പഞ്ചായത്തുവിളക്ക്
ഒരു പഞ്ചായത്തിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും രണ്ട് യുവഹൃദയങ്ങളുടെ അനുരാഗവും കൂട്ടിക്കലര്‍ത്തി മുട്ടത്തു വര്‍ക്കി രചിച്ച നോവലാണ് പഞ്ചായത്തുവിളക്ക്. ഈ നോവല്‍ 'സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന പേരില്‍ സിനിമയുമായിട്ടുണ്ട്.
നന്മകളാല്‍ സമൃദ്ധമായ ഒരു നാട്ടിന്‍പുറം. അവിടുത്തെ പുരാതനവും പ്രസിദ്ധവുമായ തറവാട്ടിലെ ചാണ്ടിച്ചന്റെയും മറിയാമ്മയുടെയും മകനാണ് ഐപ്പ്. വിദ്യാസമ്പന്നനായ അവന് ജോലിയൊന്നുമായിട്ടില്ല. എന്തെങ്കിലും ബിസ്സിനസ് തുടങ്ങണമെന്നാണ് ആഗ്രഹം. അതിനിടയില്‍ ചില വിവാഹാലോചനകളും നടക്കുന്നുണ്ട്. അവന്റെ സഹോദരി സെലീനയെ കെട്ടിക്കാനുള്ള പണവും ചാണ്ടിച്ചന്‍ കരുതിവച്ചിട്ടുണ്ട്.
ഒരുനാള്‍ ആ വീട്ടിലേക്ക് നാട്ടിലെ പ്രമാണിമാരായ ചില ആള്‍ക്കാര്‍ കടന്നുവന്നപ്പോള്‍ ഐപ്പിന് വിവാഹാലോചനുമായി എത്തിയതാവും എന്നു കരുതിയാണ് മറിയാമ്മ അവരെ സ്വീകരിച്ചത്. എന്നാല്‍ ഗ്രാമത്തില്‍ ഉടന്‍ നടക്കാന്‍ പോകുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഐപ്പിനെ മത്സരിപ്പിക്കുക എന്നതായിരുന്നു അവരുടെ ആഗമനോദ്ദേശ്യം.
ഐപ്പിന് അതില്‍ വലിയ താല്‍പര്യം ഇല്ലായിരുന്നെങ്കിലും നാട്ടുപ്രമാണിമാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ മറ്റാരും എതിരില്ലെങ്കില്‍ മത്സരിക്കാമെന്നായി അവന്‍. മകന്‍ ജയിച്ചു പഞ്ചായത്തുമെമ്പറും പ്രസിഡന്റും ഒക്കെ ആവുകയും ആ നിലയില്‍ അവന് വിവാഹ മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടുകയും ചെയ്യുമെന്ന കണക്കുകൂട്ടലില്‍ ചാണ്ടിച്ചനും മകന്‍ മത്സരിക്കുന്നതിനോടു യോജിച്ചു.
ആ വാര്‍ഡിലെ സ്ഥിരം മെമ്പറായ കള്ളനോട്ടു തോമാച്ചന്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന് ആഗതര്‍ ഐപ്പിനെ അറിയിച്ചു. അതോടെ ശക്തനായ ആ എതിരാളി ഉണ്ടാവില്ലെന്ന് ഉറപ്പായി.
എതിര്‍സ്ഥാനാര്‍ത്ഥി ഇല്ലാതെയും വലിയ പണച്ചെലവില്ലാതെയും ജയിക്കാമെന്നു കേട്ടപ്പോള്‍ മറിയാമ്മയും മകന്റെ മത്സരത്തിനു സമ്മതം മൂളി.
അങ്ങനെ ഐപ്പും നാട്ടുപ്രമാണിമാരും കൂടി നാട്ടിലെ പ്രമുഖവ്യക്തികളെയൊക്കെ സന്ദര്‍ശിച്ച് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുവാദവും അനുഗ്രഹവും നേടി.
അങ്ങനെ ആഘോഷമായി ഐപ്പ് നാമമിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എന്നാല്‍ തൊട്ടു പിന്നാലെ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി അപ്രതീക്ഷിതമായി ആ വാര്‍ഡില്‍ പത്രിക സമര്‍പ്പിച്ചു. തയ്യല്‍ക്കാരന്‍ മത്തായിയുടെ മകള്‍ നിര്‍മ്മല!
എതിര്‍സ്ഥാനാര്‍ത്ഥി വന്നതിനാല്‍ ഐപ്പ് പിന്‍മാറാന്‍ ശ്രമിച്ചു. നിര്‍മ്മലയുമായി ഒരു മത്സരത്തിന് അവന് താല്‍പര്യമില്ല. അയല്‍വാസിയായ ആ പെണ്‍കുട്ടി കൊച്ചുനാളില്‍ അവന്റെ വീട്ടിലെ ഭക്ഷണം കഴിച്ചു വളര്‍ന്നവളാണ്. മറിയാമ്മച്ചേടത്തിയാണ് അവളെയും ഐപ്പിനെയും സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്.
സുന്ദരിയായ നിര്‍മ്മല പഠിക്കാനും മിടുക്കിയായിരുന്നു. നന്നായി പാടുകയും ചെയ്യും. ഒടുവില്‍ സ്ഥലത്തെ സ്‌കൂളില്‍ത്തന്നെ അവള്‍ക്ക് അധ്യാപികയായി ജോലിയും ലഭിച്ചു.
ഐപ്പിനെ പിന്മാറുവാന്‍ ആരും സമ്മതിച്ചില്ല. മാത്രമല്ല നിര്‍മ്മലയെ മത്സരത്തില്‍ നിന്നും പിന്‍മാറ്റുവാന്‍ പലരും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതും വിജയിച്ചില്ല. കാരണം അവള്‍ തന്റെ പിതാവായ മത്തായിയുടെ നിര്‍ബന്ധം മൂലമാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. അതിനു പിന്നിലാവട്ടെ മുന്‍ മെമ്പര്‍ കള്ളനോട്ടു തോമാച്ചന്റെ കരങ്ങള്‍ ഉണ്ടുതാനും.
മത്തായിക്കു കുറേ പണം നല്‍കി മകളെ പിന്‍വലിപ്പിക്കാനും ഒരു ശ്രമം ഉണ്ടായി. അതും വിജയിച്ചില്ല.
എന്നാല്‍ തന്റെ ബാല്യകാലസുഹൃത്തായ ഐപ്പച്ചന്‍ തന്നെ ഇലക്ഷനില്‍ ജയിക്കണമെന്നാണ് അവളുടെ മനസ്സിലെ ആഗ്രഹം. പക്ഷേ സ്വന്തം പിതാവിനെയും അയാളുടെ പിന്നിലെ പ്രേരകശക്തിയായ തോമ്മാച്ചനെയും ഭയന്നിട്ട് അവള്‍ക്ക് മത്സരരംഗത്തു നിന്നു പിന്മാറാനും പറ്റാത്ത അവസ്ഥ. അവളുടെ കണ്ണീരിന് ആരും വില കല്പിച്ചില്ല.
മത്സരരംഗം സജീവമായി കുരുവി ചിഹ്നവും കുതിര ചിഹ്നവുമൊക്കെ നാടുനീളെ നിറഞ്ഞു. നിര്‍മ്മലയുടെ പിന്നില്‍ തോമാച്ചനാണെന്ന് അറിഞ്ഞതോടെ ഐപ്പച്ചനും കര്‍മ്മധീരനായി പടക്കളത്തിലിറങ്ങി.
നിര്‍മ്മലയോടുള്ള അവന്റെ പരിഭവമൊക്കെ മാറി. അവള്‍ അവന്റെ ബാല്യകാലസഖിയാണ്. പ്രായമായപ്പോള്‍ അവളെ വിവാഹം കഴിക്കാന്‍ മോഹിച്ചിട്ടുപോലുമുണ്ട്. പക്ഷേ, തന്റെ മനസ്സിലെ ആ മോഹം അവന്‍ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നുമാത്രം. കാരണം സമ്പന്നരായ അവന്റെ വീട്ടുകാര്‍ അത്തരമൊരു ബന്ധത്തിന് സമ്മതം മൂളുകയില്ല.
തിരഞ്ഞെടുപ്പു രംഗം സജീവമായി. ഇരുവിഭാഗവും ശക്തമായ പ്രചരണം ആരംഭിച്ചു.
നിര്‍മ്മലയ്ക്കുവേണ്ടി തോമാച്ചന്‍ പണം കണ്ടമാനം ചെലവഴിച്ചു. തങ്ങളുടെ പക്ഷത്തുള്ളവര്‍ക്കു മദ്യപിക്കാന്‍ കള്ളുഷാപ്പിലേക്ക് ചീട്ടുകൊടുത്തും, റൗഡികളെ ഇറക്കിയുമൊക്കെയായിരുന്നു തോമാച്ചന്റെ പ്രചരണം. അയാള്‍ പല വോട്ടര്‍മാര്‍ക്കും പണം നല്‍കിയും നിര്‍മ്മലയ്ക്കുവേണ്ടി വോട്ടുമറിച്ചു. ഐപ്പച്ചന്റെ ഇലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് നാലുപേര്‍ മറുകണ്ടം ചാടി. ഐപ്പച്ചന്‍ സദാചാരവിരുദ്ധനാണെന്നുവരെ നോട്ടീസടിച്ചു പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ ഇക്കാര്യങ്ങളില്‍ നിരപരാധിയാണെന്നും എല്ലാം തോമാച്ചന്റെ കളികളാണെന്നും ഇലക്ഷനില്‍ ഐപ്പച്ചന്‍ ജയിക്കുമെന്നും ഒക്കെ പറഞ്ഞ് നിര്‍മ്മല അയച്ചകത്ത് അവന്റെ മനസ്സിനെ തണുപ്പിച്ചു. ഇലക്ഷന്‍ പ്രചാരണത്തിനിടയ്ക്ക് ഒരുനാള്‍ ഐപ്പച്ചന്റെ വീട്ടില്‍ചെന്ന് താന്‍ ഇലക്ഷനില്‍ മത്സരിക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ചു. അവര്‍ക്ക് അവളോടു സഹതാപം തോന്നി.
ഇലക്ഷന്‍ രംഗം ചൂടുപിടിച്ചതോടെ നാട്ടില്‍ സംഘര്‍ഷാവസ്ഥയായി ബ്രോക്കര്‍ അന്തോനിയുടെ വീടിന്റെ ഓടുകള്‍ എറിഞ്ഞു തകര്‍ത്തു. ഷാപ്പിനു തീവച്ചു. പോത്തന്‍സാറിന്റെ വീടിന്റെ പൂന്തോട്ടം നശിപ്പിച്ചു. ഏകോദരസഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന നാട്ടുകാര്‍ കീരിയും പാമ്പും പോലെയായി. കുറെപ്പേര്‍ ആശുപത്രിയിലും കുറെപ്പേര്‍ ജയിലിലുമായി. എങ്ങും എവിടെയും അരക്ഷിതാവസ്ഥ.
ഇതിനിടെ ഐപ്പച്ചനെ ആക്രമിക്കാന്‍ തോമാച്ചന്‍ റൗഡികളെ ഇറക്കി. നിര്‍മ്മലയുടെ മുന്നറിയിപ്പു ലഭിച്ചതിനാല്‍ അവന്‍ രക്ഷപ്പെട്ടു. രണ്ടുകൂട്ടരുടെയും തിരഞ്ഞെടുപ്പു സമ്മേളന സ്ഥലങ്ങളിലും സംഘര്‍ഷം ഉണ്ടായി. ആക്രമണങ്ങളില്‍ ഒരാള്‍ മരിച്ചു.
ഒടുവില്‍ ഇലക്ഷന്‍ ശാന്തമായി നടന്നു. ഐപ്പച്ചന്‍ 300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ, ഫലം വന്നപ്പോള്‍ പതിനൊന്നുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിര്‍മ്മല വിജയിച്ചു. പണം കൊടുത്തുവരെ വോട്ടു ചെയ്യിച്ചാണ് തോമാച്ചന്‍ ആ അട്ടിമറി സൃഷ്ടിച്ചത്. ഫലം അറിഞ്ഞശേഷം രാത്രിയില്‍ തോമാച്ചനെ എഴുന്നള്ളിച്ചുകൊണ്ട് പ്രകടനവും നടന്നു. റൗഡികള്‍ നടത്തിയ ആ പ്രകടനത്തില്‍ എതിരാളികളുടെ വീടുകളിലെല്ലാം അവര്‍ നാശനഷ്ടങ്ങളും വരുത്തി.
വിജയം ആഘോഷിക്കാന്‍ തോമാച്ചനും മത്തായിയുംകൂടി മദ്യപാനം തുടങ്ങി. മത്തായി അബോധാവസ്ഥയിലായ അവസരം നോക്കി തോമാച്ചന്‍ നിര്‍മ്മലയെ കടന്നുപിടിച്ചു. എന്നാല്‍ നിര്‍മ്മല അയാളെ വെട്ടുകത്തി കാണിച്ച് വിരട്ടിവിട്ടു. തോമാച്ചനില്‍ പ്രതികാരവാഞ്ഛ ഉണര്‍ന്നു.
പിറ്റേന്ന് നിര്‍മ്മലയുടെ വീട് തീപിടിച്ചു ചാമ്പലായി കിടക്കുന്നതാണ് നാട്ടുകര്‍ കണ്ടത്.
ഇലക്ഷനില്‍ പരാജയപ്പെട്ട ഐപ്പച്ചന്‍ വീടിനും തീവച്ചു എന്നായി ആരോപണം. മത്തായിയുടെ മൃതദേഹവും വീടിനുള്ളില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ നിര്‍മ്മലയ്ക്ക് എന്തുസംഭവിച്ചു എന്ന് യാതൊരു വിവരവുമില്ല.
ഐപ്പച്ചനെ പോലീസ് അറസ്റ്റു ചെയ്തു. തോമാച്ചന്റെ ശിങ്കിടികള്‍ വീടിനു തീ വയ്ക്കുന്നതു കണ്ടതായി അവന്‍ പോലീസിനു മൊഴി കൊടുക്കുകയും ചെയ്തു.
ഈ അവസരത്തില്‍ തോമാച്ചനാണ് വീടിനു തീവച്ചതെന്ന് അയാളുടെ ഭാര്യ തന്നെ പോലീസിനു മൊഴികൊടുത്തു. നിര്‍മ്മലയെ വീട്ടില്‍ നിന്ന് രക്ഷിച്ച് തന്റെ വീട്ടില്‍ പാര്‍പ്പിച്ച ലക്ഷ്മിയമ്മ സത്യം തുറന്നു പറഞ്ഞു. അതോടെ ഐപ്പച്ചന്‍ മോചിക്കപ്പെടുകയും തോമാച്ചന്‍ അറസ്റ്റിലാവുകയും ചെയ്തു.
പൊള്ളലേറ്റ നിര്‍മ്മലയെ കാണാന്‍ ഐപ്പച്ചന്റെ അമ്മ മറിയാമ്മ പോയി. അവര്‍ക്ക് അവളോടുണ്ടായിരുന്ന നീരസമെല്ലാം മാറി. കാരണം അവള്‍ പഞ്ചായത്തു മെമ്പര്‍സ്ഥാനം രാജിവച്ചു. ഐപ്പച്ചന്‍ എതിരില്ലാതെ തെരഞ്ഞെടുക്കണമെന്നാണ് അവളുടെ ആഗ്രഹം. എന്നാല്‍ വീണ്ടും ഒരു ഇലക്ഷന് ഇറങ്ങിപ്പുറപ്പെടാന്‍ ഐപ്പച്ചന്‍ തയ്യാറായില്ല.
അച്ഛന്‍ മരിക്കുകയും വീട് നഷ്ടമാവുകയും പഞ്ചായത്തു മെംബര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്ത നിര്‍മ്മലയ്ക്ക് ആ ഗ്രാമം അന്യമാവുകയാണ്. അവള്‍ അകലെയുള്ള സഹോദരിയുടെ വീട്ടിലേക്കു പോവുകയാണ്.
യാത്ര ചോദിക്കാന്‍ അവള്‍ ഐപ്പച്ചന്റെ വീട്ടിലുമെത്തി. അവിടെ ചാണ്ടിച്ചനും മറിയാമ്മയും സെലിനും എല്ലാം ഉണ്ടായിരുന്നു. ഇലക്ഷന്‍ പ്രചാരണവേളയിലെ 'പഞ്ചായത്ത് വിളക്ക്' എന്നും വിളിച്ചുകൊണ്ട് ഐപ്പച്ചനും എത്തി.
അവരാരും നിര്‍മ്മലയെ ആ ഗ്രാമം വിട്ടു പോകുവാന്‍ അനുവദിക്കുന്നില്ല. അവര്‍ നിര്‍മ്മലയെ ആ വീട്ടിലെ ഒരംഗമായി സ്വീകരിക്കുകയായിരുന്നു. അതേ, ഐപ്പച്ചന്റെ ജീവിതസഖിയായി. ആ ഭവനത്തിലെയും ഐപ്പച്ചന്റെ ജീവിതത്തിലെയും കെടാവിളക്കായി.
(തുടരും.....)