Image

എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-1: നീനാ പനയ്ക്കല്‍)

Published on 03 April, 2024
എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-1: നീനാ പനയ്ക്കല്‍)

മുന്‍കൂറി

ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയായിലെ ഒരു കോര്‍ ലാബിലേക്ക് റിസേര്‍ച്ച് അസിസ്റ്റ്ന്റ്  തസ്തികയിലേക്ക് എന്നെ ഇന്റര്‍വ്യൂ ചെയ്ത് തെരഞ്ഞെടുത്തത് പതോളജി ലാബ് ഡയറക്ടറായ ഡോക്ടര്‍ ബ്രൂസ് പവേല്‍ ആയിരുന്നു. ഇടയ്ക്കിടെ അദ്ദേഹം  തന്റെ മെയിന്‍ ഓഫീസില്‍ നിന്നുമിറങ്ങി ഞങ്ങളുടെ ലാബ് സന്ദര്‍ശിക്കും.
അത്തരമൊരു സന്ദര്‍ശനവേളയില്‍ ഞാന്‍ കഥകളും നോവലുകളും എഴുതുമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: എന്റെ മമ്മായും ഒരു പുസ്തകം എഴുതിയിട്ടുണ്ട്.'
ഇംഗ്ലീഷിലെഴുതിയതാണോ? എനിക്ക് വായിക്കാന്‍ ആഗ്രഹമുണ്ട്' ഞാന്‍ പറഞ്ഞു.
പിറ്റേന്നു തന്നെ അദ്ദേഹം എനിക്ക് പുസ്തകം കൊണ്ടുവന്ന് തന്നു.
'എപ്പോള്‍ തിരികെ വേണം?' ഞാന്‍ ചോദിച്ചു.
'നോ. യു ക്യാന്‍ ഹാവ് ഇറ്റ്.'
'താങ്ക്യൂ ഡോക്ടര്‍ പവേല്‍.'
ഉര്‍സുല പവേല്‍ എഴുതിയ ആ പുസ്തകത്തിന്റെ പേര് മൈ ചൈല്‍ഡ് ഈസ് ബാക്ക് ' എന്നായിരുന്നു(എന്റെ കുട്ടി തിരികെ വ്ന്നു). ലഞ്ച് ടൈമില്‍ ഞാ്ന്‍ ആ പുസ്തകം തുറന്നു നോക്കി.
THE LIBRARY OF HOLOCAUST TESTIMONIES-MY CHILD IS BACK
അയ്യോ!! കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എറിയപ്പെട്ട യുവതിയോ ഡോക്ടര്‍ പവേലിന്റെ മമ്മ? എന്റെ ഈശോയേ!!
കോണ്‍സന്‍ട്രേഷന്‍ ക്യാ്മ്പില്‍ നരകമനുഭവിച്ച പലരുടെയും ലേഖനങ്ങളും പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എങ്കിലും അതെഴുതിയ ഒരാളെ നേരിട്ടു കാണാന്‍ ഇടയായപ്പോള്‍(ഡോ.പവേല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച്, ഒരു വേനല്‍ക്കാലത്ത് ലാബ് ജീവനക്കാര്‍ക്കു വേണ്ടി മാത്രം ഒരു പാര്‍ട്ടി നടത്തി. അവിടെ അദ്ദേഹത്തിന്റെ മമ്മയെ ഞാന്‍ കണ്ടു, ശാന്ത പ്രകൃതനായ ഡോക്ടര്‍ പവേലിന്റെ അതേ മുഖഛായയില്‍) എനിക്ക് സന്തോഷവും അത്ഭുതവും തോന്നി.
ജര്‍മ്മന്‍ ഭാഷയും, പേരുകളുടെ ഉച്ചാരണവും അറിയില്ലെങ്കിലും ആ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായി. ഒപ്പം ഭയവും. ഞാന്‍ വീണ്ടും പുസ്തകമെടുത്ത് പലതവണ വായിച്ചു.
ഈ ഭാഷാന്തരം മിസ്സിസ് പവേലിനോടു ചെയ്യുന്ന ഒരു കടുംകൈ ആയിപ്പോയി എന്ന് വായനക്കാര്‍ക്ക് തോന്നാതിരുന്നാല്‍ ഞാന്‍ ജയിച്ചു. 2000-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം 2002-ലും 2007-ലും 2008- ലും അച്ചടിച്ച് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകരോട്  പുസ്തകം മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷത്തോടെ സമ്മതിച്ചു എന്ന് ഡോക്ടര്‍ പവേല്‍ എനിക്കയച്ച ഈ -മെയിലില്‍ പറയുന്നു. ആദ്യമായാണ് അവരുടെ ഒരു പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് എന്നും അവര്‍ പറഞ്ഞത്രേ!
ഞാന്‍ വിവര്‍ത്തനം ആരംഭിക്കയാണ്. എന്റെ ശ്രമം അവിവേകം ആവില്ല എന്ന ആശയോടെ,
സ്‌നേഹം, നന്ദി ഡോക്ടര്‍ പവേല്‍
നീന പനയ്ക്കല്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ഭാഗം-1

കുടുംബം

ഞാന്‍ ജനിച്ചത് 1926-ല്‍ ജര്‍മനിയിലുള്ള ഡോര്‍ട്ട്മണ്ട് എന്ന സ്ഥലത്താണ്. പ്രസിദ്ധനായ പ്രസവശുശ്രൂഷാവിദഗ്ധന്‍ എന്റെ ജനനസമയത്ത് നന്നായിത്തന്നെ മദ്യപിച്ചിരുന്നു എന്ന് പിന്നീട് ആരോ പറഞ്ഞ് ഞാന്‍ കേട്ടു. എന്നിട്ടും വലിയ പരിക്കുകളൊന്നും കൂടാതെ മമ്മായും ഞാനും രക്ഷപ്പെടുകയാണുണ്ടായത്. മാതാപിതാക്കള്‍ എനിക്ക് ഉര്‍സുല എന്നു പേരിട്ടു.
ഒരു നല്ല ശൈശവം ആയിരുന്നു എന്റേത്. നാസി കാലഘട്ടത്തിലെ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ പോലും എന്റെ ജീവിതം സന്തോഷകരമായിരുന്നു; അതായത് എന്നെപ്പോലെയുള്ള ഒരു യഹൂദപെണ്‍കുട്ടിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും സന്തോഷകരമായ ജീവിതം. എന്റെ മാതാപിതാക്കള്‍ എന്നെ യഹൂദാമതാനുസാരിയായിട്ടാണ് വളര്‍ത്തിയത്. എന്റെ മമ്മാ ഒരു ക്രിസ്തീയ കുടുംബത്തില്‍ നിന്നുമാണ് വന്നിരുന്നതെങ്കിലും പപ്പായുടെ മതപ്രകാരമാണ് അവരെന്നെ വളര്‍ത്തിയത്. നാസി പീഡനകാലം വന്നപ്പോഴും ഞാന്‍ കരുത്തോടെ ഒരു യഹൂദപെണ്‍കുട്ടിയായിത്തന്നെ ജീവിച്ചു. മതപരമായ സ്വാധീനം എന്റെ മാതാപിതാക്കളില്‍ നിന്നും ഒരിക്കലും ഉണ്ടായില്ല.
നാസി പീഡനം ജാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ. ജാതിപരമായി ഞാന്‍ പകുതി യഹൂദമതക്കാരി മാത്രമായിരുന്നെങ്കിലും ഒരു മുഴു യഹൂദക്കുട്ടിയായി മാത്രമെ ഞാന്‍ സ്വയം കരുതിയിരുന്നുള്ളു. എല്ലാ യഹൂദര്‍ക്കും 'ഇസ്രായേല്‍' എന്നോ 'സാറ' എന്നോ അവരുടെ പേരിന്റെ മധ്യത്തില്‍ ചേര്‍ക്കണമായിരുന്നു എന്നതും മഞ്ഞ നിറത്തിലുള്ള 'ദാവീദിന്റെ നക്ഷത്ര' ചിഹ്നം പുറം കുപ്പായത്തില്‍ തുന്നിച്ചേര്‍ത്ത് അണിയണമായിരുന്നു എന്നതും അസാധാരണമായി എനിക്ക് തോന്നിയില്ല.
