കിണറ്റുവക്കത്ത്
കുനിഞ്ഞിരിപ്പുണ്ട്
മുഷിപ്പു നിറഞ്ഞ മനസ്.
തൊട്ടി ആഴങ്ങളിലേക്ക്
ഇറങ്ങുന്നതും
വെള്ളത്തിൽ തുടിക്കുന്നതും
തെളിനീർ നിറച്ച്
മുകളിലേക്ക് കയറുമ്പോൾ
കപ്പി ആയാസത്തോടെ
തേങ്ങുന്നതും നോക്കി
ആയിരിപ്പ് തുടങ്ങിയിട്ട്
നേരമൊത്തിരിയായി.
മനസിനെയവിടെ വിട്ട്
പോരുമ്പോൾ
വെളളം നിറച്ച കുടം
ഒക്കത്തിരുന്ന് തുളുമ്പി.
മനസിന്റെ ഭാരത്തേക്കാൾ
വലിയ ഭാരം
വേറെയില്ലെന്ന്
ഒപ്പം തുളുമ്പുന്ന
ഹൃദയം ചിരിച്ചു.
ചിന്തകളിൽ
തുടിച്ച് തുടിച്ച്
കരടെല്ലാം നീങ്ങി
തെളിയുമ്പോൾ
കോരിയെടുത്ത്
കൂടെ ചേർക്കാമെന്ന്
അതിലേ പോയ
കാറ്റ് കാതിൽ പറഞ്ഞു.