Image

"കളി ഇട്ടികുഞ്ഞിനോടാ" (ജോസ് ചെരിപ്പുറം)

ജോസ് ചെരിപ്പുറം Published on 06 April, 2024
"കളി ഇട്ടികുഞ്ഞിനോടാ" (ജോസ് ചെരിപ്പുറം)

'അറിഞ്ഞില്ലേ നമ്മുടെ ഇട്ടിക്കുഞ്ഞ് അച്ചനാകാന്‍ പോകുന്നു,അതിനവ്ന്‍ കല്ല്യാണം കഴിച്ചിട്ടില്ലല്ലോ, അച്ഛനാകാന്‍ കല്ല്യാണം കഴിക്കണമെന്നില്ല, അവന്‍ പള്ളീലച്ചനാകാന്‍ പോകുന്നു'. കേട്ടവര്‍ക്ക് അത്ര വിശ്വാസം വന്നില്ല. അവരുടെ അറിവില്‍ അച്ചാകാനുള്ള യോഗ്യത ഇട്ടികുഞ്ഞിനില്ല. നാട്ടിന്‍പുറത്തെ പു.ക. കുടുംബത്തിലെ, യോഗ്യന്മാരായ ചെറുപ്പക്കാരാണ് സെമ്മാരിയില്‍ ചേരാറ്. ഇത് കാണാനും കൊള്ളില്ല കാര്യത്തിനും കൊള്ളില്ല കഷ്ടിച്ചു പരീഷകള്‍ ഒക്കെ പാസ്സാകുന്ന ഇട്ടിക്കുഞ്ഞിന് 10 വര്‍ഷത്തെ പഠനമെങ്ങനെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ചിന്ത കേട്ട സാറന്മാര്‍ക്കും ഉണ്ടായി. എന്നാല്‍ ഇട്ടിക്കുഞ്ഞിന് ഒരേ വാശി വൈദികനാകണം. പല കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. ഒന്നാമതായി ഈ നശിച്ച പേര് മാറ്റണം. കൂട്ടുകാരും സഹോദരങ്ങളും വഴക്കു കൂടുമ്പോള്‍ നീ പോടാ പട്ടികുഞ്ഞേ എന്നു വിളിയും. പിന്നെ തന്തപ്പടിയെ  നിലക്ക് നിര്‍ത്തണം. ഇപ്പോള്‍ ഒരു ഏഴാം കൂലികണക്കെ കരുതുന്നു തന്ത, തന്നെ അച്ചാ എന്നു വിളിച്ചു ബഹുമാനിച്ച് എഴുന്നേറ്റു നില്‍ക്കുന്ന അവസ്ഥ ഓര്‍ക്കുമ്പോള്‍ തന്നെ കോള്‍മയിര്‍ കൊള്ളുന്നു. എല്ലാവരും അച്ചാ വന്നാട്ടെ, ഇരുന്നാട്ടെ എന്ന് ബഹുമാനപുരസ്സരം എഴുന്നേറ്റു നിന്നു സ്വാഗതം അരുളുന്നു. സ്വന്തം തന്തപോലും അച്ചാ എന്നു വിളിയ്ക്കുന്നു. മകനെ അച്ചാ എന്നു വിളിക്കുന്ന ഒരു സമുദായം ക്രിസ്ത്യാനി മാത്രമേ ഉള്ളൂ. പിന്നെ സമൃദ്ധമായ ആഹാരം. ഏതെങ്കിലും അച്ചന്‍ന്മാര് പട്ടിണികിടന്നു മരിച്ചിട്ടുണ്ടോ? അങ്ങിനെപ്പകരം വീട്ടാനുള്ള ഗൂഢലക്ഷ്യത്തോടെ ഇട്ടിക്കുഞ്ഞ് വെള്ള വസ്ത്രങ്ങള്‍ ധരിച്ച് തലമുടി എണ്ണതേച്ച് നടുവകഞ്ഞ് ചീകി മിനുക്കി. മുടി കണ്ടാല്‍ തള്ളപ്പശു കിടാവിനെ നക്കിപോലെ ഒട്ടിപ്പിടിച്ചിരിക്കുന്നതുകണ്ട് കുറെ കുസൃതി പിള്ളേര്‍ 'പശുനക്കി' എന്ന ഓമനപ്പേരും നല്‍കി. നല്ല മുഹൂര്‍ത്തം നോക്കി തകരപ്പെട്ടിയുമെടുത്ത് കാരണവന്മാരുടെ അനുഗ്രഹം വാങ്ങി ഇട്ടിക്കുഞ്ഞ് യാത്രയായി. ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്' റവ.ഫാ.വിക്ടര്‍ കൊട്ടാരത്തില്‍, എ്ന്താ ഒരു ഗും. മറ്റേത് കൊച്ചുപുരയ്ക്കല്‍ ഇട്ടിക്കുഞ്ഞ്(പട്ടിക്കുഞ്ഞ്) 'ഫ' എന്തോര് പേര്. സെമിനാരിയിലെ ജീവിതം തുടക്കത്തില്‍ അതിമനോഹരമായിരുന്നു. നല്ല ഭക്ഷണം. വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ബ്രദര്‍  എന്ന വിളി. താന്‍ എന്തോ ഒക്കെയാണെന്ന് ഇട്ടിക്കുഞ്ഞിന് തോന്നി. പക്ഷേ പതിയെ പതിയെ കഠിന നിയമങ്ങള്‍ ഒന്നൊന്നായി വന്നു തുടങ്ങി. രാത്രി 10 മണിയ്ക്ക് മണി അടിച്ചാല്‍ പിന്നെ നിശബ്ധമാണ്, ഒരക്ഷരം ഉരിയാടണമെങ്കില്‍ രാവിലെ ആറു മണിയ്ക്ക് മണിയടിക്കണം. ചറുപറാ വര്‍ത്തമാനം പറയുന്ന ഇട്ടികുഞ്ഞിന് ഇത്രയും നേരം മിണ്ടാതിരിക്കാന്‍ പറ്റില്ല, എന്നാല്‍ കര്‍ശനമായ നിയമത്തിന്റെ ഊരാക്കുടുക്കില്‍പ്പെട്ടു പോയി. ഒരിക്കല്‍ അബദ്ധത്തില്‍ സംസാരിച്ചതിന് റെക്ടറച്ചന്‍ ഇട്ടിക്കുഞ്ഞിന് 6 മണിയ്ക്കുള്ള Silence Break 10 മണിവരെ നീട്ടി. അങ്ങിനെ ഇരിക്കെ ഒരു ദിവസം സെമിനാരിയില്‍ രാത്രിയില്‍ കള്ളന്‍ കയറി, കിട്ടിയ സാധനങ്ങള്‍ ഒക്കെ എടുത്തോണ്ട് പോയി. പിറ്റേ ദിവസം റെക്ടറച്ചന്‍ എല്ലാവരേയും വിളിച്ചുവരുത്തി ചോദിച്ചു 'നിങ്ങള്‍ ഇത്രയും പേരുണ്ടായിട്ട് ആരും ഒന്നും കേട്ടില്ല, കണ്ടില്ല.' ഇട്ടിക്കുഞ്ഞു പറഞ്ഞു 'ഞാന്‍ കണ്ടായിരുന്നു' 'എന്നിട്ട് എന്താണ് ഞങ്ങളെ ഒക്കെ  വിളിച്ചുണര്‍ത്താതിരുന്നത്'. അത് Silence ന്റെ സമയമായിരുന്നു. പതിയെ പതിയെ ഇട്ടികുഞ്ഞിന് സെമിനാരി മടുത്തു എങ്ങിനെയെങ്കിലും വീട്ടില്‍ പോയാല്‍ മതി എന്നായി. പല അടവുകളും നോക്കിയിട്ട്, റെക്ടറച്ചന്‍ വിടുന്ന ലക്ഷണമില്ല. അവസാനം കട്ടായമായി ഇട്ടികുഞ്ഞു പറഞ്ഞു എനിക്ക് വീട്ടില്‍ പോകണം. അച്ചന്‍ പറഞ്ഞു നമുക്ക് പ്രാര്‍ത്ഥിച്ചശേഷം ബൈബിള്‍ തുറന്നു വായിക്കാം. അന്നേരം കിട്ടുന്ന വചനം അനുസരിച്ച് പ്രവര്‍ത്തിക്കാം. കുറെനേരം പ്രാര്‍ത്ഥിച്ചശേഷം അച്ചന്‍ ഇട്ടികുഞ്ഞിനോട് പറഞ്ഞു ബൈബിള്‍ തുറന്നു നോക്കുക. ഇട്ടികുഞ്ഞ് ബൈബിള്‍ തുറന്നു. തളര്‍വാതരോഗിയെ കര്‍ത്താവ് സുഖപ്പെടുത്തിയ ഭാഗമാണ് വായിച്ചത്. 'നീ നിന്റെ കിടക്കയുമെടുത്ത് വീട്ടില്‍ പോകുക.' ഇട്ടികുഞ്ഞിനോടാണ് കളി.

Join WhatsApp News
P T Paulose 2024-04-09 02:41:44
നർമ്മത്തിൽ പൊതിഞ്ഞ നല്ല കഥ. എൻ്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക