ അണ്ണനെ വിളിക്കും അങ്ങനെ വിളിച്ചതാണ്. കീമോ കഴിഞ്ഞ് വന്ന പിറ്റേദിവസം ഈ ചൂടത്ത് അണ്ണൻ പെയിൻറ് പണി ചെയ്യുവാൻ വേണ്ടി പോയിരിക്കുന്നു എന്നതാണ് അതിൻറെ ഹൈലൈറ്റ്. കേട്ടപ്പോൾ തന്നെ ഉള്ള വിറച്ചു പോയി. ഒരു ചെറിയ പനി വന്നപ്പോൾ എത്ര ദിവസമാണ് കിടന്നുപോയത് എന്നോർത്തു.
ബോൺ ക്യാൻസറിന്റെ മാരകമായ വേദനയ്ക്ക്, കീമോയുടെ ഭാരത്തിന്, പുറമേ ഈ കൊടിയ വേനൽചൂട് നഗരത്തിൻറെ ഉഷ്ണപെരുക്കത്തിൽ മുകളിൽ കയറി നിന്ന് പെയിൻറിങ്ങിൻ്റെ ജോലി. ഭാര്യയും പ്രായപൂർത്തിയാവാത്ത മകനും ചെറുകിട ജോലികൾ ചെയ്യുന്നുണ്ട്.  ജീവിതം എവിടെയും എത്തുന്നില്ല. അണ്ണന് വിശ്രമിക്കാൻ കഴിയില്ല.
“അണ്ണാ മരുന്നിൻറെ ചീട്ട് തന്നേക്ക് അത് വാങ്ങിത്തരാം എങ്ങനെയെങ്കിലും “ എന്ന് പറയുമ്പോൾ
“ഞാനിപ്പോൾപലപ്പോഴും മരുന്നു കഴിക്കാറില്ല. “ എന്ന് മറുപടി. ചൂടുള്ള ഒരു കപ്പ് കഞ്ഞിയെക്കാളും വിശപ്പിനേക്കാൾ വലുതല്ല ഒരു മരുന്നും.
“കഴിക്കണേ അണ്ണാ” കെഞ്ചി നോക്കി

“മരുന്നു കിട്ടിയാൽ കഴിക്കും അതിനു വിഷമം എന്ത്?,”
. ബോൺ ക്യാൻസറിന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉണ്ട്.  
അണ്ണൻറെ സഹോദരി മജ്ജ കൊടുക്കാൻ തയ്യാറായിരുന്നു. പക്ഷേ ആദ്യ ശസ്ത്രക്രിയയിൽ സംഭവിച്ച എന്തൊക്കെയോ സങ്കീർണതകൾ കാരണം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അണ്ണന് ചെയ്യാൻ പറ്റുകയില്ല. ആ വഴിയും അടഞ്ഞു എന്ന് സാരം.
ഇതൊക്കെ അണ്ണനെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ പുറത്തേക്ക് കാണിക്കില്ല. കാരണം അണ്ണൻ ഒരു പോരാളിയാണ്. രണ്ടുമാസമെങ്കിൽ രണ്ടുമാസം രണ്ടുവർഷം എങ്കിൽ രണ്ടു വർഷം. ജീവിതാസക്തിയോടെ അതിന് അണ്ണൻ പുണരുന്നുണ്ട്.
കുന്നിനു മുകളിലെ ലക്ഷംവീട് കോളനിയിൽ രണ്ടര സെന്റിന്റെ വെള്ളമില്ലായ്മയിലും ദാരിദ്ര്യത്തിലും അണ്ണൻ തൻ്റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ജീവിതത്തിന്റെ പ്രത്യാശയെ വിട്ടു കളഞ്ഞിട്ടില്ല.
“അണ്ണാ എന്തെങ്കിലുമത്യാവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. ഗൗരി ചോദിക്കുന്നത് പോലെ അത്യാവശ്യങ്ങൾക്ക് ചോദിക്കാം “
ഒരു ചിരിയായിരുന്നു അണ്ണൻറെ മറുപടി ‘“ചിലപ്പോൾ അരിയില്ല. ചിലപ്പോൾ പാൽ ഇല്ല. കറണ്ട് ബില്ല് അടച്ചു കാണില്ല എല്ലാദിവസവും ആവശ്യങ്ങൾ തന്നെ എത്രവട്ടം ഞാൻ വിളിക്കും?”
ചില ആത്മാഭിമാനങ്ങൾ അങ്ങനെയാണ്.
ആ കുന്നിൻ മുകളിൽ നിന്നും ടൗണിലേക്ക് പോകാനും ചികിത്സയ്ക്കായി പുനലൂര് പോകാനും ഒരു മാർഗ്ഗവുമില്ല. അണ്ണൻറെ സഹോദരി ഒരു പഴയ സ്കൂട്ടർ ട്രെയിനിൽ കയറ്റി അയച്ചുകൊടുത്തു
പത്തനംതിട്ട നിന്നും പുനലൂർ വരെ പുതിയതായി സ്കൂട്ടർ പഠിച്ചു പോയിവരുന്നു അണ്ണൻ
“അയ്യോ അണ്ണാ ഇത്രയും ദൂരം പോകല്ലേ “
എന്നുപറയുമ്പോൾ അണ്ണൻ പറയും

“തിരിച്ചു വരുമ്പോൾ വാഹനം ഒന്നും കിട്ടില്ല. കീമോയുടെയും കുത്തിവെപ്പുകളുടെയും മറ്റു പരീക്ഷണങ്ങളുടെയും ശാലയായ ഈ ശരീരം തളർന്നിട്ടുണ്ടാവും. നടക്കാൻ എനിക്ക് കഴിയില്ല. ഇതിൽ കയറി ഓടിച്ചു വന്നാൽ മതിയല്ലോ”
അണ്ണൻറെ കൂടെ ചികിത്സയിൽ ഉണ്ടായിരുന്ന മിക്കവരും മരിച്ചു. എങ്കിലും അണ്ണൻ ഉള്ള ദിവസങ്ങളോട് പോരടിക്കുകയാണ്.
ഇന്ന് ഞാൻ എന്റെ കയ്യിലുള്ള 11000 രൂപ അണ്ണനു കൊടുത്തു. ഭർത്താവ് തന്ന പണവും ചേർത്താണ് കൊടുത്തത്.
അണ്ണന്റെ ആർജ്ജവം ഭയങ്കരമായിരുന്നു. വിഷുവിനെങ്കിലും അണ്ണൻ ഭക്ഷണം വാങ്ങട്ടെ എന്ന് കരുതിയാണ് കൊടുത്തത്
“എങ്ങനെയെങ്കിലും ഒരു സെക്കൻഡ് ഓട്ടോറിക്ഷ വാങ്ങണം. പെയിൻറ് പണിക്ക് പോകുവാൻ കഴിയുന്നില്ല. ഒന്നരവർഷമായി ശരിക്ക് ജോലിക്ക് പോകാൻ കഴിയാതെ. ഇപ്പോൾ ഞാനൊരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നിട്ടുണ്ട്. ഓട്ടോ ഓടിക്കും”
“ഈ പ്രായത്തിലോ അണ്ണാ? ഈ അവശതയിലോ അണ്ണാ?”

എൻറെ ചങ്കിടിഞ്ഞുപോയി. ഈ വേദനസംഹാരികൾക്കിടയിലും ഈ കീമോക്കിടയിലും അണ്ണൻറെ പോരാട്ടം ഭയങ്കരം തന്നെ.അണ്ണന് ഓട്ടോ പഠിക്കാൻ പറ്റുമോ എന്ന് ഞാൻ പെട്ടെന്ന് ഓർത്തു
മാസങ്ങൾക്ക് മുമ്പ് ഈ പ്രായത്തിൽ ആദ്യമായി സ്കൂട്ടർ പഠിച്ചു കിലോമീറ്ററുകൾ കുടു കുടു എന്ന് വണ്ടിയോടിച്ചു പോയ അണ്ണൻറെ ആർജ്ജവത്തോളം വരില്ല ഒന്നും.
പ്രിയമുള്ളവരെ ഇത് സക്കാത്തിന്റെ കാലമാണ് എന്നെനിക്കറിയാം. നിങ്ങളുടെ പ്രാർത്ഥനകളിൽ ഈ അണ്ണന് ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.
നിങ്ങളുടെ സക്കാത്തുകളിൽ, ദാനങ്ങളിൽ ഇദ്ദേഹത്തെ കൂടി ചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.
അണ്ണൻറെ വിവരങ്ങൾ ഞാൻ ഇൻബോക്സിൽ തരാം.

ഇതുപോലുള്ള എല്ലാ സംഗതികൾക്കും ഫീസ് അടയ്ക്കാനും പൊള്ളിയ കുഞ്ഞിന് ഓപ്പറേഷൻ നടത്താനും വീട് വയ്ക്കാനും കമ്പ്യൂട്ടർ വാങ്ങാനും ഒക്കെ നിങ്ങളിൽ പലരും  ഉരുകി ഉരുകി ഉണ്ടാക്കിയ പണം പങ്ക് തന്നു സഹായിച്ചു. നിങ്ങൾ ഓരോരുത്തരുടെയും ആർഭാടങ്ങൾ മാറ്റിവെച്ച് ആനന്ദങ്ങൾ മാറ്റിവെച്ച് മറ്റുള്ള ഓരോരുത്തർക്കും സഹായം ആയിട്ടുണ്ട്
നിങ്ങളുടെ ത്യാഗവും സ്നേഹവും ഈ അണ്ണനോട് കൂടി നൽകണമെന്ന് ഹൃദയപൂർവ്വം  ആവശ്യപ്പെടുകയാണ്.
എത്ര ദിവസങ്ങൾ എത്ര വർഷങ്ങൾ മുന്നിലുണ്ട് എന്നറിയില്ല. ഈ സമരത്തിൽ ഞാൻ അണ്ണനൊപ്പം ഉണ്ട്.എനിക്ക് കഴിയുന്നതുപോലെഎനിക്ക് കഴിയുന്നതുപോലെ.
നിങ്ങൾ ഓരോരുത്തരുടെയും അലിവിനും സ്നേഹത്തിനും ഞാൻ മുൻകൂറായി നന്ദി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക