Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 15 - സാംസി കൊടുമണ്‍) 

Published on 18 April, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 15 - സാംസി കൊടുമണ്‍) 

വിമോചകര്‍


അടിമ വംശത്തിന്റെ വിമോചകാരായി ചിലപേരുകള്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ്. അവരെ മറവിയിലേക്ക് തള്ളിവിടരുത്. ഇന്നത്തെ തലമുറയുടെ വിചാരം എല്ലാം വന്നു ചേര്‍ന്നതാണെന്നാണ്. സത്യം അതല്ല. പിടിച്ചു വാങ്ങിയതാണ്. ഇന്നും അവസ്ഥ അതുതന്നെയല്ലെ. ആ ത്യാഗികളുടെ അസ്ഥിത്തറയില്‍ ഒരു തിരികത്തിക്കാന്‍ മറക്കാതിരുന്നാല്‍ നന്ന്. ഞാന്‍ എന്നോടുതന്നെയാണു പറയുന്നത്. അബോളിഷ്‌മെന്റു കാരൊക്കെ വരുന്നതിനുമുമ്പേ പലരും ബലിയായി മോചനത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. പക്ഷേ മുളയ്ക്കാന്‍ കാലം ഏറെ എടുത്തു.അബോളിഷ്‌മെന്റ് മൂവ്‌മെന്റുകാര്‍ അതിനെ അവരുടെ പ്രേക്ഷിതവേലയുടെ ഭാഗമാക്കി എന്നതു ശരിതന്നെ. അതില്‍ കറുത്തവനെക്കാള്‍ ഏറെ മനുഷ്യത്വമുള്ള വെളുത്തവരായിരുന്നു.ചിലപേരുകള്‍ പറഞ്ഞു പോകാം എന്നല്ലാതെ വിശദമായി പറയാനൊന്നും എനിക്കറിയില്ല. ഇതൊക്കെ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഓര്‍മ്മക്കുറവെന്നു കണ്ടു ക്ഷമിക്ക.

ഓര്‍മ്മയിലെ ആദ്യത്തെ പേരുകാരന്‍ എന്തുകോണ്ട് ജോണ്‍ ബ്രൗണ്‍ ആയി. ഉത്തരം അറിയില്ല. ആ പേരുകാരന്റെ ഉള്ളിലെ തീക്ഷ്ണമായ ആന്റി സ്ലേവറി ചിന്തകള്‍ ചിലപ്പോള്‍ അനുഭവിക്കുകയും, അറിയുകയും ചെയ്യുന്ന കറുത്തവന്റെ ഉള്ളില്‍പ്പോലും ഉണ്ടായിട്ടുണ്ടാവില്ല എന്നു ഞാന്‍ കരുതുന്നു. അടിമത്വത്തിന്റെ നുകത്തില്‍ നിന്നും ആയിരങ്ങളെ മൊചിപ്പിക്കാന്‍ സ്വയം ബലിയാവന്‍. ഒപ്പം തന്റെ പ്രീയമക്കളേയും ബലികൊടുത്തവന്‍. നിന്ദിതനും പീഡിതനുമായ തന്റെ സഹോദരങ്ങള്‍ക്കുവേണ്ടി ഇതിലും വലിയ ത്യാഗം ആരാണു സഹിച്ചത്. ക്രിസ്തുവിന്റെ ത്യാഗത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ഇതിനെ കുറച്ചു കാണരുത്. ക്രിസ്തുവിന്റെ വഴി വാളിന്റേതായിരുന്നില്ല എന്ന വ്യത്യാസം മറന്നുകൊണ്ടല്ല ഞാന്‍ പറയുന്നത്.തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്ന ജോണ്‍ ബ്രൗണ്‍ ജനിച്ചത് കണറ്റിക്കെട്ടിലെ ഒരു യാതാസ്തീതിക ക്രിസ്ത്യന്‍ കുടുംബത്തിലാണ്. ക്രിസ്തിയ വിസ്വാസങ്ങളും പ്രമാണങ്ങളും പഠിക്കാനും, പഠിപ്പിക്കാനും മാത്രമല്ല പ്രാവര്‍ത്തികമാക്കാനും കൂടിയാണെന്നു ജോണ്‍ വിശ്വസിച്ചു. ചെറുപ്പത്തിലെ തന്നെ തനിക്കു ചുറ്റും കറുത്തവന്റെമേല്‍ കാണിക്കുന്ന അനീതി കണ്ടാണു വളര്‍ന്നത്. ആ മനസില്‍ അടിമയോടുള്ള അനുകകമ്പ മൊട്ടിടാന്‍ തുടങ്ങിയിരുന്നു.

കാലത്തികവില്‍ അടിമകളുടെ മോചനത്തിനായി ഒരു സായുധ സേന കെട്ടിപ്പടുക്കുക എന്ന ആശയവുമായി കാനഡയില്‍ ഒരു രഹസ്യയോഗം കൂടി. അമ്പതോളം കറുത്തവരും വെളുത്തവരും അതില്‍ സംബന്ധിച്ച് ജോണിന്റെ നിലപാടുകളെ പിന്തുണച്ചു. ആയിരത്തി എണ്ണുറ്റി അമ്പത്തെട്ട് (1858)് ഡിസംബറില്‍ കാന്‍സാസില്‍ നിന്നും മിസൗറിവരെയുള്ള പ്ലാന്റേഷനുകളിലെ അടിമകളുടെ മോചനത്തിനായി ഒളിപ്പോരു നടത്തി പതിനൊന്നോളം അടിമകളെ മോചിപ്പിച്ചു. അതിനിടയില്‍ ഒരു ഉടമയെ കൊല്ലേണ്ടിയും വന്നു. ജോണ്‍ ഒരിക്കലും താന്‍ ചെയ്തതത്രയും തെറ്റായിരുന്നു എന്നു കരുതിയില്ല എന്നു മത്രമല്ല കൂടുതല്‍ ആയുധങ്ങളും ആളുകളുമായി വലിയ സായുധ കലാപങ്ങളിലൂടെ മുഴുവന്‍ സ്ലേവുകളെയും മോചിപ്പിക്കാമെന്നു സ്വയം വിശ്വസിക്കയും ചെയ്തു. അതാണ് ഹാര്‍പ്പര്‍ ഫെറി ആക്രമണത്തിന്റെ പിന്നിലെ കാരണങ്ങളില്‍ ഒന്ന്. ആര്‍മിയുടെ ആയുധശേഖരം പിടിച്ചെടുക്കാനുള്ള യുദ്ധത്തില്‍ പതിനാറുപേര്‍ മരിച്ചതില്‍ പത്തുപേരും ജോണിന്റെ ആര്‍മിയില്‍ പെട്ടവരായിരുന്നു. ജോണ്‍ ബ്രൗണിന്റെ അഞ്ചുമക്കളും, (ചിലരൊക്കെ മൂന്നു മക്കള്‍ എന്നു പറയുന്നു) ആ കലാപത്തില്‍ കൊല്ലപ്പെട്ടു. അതാണൂ ഞാന്‍ നേരത്തെപറഞ്ഞ അപരനുവേണ്ടിയുള്ള ത്യാഗം.

ജോണ്‍ ബ്രൗണിനെ ആയിരത്തി എണ്ണുറ്റി അമ്പത്തയോമ്പത് (1859) ഡിസംബര്‍ രണ്ടിന്വിചാരണക്കോടതി തൂക്കിക്കൊന്നു.അടിമയുടെ വിമോചനത്തിനായി പ്രവര്‍ത്തിച്ചവനുകിട്ടിയ തൂക്കുകയറിന്റെ വില വിമോചിതരായവര്‍ ഓര്‍ക്കാറുണ്ടോ.ബ്ലാക്ക് ഹിസ്റ്ററിമന്തില്‍ ജോണ്‍ബ്രൗണിനെ മറന്നാല്‍ അതനീതി ആയിരിക്കുമെന്നേ എനിക്കു പറയാനുള്ളു.ആരെങ്കിലും ഓര്‍ക്കുന്നെങ്കില്‍ നല്ലത്. ഇതുപോലെ ഓര്‍ക്കേണ്ടവര്‍ ഏറെയുണ്ട്. ഒരു യുദ്ധവും ഒരാളാല്‍ ജയിക്കുന്നതല്ല. അതുപോലെ ഒരു വിപ്ലവും ഒരാളല്ല നയിക്കുന്നത്. അനേകരുടെ നല്ല മനസ്സും ജീവത്യാഗവും അതിനുപിന്നില്‍ ഉണ്ട്. ചിലരുടെ ഒക്കെ പേരുകള്‍ തലമുറകള്‍ മറക്കാതെ സൂക്ഷിക്കുന്നു.

ഒരു ഒളിച്ചോട്ടക്കാരന്‍ അടിമയുടെ വിമോചനയാത്രയുടെ ചരിത്രമാണ് ഫെഡറിക്ക് ഡഗ്ലസന്റെ. ആയിരത്തി എണ്ണുറ്റി പതിനെട്ടിനടുത്ത് ജനിച്ച (1818) ഒരു നീഗ്രോ അടിമ മെരിലാന്റില്‍ നിന്നും മനസ്സു നിറയെ അടിമ വംശത്തിന്റെ മോചനമന്ത്രവുമായി ഒളിച്ചോടുമ്പോള്‍ പതിനാറുവയസായിരുന്നു എന്നു പറയുന്നു. ഒരു കുഞ്ഞായിരുക്കുമ്പോള്‍ തന്നെ അമ്മമയില്‍ നിന്നും അകറ്റപ്പെട്ടവന്‍, എന്നു പറയുമ്പോള്‍, അമ്മയെ മറ്റൊരു ഉടമക്കു വിറ്റു എന്ന് തിരുത്തി വായിക്കണം, കുറെക്കാലം മറ്റാരുടെയോ ദയ അവനെ വളര്‍ത്തി. ചിലപ്പോള്‍അതവന്റെ വല്ല്യമ്മതന്നെ ആയിരിക്കാം. ആറാം വയസില്‍ ജോലിക്കായി, മെറിലാന്റിലെ വേ ഹൗസ് പ്ലന്റേഷനിലേക്ക് പറിച്ചു മാറ്റി. പിന്നേയും അവന്‍ വില്‍ക്കപ്പെട്ടു. തോമസ് എന്നു പറയുന്ന അവന്റെ ഉടമയുടെ ഭര്‍ത്താവ് അവന്റെ ജീവിതത്തെ വഴിതിരിച്ചു. അയാള്‍ അവനെ ബാള്‍ട്ടിമോറിലുള്ളഅയാളുടെ സഹോദരന്‍ 'ഹ്യു' വിനടുത്തേക്കുവിട്ടു.ഹ്യു വിന്റെ ഭാര്യ സോഫിയ അവനെ അക്ഷരങ്ങള്‍ പഠിപ്പച്ചത് ആ ജീവിതത്തിന്റെ വഴിത്തിരുവായി. പിന്നെ അവന്‍ സ്വയം പഠിച്ചതും, രഹസ്യമായി മറ്റു അടിമക്കുട്ടികളെ പഠിപ്പിച്ചതും ബൈബിളിന്റെ സഹായത്തോടെയായിരുന്നു., അവന്റെ രഹസ്യ പഠനക്കളരിയെക്കുറിച്ചറിഞ്ഞ ആരോ ഒറ്റിയതിനാല്‍ അവന്‍ വീണ്ടും വില്പനച്ചരക്കായി, എഡ്‌വേഡ് കോവി എന്ന നിഷ്ടൂരനായ ഒരുവന്റെ കീഴില്‍ ജോലിക്കു നിയമിതനായി. വിചാരണയും, ചാട്ടവാറും അവന്റെ ജീവിതത്തില്‍ നിന്നും ഒഴിയാതെയായി. പറ്റിയ അവസരത്തിനായി കാത്തു. ഒടുവില്‍ ആയിരത്തി എണ്ണൂറ്റി മുപ്പത്തിയെട്ടില്‍ (1838) പലതവണത്തെ പരാജയത്തിനുശേഷം അവന്‍ ആ തോട്ടത്തില്‍ നിന്നും രക്ഷപെട്ടു. മെരിലാന്റു വഴി ട്രൈയിനില്‍ ന്യുയോര്‍ക്കിലെ സെയ്ഫ്ഹൗസില്‍ എത്തുന്നതുവരെയുള്ള യാത്ര ഏതു നിമിക്ഷവും പിടിക്കപ്പെടും എന്ന ഭീതിയിലായിരുന്നു. ട്രെയിനിലെ ചരക്കുകള്‍ക്കിടയിലെ മറവു മാത്രമായിരുന്നു. രക്ഷാ കവചം.

ന്യൂയോര്‍ക്കിലെ അബോളിഷ് മൂവ്‌മെന്റിലെ ഡേവിഡ് ഡഗ്ലസ് എന്ന വിമോചകന്റെ അരികില്‍ എത്തുവോളം ഭാവി എന്തെന്നറിയാത്ത യാത്ര. ന്യൂയോര്‍ക്കില്‍ ചെറിയ ജോലി കണ്ടു പിടിച്ചതിനു ശേഷം, മെറിലാന്റിലെ ക്രൂരനായ തോട്ടയുടമയുടെ തോട്ടത്തിലെ അന്നാ മറിയയെ കടത്തിക്കൊണ്ടുവന്ന് വിവാഹം കഴിച്ചതായി ചരിത്രം. പിന്നീട് ആ ജീവിതം അടിമകളുടെ മോചനത്തിനായി അമേരിക്ക മുഴുവനുള്ള പ്രചാരകനായി. വില്ല്യം ഫ്‌ളോയിഡുമായിട്ടുള്ള കണ്ടുമുട്ടല്‍ വിമോചന സമരത്തിന്റെ മുന്നണിപ്പോരാളിയാകാന്‍ നിമിത്തമായതായി പറയപ്പെടുന്നു. ജോണ്‍ ബ്രൗണ്‍ സായുധ കലാപത്തിനു മുന്നോടിയായുള്ള ദേശപര്യയ്യടനകാലത്ത് ന്യൂയോര്‍ക്കില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചത് ഫെഡറിക്കായിരുന്നു എന്നതു ചരിത്രമാണ്. ജോണ്‍ ബ്രൗണ്‍ തൂക്കിലേറുന്നതിനു മുമ്പേ പ്രവചിച്ചിരുന്നു; ‘ഈ രാജ്യത്തിന്റെ പാപക്കറയത്രയും രക്തത്താലല്ലാതെ മറ്റൊന്നുനാലും കഴുകിക്കളയാന്‍ കഴില്ലെന്നെനിക്കുറപ്പായിരിക്കുന്നു.’ ജോണ്‍ പറഞ്ഞതത്രയും ശരിയായിരുന്നു എന്ന് ആഭ്യന്തരയുദ്ധം തെളിച്ചതായി ഫെഡറിക്ക് പറയാറുണ്ടായിരുന്നു. ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചില്‍ (1865) അടിമക്കച്ചോടം നിര്‍ത്തലാക്കി എന്ന് പ്രഖ്യാപനം കേള്‍ക്കാന്‍ ഫെഡറിക്ക് ഡഗ്ലസനു കഴിഞ്ഞു എങ്കിലും അടിമയുടെ മോചനം അപ്പോഴും പൂര്‍ണ്ണമായിരുന്നില്ല. അതുപ്രഖ്യാപിച്ച് പ്രസിഡന്റിനെപ്പോലും ഉന്‍മൂലനം ചെയ്യാന്‍ തക്കവണ്ണം വര്‍ണ്ണവെറി ഈ നാടിനെ അടിമുടി ബാധിച്ചിരിക്കുന്നു.

