പച്ചനോട്ടുകള്‍
ദീപനാളം വാരികയിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ഗ്രന്ഥരൂപത്തിലെത്തുകയും ചെയ്ത മുട്ടത്തുവര്‍ക്കിയുടെ നോവലാണ് 'പച്ചനോട്ടുകള്‍'. ഇതു സിനിമയായപ്പോള്‍ പ്രേംനസീര്‍, വിജയശ്രീ എന്നിവരാണ് കഥയിലെ നായികാനായകന്മാര്‍ക്ക് മജ്ജയും മാംസവും നല്‍കിയത്.
കൂലിപ്പണിക്കാരനായ റപ്പായേലിന്റെ മകള്‍ സുന്ദരിയായ ലീനയുടെ മനസ്സമ്മതം നടന്നു. സ്ത്രീധനത്തിനുവേണ്ടി ആകെയുള്ള പുരയിടത്തിന്റെ പകുതി വിറ്റ് പണമാക്കിയെങ്കിലും ആ തുക ബസ്സില്‍ വച്ച് കൈമോശം വന്നുപോയി. പണം നഷ്ടപ്പെട്ട വിവരമറിഞ്ഞ റപ്പായേല്‍ ബോധരഹിതനായി.
കൊച്ചുതൊമ്മിയുടെ മകനായ പൗലോസ് വിദ്യാസമ്പന്നനാണ്. ഏറെ നാളായി തൊഴില്‍ തേടി നടക്കുന്നു. അവന് ബസ്സില്‍വച്ച് ആ പണപ്പൊതി കിട്ടി. ആരും അന്വേഷിക്കാത്തതിനാല്‍ അവന്‍ പണവുമായി വീട്ടിലേക്കുപോയി.
ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ്, തൊഴിലുടമ ആവശ്യപ്പെട്ട ഡിപ്പോസിറ്റ് നല്‍കാന്‍ മാര്‍ഗ്ഗമില്ലാതെ അവന്‍ വിഷമിച്ചിരുന്ന അവസരമായിരുന്നു അത്. എന്തായാലും കളഞ്ഞുകിട്ടിയ ആ പച്ചനോട്ടുകള്‍ അവന് ഒരു തൊഴില്‍ നേടാന്‍ ഉപകരിച്ചു.
അതിനിടെ റപ്പായേലിന്റെ പണം നഷ്ടപ്പെട്ട വിവരത്തിന് ദൂരെയുള്ള ഒരു പള്ളിവികാരിയുടെ പേരില്‍ പത്രത്തില്‍ പരസ്യം കണ്ടു. അതോടെ പൗലോസിന് കുറ്റബോധമായി. ഡിപ്പോസിറ്റ് തിരിച്ചുവാങ്ങി ജോലി നഷ്ടപ്പെടുത്താനും അവനു മനസ്സുവന്നില്ല.
പണം ഉടനെ തിരിച്ചുകൊടുക്കാനല്ലെങ്കിലും റപ്പായേലിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ പൗലോസ് ഒരുനാള്‍ കിങ്ങിണിപ്പാറയിലേക്കു തിരിച്ചു.
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ ഒരു ഗ്രാമപ്രദേശം. വഴിയോരത്തു നിന്ന പൗലോസിന്റെ മുന്നിലൂടെ ഒരു പശു ഓടിക്കിടച്ച് കടന്നുപോയി. അതിന്റെ പിന്നാലെ സുന്ദരിയായ ലീനയും. ആ പശുവിനെ ഒന്നുപിടിച്ചുകൊടുക്കാന്‍ അവള്‍ അയാളുടെ സഹായം തേടി. തുടര്‍ന്നുള്ള സംഭാഷണ മദ്ധ്യേ റപ്പായേലിന്റെ മകളാണ് അവള്‍ എന്നറിഞ്ഞ പൗലോസ് ഞെട്ടുന്നു. അവള്‍ തന്റെ വിവാഹം മുടങ്ങിയതും പണം നഷ്ടപ്പെട്ടതുമായ കഥകളും അയാളോടു പറയുന്നു.
എന്തായാലും ഒരു പശുവിനെ വാങ്ങാന്‍ വന്നതാണെന്ന നാട്യത്തില്‍ അവന്‍ അവളുടെ വീട്ടിലുംപോയി. ഒരു തുക അഡ്വാന്‍സും നല്‍കി.
അപ്പോള്‍ ശക്തമായ മഴ പെയ്തു. ഒപ്പം ഇടിയും മിന്നലും. പൗലോസിന് ആ രാത്രി അവിടെ അന്തിയുറങ്ങുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. അവന്‍ ആ വീട്ടുകാരുമായി സൗഹാര്‍ദ്ദത്തിലായി. രാവിലെ തന്റെ നാട്ടിലേക്കു മടങ്ങുമ്പോള്‍ ലീനയുടെ രൂപം അവന്റെ മനസ്സില്‍ മായാതെ നില്പുണ്ടായിരുന്നു.
ജോലിയായതോടെ പൗലോസിനും വിവാഹാലോചനകള്‍ വന്നു തുടങ്ങി. വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവന്‍ ഒരു പെണ്ണുകാണലും നടത്തി. പെണ്‍കുട്ടിക്ക് അവനെ ഇഷ്ടവുമായി.
അതേസമയം സ്വപ്നങ്ങള്‍കൊണ്ടു കൊരുത്ത വരണമാല്യവുമായി ലീന അവനുവേണ്ടി കാത്തിരിക്കുകയായിരുന്നു. തന്റെ അധരങ്ങളില്‍ പ്രണയമുദ്ര അര്‍പ്പിച്ചിട്ടുപോയ അവനെക്കുറിച്ച് പിന്നെ വിവരങ്ങളൊന്നും ലഭിക്കാതായപ്പോള്‍ അവള്‍ ഒരു കത്തയച്ചു. തനിക്കൊരു രണ്ടാംകെട്ടുകാരന്റെ വിവാഹാലോചന വന്നെന്നും, പൗലോസ് വന്ന് അതില്‍നിന്ന് രക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുംവരെ ലീന എഴുതി. അതിന് പൗലോസിന്റെ മറുപടി എത്തി. കുറച്ചുനാള്‍കൂടി കാത്തിരിക്കണമെന്നും താന്‍ ലീനയെ മാത്രമേ വിവാഹം കഴിക്കൂ എന്നും അവന്‍ ഉറപ്പു നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൗലോസിന് അവളെ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല.
അതോടെ താറാവുകച്ചവടക്കാരനായ അന്തപ്പന്‍ കേറിയും ഇറങ്ങിയും നടന്ന് ലീനയുമായുള്ള വിവാഹം ഉറപ്പിച്ചു. അയാള്‍ക്ക് സ്ത്രീധനമൊന്നും വേണ്ടത്രെ. വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി മനസ്സമ്മതവും നടത്തി. കാലവര്‍ഷത്തിനു തുടക്കമായി. കിങ്ങിണിയാറ് നിറഞ്ഞൊഴുകുന്നു. ലീനയുടെ വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി. എന്നാല്‍ വിവാഹദിവസം രാവിലെ ലീനയെ കാണാതായി!
കമ്പനി ഉടമയായ മാത്യൂസ് മുതലാളിക്കും ഭാര്യയ്ക്കുമൊക്കെ പൗലോസിനെ വലിയ താല്പര്യമായിരുന്നു. അവരുടെ മകളായ റോസിലിന്‍ ഒരുനാള്‍ അവന്റെ കവിളത്ത് ഒരു പ്രേമമുദ്രയും നല്‍കി.
അപ്പോള്‍ തന്റെ വീട്ടിലെ സാഹചര്യങ്ങള്‍ പൗലോസ് അവളോടു പറഞ്ഞു. അവന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ അവള്‍ സന്നദ്ധയായിരുന്നു.
അപ്പോഴാണ് ലീനയുടെ കടന്നുവരവ്. കല്യാണനാളില്‍ വീടുവിട്ട അവള്‍ ആദ്യം ആത്മഹത്യക്കാണ് ശ്രമിച്ചതെങ്കിലും പിന്നീട് താന്‍ മോഹിച്ച പുരുഷനെ തേടിയിറങ്ങുകയായിരുന്നു. പൗലോസ് ഇനിയും കൈവിട്ടാല്‍ താന്‍ ചത്തുകളയുമെന്നും അവള്‍ കണ്ണീരോടെ പറഞ്ഞു.
റോസിലിനോട് അതു തന്റെ സഹോദരി ലീലാമ്മയാണെന്ന് അവന്‍ കള്ളം പറഞ്ഞു. അതോടെ റോസിലിന്‍ നിര്‍ബന്ധിച്ച് അവളെ തങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു.
താന്‍ പൗലോസിനെ പ്രണയിക്കുന്ന വിവരം റോസിലിന്‍ തന്റെ മാതാപിതാക്കളെ അറിയിച്ചു. അവര്‍ക്കും ആ ബന്ധത്തില്‍ എതിര്‍പ്പില്ലായിരുന്നു. അതോടെ പൗലോസിന് ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ദ്ധനവും ഉണ്ടായി. താമസിക്കാന്‍ ബംഗ്ലാവും കമ്പനിയില്‍ കൂടുതല്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.
ഓഫീസ് ആവശ്യത്തിന് പൗലോസ് പുറത്തേക്കു പോയിരുന്ന സമയത്ത് അവന്റെ പിതാവ് കൊച്ചുതൊമ്മി ആശാന്‍ അവിടെ എത്തി. മാത്യൂസ് മുതലാളിയുമായി പരിചയപ്പെട്ടു. പൗലോസിന്റെ സഹോദരിയുടെ വിവാഹത്തിന് സാമ്പത്തികസഹായം നല്‍കാമെന്ന് മുതലാളി പറഞ്ഞു. കൂടാതെ റോസിലിനും പൗലോസുമായുള്ള വിവാഹം നടത്തുന്ന കാര്യവും അയാള്‍ പറഞ്ഞു.
അതിനു പിന്നാലെ കൊച്ചുതൊമ്മിയുടെ മകള്‍ ഇവിടെയുണ്ടെന്നു പറഞ്ഞ് അയാള്‍ ലീനയെ വരുത്തി. അവര്‍ പരസ്പരം തിരിച്ചറിഞ്ഞില്ല. അതോടെ അവള്‍ സഹോദരിയാണെന്നു പറഞ്ഞ് പൗലോസ് തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് മാത്യൂസ് മുതലാളിക്കു മനസ്സിലായി.
അതോടെ ലീന സത്യം മുഴുവന്‍ തുറന്നു പറഞ്ഞു. ക്ഷുഭിതനായ മാത്യൂസ് കള്ളന്മാരാണെന്നും പറഞ്ഞ് ലീനയെയും കൊച്ചുതൊമ്മിയെയും ഒരു മുറിയിലിട്ടു പൂട്ടിയിട്ട് പോലീസില്‍ വിവരമറിയിച്ചു. അതിനിടയിലേക്കാണ് പുറത്തു പോയിരുന്ന പൗലോസ് വന്നുകയറുന്നത്. കണ്ടപാടെ കൊച്ചുതൊമ്മി മകന്റെ കരണത്തിനിട്ട് ഒന്നു പൊട്ടിച്ചു. ഇതിനിടെ പോലീസും എത്തി. റോസിലിന്റെ അഭ്യര്‍ത്ഥനമാനിച്ച് കേസും അറസ്റ്റുമൊക്കെ ഒഴിവാക്കപ്പെട്ടു.
മാത്യൂസ് മുതലാളി പൗലോസിനെയും കൊച്ചുതൊമ്മിയെയുമൊക്കെ ആ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ലീന പൗലോസിനൊപ്പം ചെന്നാല്‍ കൊന്നു കളയുമെന്ന് കൊച്ചുതൊമ്മി ഭീഷണിപ്പെടുത്തി. നിരാലംബയായ അവള്‍ എന്തുചെയ്യേണ്ടുവെന്നറിയാതെ പകച്ചുനിന്നു.
അങ്ങകലെ കിങ്ങിണിപ്പുഴ പല പ്രാവശ്യം തെളിഞ്ഞും കലങ്ങിയും ഒഴുകി. ലീന ആറ്റില്‍ ചാടി മരിച്ചതാണെന്ന് അവളുടെ വീട്ടുകാരും നാട്ടുകാരുമെല്ലാം വിശ്വസിച്ചു. രാത്രികാലങ്ങളില്‍ തോട്ടിറമ്പില്‍ അവളുടെ പ്രേതത്തെ കണ്ടവര്‍ പോലുമുണ്ടത്രെ!
ഇതിനിടെ ലീനയെ വിവാഹം കഴിക്കാനിരുന്ന അന്തപ്പന് ഒരു രഹസ്യ ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നുവെന്നു തെളിഞ്ഞു. അയാള്‍ അവരെ ഒപ്പം താമസിപ്പിക്കാന്‍ നിര്‍ബ്ബന്ധിതനായി.
മകളെ നഷ്ടപ്പെട്ട റപ്പായിയുടെ മദ്യപാനം ഏറി. രാത്രിയില്‍ ആറ്റിന്‍കരയിലിരുന്ന് മകളെ ഓര്‍ത്ത് അയാള്‍ വിലപിക്കും.
ഒരു രാത്രിയില്‍ ചിരുത റപ്പായിയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച ലീന പടികയറി വരുന്നു. പ്രേതമണെന്നു കരുതി പേടിച്ച് അവള്‍ ബോധംകെട്ടുവീണു. ശോശാമ്മയും തെറതിയുമൊക്കെ ലീനയെ കണ്ട് ഞെട്ടിവിറച്ചു. ലീന അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതോടെ പ്രേതമല്ലെന്നു ശോശാമ്മയ്ക്കു മനസ്സിലായി.
സംഭവമറിഞ്ഞ് നാട്ടുകാരൊക്കെ ഓടിക്കൂടി. താന്‍ മാത്യൂസ് മുതലാളിയുടെ കാറില്‍ ആറ്റിനക്കരെ വരെ എത്തിയ സംഭവങ്ങള്‍ ലീന വിവരിച്ചു.
മാത്യൂസ് പൗലോസിനെ ജോലിയില്‍ നിന്നു പിരിച്ചവിട്ടതോടെ അവന്‍ കൊടുത്ത ഡിപ്പോസിറ്റ് തുകയും തിരിച്ചു കിട്ടി. തനിക്ക് കളഞ്ഞുകിട്ടിയ ആ പണം യഥാര്‍ത്ഥ ഉടമയായ ലീനയുടെ വീട്ടുകാര്‍ക്കു തിരിച്ചു കൊടുക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു.
മാത്യൂസ് തന്റെ മകളെ യോഗ്യനായ ഒരു ചെറുപ്പക്കാരന് വിവാഹം ചെയ്തയച്ചു.
പണം മടക്കിക്കൊടുക്കാന്‍ ലീനയുടെ വീട്ടിലേക്കു പോയത് കൊച്ചുതൊമ്മിയാണ്. പറമ്പുവിറ്റു മകളെ വിവാഹം കഴിപ്പിക്കാന്‍ വച്ചതുക കളഞ്ഞുപോയതു മുതലുള്ള ചരിത്രം മുഴുവന്‍ അറിഞ്ഞപ്പോള്‍ അയാളും ചില തീരുമാനങ്ങളെടുത്തു.
പിന്നെ അയാള്‍ വന്നത് പൗലോസിനെയും കൂട്ടിക്കൊണ്ടാണ്. തനിക്കു കളഞ്ഞുകിട്ടിയ പണം അവന്‍ തന്നെ റപ്പായിച്ചേട്ടന്റെ കൈകളില്‍ മടക്കി നല്‍കി.
ആ പണവും തന്റെ മകള്‍ ലീനയുടെ കരവും റപ്പായിച്ചേട്ടന്‍ സുഭഗനായ ആ ചെറുപ്പക്കാരന്റെ കരങ്ങളിലും ഏല്പിക്കുന്നു. ലീനയെയും പൗലോസിനെയും യോജിപ്പിക്കാന്‍ ദൈവം കണ്ടുപിടിച്ച ഓരോ വഴികള്‍.
Read also: https://emalayalee.com/writer/285