എന്റെ പപ്പായും മമ്മായും വ്യാപാരികള്‍ ആയിരുന്നു. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ വെസ്റ്റ് ഫാലിയായില്‍ ഹാഗന്‍ എന്ന പട്ടണത്തില്‍ വച്ചാണ് അവര്‍ പരസ്പരം കാണുന്നത്. രണ്ടുപേരും ലെസേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലേക്ക് ചരക്കുകള്‍ വാങ്ങുന്നവരായിരുന്നു.
എന്റെ മമ്മ 1894-ല്‍ ഡോര്‍ട്ട്മണ്ടില്‍ ജനിച്ചു. നാസായുടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ മമ്മാ വ്യാപാരത്തില്‍ പരിശീലനം നേടിയിരുന്നു. ജോസഫ് - എലിസബത്ത് ഷ്‌നൈഡര്‍ ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഒരാളായിരുന്നു എന്റെ മമ്മാ (അവരില്‍ നാലുപേര്‍ ശിശുപ്രായത്തിലേ മരിച്ചു പോയിരുന്നു.) എന്റെ മമ്മായുടെ മാതാവ് എലിസബത്ത് ഷ്‌നൈഡര്‍ 1868-ല്‍ ഗ്രിബെന്‍സ്റ്റീനില്‍ കാസ്സല്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. അവരുടെ പപ്പാക്ക് തടിയുരുപ്പടികള്‍ നിര്‍മ്മിക്കുന്ന ഒരു കട സ്വന്തമായി ഉണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹം ശ്രവണമധുരമായി ഫിഡില്‍ വായിക്കുകയും ചെയ്യുമായിരുന്നു. യുവതിയായിരുന്നപ്പോള്‍ ഡോര്‍ട്ട്മണ്ടില്‍ തന്നെയുള്ള ഒരു ആന്റിയുടെ പലചരക്കുകടയില്‍ സഹായിക്കാന്‍ ഗ്രാന്‍ഡ്മാ പോകുമായിരുന്നു. ആ പലചരക്കുകടയിലെ ഒരു പറ്റുവരവുകാരനായിരുന്നു യൂട്ടിലിറ്റിപ്ലാന്റ് എന്‍ജിനീയറും, യാത്രകള്‍ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നയാളുമായ ജോസഫ് ഷ്‌നൈഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചുകാരനായ അദ്ദേഹം യാത്രകള്‍ക്കിടയില്‍ ഡോര്‍ട്ട്മണ്ടിലെത്തുകയും എലിസബത്തിനെ പരിചയപ്പെടുകയും ചെയ്തു. എലിസബത്തിനോട് അദ്ദേഹത്തിന് സ്‌നേഹമായി. പക്ഷെ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച തനിക്ക് പ്രൊട്ടസ്റ്റന്റ്കാരിയായ എലിസബത്തിനെ വിവാഹം കഴിക്കാന്‍ ഒരിക്കലും സാധിക്കില്ല എന്നറിയാവുന്ന അദ്ദേഹം അക്കാര്യം പുറത്തു പറഞ്ഞില്ല.
ഷ്‌നൈഡര്‍ കുടുംബം നൂറുശതമാനം 'ആര്യന്മാര്‍' ആണെന്നതിന് നാസികള്‍ മക്കളില്‍ നിന്ന് തെളിവു ചോദിച്ചില്ലായിരുന്നുവെങ്കില്‍ ഗ്രാന്‍ഡ്പായുടെ കുടുംബ പശ്ചാത്തലം ആരും അറിയുമായിരുന്നില്ല. 1938-ല്‍ സൂറിച്ചില്‍ നിന്നും രേഖകള്‍ വന്നപ്പോള്‍ അദ്ദേഹം ഒരു കത്തോലിക്കനാണെന്ന് തെളിഞ്ഞു. പക്ഷെ അപ്പോഴേക്കും അദ്ദേഹം മരിച്ചു കഴിഞ്ഞിരുന്നു.
എന്റെ പപ്പാ ഓട്ടോ ലെന്നിബര്‍ഗ് 1899-ല്‍ ഡ്യൂസല്‍ഡോര്‍ഫില്‍ ജനിച്ചു. അഡോള്‍ഫ് ലെന്നിബര്‍ഗിന്റേയും അമാലി ലെന്നിബര്‍ഗിന്റേയും അഞ്ചാമത്തെ പുത്രനായിരുന്നു അദ്ദേഹം. അഡോള്‍ഫും അമാലിയും അകന്ന കസിന്‍സ് ആയിരുന്നു.
തലമുറകളായി ലെന്നിബര്‍ഗ് കുടുംബം ജര്‍മ്മനിയില്‍ സ്ഥിരവാസം ചെയ്തിരുന്നു. കറതീര്‍ന്ന യഹൂദര്‍. എന്റെ ഗ്രാന്‍പായുടെ മരണശേഷമാണ് ഞാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു എന്നും ആ ഓപ്പറേഷന്‍ അനാവശ്യമായിരുന്നു എന്നും ഞാന്‍ വൈകിയാണറിഞ്ഞത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചിറങ്ങുമായിരുന്ന ഞാന്‍ (Nosy) ഗ്രാന്‍ഡ്പായുടെ ബെഡ്‌റൂമിലെ ക്ലോസറ്റില്‍ ഒളിപ്പിച്ചു വച്ച് കര്‍ട്ടന്‍ കൊണ്ട് മറച്ചിരുന്ന പൊയ്ക്കാല്‍ കണ്ട് സ്തബ്ധയായത് സ്പഷ്ടമായി ഓര്‍ക്കുന്നു.
എന്റെ ഗ്രാന്‍ഡ്മാ അമാലി ലെന്നിബര്‍ഗ് (ഞാനവരെ 'ഓമ' - മുത്തശ്ശി എന്നര്‍ത്ഥം - എന്നാണ് സംബോധന ചെയ്തിരുന്നത്.) 1868-ാണ് ജനിച്ചത്. ഇടത്തരം പൊക്കമുള്ള അവര്‍ തന്റെ നരച്ച മുടി മുറിച്ച് സുന്ദരമാക്കി, രണ്ടായി പകുത്ത് മനോഹരമായ അലങ്കാര ചീപ്പ് ഏതെങ്കിലും വശത്ത് കുത്തുമായിരുന്നു. കറുത്ത കാലുറകളും, ഉയരമില്ലാത്ത കറുത്ത ബട്ടണ്‍ പതിപ്പിച്ച ഷൂസുകളുമാണവര്‍ ധരിച്ചിരുന്നത്. അവരുടെ വസ്ത്രങ്ങള്‍ അയഞ്ഞവയും കറുത്തതോ നരച്ചതോ ആയ നിറങ്ങളിലുള്ളവയും വില കൂടിയവയും ആയിരുന്നു. അവര്‍ അവയില്‍ വിലകൂടിയ ബ്രൂച്ചുകള്‍ കുത്തുമായിരുന്നു. ജീവസ്സുറ്റ കണ്ണുകള്‍ ഉള്ള അവര്‍ ശബ്ദമുയര്‍ത്തുകയോ വികാരങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. മക്കളില്‍ ഇളയവനും ഓമനയുമായ  ഓട്ടോ പ്രോട്ടസ്റ്റന്റുകാരിയായ ലീന ഷ്‌നൈഡറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ ഗ്രാന്‍ഡ്മാ എതിര്‍ത്ത കാര്യം കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒരു 'ഗോട്ടിയെ'യെ (Goyte - യഹൂദാമത വിശ്വാസി അല്ലാത്ത സ്ത്രീ) മകന്‍ വിവാഹം കഴിക്കുന്നതിനെ, പൊങ്ങച്ചക്കാരിയും അല്പയും സാമൂഹികമായി ഉയര്‍ന്നവളെന്ന് സ്വയം വിശ്വസിച്ചിരുന്നവളുമായ അമാലി ലെന്നിബര്‍ഗ് എതിര്‍ക്കുക മാത്രമല്ല, ലീന ഷ്‌നൈഡറേയും അവരുടെ കുടുംബത്തെയും അവിശ്വസിക്കുകയും ചെയ്തു.
ഓമാ ലെന്നിബര്‍ഗിന്റെ മറ്റൊരു മകന്‍ എറിക്ക് വലിയ ഉപായിയായിരുന്നു. ബിസിനസ്സില്‍ സഹായിക്കാനെന്ന വ്യാജേന മമ്മായോടൊപ്പം കയറി താമസിക്കുകയും ഇളയ മകനോടും ഭാര്യയോടും അവര്‍ക്കുള്ള എതിര്‍പ്പുകളെ സാധൂകരിക്കുകയും താനൊരിക്കലും ഓട്ടോയെപ്പോലെ പെരുമാറി മമ്മാക്ക് തീവ്രദുഃഖം വരുത്തുകയില്ലെന്ന് സത്യം ചെയ്ത് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു.
1925-ല്‍ എന്റെ മാതാപിതാക്കള്‍ മമ്മായുടെ ഡോര്‍ട്ട്മണ്ടിലുള്ള ഗൃഹത്തില്‍ വച്ച് വിവാഹിതരായി, ഓമ ലെന്നിബര്‍ഗിന്റെ അനുവാദമില്ലാതെ. ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ ജനിച്ചു. എന്റെ വരവ് ഓമാ ലെന്നിബര്‍ഗിന്റെ മനസ്സിനെ ഒരല്പം അലിയിച്ചു. അവര്‍ എന്നെ കാണാന്‍ വരികപോലും ചെയ്തു. ഓമാ ലെന്നിബര്‍ഗിന് എന്റെ മമ്മായോട് തൊലിപ്പുറത്തെ സ്‌നേഹം മാത്രമായിരുന്നെങ്കിലും പുറമേ നിന്നു കാണുന്നവര്‍ക്ക് അങ്ങനെ തോന്നുമായിരുന്നില്ല.
അങ്കിള്‍ എറിക്ക്, പപ്പായുടെ അവിശ്വസ്തതയെക്കുറിച്ച് ഉചൈസ്തരം ഘോഷിക്കയും എന്റെ മാതാപിതാക്കളുടെ കൂടിച്ചേരലില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമയത്തു തന്നെ യഹൂദാമതാനുസാരിയല്ലാത്ത ഒരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു എന്ന കാര്യം എന്റെ മാതാപിതാക്കളെ കുറച്ചൊന്നുമല്ല മുഷിപ്പിച്ചത്. ആ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് അങ്കിള്‍ എറിക്ക് വാശിപിടിച്ചപ്പോള്‍ ഓമാ ലെന്നിബര്‍ഗ് വിസമ്മതമൊന്നും കാട്ടിയില്ല എന്നു മാത്രമല്ല, മകനെയും മരുമകളെയും തന്നോടൊപ്പം താമസിപ്പിക്കുകയും ബിസിനസ്സ് എറിക്കിന് വിട്ടുകൊടുക്കുകയും ചെയ്തു.
അങ്കിള്‍ എറിക്കിന്റെ ഭാര്യ എര്‍ണ്ണായെ എനിക്ക് ഇഷ്ടമായിരുന്നു. നീണ്ട് മെലിഞ്ഞ് സൗന്ദര്യമുള്ള മുഖവും, തിളങ്ങുന്ന ചര്‍മ്മവും കറുത്ത മുടിയും ഉണ്ടായിരുന്ന അവര്‍ കത്തോലിക്കാ മത വിശ്വാസി ആയിരുന്നതിനാല്‍ ഞായറാഴ്ച കുര്‍ബാന ഒരിക്കലും മുടക്കിയില്ല. എര്‍ണ്ണാ ആന്റിയുടെ  വയറ് എപ്പോഴും ഉന്തി നിന്നിരുന്നതായാണ് എന്റെ ഓര്‍മ്മ. ആന്റിക്ക് എന്നോടും ഇഷ്ടമായിരുന്നു. അവരുടെ ഒരു മകള്‍ക്ക് എന്റെ പേരാണിട്ടത്.
ഓമാ ലെന്നിബര്‍ഗിന്റെ സ്‌നേഹം മുഴുവന്‍ കസിന്‍ പോളി (ജഅഡഘ) നോടായിരുന്നു. പോളിനെ വളര്‍ത്തിയത് അവരായിരുന്നു. മറ്റു കൊച്ചുമക്കള്‍ക്ക് ആര്‍ക്കും പോള്‍ച്ചനോട് ( ഓമനപ്പേര്) കിടപിടിക്കാനാവില്ലായിരുന്നു. എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞപ്പോഴാണ് കാരണം ഞാനറിയുന്നത്, പോളിനെ പരിഛേദന കഴിച്ച് യഹൂദമതത്തിലേക്ക് ചേര്‍ത്തിരുന്നു എന്ന്.
ഓമാ ലെന്നിബര്‍ഗ് ഒരിക്കലും സിനഗോഗില്‍ പോയില്ല. പക്ഷെ അടുത്തുള്ള സിനഗോഗിലെ റാബായി മാക്‌സ് എഷന്‍ ബാക്കര്‍ സ്ഥിരമായി അവരെ കാണാന്‍ വന്നിരുന്നു. രസികയായ ഒരു സംഭാഷണപ്രിയയും ഉയര്‍ന്ന വായനാശീലമുള്ളവളും ആയിട്ടാണ് റാബായി അവരെ തെറ്റിദ്ധരിച്ചിരുന്നത്. താന്‍ ദൈവത്തോട് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അക്കാരണത്താല്‍ തന്നെ സിനഗോഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും വളരെ സരസമായി അവര്‍ റാബായിയോട് പറഞ്ഞു. യഹൂദരുടെ വിശുദ്ധ, വിശേഷ ദിവസങ്ങളൊന്നും അവര്‍ പാലിച്ചിരുന്നുമില്ല.
ലെന്നിബര്‍ഗ് കുടുംബത്തിലെ പൂര്‍വ്വികര്‍ സ്‌പെയിനില്‍ നിന്നു വന്നവരാണെന്നും, ഔദ്യോഗിക വിചാരണക്കാലത്ത്(Inquisition) ഹോളണ്ടില്‍ സ്ഥിരതാമസമാക്കിയെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ കുറേപേര്‍ ജര്‍മ്മനിയിലെ ലെന്നെപ്പ്  പട്ടണത്തില്‍ സ്ഥിരതാമസമാക്കിയെന്നും, ലെന്നപ്പ്, ലെന്നി നദിയുടെതീരത്തായിരുന്നതു കൊണ്ട് ലെന്നിബര്‍ഗ് എന്ന കൂടുംബപ്പേര് സ്വീകരിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ പപ്പായുടെ ഏറ്റവും മൂത്ത സഹോദരന്‍ വാള്‍ട്ടറിനെ ഓമാ ലെന്നിബര്‍ഗ് വാര്‍ദ്ധക്യത്തിലാണ് ഒരുപാട് സ്‌നേഹിച്ചത്. അങ്കിള്‍ എറിക് ഗ്രാന്‍ഡ്മായെ ചതിച്ചപ്പോള്‍, വാര്‍ദ്ധക്യത്തില്‍ തനിക്ക് എല്ലാം നഷ്ടമായപ്പോള്‍ അവരുടെ സ്‌നേഹം മൂത്ത മകനിലേക്ക് വഴിമാറുകയായിരുന്നു. സത്യത്തില്‍ അങ്കിള്‍ എറിക്ക് ഗ്രാന്‍ഡ്മായുടെ പ്രിയപുത്രന്‍ ആയിരുന്നില്ല എന്നും അവര്‍ പലപ്പോഴും അങ്ങേരുടെ സ്വഭാവത്തെ വിമര്‍ശിച്ചിരുന്നു എന്നും ഞാന്‍ പിന്നീടു മനസ്സിലാക്കി. അങ്കിള്‍ വാള്‍ട്ടര്‍ ജര്‍മ്മന്‍ പടയാളിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ അദ്ദേഹം മരിച്ചപ്പോള്‍ ഗ്രാന്‍ഡ്മാ ഒരുപാട് ദുഃഖിച്ചു. വളരെക്കാലം.
ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ പപ്പായുടെ മൂത്ത സഹോദരിയെ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. എര്‍ണ്ണാ എന്നായിരുന്നു അവരുടെ പേര്. 1895ലാണ് അവര്‍ ജനിച്ചത്. ഉയരം കുറഞ്ഞ അവര്‍ക്ക് വളരെ വലിയ മാറിടങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത്രയും വലിയ മാറിടങ്ങള്‍ അവര്‍ക്കെങ്ങനെ ഉണ്ടായി എന്ന് ഞാന്‍ അതിശയിച്ചിരുന്നു. അവര്‍ മിടുക്കിയും എല്ലാ കാര്യങ്ങളിലും ശക്തമായ അഭിപ്രായങ്ങളുള്ളവളും അത് പ്രകടിപ്പിക്കാന്‍ മടികാട്ടാത്തവളും ആയിരുന്നു. അവരുടെ ഭര്‍ത്താവായ ഫ്രിറ്റ്‌സ് മെയര്‍ക്ക് എഞ്ചിനിയറിംഗ് ജോലിയായിരുന്നു. അവര്‍ രണ്ടുപേരും എന്നെ അതിയായി സ്‌നേഹിച്ചിരുന്നു. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അവര്‍ എനിക്കു നല്‍കിയ ലാളനകള്‍ എന്നെ വളരെ സന്തോഷിപ്പിച്ചു.
റൂര്‍ (ഞൗവൃ) നദീതീരത്തെ മൂള്‍ഹൈം  എന്ന പട്ടണത്തിലാണ് അവര്‍ താമസിച്ചിരുന്നത്. ഫ്രാങ്ക്ഫര്‍ട്ട് അമെയിനിലേക്ക് അവര്‍ താമസം മാറിയപ്പോള്‍ പലതവണ ഞാന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. എര്‍ണ്ണാ ആന്റി വീട് വൃത്തിയായി സൂക്ഷിച്ചിരുന്നു എന്നു മാത്രമല്ല അവരൊരു സൂപ്പര്‍ പാചകക്കാരിയും ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ബ്രഡും കുക്കികളും മറ്റു മധുര പലഹാരങ്ങളും ബേക്ക് ചെയ്യും. ആ അടുക്കള ഞാന്‍ എന്തുമാത്രം വൃത്തികേടാക്കി!! എന്റെ വീട്ടില്‍ ചെയ്യാന്‍ എനിക്ക് അനുവാദമില്ലാത്തതെല്ലാം ഞാന്‍ അവിടെ കാട്ടിക്കൂട്ടി. മയിന്‍  നദീതീരത്തുള്ള ഒരു നീന്തല്‍ ക്ലബ്ബില്‍ അവരെന്നെ കൊണ്ടുപോകുമായിരുന്നു. സര്‍ക്കസ്സുകള്‍ കാണാനും. അങ്കിള്‍ ഫ്രിറ്റ്‌സ് നല്ല സുന്ദരനായ ഉയരമുള്ള മനുഷ്യനായിരുന്നു. സാധനങ്ങള്‍ സ്വയം നിര്‍മ്മിക്കാനും അറ്റകുറ്റങ്ങള്‍ തീര്‍ക്കാനും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. വീട്ടിലേക്ക് ആവശ്യമായ ചെരിപ്പുകള്‍ അദ്ദേഹം തന്നെ രൂപകല്പന ചെയ്ത് നിര്‍മ്മിക്കും. ഒരിക്കല്‍ എന്റെ ഷൂസിന്റെ ഹീല്‍സ് പുതുതായി നിര്‍മ്മിച്ച് പിടിപ്പിച്ചു തന്നത് ഞാന്‍ ആരാധനയോടെ നോക്കിനിന്നു.
എന്റെ പപ്പായുടെ മറ്റൊരു സഹോദരിയായ എല്‍സി (ഋഹലെ)യെ വിവാഹം കഴിച്ച സാലി ഹാന്വര്‍  ജര്‍മ്മനിയിലെ എസ്സെനില്‍  നിന്നുള്ള ഒരു വ്യാപാരിയായിരുന്നു. അവര്‍ക്ക് രണ്ടു പെണ്‍മക്കള്‍. ഇല്‍സ് (കഹലെ) മൂത്തവളും ലോട്ട്  - അവള്‍ക്ക് എന്നെക്കാള്‍ നാലു വയസ് മൂപ്പുണ്ടായിരുന്നു - രണ്ടാമത്തെവളും. ആന്റി എല്‍സിക്ക് സന്തോഷകരമായ കുടുംബജീവിതമായിരുന്നില്ല. അങ്കിള്‍ സാലിയുടെ അപഥസഞ്ചാരങ്ങളെ കുറിച്ച് ധാരാളം സംസാരങ്ങള്‍ ഉണ്ടായി. ഈ കുടുംബാന്തരീക്ഷം അവരുടെ പെണ്‍കുട്ടികളെ കുറച്ചൊന്നുമല്ല അതൃപ്തരും നിരാശരും ആക്കിയത്. എല്ലാ അവധിക്കാലത്തും ലോട്ട് ഞങ്ങളുടെ വീട്ടില്‍ വന്നു താമസിക്കുമായിരുന്നു. അങ്ങനെ ലോട്ടും ഞാനും നല്ല കൂട്ടുകാരായി.
എല്‍സി ആന്റി പാചകവിദഗ്ധയായിരുന്നെങ്കിലും അവരുടെ വീട് എപ്പോഴും അലങ്കോലപ്പെട്ടു കിടന്നു. അവര്‍ സുന്ദരിയും മനോഹരമായ കണ്ണുകള്‍ക്ക് ഉടമയും ആയിരുന്നു. സില്‍ക്കും റയോണും മാത്രമേ അവര്‍ ധരിക്കുമായിരുന്നുള്ളു എങ്കിലും വസ്ത്രങ്ങളില്‍ പാചകത്തിന്റെ കറകള്‍ പറ്റിപ്പിടിച്ചിരുന്നു. സ്വഭാവശുദ്ധിയുള്ള സ്ത്രീയായിരുന്നു അവര്‍. അതുകൊണ്ടാവണം അവര്‍ക്ക് ഭര്‍ത്താവിന്റെ പാപങ്ങളുമായി ഒത്തുപോകാന്‍ സാധിക്കാത്തത്.
നാസി ഭരണകാലത്തെ ആദ്യവര്‍ഷങ്ങളിലൊന്നില്‍ അങ്കിള്‍ സാലി മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കാര്യമായ വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെ പീഡനം ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ യഹൂദര്‍ക്ക് ജോലി കണ്ടുപിടിക്കുക അസാധ്യമായി തീര്‍ന്നു. ഒടുവില്‍ ആന്റിക്കും, മൂത്തമകള്‍ ഇല്‍സിനും ഭാര്യ മരിച്ച പണക്കാരായ യഹൂദരുടെ വീട്ടില്‍ വീട്ടുജോലിക്കാരായി നില്‌ക്കേണ്ടിവന്നു. അവരുടെ ഈ അവസ്ഥയില്‍ എന്റെ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം ഞാന്‍ അവരെ ചെന്നു കണ്ടു. എന്റെ പപ്പായുടെ മനസ്സിനെ അവരുടെ ദയനീയസ്ഥിതി വല്ലാതെ ശല്യപ്പെടുത്തി. ആന്റിക്ക് ജോലി നല്‍കിയ മിസ്റ്റര്‍ സാമുവലിനോട് ആന്റിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുക പോലും ചെയ്തു അദ്ദേഹം.
എല്‍സി ആന്റി സ്റ്റത്തോഫ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ കിടന്നു മരിച്ചു. കസിന്‍ ഇല്‍സ് ഒരു പോളിഷ് ക്യാമ്പില്‍ കിടന്നും. ലോട്ടിനെ കുട്ടികള്‍ക്കുള്ള ഒരു ബസില്‍ കയറ്റി പാലസ്തീനിലേക്ക് കൊണ്ടുപോയി. അവള്‍ ഇപ്പോള്‍ ജര്‍മ്മനിയില്‍ താമസിക്കുന്നു.
എനിക്ക് എന്റെ മമ്മായുടെ കുടുംബവുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. എന്റെ ഓമാ സ്‌നൈഡറേക്കാള്‍ നല്ല ഒരു ഗ്രാന്‍ഡ്മാ ലോകത്തില്ല എന്ന് എനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ട്. വളരെ ചെറിയ, തല നന്നേ നരച്ച ഒരു സ്ത്രീയായിരുന്നു അവര്‍. പച്ചക്കണ്ണുകളും ഫ്രെയിം ഇല്ലാത്ത കണ്ണടകളും കറയറ്റ ത്വക്കുമാണ് അവര്‍ക്കുണ്ടായിരുന്നത്. നീണ്ട തലമുടി മെടഞ്ഞ് ഒരു ബണ്‍പോലെ കെട്ടിവയ്ക്കയാണ്  പതിവ്. കറുത്ത വസ്ത്രങ്ങളാണ് അവര്‍ ധരിക്കാറുള്ളതെങ്കിലും പശമുക്കി തേച്ച കോളറുകളും, കുപ്പായ കൈയറ്റങ്ങളും (രൗളള)െ ഉപ്പൂറ്റി ഉയര്‍ത്താത്ത ചെരിപ്പുകളും അവരുടെ പ്രത്യേകതകളായിരുന്നു. തലയില്‍ മനോഹരമായ തൊപ്പി ധരിക്കാതെ  അവര്‍ പുറത്തിറങ്ങുമായിരുന്നില്ല. ശക്തയും ഇഷ്ടമല്ലാത്തതുകണ്ടാല്‍ കോപിഷ്ടയാവുന്ന സ്വഭാവക്കാരിയും  ആയിരുന്ന അവര്‍ എല്ലാവരും തന്നെപ്പോലെ പ്രവര്‍ത്തിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ കുളിക്കാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നെങ്കിലും, ഓമാ ഷ്‌നൈഡര്‍ കുളിപ്പിക്കുന്നത് എനിക്കിഷ്ടമായിരുന്നു. ഒരു വലിയ പാത്രത്തില്‍ കൃത്യമായ ചൂടുള്ള വെള്ളം നിറച്ച് എന്നെ അംഗപ്രത്യംഗം കഴുകും. ''എന്റെ പാവം കുഞ്ഞിനെ ഒരാളും കഴുകില്ല, കുളിപ്പിക്കയുമില്ല'' അവര്‍ പിറുപിറുക്കും. എന്റെ ചെവികള്‍ക്കു പിന്നിലും കാല്‍ വിരലുകള്‍ക്കിടയിലും അവര്‍ക്ക് തൃപ്തിയാവും വണ്ണം ആരും കഴുകില്ലത്രേ.
എന്റെ  ഷ്‌നൈഡര്‍ ഗ്രാന്‍ഡ് പാരന്റ്‌സ് ഡോര്‍ട്ട്മണ്ടിലുള്ള ഓള്‍ഗാസ്ട്രാസ്സ് സ്ട്രീറ്റില്‍ പതിനഞ്ചാം നമ്പര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഈ സ്ട്രീറ്റില്‍ വൃത്തിയായി സൂക്ഷിച്ച വീടുകളും അപ്പാര്‍ട്ട്‌മെന്റ് ഹൗസുകളും ഉണ്ടായിരുന്നു. എല്ലാ വീടുകള്‍ക്കു മുന്നിലും വൃത്തിയായി സൂക്ഷിച്ച പുല്‍ത്തകിടികളും ചെടികളും പൂക്കളും ഘനമുള്ള ഇരുമ്പു വേലികളും ഉണ്ടായിരുന്നു. ഒരു വലിയ നാലുബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റായിരുന്നു അവരുടേത്. കയറിച്ചെല്ലുന്നയിടം മനോഹരമായ ഓടുപാകിയതും കതക് കൊത്തുപണികള്‍ ചെയ്ത കട്ടിയുള്ള കരുവേലകത്തടി കൊണ്ട് ഉണ്ടാക്കിയതും ആയിരുന്നു. അവിടെ നിലക്കണ്ണാടി പതിപ്പിച്ച ഒരു അലമാരയുണ്ടായിരുന്നു. തണുപ്പുകാലത്ത് ജാക്കറ്റുകളും കട്ടിയുള്ള കോട്ടുകളും അതിനകത്താണ് സൂക്ഷിച്ചിരുന്നത്.  വലിയ കിച്ചനില്‍ പടുകൂറ്റന്‍ സോഫയും കസേരകളും സിങ്കും ചുവരില്‍ നിരവധി കാബിനെറ്റുകളും ഉണ്ടായിരുന്നു. പാചകം ചെയ്യുന്നത്  വലിയ കല്ക്കരി അടുപ്പുകളിലും. അടുക്കളയില്‍ നിന്ന് പുറത്തേക്കു നോക്കിയാല്‍ ഒരു ചെറിയ പൂന്തോട്ടം കാണാം. ആ വീട്ടില്‍ റഫ്രിജറേറ്ററിനു പകരം ഒരു ഐസ് ബോക്‌സാണുണ്ടായിരുന്നത്. ഐസ് കച്ചവടക്കാരന്‍ കുതിരയെ കെട്ടിയ വണ്ടിയില്‍ അതിരാവിലെ വരും. അയാളുടെ ഐസ്..... ഐസ്..... എന്ന ഒച്ച അയല്‍വക്കത്തെങ്ങും മുഴങ്ങും.
കുടുംബം കേന്ദ്രീകരിച്ചിരുന്നത് ആഹാരം പാകം ചെയ്യുന്ന, വിളമ്പുന്ന, കഴിക്കുന്ന അടുക്കളയിലാണ്. കൂറ്റന്‍ ഊണുമേശ വിശേഷ ദിവസങ്ങളിലോ പ്രധാനപ്പെട്ട വിരുന്നുകാര്‍ ആരെങ്കിലും വരുമ്പോഴോ ഉപയോഗിക്കാനുള്ളതാണ്. ഒരു വലിയ വിക്ട്രോള (ഗ്രാമഫോണ്‍) ഉണ്ടായിരുന്നു. മഹാനായ ആള്‍ടെന്‍ ഫ്രിറ്റ്‌സിനെ  ഫ്രഡറിക് ദി ഗ്രേറ്റ് - സാന്‍സ്ഷ്യൂസിയിലെ  വലിയ ഹാളില്‍ വച്ച് സല്‍ക്കരിക്കുന്ന ഒരു വലിയ ഫോട്ടോ ഊണുമേശയ്ക്കരികില്‍ സ്ഥാപിച്ചിരുന്നു.
വലിയ ധനവാന്മാരായതു കൊണ്ടാവും, ഗ്രാന്‍ഡ്‌പേരന്റ്‌സിന് കള്ളന്മാരെ കുറിച്ച് വലിയ പേടിയുണ്ടായിരുന്നു. വാതിലുകള്‍ക്കും ജനാലകള്‍ക്കും ഷട്ടര്‍ ഇട്ടശേഷമേ അവര്‍ പുറത്തുപോകുമായിരുന്നുള്ളു.
ആ അപ്പാര്‍ട്ട്‌മെന്റിന് ഒരു വലിയ നിലവറയുണ്ട്. അവിടെയാണ് കല്‍ക്കരിയും ഉരുളക്കിഴങ്ങും സൂക്ഷിച്ചിരിക്കുന്നത്. ഉള്ളി, പുളിപ്പിച്ച കാബേജ്, ബീന്‍സ് എന്നിവയും പഴവര്‍ഗ്ഗങ്ങളും ജാമുകളും മണ്‍ഭരണികളില്‍ കേടുണ്ടാവാത്തവിധം സൂക്ഷിച്ചിരുന്നു. എണ്ണവിളക്കില്‍ തിരിയിട്ട് കത്തിച്ച് ഞങ്ങള്‍ നിലവറയിലേക്ക് ഇറങ്ങും. കയറി വരുമ്പോള്‍ കല്‍ക്കരിയോ ആഹാരസാധനങ്ങളോ കൈയിലുണ്ടാവും. വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നെങ്കിലും നിലവറയില്‍ വലിയ തണുപ്പാണ്. വീടിനു ചൂടുപിടിപ്പിക്കുന്ന സംവിധാനം ഇല്ലാത്തതിനാല്‍ അടുക്കളയിലെ കല്ക്കരി അടുപ്പിനെ ആശ്രയിക്കണം. വലിയ സ്വീകരണമുറിയിലെ ഓടുപാകിയ അടുപ്പ് (എശൃല ുഹമരല) പ്രധാനപ്പെട്ട ദിവസങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്.
വീടു ചൂടാക്കുന്നതിനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ മഞ്ഞുകാലത്ത് കിടപ്പുമുറികള്‍ വല്ലാതെ തണുക്കും. പകല്‍ കല്‍ക്കരി അടുപ്പുകള്‍ കത്തിച്ച് അതിനു ചുറ്റുമിരിക്കാം. പക്ഷെ രാത്രികള്‍ വലിയ കഷ്ടത്തില്‍ കഴിച്ചു കൂട്ടണം.
ഒരിക്കല്‍ ഓമാ ഷ്‌നൈഡര്‍ പഴയ സ്റ്റോറേജ് റൂം വൃത്തിയാക്കുമ്പോള്‍ വലിയൊരു ഇരുമ്പുപെട്ടി കണ്ടുപിടിച്ചു. അതില്‍ നിറയെ പണമായിരുന്നു.ഒരുലക്ഷത്തിന്റെ (100,000) റൈഖ്മാര്‍ക്ക് നോട്ട് ഉയര്‍ത്തിക്കാട്ടിയിട്ട് അവര്‍ പറഞ്ഞു, ''ഒന്നാം ലോകമഹായുദ്ധകാലത്തുണ്ടായ ക്ഷാമത്തില്‍ ഒരു റൊട്ടി കിട്ടുകയില്ലായിരുന്നു ഇത്രയും പണത്തിന്. ഉറുസുലചെന്‍ (ഓമനപ്പേര്) അതൊക്കെ വളരെ ചീത്ത സമയങ്ങളായിരുന്നു. ആളുകള്‍ക്ക് ജോലിയും വരുമാനവുമില്ല. എങ്ങും അക്രമം, പിടിച്ചുപറി, കൊലപാതകം. ക്രൂരത ക്രൂരത ക്രൂരത മാത്രം.''
ഓമാ ഷ്‌നൈഡറോടൊപ്പം കടകളില്‍ പോകാന്‍ ഞാന്‍ വളരെ ഇഷ്ടപ്പെട്ടു. ഓരോ പച്ചക്കറിയും പഴവും കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി കേടില്ല എന്നു ബോധ്യപ്പെട്ടാലേ അവര്‍ വാങ്ങുകയുള്ളു. ഓമാ, ബേക്കറികളില്‍ നിന്ന് എനിക്ക് വാങ്ങിത്തരുമായിരുന്ന മധുരപലഹാരങ്ങള്‍!! ഇന്നും ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറും.
ഓമായുടെ മൂത്തമകന്‍ ഹൈന്റിക്ക് അവര്‍ക്കയച്ച ഒരു ഫോട്ടോയും പോസ്റ്റ് കാര്‍ഡും അവര്‍ സൂക്ഷിച്ചു വച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അങ്കിള്‍ ഹൈന്റിക്ക് ഒരു മണവാട്ടിയുടെ വേഷത്തിലെടുത്ത ഫോട്ടോ ആയിരുന്നു അത്. ''ഇതൊരു ദുര്‍നിമിത്തമാണ്'' ഓമാ ഒരുപാടു കരഞ്ഞു. അധികം താമസിയാതെ യുദ്ധത്തില്‍ അദ്ദേഹം മരിക്കുകയും ചെയ്തു. ജീവിതകാലം മുഴുവന്‍ അങ്കിള്‍ ഹൈന്റിക്കിനെ ഓര്‍ത്ത് ഓമാ കരഞ്ഞിരുന്നു.
ഡിഫ്ത്തീരിയ  ബാധിച്ച് മൂന്നാം വയസ്സില്‍ മരിച്ചുപോയ അവരുടെ മകള്‍ എര്‍ണ്ണായെ ഓര്‍ത്തും അവര്‍ വിലപിച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ കുഞ്ഞിന്റെ കുഴിമാടത്തില്‍ പോയി ചുറ്റും കിളച്ച് പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുകയും വീട്ടിലെ തോട്ടത്തില്‍ നിന്ന് പൂക്കള്‍ പറിച്ച് കുഴിമാടത്തില്‍ കൊണ്ടുചെന്ന് വയ്ക്കുകയും ചെയ്തിരുന്നു. എത്രയോ പ്രാവശ്യം ഓമായോടൊപ്പം ഞാനും അവിടെ പോയിരിക്കുന്നു. സത്യത്തില്‍ ആ ബാലികയെ എനിക്ക് നന്നായി അറിയാമെന്നു തോന്നി.
എന്റെ ഗ്രാന്‍ഡ്ഫാദര്‍ ജോസഫ് ഷ്‌നൈഡര്‍ സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍ 1866ല്‍ ജനിച്ചു. ആറടിയോളം ഉയരമുള്ള അതിസുന്ദരനായിരുന്നു അദ്ദേഹം. നരച്ച തലമുടിയും മീശയും വെട്ടി മിനുക്കി സൂക്ഷിച്ചിരുന്നു. ത്രീപീസ് സ്യൂട്ട് മാത്രമേ ധരിച്ചിരുന്നുള്ളു. സ്വര്‍ണ്ണത്തിലുള്ള പോക്കറ്റ് വാച്ച് ജാക്കറ്റിന്റെ ബട്ടണില്‍ കോര്‍ത്തിട്ടിരുന്നു. അദ്ദേഹത്തിന്റെ ഷൂസുകള്‍ തിളങ്ങിയിരുന്നു. എന്റെ ഓപ്പ (ഗ്രാന്‍ഡ്ഫാദര്‍) കുറ്റമെന്തെങ്കിലും ഉള്ളവനായിരുന്നു എന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ മനസ്സിലാക്കി, അദ്ദേഹം കുറ്റമറ്റവന്‍ അല്ലായിരുന്നു എന്ന സത്യം. ജോലിസ്ഥലത്തിനടുത്തുള്ള ഒരു മദ്യശാലയില്‍ എന്നും ഓപ്പ പോകുമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വീട്ടില്‍ വരുന്ന അദ്ദേഹം എല്ലാ വര്‍ഷവും ഓമാ ഷ്‌നൈഡറെ ഗര്‍ഭിണിയാക്കി. അദ്ദേഹത്തിന് പരസ്ത്രീഗമനവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഓമ അറിയാതെ എന്റെ മമ്മായും മമ്മായുടെ സഹോദരന്‍ വില്ലിയും കൂടി ഓപ്പാ ഷ്‌നൈഡറെ ഒരു ചീത്ത സ്ത്രീയുടെ  വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി വീട്ടില്‍ കൊണ്ടുവന്നു. ഒരു രസികത്തി നടന്നതെല്ലാം ഓമാ ഷ്‌നൈഡറെ വിളിച്ച് അറിയിച്ചു. ഓപ്പയുടെ കുടിയും പരസ്ത്രീഗമനവും ഓമാക്ക് വലിയ ദുഃഖത്തിന് കാരണമായി. എന്റെ മമ്മാ ആ സ്ത്രീയെ ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ടത്രേ.പ
ഓപ്പാ ഷ്‌നൈഡര്‍ക്ക് അദ്ദേഹത്തിന്റെ സ്വിസ്സ് ഉച്ചാരണ രീതി ഒരിക്കലും കൈമോശം വന്നില്ല. എന്നെ പപ്പിലി  എന്നു വിളിച്ചിരുന്നു. എന്നോടൊപ്പം അദ്ദേഹം എനിക്കേറ്റവും ഇഷ്ടമുള്ള കാര്‍ഡ് ഗെയിംസ് കളിക്കും. പലപ്പോഴും എന്നെ ജയിക്കാന്‍ അനുവദിക്കുകയും ചെയ്യും. എപ്പോഴും ഞാന്‍ അദ്ദേഹത്തെക്കൊണ്ട് പാട്ടുപാടിക്കും. പാടിപ്പാടി അദ്ദേഹത്തിന്റെ തൊണ്ട വരളും ശബ്ദമടയും.
71-ാം വയസ്സില്‍ അദ്ദേഹത്തിന് ക്യാന്‍സര്‍ പിടിപെട്ട് കിടപ്പിലായി. രോഗിയും ക്ഷീണിതനുമായ അദ്ദേഹത്തെ കണ്ട്, ആ രൂപമാറ്റം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എല്ലാവരും വളരെ സങ്കടം പൂണ്ടവരായി. ഓമാ ഷ്‌നൈഡര്‍ രാത്രിയും പകലും അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഭയങ്കരമായതെന്തോ അദ്ദേഹത്തിന് സംഭവിക്കാന്‍ പോവുകയാണെന്ന് എനിക്ക് മനസ്സിലായി അദ്ദേഹം 1937-ലോ 38-ലോ അന്തരിച്ചു.
പിറകോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ മമ്മായുടെ മൂത്ത സഹോദരിയെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു എന്നോര്‍ക്കുന്നു. മിഞ്ചെന്‍ ആന്റി 1892-ലാണ് ജനിച്ചത്. തീരെ ഉയരമില്ലായിരുന്നു അവര്‍ക്ക്. ദൂരെക്കാഴ്ചയില്ലാത്തതുകൊണ്ട് കട്ടിയുള്ള കണ്ണട ധരിച്ചിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള മുടിയായിരുന്നു അവര്‍ക്ക്. വളരെ വേഗത്തില്‍ സംസാരിക്കുമെങ്കിലും വാചകം പൂര്‍ത്തിയാക്കില്ല. കഠിനാധ്വാനിയും വലിയ വൃത്തിക്കാരിയും വാരിക്കോരി കൊടുക്കാന്‍ മടിയില്ലാത്തവളും ആയിരുന്നു അവര്‍. ഞാന്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ആന്റി ഒരു ബേക്കറി ബ്രാഞ്ച് സ്റ്റോറിന്റെ മാനേജരായി. അതു കഴിഞ്ഞ് ഡോര്‍ട്ട്മണ്ടില്‍ തന്നെ ഒരു ബാങ്കില്‍ ബുക്ക് കീപ്പറായി ജോലിയായപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. ഫെയറുകള്‍ക്കും സര്‍ക്കസ്സുകള്‍ക്കും പോകാന്‍ ഞങ്ങള്‍ക്ക് ധാരാളം സമയമുണ്ടായി. വലിയ ടെഡി ബെയറുകളും ബലൂണുകളും വലിയ വിലയില്ലാത്ത പാവകളും മധുരപലഹാരങ്ങളും ഞങ്ങള്‍ വാങ്ങിക്കൂട്ടി.
ആന്റി മിഞ്ചന്റെ  അനുജത്തി, ആന്റി മിലി ഞങ്ങളുടെ സന്തോഷത്തെ അതേപടി സ്വീകരിച്ചില്ല. ഒരു ഉപയോഗവുമില്ലാത്ത സാധനങ്ങള്‍ക്കായി പണം ചെലവാക്കുന്നത് അനാവശ്യമായി അവര്‍ കണക്കാക്കി. ''നിനക്ക് ഒരു ബോധവുമില്ല'' അവര്‍ ആന്റി മിഞ്ചനോട് പറയുന്നത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു.
എനിക്ക് ആന്റി മിലിയോട് സ്‌നേഹമായിരുന്നു. അവരുടേതായ രീതിയില്‍ അവരും എന്നെ സ്‌നേഹിച്ചിരുന്നു. പെട്ടെന്ന് പരിഭവിക്കുന്ന ആ സ്ത്രീയെ ഒരു പിശുക്കിയായിട്ടാണ് ഞാന്‍ കണ്ടത്. രസമുള്ളതെന്ന് ഞാന്‍ കരുതുന്ന കാര്യങ്ങളൊന്നും അവര്‍ എന്നോടൊപ്പം ചെയ്തിരുന്നില്ല എന്നു മാത്രമല്ല ആന്റി മിഞ്ചെന്റെ നല്ല മനോഭാവം അവര്‍ക്കുണ്ടായിരുന്നുമില്ല. ഓമാ ഷ്‌നൈഡര്‍ ആന്റി മിലിയുടെ ന്യുനതകളെ സ്വന്തം ന്യൂനതയായി എണ്ണി. ''അവള്‍ എന്റെ ഗര്‍ഭത്തിലായിരുന്ന ഒന്‍പതു മാസവും ഞാന്‍ കരഞ്ഞിരുന്നു.'' ഓമാ എന്റെ മമ്മയോടു പറഞ്ഞു. ''എനിക്ക് ഗര്‍ഭം ധരിക്കയും പ്രസവിക്കുകയും വേണ്ട എന്നു പറഞ്ഞ്. തീര്‍ച്ചയായും അത് കുഞ്ഞില്‍ ഒരു വിപരീത ഫലം സൃഷ്ടിച്ചിരിക്കണം.''
കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ഗ്രാന്‍ഡ് പാരന്റ്‌സിനോടൊപ്പം വളരെ സമയം ചെലവഴിച്ചിട്ടുണ്ടല്ലോ. അക്കാലത്ത് ആന്റി മിലി അവരുടെ ഇരുപതുകളില്‍ ആയിരുന്നു. സുന്ദരിയായ അവര്‍ക്ക് കറുത്ത തലമുടിയും മനോഹരമായ ത്വക്കും പല്ലുകളും ഉണ്ടായിരുന്നു. വില കൂടിയ സ്റ്റൈലന്‍ വസ്ത്രങ്ങളോടായിരുന്നു താല്പര്യം. ഓമായുടെ ഏറ്റവും ഇളയ മകളായതുമൂലം അവരെ ലാളിച്ച് ഒരല്പം വഷളാക്കിയിരുന്നില്ലേ എന്നെനിക്ക് സംശയമുണ്ട്. മിക്കവാറും വീട്ടുജോലികളെല്ലാം അവര്‍ തന്നെയാണ് ചെയ്തിരുന്നത്. വീടിനു വെളിയില്‍ പോയി ജോലി ചെയ്യാത്തതു കാരണമാവും അവര്‍ക്ക് ഇടുങ്ങിയ മനസ്സുണ്ടായത്.
ഓമാ ആന്റി മിലിയെ ഒരു കുക്കറി സ്‌കൂളില്‍ അയച്ചിരുന്നു. പലതരം  ബിസ്‌ക്കറ്റുകളും കുക്കികളും കേക്കുകളും ഉണ്ടാക്കാന്‍ അവര്‍ പഠിച്ചു. പല നിറങ്ങളിലുള്ള മെറ്റല്‍ ടിന്നുകളില്‍ അവയെല്ലാം നിറച്ച് വിശേഷ ദിവസങ്ങളിലെടുക്കാന്‍ അവര്‍ ഒളിച്ചുവച്ചു. പക്ഷെ അവരുടെ രഹസ്യസ്ഥലങ്ങളെല്ലാം ഞാനും എന്റെ അങ്കിള്‍ കോണ്‍റാഡും (മമ്മായുടെ സഹോദരന്‍) കൂടി കണ്ടുപിടിച്ചു കട്ടുതിന്നു. കൂവരകിന്റെ (ഞ്യല) മാവുകൊണ്ടുണ്ടാക്കിയ റൊട്ടിയില്‍ വെണ്ണപുരട്ടി ചൂട് അടുപ്പില്‍ മൊരിച്ച് ഞങ്ങള്‍ ഭക്ഷിച്ചു. വീടിനകം മുഴുന്‍ റൊട്ടി മൊരിയുന്ന സുഗന്ധം കൊണ്ടു നിറയും. അടുപ്പ് ചീത്തയാക്കിയതിന് ആന്റി മിലി ഞങ്ങളെ ചീത്തപറയും. പക്ഷെ ആ മൊരിച്ച റൊട്ടിയുടെ മണത്തിന്റേയും സ്വാദിന്റേയും മുന്നില്‍ അവരുടെ ശകാരങ്ങള്‍ ഒന്നുമായിരുന്നില്ല.
ഒരു ഉയിര്‍പ്പു ഞായറാഴ്ച എന്റെ പപ്പായും മമ്മായും ഞാനും എന്റെ സഹോദരനും ഒരുമിച്ച് ഗ്രാന്‍ഡ്പായുടെ വീട്ടില്‍ പോയി. അവിടെ കുടുംബാംഗങ്ങള്‍ എല്ലാവരും, എന്തോ വലിയ സംഭവം നടന്നിട്ടെന്ന പോലെ മുഖം വീര്‍പ്പിച്ചും പിരിമുറുക്കത്തിലും നിന്നിരുന്നു. മിലി ആന്റി അടുക്കളയിലെ കാബിനെറ്റുകള്‍ വലിച്ചു പറിച്ച്, പെയിന്റ് നീക്കം ചെയ്ത് മുറ്റത്തെ തോട്ടത്തില്‍ നിരത്തി വച്ചിരുന്നു. വാര്‍ണിഷ് അടിച്ചിട്ടേ അവ തിരികെ വക്കൂ. അതായിരുന്നു ആ ഭീകര സംഭവം. ഗ്രാന്‍ഡ്മാ മുഖം വീര്‍പ്പിച്ചത് മറ്റൊന്നിനുമായിരുന്നില്ല. ''മിലി ഉയിര്‍പ്പു ഞായറാഴ്ച കാബിനെറ്റുകള്‍ക്ക് വാര്‍ണീഷടിക്കുന്നതു കണ്ടാല്‍ അയല്‍വക്കക്കാര്‍ എന്തു വിചാരിക്കും'' എന്ന ദുഃഖ ചിന്ത. എന്റെ മമ്മാക്ക് ഭയങ്കര ദേഷ്യമായി മിലി ആന്റിയോട്. പക്ഷെ അവരോട് വാദിച്ചു ജയിക്കാന്‍ എന്റെ മമ്മാക്ക് കഴിയുമായിരുന്നില്ല.
എന്റെ കോണ്‍റാഡ് അങ്കിള്‍ 1905-ല്‍ ആണ് ജനിച്ചത്. അതിസുന്ദരനായിരുന്നു. സ്ത്രീകള്‍ അദ്ദേഹത്തെ ആരാധിച്ച് ചുറ്റും കൂടി. ഒരിക്കല്‍ അദ്ദേഹത്തിന് തന്നെക്കാള്‍ പ്രായക്കൂടുതലുള്ള (15 വയസ്സ്) ഒരു സ്ത്രീയുമായി അവിഹിത  ബന്ധമുണ്ടായി. അങ്കിളിന്റെ കൂട്ടുകാരന്റെ ഭാര്യയായിരുന്നു അവര്‍. ഏഴുവയസ്സുള്ള ഒരു മകനുമുണ്ടായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ അങ്കിള്‍ അവരെ  കാണാന്‍ പോയപ്പോള്‍ എന്നെയും കൂട്ടി. വളരെ നേരിയ കിടക്കറ  വസ്ത്രമായിരുന്നു അവര്‍ ധരിച്ചിരുന്നത്. അവരുടെ മുഴുത്ത നിതംബത്തില്‍  തട്ടിയാണ് അങ്കിള്‍ അഭിവാദ്യം ചെയ്തത്. ഞാന്‍ സംഭവം അതേപടി ഗ്രാന്‍ഡ്മായോടു പറഞ്ഞു എന്നിട്ടും അങ്കിളിന് എന്നോട് ഒരു പരിഭവവും തോന്നിയില്ല. പിണങ്ങിയതുമില്ല.
അങ്കിള്‍ ഒരു സുന്ദരിയായ യുവതിയെ വിവാഹം കഴിച്ചു. എല്ലാവര്‍ക്കും അവരെ ഇഷ്ടമായിരുന്നെങ്കിലും അവരുടെ പോളിഷ് കുടുംബപശ്ചാത്തലത്തെക്കുറിച്ച് കുടുംബത്തില്‍ കുശുകുശുപ്പുണ്ടായിരുന്നു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചില്ല. ഓമ ഷ്‌നൈഡറുടെ മക്കളില്‍ എന്റെ മമ്മായ്ക്കു മാത്രമേ മക്കളുണ്ടായുള്ളു.
അങ്കിള്‍ കോണ്‍റാഡും അങ്കിള്‍ വില്ലിയും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കോണ്‍റാഡ് ടെക്‌നീഷനും വില്ലി എന്‍ജിനീയറുമായിരുന്നു. 1920കളുടെ അവസാനങ്ങളില്‍ ജര്‍മ്മനിയില്‍ ജോലിയുടെ കാര്യം പ്രയാസത്തിലായിരുന്നെങ്കിലും ധനവാനായ ഗ്രാന്‍ഡ്പാ ഷ്‌നൈഡര്‍ അവരെ സുഭിക്ഷമായി നടത്തി.
അങ്കിള്‍ വില്ലിക്ക് ഗ്രാന്‍ഡ്പായുടെ ഛായ ഉണ്ടായിരുന്നെങ്കിലും കോണ്‍റാഡ് അങ്കിളിനെപ്പോലെ സുന്ദരനായിരുന്നില്ല. എന്നോട് അദ്ദേഹത്തിന് പ്രിയമുണ്ടായിരുന്നെങ്കിലും അങ്കിള്‍ കോണ്‍റാഡിനോടുണ്ടായിരുന്ന അടുപ്പം എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നില്ല.
അങ്കിള്‍ വില്ലി വിവാഹം കഴിച്ചത് ലൂസി ഈസെല്‍ എന്നു പേരുള്ള ഒരു സ്വര്‍ണ്ണമുടിക്കാരിയെ ആയിരുന്നു. അവരുടെ പൊട്ടിച്ചിരിയില്‍ ഒരു പ്രാകൃതത്വം എനിക്കു തോന്നിയിരുന്നു. ഗ്രാന്‍ഡ്മാ ഷ്‌നൈഡര്‍ക്ക് അവരെ തീരെ ഇഷ്ടമായിരുന്നില്ല എങ്കിലും എനിക്ക് ലൂസിയാന്റിയെ ഇഷ്ടമായിരുന്നു. അവരുടെ മനോഹരമായ അപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ പലതവണ പോയിട്ടുണ്ടെങ്കിലും കുടുംബമായി ഞങ്ങള്‍ വളരെ അടുപ്പത്തില്‍ ആയിരുന്നില്ല.
(തുടരും....)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക