ആടുജീവിതം കണ്ടു.
നോവലിൽ നിന്നും വെള്ളിത്തിരയിലെ ആടുജീവിതത്തിലേക്കുള്ള യാത്രയ്ക്കു പിന്നിൽ, അതിജീവനത്തിന്റെ കനൽ പാതകൾ താണ്ടുന്ന നജീബിന്റെ വികാര വിചാരങ്ങൾ അതേ പോലെ തന്നെ ചുട്ടു പൊള്ളുന്ന ദൃശ്യങ്ങളിലൂടെ പകർന്നു നൽകാൻ പൃഥിരാജിന്റെ അഭിനയമികവിന് സാധിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചിലർക്കായി മാത്രം സൃഷ്ടിക്കപ്പെട്ടതായി ഉണ്ട് . ഇത് അത്തരത്തിൽ ഒന്നാണ്. ശരീരവും മുഖവും ഒക്കെ നജീബ് എന്ന കഥാപാത്രത്തിലേക്കു പ്രവേശിക്കാൻ അനുയോജ്യമാക്കി മാറ്റാൻ ആ നടൻ സഹിച്ച ത്യാഗം അഭിനന്ദനാർഹം തന്നെ.
ഈ സിനിമയിൽ മനസ്സിന് അല്പമെങ്കിലും കുളിർമ്മ പകരാനുള്ള സന്ദർഭങ്ങൾ സംവിധായകൻ ഒട്ടും പാഴാക്കിയിട്ടില്ല എന്നതിന് തെളിവാണ് "നിന്നെ കിനാവ് കാണും മിഴിയാകെ" എന്ന അതി മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്കാരം. നെറ്റിയിൽ അടിയേറ്റ് മരുപ്പരപ്പിൽ വീണു കിടന്ന നജീബിന്റെ അരികിലൂടെ അറബി വിലയ്ക്ക് വാങ്ങിയ കുടി വെള്ളത്തിൽ നിന്നു അബദ്ധവശാൽ പാഴായി പോയ അല്പം ചാലിട്ട് ഒഴുകിയപ്പോൾ ആ ജലമർമ്മരം മറ്റൊരു പുഴയുടെയും, നജീബും സൈനുവും ഒരുമിച്ച് ദാഹം തീരാത്ത സ്‌മൃതികളുടെയും പച്ചപ്പണിഞ്ഞ അവരുടെ മധുവിധു നാളുകളുടെ ജലശയ്യയിലേക്കും നമ്മെ കൂട്ടി കൊണ്ടു പോകുന്നു.
ഉള്ളിൽ തട്ടുന്ന പശ്ചാത്തലസംഗീതം, ഫോട്ടോഗ്രഫി, വീശിയടിച്ചു മേഘം പോലെ ഉരുണ്ടു കൂടി വരുന്ന പൊടിക്കാറ്റ് ഇവയെല്ലാം കാഴ്ചയിലെ ആദ്യാനുഭവം ആയിരുന്നു. ഉണങ്ങാത്ത മുറിവായ്, സ്വസ്ഥത തരാത്ത അശാന്തിയായി ഹക്കീമും, നജീബും മനസ്സിൽ വിതുമ്പുന്നു.
അവസാന രംഗങ്ങൾ ആവശ്യത്തിലേറെ ഇഴഞ്ഞു നീങ്ങി എന്ന് തോന്നിച്ചു എങ്കിലും ഒരു മരുഭൂമിയിൽ ചുട്ടു പൊള്ളുന്ന തീക്കാറ്റിൽ അവിടെ മറ്റൊന്ന് കൊണ്ടും നിറയ്ക്കാൻ ആകില്ലല്ലോ.
അന്തർദേശീയ തലത്തിൽ എന്ത് കൊണ്ടും ശ്രദ്ധിക്കപ്പെടാൻ സാധ്യത ഉള്ള ചിത്രം,.ഗദ്ഗദത്തിൽ മുങ്ങിപ്പോകുന്ന കഥാപാത്രങ്ങളുടെ ശബ്ദം ഇടയ്ക്കിടെ അവ്യക്തമെങ്കിലും നമുക്കവ പൂരിപ്പിക്കാനാവും. കാരണം ആ നോവലിലെ ഓരോ ഏടിലും നജീബിന്റെ യഥാർത്ഥ ജീവിതം തുടിച്ചു നിൽക്കുന്നുണ്ടല്ലോ. അതിനെ വെള്ളിത്തിരയിൽ എത്തിക്കാൻ വേണ്ടി അണിയറയിൽ അവർ സഹിച്ച യാതനകളും, ബദ്ധപ്പാടുകളും അത്രമേൽ തന്നെ തീവ്രമായിരുന്നു എന്ന് നിസ്സംശയം പറയാം.
രണ്ടരമണിക്കൂറുകൾ വ്യഥ കൊള്ളുന്നതെങ്ങിനെ എന്ന് ചിന്തിക്കുന്നവർ കാണാൻ മടിച്ചിട്ടൊ എന്തോ തിരക്ക് കുറവായിരുന്നു. സിനിമയായല്ല ഒരു മനുഷ്യൻ ഒരായുസ്സു മുഴുവൻ ഓർമ്മിച്ചിരിക്കും വിധം നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നു ഇതിലെ പല രംഗങ്ങളും.
വെറും കെട്ടുകഥ മാത്രം അല്ലാത്ത ഒരു പച്ച ജീവിതം.. സിനിമയിലൂടെ കണ്ടറിയേണ്ടവ നേരത്തെ പറഞ്ഞു കൂടല്ലോ. ഇങ്ങനെയും ഉണ്ട് മനുഷ്യജീവിതം എന്ന് ഒരു നടുക്കത്തോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കു.