ഭാഗം - 9
തവിട്ടു നിറമാർന്ന പൂഴിറോഡിലൂടെ മുന്നോട്ടു കുതിക്കുമ്പോൾ ഒരു പകലിനെ ആഴിയിലോടുക്കാൻ സൂര്യൻ അറബിക്കടലിലേക്ക് യാത്ര തുടങ്ങിയിരുന്നു. നീലാകാശത്തു വെളുത്ത പഞ്ഞിക്കെട്ടുകൾ അലഞ്ഞിരിതിരിഞ്ഞു നടക്കുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടം വിജനമായിരുന്നു. എന്റെ മനസിന്റെ സന്തോഷത്തെ അലോസരപ്പെടുത്താൻ ഇവയ്‌ക്കൊന്നിനും കെൽപ്പില്ലായിരുന്നു. റോഡാവസാനിക്കുന്നതിനു മുന്നേയുള്ള വളവെത്തിയപ്പോൾ ഞാൻ സൈക്കിൾ ബില്ലുകൾ അമർത്തി. പ്രണയ സംഗീതത്തിന്റെ പശ്ചാത്തല സംഗീതമായി അവ മുഴങ്ങിക്കേട്ടിരുന്നു. രണ്ടാമത്തെ വളവു കഴിഞ്ഞു ഞാൻ ഹേമലത ടീച്ചറിന്റെ വീടിനു മുന്നിൽ സൈക്കിൾ സ്റ്റാന്റിട്ടു നിർത്തി. സിറ്റ് ഔട്ടിന് മുന്നിലായി തൂക്കിയിട്ടിരുന്ന ക്ലോക്കിൽ സമയം നാലുമണി ആയിരുന്നില്ല. പറഞ്ഞതിലും അഞ്ചു മിനിട്ടു നേരത്തെ എത്തിയ ഞാൻ സൈക്കിൾ കണ്ണാടിയിൽ മുഖം നോക്കി. പൊടി മൂശയിലൊന്നു തടകി. പൗരുഷത്തെ ജനിപ്പിക്കുന്ന കുഞ്ഞു രോമങ്ങൾ കറക്കാൻ തുടങ്ങിയിട്ടില്ല. കിളുന്നു ഇറച്ചിയിലെ മഞ്ഞപ്പൂടപോലെ നിലകൊണ്ടിരുന്നത് പണ്ടൊരിക്കൽ ബിനീഷ് പറഞ്ഞിരുന്ന വാചകത്തിലേക്കു കൂട്ടികൊണ്ടുപോയി. ദിവസവും ഷേവ് ചെയ്താൽ കട്ടിമീശ വരുമെന്നും അവന്റെ ഒരു സഹോദരൻ നാട്ടു വൈദ്യം വിൽക്കാൻ വന്നിരുന്ന ലാദന്മാരിൽ നിന്നും കരടി നെയ്യ് വാങ്ങി തേച്ചു കട്ട താടിയും മീശയും വന്ന കാര്യവും സൈക്കിളിന്റെ കണ്ണാടിയിൽ തെളിഞ്ഞു കണ്ടു. അല്ലേലും താടിയും മീശയും അല്ലല്ലോ ഇപ്പോൾ ഇവിടുത്തെ പ്രധാന വിഷയമെന്നും ഞാൻ എന്നെ തന്നെ പറഞ്ഞു ഫലിപ്പിക്കുമ്പോഴേക്കും വീടിനു മുന്നിൽ നിന്നും ഹേമലത ടീച്ചറിന്റെ ചോദ്യം വന്നു. എന്താ വിഷ്ണു അവിടെ തന്നെ നിന്നതു കേറി വാ അകത്തേക്ക്.. നോട്ട് ബുക്കിൽ നിലയുറപ്പിച്ച പ്രേമലേഖനം ഞാൻ ആരുമറിയാത്ത മട്ടിൽ പാന്റിന്റെ പോക്കറ്റിലേക്ക് സ്ഥാനമാറ്റം നടത്തിയതിനു ശേഷം വീടിനുള്ളിലേക്ക് നടന്നു.
മാതൃഭാഷയിലെ അക്ഷരമാലകളെപ്പോലെ ഇംഗ്ലീഷ് അക്ഷരമാലകളും അറിയാവുന്ന എനിക്ക് വാക്കുകളും വാചകങ്ങളും തെറ്റില്ലാതെ കൂട്ടിച്ചേർത്തു ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും മാത്രം അറിയമായിരുന്നു. പക്ഷേ എന്തെങ്കിലും അറിയാമെങ്കിൽ തനിക്കു എല്ലാം അറിയാമെന്ന പൊതു മലയാളി ഭാവനയെ തകിടമരിച്ചുകൊണ്ടായിരുന്നു തുടക്ക ദിവസംതന്നെ ഹേമലത ടീച്ചറിന്റെ പ്രഥമദിനത്തിലെ ക്ലാസ് അരങ്ങേറിയത്. 'ഈസ്' 'വാസ്' എന്നീ പ്രധാന ആയുധം ഉപയോഗിച്ച് മുറിഞ്ഞ ഇംഗ്ലീഷിനെ കൂട്ടിയോജിപ്പിച്ചു സംസാരിച്ചു നടന്നിരുന്ന എന്റെ ഇംഗ്ലീഷ് ജീവിതത്തിലേക്ക് പ്രെസെന്റ്, പാസ്ററ്, ഫ്യൂചർ ടെൻസുകളിൽ സിമ്പിൾ, കണ്ടിന്യൂസ്, പെർഫെക്റ്റ്, പെർഫെക്റ്റ് കണ്ടിന്യൂസ് എന്നീ തലങ്ങളുടെ നൂൽപാലം ടീച്ചർ കെട്ടിത്തൂക്കിയാണ് ക്ലാസ് ആരംഭിച്ചത്. യൗവന തീക്ഷണതയിൽ ഹൃദയ വാചകമായി എഴുതിയ പ്രേമലേഖനം എന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്നു വീർപ്പു മുട്ടുന്നുണ്ടായിരുന്നു. ഹേമലത ടീച്ചറിന്റെ ഇംഗ്ലീഷ് വാക്കുകൾ എന്നെയും എന്റെ ചിന്തകളെയും അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ബുക്കിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന സിമിയെ ഞാൻ ഇടംകണ്ണിൻ മുനയിൽ അമ്പെയ്ത്തു. എന്റെ തൊട്ടടുത്തിരുന്ന അഭിരാമി ഒന്നുമറിയാത്ത ഭാവത്തിൽ സെല്ലോ ഗ്രിപ്പർ പേനകൊണ്ട് എന്റെ വലതു തുടയിൽ കുത്തി. നേരീയ വേദനയുണ്ടായി എങ്കിലും എന്റെ മനസ്സിലേക്ക് ആദ്യം കേറി വന്നതു ഹൃദയമാകുന്ന പ്രേമലേഖനം കുത്തികീറിയോ എന്നുള്ള വേവലാതിയായിരുന്നു. എന്റെ കൈവിരലുകളെ ഞാൻ പതിയെ ചുംബിച്ചു തുടയിൽ തടവി. ഹേമലത ടീച്ചർ പെർഫെക്റ്റ്, പെർഫെക്റ്റ് കണ്ടിന്യൂസ് ടെൻസുകളുടെ കോമിനേഷൻ ഫോർമുല എഴുതാൻ നിർദ്ദേശിച്ചു. പുസ്തകം തുറക്കുന്നതിനു മുന്നോടിയായി സിമി എന്റെ നേർക്ക് ഒരു പുഞ്ചിരിയെറിഞ്ഞു. ആ പുഞ്ചിരി എന്റെ മനസ്സിൽ ഒരു വസന്തമായി ആയിരം വർണ്ണ പുഷ്പങ്ങൾ വിരിയിച്ചു.
ഒന്നരമണിക്കൂറിനടുത്തു നീണ്ടു നിന്ന ക്ലാസ് കഴിഞ്ഞു. വീർപ്പു മുട്ടിക്കുന്ന ഇംഗ്ലീഷ് പുകയില നിന്നും ഞങ്ങൾ മൂന്നുപേരും ശുദ്ധവായുവിനായി പുറത്തേക്കിറങ്ങി. അഭിരാമിയുടെ സുഹൃത്തായിരുന്ന സിമിക്ക് നേരെ ഞാൻ കൺമുനയെറിയുന്നതു അവൾ കണ്ടിരിക്കുമെന്നു ഞാൻ മനസ്സിൽ നിരൂപിച്ചതിനാൽ ആദ്യമായി കണ്ട എന്നെ അഭിരാമി എന്തിനാണ് പേനയ്ക്കു കുത്തിയതെന്നു ഞാൻ ചോദിച്ചില്ല. സുന്ദരിയായ ഒരു സ്ത്രീയുടെ സമീപത്തിരുന്നു ഒരു പുരുഷൻ മറ്റൊരു സ്ത്രീയെ നോക്കുന്നത് തെറ്റാണോ? ആവോ അറിയില്ല. ഞങ്ങൾ എന്റെ സൈക്കിൾ സ്റ്റാന്റിട്ടു നിർത്തിയിരുന്നടുത്തേക്കു നടന്നു. പുതിയകാവ് ലൈബ്രറിയിൽ പോയി ഞാൻ പുസ്തകമെടുത്തതിനെക്കുറിച്ചു സിമി ചോദിച്ചു തുടങ്ങി. 'താൻ നല്ല ശീലങ്ങളൊക്കെ തുടങ്ങിയല്ലേ?' നല്ല ശീലമാണോന്നെനിക്കറിയില്ല പക്ഷേ ഇപ്പോൾ ഞാൻ ബുക്കുകൾ വായിക്കാൻ തുടങ്ങിയതിൽ പിന്നെ ഒരു സന്തോഷം കിട്ടുന്നുണ്ട്. താൻ ഏതു പുസ്തകമാണ് ആദ്യം വായിച്ചത്? സിമിയുടെ അടുത്ത ചോദ്യവും ചാമ്പയ്ക്കാമരത്തിൽ നിന്നും ഒരു പഴുത്ത ചാമ്പയ്ക്കായും അടർന്നു വീണത് ഒരുമിച്ചായിരുന്നു. ശബ്‌ദം കേട്ട് അഭിരാമി സൈക്കിളിനു മുന്നിലുള്ള ചാമ്പമര ചുവട്ടിലേക്ക് പോയി. പുസ്തക പ്രേമിയായിരുന്ന സിമിക്ക് മുന്നിൽ ഞാൻ ആദ്യം വായിച്ച പുസ്തകം ഏതാണെന്നുള്ളത് ആലോചന കലർത്താതെ ബഷീറിന്റെ "പ്രേമലേഖനം" എന്ന് പറഞ്ഞു. ഞാൻ വായിച്ചു തുടങ്ങിയത് ഐതീഹ്യമാലയായിരുന്നെങ്കിലും വായിച്ചു പൂർത്തിയാക്കിയതിക്കുറിച്ചാണ് ഞാൻ സിമിയോട് പറഞ്ഞത്. അപ്പോഴും എന്റെ പ്രേമലേഖനവും അവൾക്കു വേണ്ടി ചുവന്ന രക്താണുക്കളാൽ തുള്ളിച്ചാടി ശരീരമാസകലം ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ എന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും സിമിയുടെ നേർക്ക് നീട്ടാൻ കൈകൾ വിറച്ചു തുടങ്ങി.
അഭിരാമിയുടെ വിളിയിൽ സിമി അവളുടെ പുസ്തകങ്ങൾ എന്റെ സൈക്കിളിന്റെ കാര്യറിൽ വെച്ചതിനു ശേഷം മുന്നോട്ടു നടന്നു. എന്റെ ഹൃദയം അവളുടെ പുസ്തങ്ങളിൽ ഒളിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്ന കള്ളക്കാമുകന്റെ പരവേശവും വെപ്രാളവും എന്നിൽ ഉടലെടുത്തു. ചുറ്റും നിരീക്ഷണം നടത്തി സ്ഥലകാലം എനിക്ക് അവസരമൊരുക്കുന്നുണ്ടായിരുന്നു. അഭിരാമിയും സിമിയും തോട്ടികൊണ്ടു ചുവന്നു പഴുത്ത ചാമ്പയ്‌ക്ക മരത്തിൽ നിന്നും കുത്തിയിടാൻ ശ്രമിക്കുകയായിരുന്നു. എന്റെ മുഖം ചുമന്നു തുടുക്കാൻ തുടങ്ങി. ഹൃദയമിടിപ്പുകൾ കൂടുന്നതിന് മുന്നേ ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നും സിമിയുടെ പുസ്‌തകത്തിന്റെ അകത്താളുകളിൽ എന്റെ സ്നേഹത്തിന്റെ അടയാളമുദ്ര ലിഖിതം അവൾ ഹൃദയത്തിൽ ചേർത്ത് വായിക്കുമെന്ന പ്രതീക്ഷയിൽ ചേർത്ത് വെച്ചു. അത്രയും നാൾ കൊണ്ട് നടന്ന സ്നേഹത്തിനു ചെടികളുടെ തളിരിൽ പൂമൊട്ട് വിരിയുമ്പോൾ എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. പെട്ടന്നുള്ള എന്റെ ചിരികണ്ടു സിമി എനിക്ക് നേരെ പിങ്ക് നിറമുള്ള ഒരു ചാമ്പയ്‌ക്ക വെച്ചു നീട്ടി വിളിച്ചു. വിഷ്ണു ഇങ്ങോട്ടു വാ.. എന്റെ കണ്ണുകളിൽ അത് സിമിയുടെ ഹൃദയമായി തുടിക്കുന്നുണ്ടായിരുന്നു. സ്നേഹം തുളുമ്പുന്ന ഹൃദയത്തിന്റെ പ്രതീക്ഷയുടെ ജീവിത രേഖപോലെ ഞാൻ സിമിയുടെ അടുത്തേക്ക് നടന്നു. വെറ്റില ചേർത്ത് കന്ന്യാദാനം ലഭിക്കുംപോലെ സിമിയുടെ വലതുകൈകളിലെ ചാമ്പയ്‌ക്ക എന്റെ കൈകളിൽ തരുമ്പോൾ പരസ്പരം വിരലുകൾ സ്പർശിച്ചു. ആദ്യമായി സിമിയുടെ കൈവിരലുകൾ എന്റെ കൈരേഖയിൽ പതിഞ്ഞു. ആ സ്പർശനം എന്നിൽ ഒരു സ്നേഹത്തിന്റെ മാറ്റുരച്ചു. അതുവരെ ചാമ്പയ്‌ക്ക കടിച്ചുമുറിച്ചുകൊണ്ടിരുന്ന അഭിരാമി സമയം ഒരുപാടായി എന്ന് പറഞ്ഞു വീട്ടിലേക്കു നടന്നു. ഞാനും സിമിയും സൈക്കിളിരുന്ന സ്ഥലത്തെത്തി അവളുടെ പുസ്തകാൻ ഞാൻ എന്റെ കൈകളാൽ എടുത്തുകൊടുത്തു. കാണാം എന്ന് യാത്ര പറഞ്ഞു ഞങ്ങൾ രണ്ടു വഴിയിലേക്ക് തിരിഞ്ഞു.
പൂഴി റോഡിലൂടെ ഞാൻ സൈക്കിൾ ചവിട്ടി നീങ്ങിയത് വളരെ പതുക്കെയായിരുന്നു. കറങ്ങുന്ന ഭൂമിയിലെ വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ പോകുന്ന സൈക്കിളിലിരിക്കുന്ന എന്റെ ചിന്ത സിമിയുടെ ലോകമെന്ന ഭ്രമണ വലയത്തിലായിരുന്നു. നാളയെക്കുറിച്ചെന്തെന്നു അറിയാതെ എന്റെ നാലയിലേക്കു ഒരു പ്രേമലേഖനം വരുത്തിത്തീർക്കാൻ പോകുന്ന പുകിലുകളും നഷ്ടങ്ങളും നേട്ടങ്ങളും എല്ലാം വഴിവക്കിൽ ചിന്നി ചിതറി. അവളുടെ വീട്ടിൽ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകൾ അങ്ങനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ എല്ലാം കടന്നു പോകുന്നുകൂട്ടത്തിൽ സൈക്കിൾ കൃത്യമായി എന്നെ എന്റെ വീട്ടിൽ എത്തിച്ചിരുന്നു. സ്നേഹത്തിനു വേണ്ടിയും ഇന്നല്ലെങ്കിൽ നാളെ നടക്കുമെന്ന പ്രതീക്ഷയുമാണല്ലോ മനുഷ്യന്റെ ജീവിത തന്നെ നയിക്കപ്പെടുന്ന പ്രധാന ഘടകം. ആഴിയിലൊടുങ്ങിയ സൂര്യൻ നാളെയും പ്രതീക്ഷയുടെ പുലരി വിരിയിക്കുമെന്നു കാത്തിരിക്കുംവണ്ണം ഞാൻ സിമിയുടെ മറുപടിക്കു വേണ്ടി കാത്തിരുന്നു.
(തുടരും.....)