ഇത്തവണ അമേരിക്കയില്‍നിന്നു നാട്ടിലെത്തിയപ്പോള്‍ ഒരു യാത്ര പത്തനംതിട്ടയിലെ ഇലന്തൂര്‍ എന്ന ഗ്രാമത്തിലേക്കായിരുന്നു. പത്തനംതിട്ടയില്‍ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇലന്തൂരിലേക്ക് ആദ്യമായിരുന്നു. അമേരിക്കയിലെ ഞങ്ങളുടെ വീട്ടില്‍ ഇരുപതു വര്‍ഷത്തോളം താമസിച്ചിരുന്ന തങ്കമ്മച്ചേച്ചിയുടെ വീടന്വേഷിച്ചുള്ള യാത്രയായിരുന്നു അത്. ദീര്‍ഘമായ അമേരിക്കന്‍വാസത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് അനാരോഗ്യം മൂലം തങ്കമ്മച്ചേച്ചി സ്വന്തം നാടായ ഇലന്തൂരിലേക്കു പോയത്.
തങ്കമ്മച്ചേച്ചിക്ക് അമേരിക്കയില്‍ മക്കളും കൊച്ചുമക്കളുമൊന്നുമില്ലാത്തതുകൊണ്ട് ഒരു തിരിച്ചുപോക്ക് അനിവാര്യമായിരുന്നു. അകന്ന ബന്ധുക്കളില്‍ച്ചിലര്‍ അമേരിക്കയിലുണ്ടെങ്കിലും അവരാരും തങ്കമ്മച്ചേച്ചിയുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അമേരിക്കയില്‍ വര്‍ഷങ്ങളോളം താമസിച്ചു പൗരത്വമെടുത്തിട്ടും തിരിച്ചുപോകേണ്ടിവരിക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. വര്‍ഷങ്ങളോളം വീട്ടില്‍, ഞങ്ങളോടൊപ്പം മക്കളെയും കൊച്ചുമക്കളെയും നോക്കിവളര്‍ത്തിയ ചേച്ചിയെ നാട്ടിലെത്തുമ്പോള്‍ വീട്ടില്‍പ്പോയി കാണുകയും സുഖസൗകര്യങ്ങളന്വേഷിക്കുകയും ചെയ്യുക എന്നത് ഒരു സാമാന്യമര്യാദയാണ്.
പോകാന്‍ തീരുമാനിച്ച ദിവസം, എന്റെ സ്ഥിരം ഡ്രൈവറായ പ്രസാദിനെ ഫോണില്‍ വിളിച്ചുപറഞ്ഞു:
'നമുക്ക് ഇലന്തൂര്‍വരെ ഒന്നു പോകണം.'
തങ്കമ്മച്ചേച്ചിയെപ്പറ്റി നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് പ്രസാദിനു കാര്യം മനസ്സിലായി. അവന്‍ കാറുമായി വന്നു.
'ഇലന്തൂര്‍ എവിടെയാണെന്നറിയാമോ' എന്നു ഞാന്‍ ചോദിച്ചു.
പ്രസാദിനറിയാമായിരുന്നെങ്കിലും അതു പറയാതെ എന്നോടൊരു മറുചോദ്യം ചോദിച്ചു:
'എന്തിനറിയണം? ഇപ്പോള്‍ എല്ലാം ഗൂഗിള്‍ മാപ്പിലല്ലേ?!'
ഞാനതു മറന്നിരുന്നു. ഗൂഗിള്‍ മാപ്പു നോക്കി, പുതിയ വിസ്തൃതമായ പുനലൂര്‍ ഹൈവേ വഴി ഞങ്ങള്‍ പൊന്‍കുന്നത്തുനിന്നു യാത്ര തിരിച്ചു. മണിമല, റാന്നിവഴി പത്തനംതിട്ടയില്‍ വേഗത്തിലെത്തിയെങ്കിലും ഇലന്തൂര്‍ക്കുള്ള പരിചയമില്ലാത്ത കൊച്ചു റോഡുവഴിയുള്ള യാത്ര അല്‍പ്പം പതുക്കെയായിരുന്നു. അവിടെ ഒരു കവലയിലെത്തിയെപ്പോള്‍ ആകെയൊരങ്കലാപ്പ്! സാധാരണ കവലകളില്‍ കാണാറുള്ള പതിവു കാഴ്ചകളായ പെട്ടിക്കടയോ കടയുടെ വാതില്‍ക്കല്‍ കൊച്ചുവര്‍ത്തമാനം പറയുന്ന ആളുകളോ തെങ്ങിനു ചുറ്റുമിരുന്നു ചെവിയില്‍ കുണുക്കുവച്ചു കളിക്കുന്ന ചീട്ടുകളിസംഘങ്ങളോ ഒന്നുമില്ലായിരുന്നു!
അമേരിക്കയിലെപ്പോലെ വീട്ടുനമ്പരൊന്നും വിലാസത്തിലില്ലാത്തതുകൊണ്ട് വീട്ടുപേരു മാത്രമാണ് ഒരാശ്രയം. ഗൂഗിള്‍ മാപ്പില്‍ എത്ര തെരഞ്ഞിട്ടും അതു കണ്ടുകിട്ടുന്നുമില്ല. ഗ്രാമത്തിലൂടെയുള്ള കൊച്ചുകൊച്ചു റോഡുകളിലൂടെ കുറേനേരം ചുറ്റിക്കറങ്ങി. എന്നെ അതിശയിപ്പിച്ചത്, ഒന്നു വഴി ചോദിക്കാന്‍ ഒരു മനുഷ്യനെപ്പോലും റോഡിലെങ്ങും കാണാനില്ല എന്നതാണ്! ഒടുവില്‍ ഞാന്‍ പ്രസാദിനോടു കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ആരെങ്കിലും വഴിപോക്കര്‍ വരുമോ എന്നു പരീക്ഷിക്കുകയായിരുന്നു ഉദ്ദേശ്യം. പ്രസാദ് വണ്ടി റോഡരികിലേക്ക് ഒതുക്കിനിര്‍ത്തി. അര മണിക്കൂര്‍ അങ്ങനെ കിടന്നപ്പോള്‍, പ്രതീക്ഷിച്ചതുപോലെ, ദൂരെനിന്ന് സഞ്ചിയൊക്കെപ്പിടിച്ചു രണ്ടു പേര്‍ നടന്നുവരുന്നു. 'കണ്ടോ, ഇപ്പോള്‍ എന്റെ ബുദ്ധി എങ്ങനെയിരിക്കുന്നു' എന്ന അഹങ്കാരത്തോടെ ഞാന്‍ പ്രസാദിനെ നോക്കി.
'ഓ! രക്ഷപ്പെട്ടു' എന്ന് അവനും പറഞ്ഞു. പാന്റ്‌സും ടീ ഷര്‍ട്ടുമാണു വേഷമെങ്കിലും ഏതോ കൂലിപ്പണിക്കാരാണെന്ന് അടുത്തുവന്നപ്പോള്‍ മനസ്സിലായി. അവരോട് പേരും വീട്ടുപേരും പറഞ്ഞു വഴി ചോദിച്ചു. അവര്‍ അന്തംവിട്ട് ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കിയശേഷം കൂസലില്ലാതെ പറഞ്ഞു:
'മലയാളം നഹീ മാലും!'
അങ്ങനെ എന്റെ ആദ്യത്തെ അടവു പിഴച്ചു! വീണ്ടും മുന്നോട്ടു പോയപ്പോള്‍, പണക്കാരന്റേതെന്നു തോന്നിക്കുന്ന ഭംഗിയുള്ള ഒരു വീടു കണ്ടു. അത്തരം ഒരുപാടു വീടുകള്‍ വരുന്നവഴി കണ്ടിരുന്നെങ്കിലും ഈ വീടിനു മുന്നില്‍ വണ്ടി നിര്‍ത്താന്‍ ഞാന്‍ പ്രസാദിനോടു പറഞ്ഞു.
'ആളനക്കമുള്ള വീടാണ്. അതുകൊണ്ട് വീട്ടില്‍നിന്ന് ആരെങ്കിലും ഇറങ്ങിവരാതിരിക്കില്ല' എന്നു പ്രസാദ് പറഞ്ഞു. ചിമ്മിനിയിലൂടെ പുക വരുന്നതു കണ്ടതുകൊണ്ട് ഞാനും അങ്ങനെ കരുതി. അക്ഷമരായി കുറേനേരം കാത്തുനിന്നപ്പോള്‍ ഒരു വീട്ടമ്മയും ഏതാണ് എട്ടോ ഒന്‍പതോ വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുംകൂടി, പുറത്തിറങ്ങി ഗരാജിലിരിക്കുന്ന സ്‌കൂട്ടറെടുക്കാന്‍ വന്നു. ഉടന്‍തന്നെ ഞാന്‍ വണ്ടിയില്‍നിന്നിറങ്ങി ആ സ്ത്രീയോടു വിശദമായി കാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ടു മറുപടി നല്‍കി:
'ഓ... ആ അമേരിക്കയില്‍നിന്നു വന്ന അമ്മച്ചിയല്ലേ... എനിക്കറിയാം. ഞാനാ വഴിക്കാ... എന്റെ പുറകേ പോരൂ...'
ആ അമ്മയും മകളുംകൂടി ഞങ്ങളുടെ മുമ്പേ പൈലറ്റായി സഞ്ചരിച്ചു. പ്രസാദ് ശ്രദ്ധാപൂര്‍വം ആ കൊച്ചു റോഡിലൂടെ ഓടിച്ചു. കുറേദൂരം അങ്ങനെ പോയപ്പോള്‍ ഒരു കനാല്‍റോഡ് കണ്ടു. അവിടെ ആ സ്ത്രീ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങിവന്ന്, കനാല്‍റോഡിന്റെ അങ്ങേയറ്റത്തേക്കു ചൂണ്ടിക്കാണിച്ചു പറഞ്ഞു:
'ദേ, ഈ കനാല്‍റോഡിലൂടെ നേരേ പോയാല്‍ വഴി തിരിയുന്ന കവലയില്‍ ഇടതുവശത്തുള്ള വീടാണ് തങ്കമ്മച്ചേച്ചിയുടേത്.'
അവര്‍ക്കു നന്ദിപറഞ്ഞ്, വലിയൊരു കാര്യം സാധിച്ചമട്ടില്‍ ഞങ്ങള്‍ മുമ്പോട്ടുപോയി.
വീടിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ അഞ്ചാറു ചെറുപ്പക്കാര്‍ കനാലിന്റെ തീരത്തും റോഡിലുമൊക്കെനിന്നു ഫോട്ടോയെടുക്കുന്നു. കൂടെ പുതുപുത്തന്‍ മന്ത്രകോടിയൊക്കെയുടുത്ത, കാണാന്‍ ചന്തമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. കല്ല്യാണം കഴിഞ്ഞു ഫോട്ടോയെടുക്കാന്‍ കൂട്ടുകാരുമൊത്തു കനാല്‍ത്തീരത്തെത്തിയതാണ്.
അങ്ങനെ ആദ്യമായി അവിടെ കുറേ മനുഷ്യരെ കണ്ടതിലുള്ള സന്തോഷത്തില്‍ ഞാന്‍ കാറില്‍നിന്നിറങ്ങി. അവരെന്നെ തിരിച്ചറിഞ്ഞു എന്ന് അവരുടെ പരിചയഭാവത്തിലുള്ള ചിരിയില്‍നിന്നു മനസ്സിലായി. അതിലൊരു പയ്യന്‍ അടുത്തുനിന്നവരോടു പരിചയപ്പെടുത്തിയതാണ് എന്നെ അതിശയിപ്പിച്ചത്:
'എടാ, ഇതു നമ്മുടെ അക്കരക്കാഴ്ചയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ റോയ്!'
അവരും പ്രവാസികള്‍തന്നെയാണെന്നു തോന്നി. കല്ല്യാണം കഴിക്കാന്‍ നാട്ടില്‍ വന്നതാവാനാണു സാധ്യത.
'അക്കരക്കാഴ്ച' കണ്ട എട്ടുവയസ്സുള്ള ഒരു കുട്ടി പള്ളിക്കത്തോട്ടിലെ ഒരു കല്ല്യാണപ്പാര്‍ട്ടിയില്‍വച്ച് എന്നെ തിരിച്ചറിഞ്ഞതോര്‍ത്തു. അന്ന് ആ കുട്ടി, 'റിന്‍സിച്ചേച്ചിയുടെ ചേട്ടന്റെകൂടെ ഫോട്ടോയെടുക്കണം' എന്ന് അമ്മയോടു വഴക്കുണ്ടാക്കിയിരുന്നു. ആ പെണ്‍കുട്ടി എന്റെ ഒരു സിനിമപോലും കണ്ടിരിക്കാനിടയില്ല. 'അക്കരക്കാഴ്ച' എന്ന അമേരിക്കന്‍ സിറ്റ്‌കോമിന് ഇത്രയധികം സ്വാധീനം കുട്ടികളില്‍പ്പോലും ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നി.
മണവാളന്‍ ചെറുക്കന്‍ പറഞ്ഞു:
'എടാ, ഇതു തമ്പി ആന്റണിയാ! ബാബു ആന്റണിയുടെ ചേട്ടന്‍, സിനിമാനടന്‍!'
അവര്‍ ഞാനഭിനയിച്ച രണ്ടുമൂന്നു സിനിമകളുടെ പേരും ഓര്‍ത്തെടുത്തു. തുടര്‍ന്ന് അവരോടൊപ്പം ചേര്‍ന്നുനിന്ന് കുറേ ഫോട്ടോകളെടുത്തു.
അവര്‍ യാത്ര പറഞ്ഞപ്പോഴേക്കും വഴിവക്കിലെ പതിവില്ലാത്ത ആളനക്കങ്ങളും സംസാരങ്ങളും കേട്ടിട്ടായിരിക്കണം തങ്കമ്മച്ചേച്ചിയുടെ വീട്ടില്‍നിന്ന് ഒരാളിറങ്ങിവന്നു. ചേച്ചിയുടെ കൊച്ചുമകനാണെന്നു പറഞ്ഞു. ആഗമനോദ്ദേശ്യമറിയിച്ചപ്പോള്‍ ഞങ്ങളെ അയാള്‍ സന്തോഷപൂര്‍വം അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
എന്റെയാ അപ്രതീക്ഷിതസന്ദര്‍ശനം തങ്കമ്മച്ചേച്ചിക്കു സന്തോഷത്തിന്റെ ഒരു ദിവസം നല്‍കി. മരുമകളുണ്ടാക്കിയ ചായയുംകുടിച്ച്, ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തങ്കമ്മച്ചേച്ചിയുടെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു.
ഷെയ്ക്‌സ്പിയര്‍ പറഞ്ഞതുപോലെ, 'ലൈഫ് ഈസ് ഫുള്‍ ഓഫ് മീറ്റിംഗ്‌സ് ആന്‍ഡ് പാര്‍ട്ടിംഗ്‌സ്'! അല്ലെങ്കിലും ഇനിയൊരു കൂടിക്കാഴ്ചയുണ്ടാകുമോ എന്നൊരുറപ്പുമില്ലല്ലോ!
പത്തനംതിട്ടയിലെ ഈ വിജനതയെപ്പറ്റി ശശി തരൂരിന്റെ ഒരു പ്രസംഗം യൂ ട്യൂബില്‍ കേട്ടപ്പോഴാണ് എനിക്കുണ്ടായ അനുഭവവും എഴുതണമെന്നു തോന്നിയത്. പത്തനംതിട്ടയില്‍ മാത്രമല്ല, കേരളം മുഴുവനുമുള്ള ഗ്രാമങ്ങളുടെ ഭാവിയിലെ അവസ്ഥ ഇതൊക്കെത്തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.
'മലയാളികളുടെ വംശനാശം' എന്നൊരു ലേഖനം മൂന്നു വര്‍ഷം മുമ്പു ഞാന്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു ജനവിഭാഗത്തിന്റെ നിലനില്‍പ്പിനു കുട്ടികളുടെ ജനനനിരക്ക് രണ്ടില്‍ കൂടുതലുണ്ടായിരിക്കണം. കേരളത്തില്‍ എല്ലാ വിഭാഗങ്ങളുംകൂടി നോക്കിയാല്‍ ശരാശരി രണ്ടില്‍ താഴെയാണ് എന്നതാണു ഭയാനകം. ഭാവിയില്‍ സ്‌കൂളുകളും കോളേജുകളുംപോലും അടച്ചിടേണ്ട സാഹചര്യമുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
നാല്‍പ്പതു ലക്ഷത്തിലധികം അതിഥിത്തൊഴിലാളികള്‍ എത്തിയതുകൊണ്ടു മാത്രമാണ് കേരളത്തിലെ ജനസംഖ്യ കുറയുന്നതു നമ്മള്‍ അറിയാതെപോകുന്നത് എന്നോര്‍ക്കണം.
തങ്കമ്മച്ചേച്ചി മാത്രം ജോലിക്കാരിയായിരുന്നതുകൊണ്ട് ആരെയും അമേരിക്കയില്‍ കൊണ്ടുപോയില്ല. അതുകൊണ്ടായിരിക്കണം, വീട്ടില്‍ മക്കളും കൊച്ചുമക്കളുമൊക്കെയായി ഒരു കൂട്ടുകുടുംബമായി അവര്‍ കഴിയുന്നത്. ഇതൊക്കെ ഇന്നു കേരളത്തിലെ അപൂര്‍വമായ കാഴ്ചകളാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം?!