Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 8: വിനീത് വിശ്വദേവ്)

Published on 02 April, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 8: വിനീത് വിശ്വദേവ്)

സാധാരണ ദിവസങ്ങളിൽ അച്ഛൻ കടയടച്ചു വരുന്നത് പത്തു മണിക്ക് ശേഷമായിരുന്നു. ആ സമയത്തു ഞാൻ ആഹാരം കഴിച്ചതിനു ശേഷം കിടക്കാനുള്ള തയ്യാറെടുപ്പിലുമായിരിക്കും. പതിവിലും വിപരീതമായി അന്ന് രാത്രി അച്ഛൻ ഒൻപതു മണിക്ക് മുന്നേ കടയടച്ചു വീട്ടിലെത്തിയത്  സീരിയൽ കാണുന്നതിൽ മുഴുകിയിരുന്ന അമ്മയും ആനന്ദവല്ലിയമ്മുമ്മയും അച്ഛന്റെ അപ്രതീക്ഷിത വരവിനെ ഒരു ചോദ്യമുനയോടെയായിരുന്നു  കണ്ണെറിഞ്ഞത്. ഇതെന്താ ഇന്ന് നേരത്തേ? ഞങ്ങൾ മൂന്നുപേരെയും നോക്കിയതിനു ശേഷം അച്ഛന്റെ മറുപടി വന്നു. കവലയിൽ മദ്യപിച്ച രണ്ടു ചെറുപ്പക്കാർ തമ്മിൽ അടിപിടിയും ബഹളവും ഉണ്ടായതിനാൽ ആകപ്പാടെ പുകിലും പൊല്ലാപ്പുമായി പോലീസുകാർ അവിടെ അടിപിടി ഒത്തുതീർപ്പാക്കുന്നുണ്ട്. ഇടദിവസമായിരുന്നതിനാൽ കച്ചവടവും കുറവായതുകൊണ്ട് ഞാൻ കട നേരത്തെയടച്ചു പൊന്നു. പുതിയകാവ്  അമ്പലത്തിലെ ഉൽസവത്തിന് ഗാനമേള നടക്കുമ്പോൾ പതിവു നടൻ തല്ലും അടിപിടികളും കണ്ടിട്ടുള്ള എനിക്ക് മാഫിയ ശശിയുടെ ഡയറക്ഷൻ ഇല്ലാത്ത ഒരു സംഘടന രംഗം നഷ്ടപ്പെടുത്തിയ നിരാശയുണ്ടായിരുന്നു. ആരാണ്  അവർ എന്നറിയാമോ? എന്ന എന്റെ ചോദ്യത്തിന് അറിയില്ലെന്ന മറുപടി മാത്രമാണ് അച്ഛനിൽ നിന്നും ലഭിച്ചത്. ബിനീഷിന്റെ വീട്ടിൽ നിന്നും പെറുക്കിയെടുത്തുകൊണ്ടു വന്ന ബാലരമയിലെ മായാവിയെ വചിച്ചുകൊണ്ടിരുന്ന എന്റെ നേർക്ക് മറു ചോദ്യങ്ങൾ ഉന്നയിക്കാതെ അച്ഛൻ കുളിക്കുന്നതിനായി വീടിനു പിന്നിലുള്ള കുളിമുറിയിലേക്ക് അമ്മയുടെ കയ്യിൽ നിന്നും തോർത്ത് വാങ്ങി നടന്നു. 

മേശപ്പുറത്തു എല്ലാവർക്കും അത്താഴം വിളമ്പുന്നതിനുള്ള പാത്രങ്ങൾ നിരന്നു തുടങ്ങി. കുളികഴിഞ്ഞു അച്ഛനും സീരിയൽ കാഴ്ച മുഴുവിപ്പിച്ചു ആനന്ദവല്ലിയമ്മുമ്മയും അടുക്കളയിൽ നിന്നും ചോറും പാത്രവുമായി അമ്മയും മേശക്കരുകിലേക്കു മുന്ന് ദിശയിൽ നിന്നും മൂന്നുപേരും എത്തിച്ചേർന്നു. ചോറിന്റെ കൂടെ കപ്പയ്ങ്ങ തോരനും മത്തി വറുത്തതും പത്രത്തിന്റെ വശങ്ങളിൽ സ്ഥാനം പിടിച്ചു. അറുപതു വാട്ട് ഫിലിപ്സ് ബൾബിന്റെ ഫിലമെന്റ് ജ്വലിച്ച മഞ്ഞവെളിച്ചത്തിൽ മോരുകറി കൂടുതൽ മഞ്ഞ നിറം പ്രാപിച്ചപ്പോൾ ആവശ്യാനുസരണം കറി ഒഴിച്ചെടുത്തോളാൻ അമ്മയുടെ കൽപ്പന മേശപ്പുറത്തു ചിതറി വീണു. അല്പനേരത്തെ നിശബ്തതയെ കീറിമുറിച്ചുകൊണ്ടു അച്ഛന്റെ നേർക്ക് ഞാൻ ഒരു ചോദ്യശരം തൊടുത്തു വിട്ടു. അച്ഛൻ ഹേമലത ടീച്ചർ സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സെടുക്കുണ്ട് അവിടെ ഞാനും പോയി പഠിക്കാൻ ചേരട്ടെ..? 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്രം കിട്ടിയിട്ടും സ്വന്തം മാതൃ ഭാഷയായ മലയാളത്തേക്കാൾ തന്റെ മകൻ ഇംഗ്ലീഷ് സംസാരിക്കുന്നതു കാണാൻ ആഗ്രഹിച്ച ഏതൊരു മലയാളി മാതാപിതാക്കളെപ്പോലെയും എന്റെ അച്ഛനും നിഷേധാത്മകമായ മറുപടി പറയാതെ സമ്മതം മൂളി. അന്ന് അമാവാസിയായിരുന്നിട്ടും എന്റെ മനസിന്റെ ആകാശത്തു ഒരു നക്ഷത്രം തെളിഞ്ഞു. ജഗ്ഗിലിരുന്ന പതിമുഖമിട്ടു തിളപ്പിച്ചാറിയ വെള്ളം ഞാൻ അമൃതുപോലെ കുടിച്ചിറക്കി. നമ്മുടെ മനസ്സിൽ മെനഞ്ഞുകൂട്ടുന്ന ചിന്തകൾ ജീവിതത്തിൽ സന്തോഷം പ്രതിനിധാനം ചെയ്യുന്ന ചിത്രമാകാൻ കാരണമായി പലതും സംഭവിക്കാറുണ്ട്. നാളെ നടക്കുമെന്ന പ്രതീക്ഷയിലേക്കു നമ്മൾ വീണ്ടും വീണ്ടും ചുവടു വെയ്ക്കുന്നപോലെ സ്വപ്‌നങ്ങൾ നെയ്യുന്ന എന്റെ കിടക്കയിലേക്ക് ഞാൻ പതിയെ നടന്നു. "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" എന്ന അക്കിത്തം അച്യുതൻ നമ്പൂതിരി വാക്കുകൾ ആനന്ദിവല്യമ്മ പറഞ്ഞത് ഓർമ്മയിൽ വന്നുവെങ്കിലും ഉറങ്ങാൻ കിടന്ന എന്റെ കണ്ണുകളിൽ നാളെയുടെ പുതുകിരണത്തിന്റെ വർണ്ണനിറങ്ങൾ വിതറുന്ന സ്വപ്‌നങ്ങൾ പൂത്തു നിൽക്കുന്നുണ്ടായിരുന്നു. 

രാവിലെ തന്നെ എഴുന്നേറ്റു ചെടികൾക്കും വാഴയ്ക്കും മറ്റുമെല്ലാം വെള്ളം കോരിയൊഴിച്ചു. വ്യായാമത്തിനു പകരമുള്ള ഈ കലാപരിപാടി കുറച്ചു ദിവസങ്ങളായി ശരീരത്തിന് ഉന്മേഷം തരുന്നതായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അലസതയില്ലാതെ കർമ്മനിരതനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞു ഞാൻ സൈക്കിളിൽ ഹേമലത ടീച്ചറിന്റെ വീട്ടിലേക്കു പോയി. ടീച്ചർ പുതിയകാവ് അമ്പലത്തിലെ ദർശനം കഴിഞ്ഞു വീട്ടിൽ തിരിച്ചു എത്തിയിട്ടുണ്ടായിരുന്നുള്ളു. അച്ഛനെ എന്നെയും നന്നായി അറിയാവുന്നതിനാലും ഹേമലത ടീച്ചർ എന്റെ പേര് വിളിച്ചു.. വിഷ്ണു ... എന്താണ് രാവിലെ തന്നെ ഇങ്ങോട്ടേക്കു വന്നേ?  ജാള്യതയോടെ മുഖത്ത് ചെറിയൊരു പുഞ്ചിരി കലർത്തി സൈക്കിളിൽ ചാരി നിന്ന് മുറ്റത്തെ മണ്ണിൽ ഇടതു കാലിലെ പെരുവിരൽ അമർത്തി പറഞ്ഞു. എനിക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. അത് ടീച്ചറിനോട് ചോദിയ്ക്കാൻ വന്നതാണ്.  അത്രേയുള്ളു കാര്യം അതിനെന്താ പഠിപ്പിക്കലോ. ഇന്ന് വൈകുന്നേരം നാലു മണിക്ക് 
ക്ലാസ്സുണ്ട് പോന്നോളൂ. സമ്മതം മൂളി ഞാൻ ടീച്ചറിന്റെ അടുത്ത് നിന്നും സൈക്കിൾ നിന്നു ചവിട്ടി വീട്ടിലേക്കു പോകുന്ന വഴി എന്നിലെ പ്രേമലേഖനത്തിന്റെ പട്ടം ഹൃദയാകാശത്തു പാറി പറക്കുന്നുണ്ടായിരുന്നു. സിമിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാനുള്ള എന്റെ ശ്രമങ്ങൾക്ക് പച്ചക്കൊടി വീശിയ ഹേമലത ടീച്ചറിന്റെ അടുത്ത് ക്ലാസിനു പോകുന്ന കാര്യം അമ്മയോട് അറിയിച്ചു. മകൻ ഇംഗ്ലീഷ് പഠിക്കാൻ കാണിക്കുന്ന തയ്യാറെടുപ്പിൽ അമ്മയും സന്തോഷവതിയാണെന്നു മുഖത്ത് നിന്നും ശുദ്ധ മലയാളത്തിൽ വായിച്ചെടുക്കാമായിരുന്നു. 

നമ്മൾ ആഗ്രഹിക്കുന്ന ചില നിമിഷം വന്നുചേരാൻ കാത്തിരിക്കുമ്പോൾ ഘടികാരം വളരെ പതുക്കെ ചലിക്കുന്നതായി അനുഭവപ്പെടാറുണ്ട്. നാലു മണിയെന്ന സമയത്തിലേക്കെത്താൻ ഒരുപാടു നേരം കാത്തിരിക്കേണ്ടി വന്നു. സമയം തള്ളി നീക്കാൻ ഞാൻ ഐതീഹ്യമാലയിലെ കഥകൾ വായിച്ചുകൊണ്ടിരുന്നു. ഇടക്കെപ്പോഴോ മുറിയിൽ പോയി സിമിക്ക് വേണ്ടി എഴുതിയ പ്രേമലേഖനം ഒരാവർത്തി വായിച്ചു. വാചകങ്ങൾ ഉരുവിട്ടുകൊണ്ടു അലമാരയിലെ കണ്ണാടിയിൽ നോക്കി എന്നിലെ കാമുകൻ ഉൾപുളകത്തോടോ ഒന്ന് പുഞ്ചിരിച്ചു. കണ്ണാടിയിലൂടെ എന്റെ ഹൃദയത്തിൽ ഞാൻ സിമിയുടെ മുഖം കണ്ടു. അവളോട് കൊഞ്ചി വർത്തമാനം പറയാൻ തുടങ്ങിയ നേരം അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു. പറമ്പിലെ കറിവേപ്പില മരത്തിൽ നിന്നും രണ്ടു തണ്ടു കറിവേപ്പില എടുത്തുകൊണ്ടു വരാനുള്ളതായിരുന്നു ആ വിളിയുടെ ഉദ്ദേശ ലക്ഷ്യം. മനസ്സിൽ ദേഷ്യത്തോടെ എന്തൊക്കയോ പിറുപിറുത്തു പറമ്പിലേക്ക് നടന്നു. കറിവേപ്പില എത്തിച്ചുകൊടുത്തു വാതിക്കൽ വന്നിരുന്നു. വീടിനു മുന്നിലെ വഴിയിലൂടെ സൂര്യൻ വരയ്ക്കുന്ന മരങ്ങളുടെയും ചെടികളുടെയും നിഴലിനെ ഞാൻ ഒന്ന് കണ്ണിൽ പകർത്തി. സസ്യങ്ങൾ അവരുടെ ആഹാരം പാകം ചെയ്യുന്നത് സൂര്യതാപത്തിൽ നിന്നുമാണെന്നു ഒരിക്കൽ ബിയോളജി ടീച്ചറായിരുന്നു ഷീബ ടീച്ചർ പഠിപ്പിച്ചത് ഓർമ്മയിൽ കടന്നു വന്നു. ഓർമ്മയുടെ ഇടനയിലൂടെ കടക്കാൻ ഇറക്കുന്നതിനു മുന്നേ മേശപ്പുറത്തു ചോറും കറികളും നിറത്തികൊണ്ടു എന്റെ വിശപ്പടക്കാനുള്ള ആനന്ദവല്ലിയമ്മയുടെ വിളികൾ വന്നു. 

ആഹാരം കഴിച്ചു കഴിഞ്ഞു ഞാൻ പതിയെ എന്റെ മുറിയിലേക്ക് നടന്നു. ഹാളിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ രണ്ടു മണി കഴിഞിരിക്കുന്നു. ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഏറ്റവും വലിയ സമയ ദൈർഘ്യം ഞാൻ അനുഭവിക്കുന്നതായി തോന്നി. ഹൃദയത്തിന്റെ അറകൾ തുറക്കുന്നപോലെ മാധവിക്കുട്ടിയുടെ എന്റെ കഥ എന്ന പുസ്തകത്തിലൊളിപ്പിച്ച പ്രേമലേഖനം ഞാൻ പതിയെ തുറന്നു. വായിക്കാൻ തുടങ്ങി. പ്രിയപ്പെട്ട സിമിക്ക്.... അല്ലെങ്കിൽ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ കത്ത് മടക്കി വെച്ചു. കട്ടിൽ വെറുതെ കിടന്നു ഞാൻ ജനാലകളിലൂടെ പുറത്തേക്കു നോക്കി വെയിലിന്റെ കാഠിന്യം കുറഞ്ഞുകൊണ്ടിരുന്നു. വടക്കു ഭാഗത്തുള്ള പുളിമരത്തിൽ വന്നിരുന്നു എന്നും പാടാറുള്ള പുള്ളിക്കുയിൽ പാടുന്നത് കേൾക്കാമായിരുന്നു. മനസ്സിൽ പ്രണയമുള്ളവന് എന്തും സംഗീമായി വരുമെന്നാണല്ലോ. പുളിശ്ശേരി കൂട്ടി ചോറ് കഴിച്ചതു കൂടിയതിനാലാകാം കണ്ണൊന്നു മയങ്ങി. പിന്നീട് ഉണർന്നു നോക്കുമ്പോൾ സമയം മൂന്നരയായിരുന്നു. നീല കളർ ചെക്ക് ഷർട്ടും പാന്റും ധരിച്ചു. മുറികൾ നന്നായി ചീകി കുട്ടിക്കൂറ പൗഡർ കൊണ്ട് മുഖം മിനിക്കി. നോട്ടുബുക്കുമെടുത്തു അമ്മയോട് യാത്രപറഞ്ഞു ഞാൻ ഹേമലത ടീച്ചറിന്റെ വീട്ടിലേക്കു സൈക്കിളിൽ പാഞ്ഞു.


(തുടരും.....)

https://emalayalee.com/writer/278

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക