Image

വിഷുപ്പക്ഷികൾ പാടുന്ന ഈണങ്ങളിൽ (എന്റെ വിഷു: സുധീർ പണിക്കവീട്ടിൽ)

Published on 10 April, 2024
വിഷുപ്പക്ഷികൾ പാടുന്ന ഈണങ്ങളിൽ (എന്റെ വിഷു: സുധീർ പണിക്കവീട്ടിൽ)

മീനച്ചൂടിൽ പ്രകൃതി ഉരുകുകയാണ്. ഒരു ഇല പോലും അനങ്ങുന്നില്ല. വിഷുവിനു ഇനി ഏതാനും ദിവസങ്ങൾ മാത്രം. തൊടികളിൽ കിളികളുടെ കോലാഹലം ഉണ്ടാകേണ്ടതാണ്. വിഷുപ്പക്ഷികളുടെ  പാട്ട് കേൾക്കാൻ രാവിലെയും വൈകീട്ടും പറമ്പിലൊക്കെ നടക്കുമ്പോൾ സ്വതവേ നാണം കുണുങ്ങികളായ ഈ പക്ഷികൾ പതുക്കെ പാടുന്നത് കേൾക്കാം.  “കള്ളൻ ചക്കേട്ടു കണ്ടാൽ മിണ്ടണ്ട, കൊണ്ടേ  തിന്നോട്ടെ.”  ഇവിടെ ചക്കയിടാൻ ബംഗാളികൾ വല്ലവരും വന്നാലായി. അവർക്കും ചക്കയിലൊന്നും താൽപ്പര്യമില്ല ചക്കപ്പഴം തിന്നാൻ അമേരിക്കയിൽ നിന്നും വായിൽ വെള്ളവുമൊലിപ്പിച്ചു വന്നത് വെറുതെയാകുമോ എന്ന സങ്കടം. ചക്കപ്പഴത്തേക്കാൾ  കിളികളുടെ സംഗീതമാണ് കൂടുതൽ മധുരം നൽകുക. 

കൊന്നപ്പൂക്കളും പൂക്കാൻ മടിച്ച് നിൽക്കയാണ്. ധാരാളം മരങ്ങൾ ഉണ്ടായിട്ടും കിളികൾ യഥേഷ്ടം പാറി പറക്കുന്നില്ല. വിഷുപ്പക്ഷി എന്ന്  നമ്മൾ പറയുന്ന പക്ഷിക്ക് പല സ്ഥലങ്ങളിലും ഉത്തരായണക്കിളി, കതിരുകാണാക്കിളി എന്നൊക്കെ പേരുണ്ടത്രേ. നമ്മോടൊപ്പം വിഷു ആഘോഷിക്കാൻ ഈ കിളികൾ എത്തുന്നു. അതുകൊണ്ട് ഇവരെ വിഷുപക്ഷികൾ എന്ന് വിളിക്കുന്നു.  നമ്മുടെ അതിഥികളായി എത്തി നമ്മെ രസിപ്പിക്കുന്ന കാര്യങ്ങളാണ് അവ പാട്ടുകളാക്കി  പാടുന്നത്. അടുക്കളയിൽ തിരക്കുപിടിച്ച് പാചകത്തിൽ ഏർപ്പെടുന്ന വീട്ടമ്മമാരോട് ചക്കക്കുപ്പുണ്ടോ എന്ന് ചോദിച്ച് അൽപ്പം പരിഹാസം ചൊരിയുന്നവർ. രാവേറെ ചെല്ലുമ്പോൾ ജാലകവാതിൽക്കൽ ഒരു കിളികൂജനം കേൾക്കാം. കടന്നുപോയ യൗവ്വനകാലഘട്ടത്തിൽ അതൊരു സുന്ദരിയുടെ വളകിലുക്കമായിരുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോൾ നിലാവ് മങ്ങുന്നു. വികാരതീവ്രമായ ആ കാലഘട്ടത്തിൽ ഉത്തരായണക്കിളികൾ പാടുമായിരുന്നു ഉന്മാദിനിമാരെപോലെ.  ഇപ്പോൾ ഈ ഏകാന്തതയിൽ ഓ എൻ വി യെ ഓർമ്മവരുന്നു. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ… കാതരയായൊരു പക്ഷിയെൻ ജാലകവാതിലിൻ ചാരെ ചിലച്ചു പോകുന്നു. ആ ഒരു നിമിഷം ആരെയൊക്കെയോ ഓർക്കുന്നു. അകന്നുപോയവർ ഒരു പക്ഷെ ഇനി ഒരിക്കലും ഓർക്കാൻപാടില്ലാത്തവിധം  ആരുടെയോ  ആയവർ. എന്നാലും ഒരു മാത്ര വെറുതെ മോഹിച്ചു പോകുന്നു. പാവം മാനവഹൃദയം.

വിഷുക്കണി ഒരുക്കാനും കാണാനുമുള്ള തയ്യാറെടുപ്പിലാണ് സഹോദരിയും കുട്ടികളും. വീട്ടിൽ ഒരുത്സവാന്തരീക്ഷം ഒരുങ്ങുന്നുണ്ട്.  നേരം പുലരുമ്പോൾ ഒരാൾ വന്നു മോട്ടോർ ഓൺ ചെയ്തു  പറമ്പാകെ നനയ്ക്കും. അന്തരീക്ഷം ചൂടുപിടിക്കുന്നതിനുമുമ്പ് ജലസേചനം കഴിഞ്ഞ പറമ്പിനു ഒരു പ്രത്യേകഭംഗിയാണ്.  ഇറ്റിറ്റുവീഴുന്ന നീർതുള്ളികളിലൂടെ സൂര്യരസ്മികൾ ചിന്നിച്ചിതറുമ്പോൾ ഏഴുവർണ്ണങ്ങൾ തൂവ്വി  വിരിയുന്ന മഴവില്ലു. വെള്ളത്തിൽ നനഞ്ഞുപോയ ഒരു എട്ടുകാലിവലയിലും മഴവിൽ വെറുതെ കുലച്ചു നിൽപ്പുണ്ട്. എട്ടുകാലിക്ക് അതിൽ അമർഷം ഉണ്ട്. പ്രകൃതി നമുക്കായൊരുക്കുന്ന കാഴ്ചകൾ നമ്മൾ മുഴുവനായി കാണുന്നില്ല.  

ചെടികളൊക്കെ ഇലത്തുമ്പുകളിൽ വെള്ളത്തുള്ളികൾ വീഴ്ത്തി കുളിരു പകരുമ്പോൾ ഒരു ഫൗണ്ടന്‌  താഴെ കുറെ കിളികൾ കുളിച്ചൊരുങ്ങുന്നുണ്ട്. മാവിൻ കൊമ്പത്തിരുന്നു ഒരു കുയിൽ പാടുന്നത് കേൾക്കാം. പ്രണയാഭ്യർത്ഥനയാണ്, വാഗ്‌ദാനമാണ്. "നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തുവയ്ക്കും."  തൃശ്ശർകാരുടെ നന്മയും നർമ്മവും വച്ച് ചിന്തിക്കുമ്പോൾ കുയിലിനോട് പറയാൻ തോന്നും. "നീ ഈ താമരനൂലിൽ ഒക്കെ പൂത്താലി ഉണ്ടാക്കിവച്ചാൽ അവൾ വരില്ല. തന്നെയുമല്ല ഈ താമരനൂലു എന്ന് പറയുന്ന സാധനം വാടി പോകില്ലേ. നീ നല്ല സ്വർണ്ണത്തിൽ ഒരു വെടിക്കെട്ട് സാധനം തീർക്കടാ..അതിനു ഇമ്മടെ ആലൂക്കാസിലോ ചെമ്മണ്ണൂരിലോ പോയാൽ മതി. ഏതു തരം  വേണേലും കിട്ടും. അങ്ങനെ മിന്നൊക്കെ കെട്ടി മനുഷ്യന്മാരെപോലെ ഇല്ലാത്ത പൊല്ലാപ്പ് തലയിൽ വച്ച് നട്ടം തിരിയെടാ മണക്കൂസ് കാമുകാ...." കുയിലിനു  കോപം വരുന്നു. താമരനൂലിനാൽ തീർക്കുന്ന പൂത്താലി അവൾ  വരുവോളം വാടാതിരിക്കാൻ ഞാൻ അത് ഹൃത്തിൽ എടുത്തു വയ്ക്കും.  അവൻ ഗദ്ഗദ കണ്ഠനാകുന്നു സ്വർണ്ണം പോലും പുറത്തുവച്ചാൽ നിറം മങ്ങും. ഇത് ഞാൻ ഹൃത്തിലാണ് സൂക്ഷിച്ച് വയ്ക്കുന്നത്.  കുയിലുകൾക്കും ദിവ്യ പ്രേമം.  നടക്കട്ടെ എന്നുപറഞ്ഞു കുയിലിനെ വിട്ടു നടക്കുമ്പോൾ രണ്ടു മയിലുകൾ പറന്നു വന്നു. സഹോദരിയും കുട്ടികളും ആഹ്ളാദചിത്തരായി.  ഒരു മയിൽ വീട്ടിൽ വരുന്നത് ശുഭലക്ഷണമാണ് പ്രത്യേകിച്ച് വിഷു അടുക്കാറായപ്പോൾ. കാർത്തികേയന്റെ വാഹനമാണ്. ശ്രീകൃഷ്ണൻ മുടിയിൽ  ചൂടിയിരിക്കുന്നത്  മയിൽപ്പീലിയാണ്. മഴയെത്തുംമുമ്പേ ഇവർ നൃത്തം വയ്ക്കും. മയിലുകളുടെ നടത്തം കണ്ടാൽ വർഷങ്ങൾക്ക് മുമ്പ് കോളേജിലെ സുന്ദരിക്കോതയായിരുന്നവൾ നടക്കുന്ന പോലെയുണ്ട്.  മയിലിന്റെ നടത്തം കണ്ടു ഒരു ഹിന്ദി കവി എഴുതിപോലും.. ജി കർത്താ ഹേ മോർ കി പാവോ മി പായലിയാം പഹനാഥും (മയിലിന്റെ കാലുകളിൽ പാദസരങ്ങൾ അണിയിക്കാൻ മനസ്സ് മോഹിക്കുന്നു എന്നർത്ഥം).ദൈവമേ ഒരു മഴ പെയ്തു ഈ ചൂടൊന്നു  കുറഞ്ഞെങ്കിൽ  എല്ലാവരും ഒരു നെടുവീർപ്പോടെ പറഞ്ഞു. പക്ഷെ മയിലാടിയില്ല, കുയിൽ പാടിയില്ല. മയിലുകളും ചൂട് കൊണ്ട് പരവശരാണ്. ചണ്ഡാലഭിക്ഷുകിയിൽ കുമാരനാശാൻ വിവരിക്കുന്ന ചൂട് പോലെ- “ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ, സ്വൈരം ശരണമണഞ്ഞിരിപ്പൂ. ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും.
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;”

കൈനീട്ടം ഇത്തവണ അമേരിക്കൻ ഡോളറിലാണെന്ന സന്തോഷത്തിലാണ് മരുമക്കൾ. അതിനു വിഷുവിന്റെ തലേന്നാൾ ആ കാർമേഘവർണ്ണനെ അണിയിച്ചൊരുക്കി ഉരുളിയിൽ ഐശ്വര്യവസ്തുക്കൾ നിറച്ച് പൂജാ  മുറിയിൽ ഒളിച്ചുവയ്ക്കണം. മേടപ്പുലരിയിൽ കണി കണ്ടുണരാൻ. ഓരോരുത്തരെ കണ്ണുകെട്ടി മുറിയിലേക്കാനയിക്കണം. . സഹോദരിയുടെ പൂജാമുറിയിൽ നാലടി ഉയരത്തിൽ ഒരു വേണുഗോപാലൻ  നിൽപ്പുണ്ട്.  ചുണ്ടത്ത് വച്ചിരിക്കുന്ന വേണുവിലൂടെ അവൻ പാടുന്ന പാട്ടുകൾ കേട്ട് യമുനാതീരത്ത് ആയിരം പാദസരങ്ങൾ കിലുങ്ങുന്നുണ്ട്. പക്ഷെ കൊന്നപ്പൂക്കൾ വളരെ കുറവാണ്. പഴയ മലയാളപ്പാട്ടുകൾ എന്ന പരിപാടിയിൽ ജയചന്ദ്രൻ മാത്രം കർണ്ണികാരം പൂത്തു തളിർത്തു കൽപ്പനകൾ താലമെടുത്തുവെന്നു പാടുന്നുണ്ട്.

ഈ വിഷുക്കാലം വളരെ ആനന്ദം പകരുന്നു. സ്നേഹത്തിന്റെ മത്താപ്പൂവും, കമ്പിത്തിരിയും, പൂ പോലെ ചിന്നി ചിതറുമ്പോൾ ഉത്സാഹത്തിന്റെ പടക്കങ്ങൾ പൊട്ടിച്ച് കുട്ടികൾ ചുറ്റിലും തിമിർക്കുന്നു.കുസൃതിക്കാരിയായ ഇളയ മരുമകൾ സഹോദരിയോട് പറഞ്ഞു എനിക്ക് അമ്മാവനെ കണി കണ്ടാൽ മതിയെന്ന്. മറ്റു കുട്ടികളൊക്കെ ചിരിച്ചപ്പോൾ അവരുടെ അച്ഛൻ കുട്ടികൾക്കറിയാത്ത ആ രഹസ്യം പറഞ്ഞു. നിങ്ങളുടെ അമ്മാവൻ ഒരു കുഞ്ഞികൃഷ്ണനാണ്. അയാൾ അത് അർഥം വച്ച് പറഞ്ഞതെങ്കിലും കുട്ടികൾ അത് നേരായി വിശ്വസിച്ചു .അപ്പോൾ പിന്നെ അമ്മാവനെ കണി കണ്ടാൽ എന്താ കുഴപ്പം എന്ന ആശയകുഴപ്പം കുട്ടികളിലുണ്ടായി. പക്ഷെ അമ്മാവന് വെണ്ണ നിറമാണല്ലോ നീലയല്ല എന്ന ശങ്ക അതുവഴി മുടന്തി വന്നു.  അപ്പോഴും മുതിർന്നവർക്ക് ഉത്തരമുണ്ടായി. അത് പിന്നെ കണ്ണന് വെണ്ണ വലിയ ഇഷ്ടമല്ലേ.?  അപ്പോൾ വെണ്ണ നിറവും ഉണ്ടാകും. അങ്ങനെ രസകരമായ രംഗങ്ങൾ അരങ്ങേറിക്കൊണ്ട് കുടുംബ ശ്രീകോവിൽ അണിഞ്ഞൊരുങ്ങി. കൊന്നമരം പൂവണിഞ്ഞു. കണികാണാൻ വയ്ക്കാനുള്ള ചക്ക കാഴ്ചവച്ച് പ്ലാവ് തയ്യാറായി നിന്ന്. കാർമേഘവർണ്ണന്റെ മാറിലണിയാനുള്ള മാലക്ക് പൂക്കളുമായി ചെടികൾ പുഷ്പിച്ചു നിന്നു. ഇനിയും പുലർന്നുവരട്ടെ വിഷു. എല്ലാവർക്കും  ഐശ്വര്യസമൃദ്ധമായ കണിയും കൈനിറയെ കൈനീട്ടവുമായി ഈ വർഷം  വിഷു നിങ്ങൾക്ക് അനുഗ്രഹപ്രദമാകട്ടെ.

“മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.. വൈലോപ്പിള്ളി”'
ശുഭം

 

Join WhatsApp News
Sunil 2024-04-12 07:54:13
ഓർമകൾ ഓടി കളിക്കുവാൻ എത്തുന്ന
Vayanakaran 2024-04-13 02:38:48
നാട്ടിലെ വിഷുക്കാലത്തിന്റെ ഭംഗിയൊക്കെ കലർത്തി നർമ്മവും ചേർത്ത് എഴുതിയ ലേഖനം. ഒന്നുകൂടി വായിക്കാൻ തോന്നുന്ന അപൂർവം ചില രചനകളിൽ ഒന്ന്. നന്നായി.
കോരസൺ 2024-04-13 12:52:42
മഴവന്നു നനയട്ടെ, മയിൽ വരട്ടെ, കുയിൽ പാടട്ടെ, കൊന്നകൾ പൂക്കട്ടെ.. മറ്റൊരു വിഷുകൈനീട്ടമായി സുധീർ സാർ, മനോഹരമായ വിഷുക്കുറിപ്പ്.
Paul D. Panakal 2024-04-13 13:38:18
ഹൃദയസ്പർശിയായ നല്ലൊരു എഴുത്ത്! മനസ്സിൽ ഗൃഹാതുരത്വത്തിന്റെ നേർത്ത നനവും യാഥാർഥ്യത്തിന്റെ വരൾച്ചയും മലയാള സാഹിത്യത്തിലെ സൂക്ഷ്മബിന്ദുക്കളും ഉൾക്കാഴ്ച വഹിക്കുന്ന ലേഖനം. സന്തോഷം; സുഖലാഘവത്തോടെ വാചിച്ചു. ലേഖകൻ സുധീർ പണിക്കവീട്ടിലിനു നന്ദി.
Sudhir Panikkaveetil 2024-04-14 05:43:39
പ്രതികരണം അറിയിച്ച പ്രിയപ്പെട്ടവർക്ക് നന്ദി. എല്ലാവര്ക്കും ഐശ്വര്യസമൃദ്ധമായ ഒരു വര്ഷം നേരുന്നു.
Easow Mathew 2024-04-14 12:12:59
Congratulations to Sudhir for this beautiful article on Vishu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക