Image

അസർബൈജാനിലെ അരുണോദയം ( യാത്രയ്ക്കിടയിൽ -1 - കെ.പി. സുധീര )

Published on 15 April, 2024
അസർബൈജാനിലെ അരുണോദയം ( യാത്രയ്ക്കിടയിൽ -1 - കെ.പി. സുധീര )

അസർബൈജാനിലെ ചില വിശേഷങ്ങൾ പ്രിയ സുഹൃത്തുക്കളുമായി ഇടയ്ക്കിടെ പങ്കു വെയക്കാം - അതിൻ്റെ തുടക്കം സ്ത്രീകളിൽ നിന്നാവട്ടെ -

സ്ത്രീകൾക്ക് സ്വകാര്യത ആവശ്യമോ? സ്വകാര്യതയെക്കുറിച്ചുള്ള ഫെമിനിസ്റ്റ് സങ്കൽപ്പമനുസരിച്ച്, പുരുഷാധിപത്യമോ ലിംഗാധിഷ്ഠിതമോ ആയ ഒന്നും സ്വകാര്യമല്ല.  ലിബറൽ വീക്ഷണകോണിൽ നിന്ന്, സ്വാതന്ത്ര്യത്തിൻ്റെയും സ്വയംഭരണത്തിൻ്റെയും പശ്ചാത്തലത്തിലാണ് സ്വകാര്യത എന്ന ആശയം മനസ്സിലാക്കേണ്ടത്.സാമൂഹിക ശാസ്ത്രങ്ങളാണ് ആദ്യമായി സ്വകാര്യ മേഖലയെ അക്ഷരാർത്ഥത്തിൽ എടുത്തത്, അതായത് സ്വകാര്യ കുടുംബ മണ്ഡലം - പുരുഷ മേധാവിത്ത സമൂഹത്തിൽ സ്ത്രീകളും കുട്ടികളും അവൻ്റെ അടിമകളായിരുന്നു. ഭൂതകാലത്തിൽ അസർബൈജാനി സ്ത്രീകൾ കടുത്ത പുരുഷാധിപത്യ സമൂഹത്തിൽ ശ്വാസം മുട്ടി കഴിഞ്ഞവരാണ്
1919- മുതൽ അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കാണ് ,. സാർവത്രിക വോട്ടവകാശം അസർബൈജാനിൽ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ അസർബൈജാൻ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന ആദ്യത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി.

ജീവിതത്തിന്റെ ഭൗതിക തലങ്ങളിൽ പതുക്കെപ്പതുക്കെ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നവരാണ് സ്ത്രീകൾ - അസർബൈജാനിലെ സ്ത്രീകളെപ്പറ്റി ഒരു അന്വേഷണം നടത്തിയപ്പോൾ ,ഭൂതകാലത്തിൽ നിന്ന് അവരെത്രമാത്രം മാറിപ്പോയിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി - കേരളത്തിലെ സ്ത്രീകളെക്കാൾ അധഃസ്ഥിതമായ ഒരു അവസ്ഥയായിരുന്നു അവരുടേത് - 
പരിസരവുമായി പോരാടി അവരിപ്പോൾ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് - കാലത്തിൻ്റെ തീപ്പൊരി ചിതറുന്ന ഒരു വിപ്ലവം.

അവർബൈജാനിൽ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് പെൺകുട്ടികൾ വളരുന്നത് അച്ഛൻ, അമ്മ ,സഹോദരി സഹോദരൻ മുത്തശ്ശി, മുത്തശ്ശൻ - അത് കഴിഞ്ഞിട്ടേ അവൾക്ക് താനുള്ളൂ - തനിക്ക് സാംഗത്യമുള്ളൂ - സ്വത്വമുള്ളൂ -

മുൻപ് അവർക്ക് വിദ്യ നിഷിദ്ധമായിരുന്നു - വിദ്യ ലഭിച്ചു തുടങ്ങിയപ്പോഴാണ് അവർ സ്വന്തം നിലയും വിലയും മനസ്സിലാക്കുന്നത്. വിദ്യാഭ്യാസമുള്ള സ്ത്രീകളെ പോലും തങ്ങളുടെ ഭർത്താക്കന്മാർ  ജോലിക്കയക്കുന്നില്ല എന്നത് അവരെ വീർപ്പു മുട്ടിച്ചു,നൊമ്പരപ്പെടുത്തി - കാരണം വീട്ടിൽ സാമ്പത്തികം ആകെ തരാറിലാണ് - ഭർത്താവ് ജോലിക്ക് പോകുന്നു -എന്നാൽ അയാളുടെ മദ്യപാനം, ലഹരി ഉപയോഗം, ക്ലബ് ജീവിതം - ഇതെല്ലാം വീട്ടിലെ സാമ്പത്തിക നില തകർത്തിരിക്കുകയാണ്.  അപ്പോഴാണ് അവർ ജോലിക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത് തന്നെ.

സ്വന്തം ഭർത്താവ് ,തന്നെ 49 വയസ്സ് വരെ ജോലിക്ക് അയച്ചില്ല എന്ന് പികയുടെ അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. കാരണം സംസ്കാര സമ്പന്നനും ,കുടുംബ സ്നേഹിയും, അധ്വാനിയുമായ പികയുടെ അച്ഛൻ ഭാര്യയെ ജോലിയിൽ നിന്ന് വിലക്കുമെന്നത് എനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കുന്നില്ല -  സ്ത്രീകൾ പുറത്തുപോയാൽ ചീത്തയാകും എന്നുള്ള പ്രാകൃത ചിന്തയായിരുന്നു തങ്ങളുടെ പ്രപിതാക്കൾ പുലർത്തി വന്നത്. അവരും അവിടെ തന്നെ ഉറച്ചു നിന്നു.
എല്ലാ പുരുഷന്മാരും ഒരേ പോലെ ചിന്തിച്ചതുകൊണ്ട് എല്ലാ സ്ത്രീകളും ഒരുപോലെ വീട്ടിലെ തീരാജോലികൾ, കുട്ടികളെയും പരിപാലിക്കൽ ,അതിഥികളെ ഊട്ടൽ ഇവയ്ക്കെല്ലാം വേണ്ടി  കഠിനാധ്വാനം ചെയ്തു വില കെട്ടവരെന്ന് സ്വയം അപലപിച്ച് ജീവിച്ചു മരിച്ചു. അമ്മമാർ പറഞ്ഞു പഠിപ്പിച്ച, ഭക്ഷണം ഉണ്ടാക്കുക പരിസരവും വൃത്തിയാക്കി വയ്ക്കുക അതിഥികൾക്ക് ഭക്ഷണം ഉണ്ടാക്കുക ഇതൊക്കെയാണ് താങ്കളുടെ ജോലി, തങ്ങളുടെ ജീവിതം എന്ന് ഈ വർത്തുളതയിൽ ഒതുങ്ങി നിൽക്കണം പെണ്ണിൻ്റെ ജീവിതം എന്ന് മനസ്സിലാക്കി അവർ ജീവിച്ചു -
ഇന്ന് കഥയൊക്കെ മാറിപ്പോയി - ഉന്നത വിദ്യാഭ്യാസം ലഭിച്ച് വളർന്ന പെൺകുട്ടികൾ ഇവിടെ പരിവർത്തനത്തിൻ്റെ ഭൂകമ്പം നൃഷ്ടിക്കുന്നു.
താൻ വളർന്ന  കുടുംബത്തിൽ , സ്വന്തം അമ്മയുടെ നില പരിതാപകരമായിരുന്നു എന്നു മനസ്സിലായപ്പോൾ അവൾ വിവാഹത്തെ വെറുത്തു, ചെറുത്തു. വിവാഹമെന്നാൽ അസ്വതന്ത്രത - എന്ന്  ധരിച്ചു വശായ  പുതിയ തലമുറ തനിച്ച് ജീവിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്നു  എന്നാണ് പിക പറയുന്നത് - പുരുഷന്മാരെ ആശ്രയിച്ച് ജീവിക്കാൻ അവരെ കിട്ടില്ല - അല്ലെങ്കിൽ ഉദാസീനനായി വീട്ടിലിരുന്ന് മദ്യപിക്കുന്ന ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി പുറത്ത് പോയി ജോലി ചെയ്യാനും അവൾക്ക് സമ്മതമല്ല - ഭർത്താവിൻ്റെ ലഹരിയും ക്ലബ്ബ് ജീവിതവും അവൾക്കു സഹിക്കാനാവില്ല - പുത്തൻ തലമുറയിലെ പെൺകിടാങ്ങൾ സ്വന്തമായി ജോലി ചെയ്യുന്നു, സമ്പാദിക്കുന്നു - അസർബൈജാനിൽ കമ്പനികളിലും ഓഫീസുകളിലും   പുരുഷന്മാരെക്കാൾ ജോലി സമർത്ഥമായി സ്ത്രീകൾ ചെയ്യുന്നുവത്രെ!

ഭർത്താവ് ഉപേക്ഷിച്ച / ഭർത്താവിനെ ഉപേക്ഷിച്ച ചിലർ സ്വന്തം കുട്ടികളെ നന്നായി വളർത്താൻ എന്തു ജോലിയും ചെയ്യുന്നു - സ്വന്തമായി വീട് വാങ്ങുന്നു,കാർ വാങ്ങുന്നു പോകേണ്ട ഇടങ്ങളിൽ വണ്ടിയെടുത്ത് പോകുന്നു - ഇഷ്ടമുള്ള ഇടത്ത് വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തുക്കളൊത്ത് പോകുന്നു.പുരുഷന്മാർ തനിക്ക് തണൽ ആവില്ല എന്ന് അവർക്ക് പലർക്കും മനസ്സിലായി -
മുപ്പതോ നാൽപതോ കഴിഞ്ഞ് ചിലപ്പോൾ വിവാഹത്തിന് അവൾ തയ്യാറായേക്കാം - ആ പെൺകുട്ടികൾ പല പല ഉപാധികൾ വെയ്ക്കുന്നു. ഭാവി വരന് സ്വന്തമായി വീടു ണ്ടോ ,തനിക്ക്  അവസാനം വരെ കൂട്ടാകുമോ കുഞ്ഞുങ്ങളെ  പരിപാലിക്കാൻ ഒന്നിച്ചുണ്ടാവുമോ, സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കുമോ , വീടിന് പുറത്ത് പോയി ജോലി ചെയ്യാൻ അനുവദിക്കുമോ ,ഇതൊക്കെ അന്വേഷിക്കും -കാരണം ഇപ്പോഴും ചില പുരുഷന്മാർ ഒരിക്കലും ഭാര്യയെ ഒറ്റയ്ക്ക് പുറത്തേക്ക് വിടില്ല - മരുമകൾ ജോലിക്ക് പോകുന്നത് ഭർത്താവിൻറെ വീട്ടുകാരും ചിലപ്പോൾ  ഇഷ്ടപ്പെടില്ല - 
ശ്രീലങ്ക, ടർക്കി, റഷ്യ,ബാലി തുടങ്ങിയ ഇടങ്ങളിൽ  നിന്നും സ്ത്രീകൾ അസർബൈജാനിലേക്ക് ജോലി തേടി വരുന്നു.
 ജോലിയുള്ള സ്ത്രീകളും ആരോഗ്യത്തിലും സൗന്ദര്യസംരക്ഷണത്തിലും തൽപരരാണ് - വീടിന് പുറമേ യോഗ ചെയ്യുന്നു - ഷോപ്പിങ്ങിന് പോയി ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുന്നു - ശ്വേത സുഭഗമായ മുഖത്ത് ഭംഗിയായി മേക്കപ്പ് ചെയ്യുന്നു - കാലത്ത് പുറത്തിറങ്ങിയാൽ കാണാം. ഭംഗിയായി ശിരസ്സുയർത്തിപ്പിടിച്ച് ജോലിക്ക് പോകുന്ന പെൺസമൂഹത്തെ -
ഗവർമെൻറ് നികുതി ഉയർന്നതാണ് - ശമ്പളത്തിന്റെ ഒരു ഭാഗം ടാക്സിലേക്ക് പോകും - റിട്ടയർ ചെയ്താൽ അവർക്ക് സർക്കാർ പെൻഷൻ കൊടുക്കും - എന്നാൽ ആ ചെറിയ പെൻഷൻ തുക കൊണ്ട് ആർക്കും ജീവിക്കാൻ ആവില്ല - വീട്ടിൽ മറ്റൊരു വരുമാനമുള്ള  മറ്റൊരംഗം ഉണ്ടെങ്കിൽ മാത്രമേ അവർക്ക് ജീവിക്കാൻ ആവുകയുള്ളൂ -ഇവിടെ മത്സ്യ- മാംസങ്ങൾ ഭക്ഷണത്തിൽ നിർബന്ധമാണ് - ബീഫിന് കിലോവിന് 16 അസരി മനാത്ത് കൊടുക്കണം -ആട് മാംസത്തിന് 18 മനാത്ത് - 400 മനാത്ത് ശമ്പളമുള്ള അവർ എങ്ങനെയാണ് ജീവിതത്തിൻ്റെ ഇരുതല മുട്ടിക്കുന്നത്? (100 കപ്പിക്ക് ആണ് ഒരു മനാത്ത് എന്നാൽ ) 
ഗ്രാമങ്ങളിൽ ജീവിക്കുന്നവർ തുലോം മെച്ചപ്പെട്ട  ജീവിതമാണത്രെ, നയിക്കുന്നത് -  അവർ സ്വന്തം ഭൂമിയിൽ ഉരുളക്കിഴങ്ങ് , തക്കാളി തുടങ്ങി പലയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നു. ആടുമാടുകളെ വളർത്തുന്നു -

മെഹറിഗുവാ എന്നാണ് ഇവിടെ അസർബൈജാനിലെ മകൻ്റെ വീട്ടിലെ സഹായിയുടെ പേര് - അവർ പാവപ്പെട്ട വീട്ടിൽ നിന്നല്ല വരുന്നത് - നല്ല വസ്ത്രം, നല്ല ജാക്കറ്റ്, സൺഗ്ലാസ് , നല്ല ബാഗ് ഇവയുമായി കാലത്ത് 9 ന് അവൾ വന്ന് ബെല്ലടിക്കും - വൈകീട്ട് 5 വരെ സകല ജോലിയും  ചെയ്ത് തിരിയെപ്പോകും മുഖത്ത് സദാ സംതൃപ്തമായ ഒരു ചിരിയാണ് - നമ്മുടെ വീട്ടിൽ എത്ര സ്വർണം, എത്ര മനാത് പുറത്ത് വെച്ച് പോയാലും അതൊക്കെ തൽസ്ഥാനത്ത് വൃത്തിയാക്കി സൂക്ഷിക്കുകയല്ലാതെ അവൾ ദുരുദ്ദേശത്തോടെ അവ നോക്കുക പോലുമില്ല - അതാണ് അസരികളുടെ സംസ്കാരം.

അസർബൈജാനിലെ അരുണോദയം ( യാത്രയ്ക്കിടയിൽ -1 - കെ.പി. സുധീര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക