പട്ടുതൂവാല
അനുവാചകഹൃദയങ്ങളില്‍ മുട്ടത്തുവര്‍ക്കിയുടെ മാന്ത്രികത്തൂലിക കൊണ്ടുള്ള അതിലോലമായ സ്പര്‍ശമാണ് 'പട്ടുതൂവാല'. നോവലായും സിനിമയായും ഇതു മലയാളികളുടെ മനം കവര്‍ന്നു.
നാട്ടിലെ സമ്പന്നനായ പോത്തപ്പിയുടെ നാടകട്രൂപ്പിലെ പ്രധാന നടനാണ് ജോര്‍ജ്. ഒരിക്കല്‍ നാടകം ആ ഗ്രാമപ്രദേശത്തും അവതരിപ്പിക്കപ്പെട്ടു. പ്രൊഫസര്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ സുന്ദരിയായ മകള്‍ സെലിനും നാടകം കാണാന്‍ എത്തിയിരുന്നു.
നാടകത്തിലെ യാചകവേഷത്തില്‍ തകര്‍ത്തഭിനയിച്ച ജോര്‍ജിന് ഒട്ടേറെ അഭിനന്ദനങ്ങളും ഉപഹാരങ്ങളും ലഭിച്ചു. സെലീന്‍ അവനു സമ്മാനിച്ചത് മനോഹരമായ ഒരു പട്ടുതൂവാലയായിരുന്നു.
എന്നാല്‍ ട്രൂപ്പുടമയും ചെറുപ്പക്കാരനുമായ പോത്തപ്പി ആ പട്ടുതൂവാല കൈവശപ്പെടുത്തിയത് ജോര്‍ജിന്റെ രാഗാര്‍ദ്രമായ ഹൃദയത്തിനേറ്റ മുറിവായി. അവിടെ തുടങ്ങിയ നീരസം അവന്‍ നാടകസമിതിയുമായി തെറ്റിപ്പിരിയുന്നതിലാണ് അവസാനിച്ചത്.
അമ്മയെയും സഹോദരിയെയും സംരക്ഷിക്കേണ്ട ചുമതലയുള്ള ജോര്‍ജ് ഒരു തൊഴില്‍ തേടി അലഞ്ഞു.
ഇതിനിടയില്‍ സെലിന്‍ തനിക്കു സമ്മാനിച്ച ആ പട്ടുതൂവാല എങ്ങനെയും പോത്തപ്പിയില്‍ നിന്നും തിരിച്ചുവാങ്ങണമെന്ന മോഹവും ജോര്‍ജില്‍ രൂഢമൂലമായി. ഒരു രാത്രിയില്‍ അതിനായി പോത്തപ്പിയുടെ കിടപ്പുമുറിയിലെത്തിയ ജോര്‍ജ് ഒരു ഏറ്റുമുട്ടലിനൊടുവില്‍ തന്റെ ഹൃദയം കവര്‍ന്ന പട്ടുതൂവാലയും കൈക്കലാക്കി പുറത്തേക്കോടുന്നു.
താന്‍ തലയ്ക്കടിച്ചു പരിക്കേല്പിച്ച പോത്തപ്പി മരിച്ചിട്ടുണ്ടാകുമോ? എന്തായാലും പോലീസ് അവന്റെ പിന്നാലെ തന്നെയുണ്ട്. അവരില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ജോര്‍ജ് നാടുവിട്ടു.
ജോലി തേടി അന്യനാട്ടിലെത്തിയ ജോര്‍ജിന് അച്ഛന്റെ സുഹൃത്തായ ഫിലിപ്പുചേട്ടന്‍ തുണയായി. അയാള്‍ അവനെ തന്റെ വീട്ടില്‍ താമസിപ്പിക്കുകയും ചിട്ടിക്കമ്പനിയില്‍ ജോലി നല്‍കുകയും ചെയ്തു.
അങ്ങേരുടെ മകള്‍ സുന്ദരിയായ റീത്ത ജോര്‍ജുമായി അടുത്തു. അപ്പോഴും അവന്റെ ഹൃദയത്തോടു ചേര്‍ന്ന് സെലിന്‍ സമ്മാനിച്ച ആ പട്ടുതൂവാലയുണ്ട്.
റീത്തയുടെ മാതാപിതാക്കള്‍ക്കും ജോര്‍ജിനെ തങ്ങളുടെ മകളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ താല്‍പര്യമാണ്. അപ്പോഴാണ് പോലീസ് ജോര്‍ജിനെ തിരഞ്ഞു കൊണ്ടുള്ള പരസ്യം പത്രത്തില്‍ കൊടുക്കുന്നത്. പോലീസ് അവിടേക്കു കടന്നുവരുന്നതുകൂടി കണ്ട ജോര്‍ജ് ആരോടും പറയാതെ അവിടെനിന്നും ഒളിച്ചോടുന്നു.
തന്റെ എല്ലാ ദുര്യോഗങ്ങള്‍ക്കും കാരണം സുന്ദരിയായ സെലിന്‍ സമ്മാനിച്ച ആ പട്ടുതൂവാലയാണെന്ന് അവനു തോന്നി. ജോര്‍ജ് ആ തൂവാല ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
എന്നാല്‍ കുറച്ചുദൂരം ചെന്നപ്പോള്‍ അവനു കുറ്റബോധം തോന്നി. അതു കൈവശപ്പെടുത്തിയ പുലയക്കിടത്തിയെ കടന്നുപിടിച്ച ജോര്‍ജിനെ തല്ലാന്‍ നാട്ടുകാര്‍ പുറകെയെത്തി.
ഓടിക്കൊണ്ടിരുന്ന ഒരു ലോറിയില്‍ പിടിച്ചുകയറി അവന്‍ അന്യനഗരത്തിലെത്തി. എങ്കിലും പത്രപ്പരസ്യത്തില്‍ ഫോട്ടോ കണ്ട പലരും അവനു പാരയായി.
പിന്നീട് വേഷപ്രച്ഛന്നനാകുകയേ അവനു മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അങ്ങനെ പണ്ട് നാടകത്തില്‍ അഭിനയിച്ച യാചകവേഷം അവന്‍ വീണ്ടും അണിഞ്ഞു.
ഇതിനിടെ വേഷപ്രച്ഛന്നനായ ജോര്‍ജ് മാര്‍ക്കറ്റില്‍ പതിവായി പൂവില്‍ക്കാനെത്തുന്ന അമീന എന്ന യുവതിയുമായി സൗഹൃദത്തിലായി. തന്റെ രണ്ടാനമ്മയുടെ പീഡനങ്ങളേറ്റാണ് അവള്‍ ജീവിക്കുന്നത്.
ഒരുനാള്‍ ജോര്‍ജിന്റെ വേഷംകെട്ടല്‍ അമീന കണ്ടെത്തുന്നു. അതോടെ ആദ്യം പരിഭവിച്ചെങ്കിലും പിന്നീട് അവന്റെ കഥകള്‍ അറിഞ്ഞതോടെ അവളുടെ പിണക്കം മാറി. മാത്രമല്ല, ചില ഘട്ടങ്ങളില്‍ അമീന അയാളോടൊപ്പം അന്ധഗായികയുടെ വേഷം കെട്ടുകയും ചെയ്തു.
പ്രൊഫസര്‍ ഫ്രാന്‍സിസും മകള്‍ സെലിനും അതിനകം അന്നാട്ടിലേക്കു താമസം മാറ്റിയിരുന്നു. വേഷപ്രച്ഛന്നനായ ജോര്‍ജ് ഒരു ദിനം സെലിന്റെ മുന്നിലും ചെന്നുപെട്ടു. അവള്‍ക്ക് സംശയം തോന്നിത്തുടങ്ങിയപ്പോഴേക്കും ജോര്‍ജ് അവിടെ നിന്നു മുങ്ങി.
പക്ഷേ, അവന് അധികകാലം അങ്ങനെ ഒളിച്ചുകളിക്കാനായില്ല. അവന്‍ പാടിയ പഴയൊരു പാട്ടിലൂടെ സെലിന്‍ അവനെ തിരിച്ചറിയുകയായിരുന്നു. അതിനിടെ അമീനയുടെ രണ്ടാനമ്മയ്ക്കും യാചകവേഷധാരിയെ സംശയമായി. അതോടെ അമീനായ്ക്കു വിവാഹത്തിനു വാക്കു നല്‍കിയിട്ട് ജോര്‍ജ് തന്റെ ജന്മനാട്ടിലേക്കു മടങ്ങുന്നു.
അമ്മയെയും സഹോദരിയെയും തേടിപ്പോയ അവന്‍ പോലീസ് പിടിയിലായി. എങ്കിലും അവര്‍ സുഖമായിരിക്കുന്നു എന്ന അറിവ് അവനു സമാധാനം നല്‍കി.
കാരാഗൃഹത്തിലായ ജോര്‍ജിനെ കാണാന്‍ പ്രൊഫസര്‍ ഫ്രാന്‍സിസും സെലിനും എത്തി. പട്ടുതൂവാല മാത്രമല്ല തന്റെ ഹൃദയവും അവള്‍ തനിക്കു തന്നിരുന്നു എന്ന് ജോര്‍ജിന് പൂര്‍ണ്ണമായി ബോധ്യപ്പെടുന്നത് അപ്പോഴാണ്. അവനെ കള്ളക്കേസുകളില്‍ കുടുക്കിയ പോത്തപ്പിയും ഒരു കള്ളനോട്ടു കേസിലെ പ്രതിയായി ജയിലിലെത്തി.
പശ്ചാത്താപവിവശനായ പോത്തപ്പിയുടെ മൊഴിയുടെയും പ്രൊഫ. ഫ്രാന്‍സിസിന്റെ ശ്രമത്തിന്റെയും ഫലമായി ജോര്‍ജ് താമസംവിനാ ജയില്‍ മോചിതനായി.
അമീനയ്ക്കു കൊടുത്ത വാക്കനുസരിച്ച് ജോര്‍ജ് അവളെ വരണമാല്യം അണിയിക്കാനെത്തുന്നു. പക്ഷേ, അവളുടെ അപമൃത്യുവിന് ദൃക്‌സാക്ഷിയാവേണ്ട ദുര്യോഗമാണ് ജോര്‍ജിനുണ്ടായത്.
ജോര്‍ജും ഒരു അപകടത്തില്‍പ്പെടുന്നു. അവന് സാന്ത്വനവും ശുശ്രൂഷയും നല്‍കിക്കൊണ്ട് സെലിന്‍ ഒപ്പം തന്നെയുണ്ടായിരുന്നു.
ഇടവേളയില്‍ അവന്റെ മനസ്സില്‍ അനുരാഗം വിതറിയ റീത്ത നേരത്തെ തന്നെ വിവാഹിതയായിരുന്നു. അതോടെ ജോര്‍ജും അവനു പട്ടുതൂവാല സമ്മാനിച്ച സുന്ദരിയും തമ്മില്‍ ഒരുമിക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം അകലുകയായിരുന്നു. വഴിതെറ്റി പറന്നുപോയ പക്ഷി ദൂരമേറെ അലഞ്ഞശേഷം ഒടുവില്‍ കൂട്ടില്‍ തിരിച്ചെത്തിയ അനുഭൂതി. പട്ടുതൂവാലയേക്കാള്‍ മൃദുവും മനോജ്ഞവുമായ മനസ്സുള്ള സെലിനുമായി ആ പഴയ നായകന്‍ ഒന്നു ചേര്‍ന്നു.