വിഷുപ്പിറ്റേന്ന് കണിയൊഴിഞ്ഞ ക്ഷേത്ര നടയിൽ പാതിരയോടടുത്താണ് ഞാൻ കണ്ണനെ കണ്ടത്. ഇന്നലെ നൽകിയ വിഷുക്കണി ദർശനത്തിൻ്റെ ആലസ്യം കണ്ണെൻ്റെ മുഖത്ത് .
എന്താ, എല്ലാ വീടുകളിലും ഇന്നലെ പുലർച്ചെ കണിക്ക് വേണ്ടി കയറിയിറങ്ങിയതു കൊണ്ടാണോ ഈ ക്ഷീണം മുഖത്ത് ? ഞാൻ ഭഗവാനോട് ചോദിച്ചു.
ഹേയ്, ആരാപ്പൊ കണികാണാൻ വേണ്ടി എൻ്റെ വിഗ്രഹം അലങ്കരിച്ച് വയ്ക്കുന്നത്? ഭഗവാൻ ചോദിച്ചു.
അങ്ങനെ പറയരുത്, രണ്ടിതൾ കൊന്നപൂവിന് 30 രൂപ കൊടുത്തിട്ടാ ആളുകൾ കണി മോടിപിടിപ്പിക്കുന്നത്. ഞാൻ കണിക്കാരുടെ ഭാഗം ചേർന്നു.
അത്, എൻ്റെ ഭംഗി കൂട്ടാനല്ല, ഫോട്ടോയെടുത്ത് മൈ വിഷുക്കണി എന്ന് സ്റ്റാറ്റസിടാനാ .. ഭഗവാൻ പറഞ്ഞു
എന്നാലും വിഷുവായാലും ഓണമായാലും ഈ ഗുരുവായുർ കഴിഞ്ഞല്ലേ ഉള്ളു ആളുകൾക്ക് വേറെന്തും. ഞാൻ പറഞ്ഞു
മലയാളിക്ക് ആഘോഷം എന്നാൽ സദ്യയാണല്ലോ. ഇവിടെയല്ലാതെ വേറെ എവിടെയാണ് പായസം കുട്ടി ഫ്രീ സദ്യ ? ഭഗവാൻ്റെ മറുചോദ്യം.
എന്തായാലും ഇവിടുത്തെ മുഖം ഒന്ന് കണ്ടാൽ തെളിയാത്ത മുഖമില്ല. ഞാൻ കൃഷ്ണ ഭക്തനായി .
തെളിയുന്ന പോല മുഖം വാടുകയും ചെയ്യും. ഇവിടെ അര മണിക്കൂർ തൊഴാൻ ക്യൂവിൽ നിൽക്കുമ്പോൾ മുഖം വാടും. പുറത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്ര നേരം വേണമെങ്കിലും കാത്ത് നിൽക്കും. കണ്ണൻ പറഞ്ഞു
അത് പിന്നെ ഭക്ഷണം കൊടുക്കാതെ ഹോട്ടൽ അടക്കില്ല എന്നുറപ്പുണ്ട്, ഇവിടെ ദർശനം കിട്ടും മുന്നെ നടയടക്കുമോ എന്ന ഭയമല്ലേ.. ഞാൻ അക്ഷമികളുടെ കൂടെ ചേർന്നു.
വിഷുക്കൈനീട്ടം പോലും ജി.പേ ആയിരിക്കുന്നു. അമ്പലത്തിൽ അതില്ലാത്തോണ്ട് അതുമില്ല എനിക്ക് , ഭഗവാൻ്റെ സങ്കടം
എന്നാലും എത്ര ദൂരത്ത് നിന്നാ ആ മുഖം ഒന്ന് കണി കാണാൻ ആളുകൾ വരുന്നത് , കണ്ണനോടുള്ള സ്നേഹമല്ലേ അത്..ഞാൻ ചോദിച്ചു
നല്ല സ്നേഹം, ഞാൻ ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് ഇറങ്ങി ഓടി രക്ഷപ്പെട്ടതാ വീടുകളിൽ നിന്ന്, അതാ ഈ ക്ഷീണം. കണ്ണൻ മൊഴിഞ്ഞു.
അതെന്ത് പറ്റി? രക്ഷപ്പെടാൻ മാത്രം എന്തുണ്ടായി? ഞാൻ ചോദിച്ചു
ഇല്ലെങ്കിൽ എന്നെയും എടുത്ത് അവർ ഫ്രിഡ്ജിനുള്ളിൽ തള്ളും.. ഒരു പരമസത്യത്തിൻ്റെ നിഴലിൽ ഞാൻ കരി വിളക്കിൽ ചാരി നിൽക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ കണ്ണൻ എവിടെക്കോ മറഞ്ഞു. . ഉഷ്ണനിലാവിൽ ക്ഷേത്രനടയിൽ ഏകനായി ഞാനും .