എബ്രാഹാം ലിങ്കണ്‍ സ്ലേവറി നിര്‍ത്തിയെങ്കിലും വോട്ടവകാശം അനുവദിക്കാഞ്ഞതില്‍ ഫെഡറിക്ക് നിരാശനായിരുന്നു. എന്നാല്‍ ആയിരത്തി എണ്ണുറ്റി എണ്‍പ്പത്തെട്ടില്‍ (1888) വേട്ടവകാശമുള്ള ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനായി ഫെഡറിക്ക് ഡഗ്ലസണ്‍. ആരത്തി എണ്ണൂറ്റി തൊണ്ണുറ്റിയഞ്ചില്‍ (1895) മരിക്കുവോളം അടിമയുടെ , കറുത്തവന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി ചരിത്രത്തില്‍ ഇടം നേടി.

ഒത്തിരിയേറെ പേരുകള്‍ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എല്ലാം ഒന്നും ഓര്‍മ്മയിലില്ല. പക്ഷേ ലുക്രീഷിയ മാട്ട് എന്ന സ്ത്രിയുടെ പേരു മറക്കുന്നത് തികച്ചും അനീതിയായിരിക്കും.ആയിരത്തി എണ്ണൂറ്റി മുപ്പത്തി മൂന്നില്‍ (1833)ആന്‍ മക്ലിന്റാക്കിനൊപ്പം ഏകദേശം മുപ്പതോളം സ്ത്രികളെ സംഘടിപ്പിച്ച്അടിമസ്ത്രികളുടെ മോചനത്തിനായി , ഫീമെയില്‍ ആന്റി സ്ലേവറി സൊസയിറ്റി ഫിലഡല്ഫയില്‍ സംഘടിപ്പിച്ചു എന്നതൊരു ചെറിയ കാര്യമല്ല. സ്ത്രി സമത്വവാദികളുടെ നാവായിരുന്നു അവര്‍. എല്ലാവര്‍ക്കും ദൈവനീതിക്കു ഒരുപോലെ അര്‍ഹതയുണ്ടെന്ന വിശ്വാസം അവരെ ഒരു വിമോചന സമരനേതാവും, അണ്ടര്‍ഗ്രൗണ്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയും ആക്കി. ധാരാളം അടിമകള്‍ക്ക് അവര്‍ മോചനത്തിനുള്ള സഹായി ആയി.ആദ്യമായി വോട്ടവകാശത്തിനുവേണ്ടി പ്രമേയം പാസാക്കിയത് അവര്‍ വിളിച്ചു കൂട്ടിയ സെമിനാറില്‍ വെച്ചാണ്. അടിമകളുടെ മോചനം വേണ്ടാ എന്നു പറഞ്ഞവര്‍ക്കിടയില്‍ അവരുടെ വാദങ്ങള്‍ കേള്‍ക്കപ്പെടുന്നുണ്ടായിരുന്നു. ഒപ്പം ചേര്‍ത്തു വായിക്കണ്ട ഒരു പേരാണ് സൂസണ്‍ ബി. ആന്റണി. അവരും വിമോചന സമരത്തിലെ നെടും തൂണും, സ്ത്രി സമത്വത്തിനായി ആജിവനാന്തം വാദിച്ചവരും ആയിരുന്നു. എലിസബത്ത് കാഡി സന്റൊണ്‍ എന്ന എഴുത്തുകാരി, ലൂസി സ്റ്റൂനെ, സാറാ മൂര്‍ ഗ്രിമിക്, ആലീസ് പോള്‍, ആഞ്ഞലീന ഗ്രിമിക്, ഡോറത്തി ക്യാരി ചാമ്പ്മാന്‍, മാര്‍ത്താ കൊഫിന്‍ റയിറ്റ്, അമീല ബ്ലൂമര്‍, കാതറിന്‍ ബീച്ചര്‍, എന്നവരെ കൂടാതെ രണ്ട് അടിമ സ്ത്രീകളെക്കൂടി പരിചയപ്പെടുത്തിയങ്കിലെ അവരുടെയൊക്കെ ജീവിയത ത്യാഗങ്ങളെക്കുറിച്ച് നമുക്കറിയാന്‍ പറ്റു.

സോജോര്‍ണര്‍ ട്രൂത്ത് ന്യൂയോര്‍ക്കില്‍ ജനിച്ച ഒരു അടിമ സ്ത്രി വിമോചന സമരത്തിന്റെ പതാകവാഹകരില്‍ ഒരാളായി മാറി, അടിമകളുടെ മോചനം മാത്രമായിരുന്നില്ല, സ്ത്രീ സ്വാതന്ത്യത്തേപ്പറ്റിയും അവര്‍ പ്രബോധിപ്പിച്ചു. ഒരു അടിമക്കുട്ടിയായി ജനിച്ച്, നാലുപ്രാവശ്യം ക്രയവിക്രയം ചെയ്യപ്പെട്ടവളുടെ സ്വാതന്ത്ര്യം അവള്‍ ആയിരത്തി എണ്ണുറ്റി ഇരുപത്താറില്‍ (1826) കൈക്കുഞ്ഞുമായി ഒരൊളിച്ചോട്ടത്തിലുടെ സ്വയം പ്രഖ്യാപിച്ചു. മാത്രമല്ല ആയിരത്തി എണ്ണുറ്റി ഇരുപത്തെട്ടില്‍ (1828) തന്റെ ആദ്യജാതനുവേണ്ടി കോടതിയില്‍ കേസുനടത്തി ജയിച്ച ആദ്യത്തെ അടിമ എന്ന ചരിത്ര രേഖയും അവരുടെ പേരിലായി. സ്വന്തം കുഞ്ഞിന്റെ അവകാശം മറ്റാര്‍ക്കുമല്ലെന്ന് ഒരു അടിമസ്ത്രീയുടെ പ്രഖ്യാപനം കൂടിയായിരുന്നത്. സ്വന്തം കുഞ്ഞുങ്ങളെ ഒരു നോക്കു കാണാന്‍ പോലും അവസരം ലഭിക്കാതെ, ഉടമയുടെ ലാഭത്തിനായി വില്പന ചരക്കായിരുന്ന ഒരു അടിമക്കൂട്ടിയുടെ മാനുഷിക അവകാശങ്ങളുടെ പ്രഖ്യാപനംക്കൂടിയായിരുന്നത്. പിന്നിട് മരണം വരെ അവര്‍ സ്ത്രീ ശാക്തികരണ പ്രവര്‍ത്തകയും, സംഘാടകയും ആയിരുന്നു. ആയിരത്തി എണ്ണുറ്റി അമ്പത്തിയൊന്നിലെ (1851) ഒരു പ്രസംഗത്തില്‍ അവര്‍ ചോദിച്ച; ‘ഞാനും ഒരു സ്ത്രീയല്ലെ’ ആ ചോദ്യം ഇന്നും പ്രശക്തമല്ലേ…?

സാം, നിങ്ങള്‍ ഡേവിഡ് വാക്കറിനെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്തോ... ഏതായാലും എനിക്ക് ഒന്നു പറഞ്ഞു പോകാതിരിക്കാന്‍ കഴിയുന്നില്ല. അങ്കിള്‍ ടോം പറയണോ വേണ്ടയോ എന്ന് സന്ദേഹിച്ച് ഒന്നു നിര്‍ത്തി. സാംഎനിക്ക് അറിയാന്‍ തല്പര്യമുണെന്ന മട്ടില്‍ മന്ദഹസിച്ചു. അങ്കിള്‍ ടോം പറഞ്ഞു; ആയിരത്തി എണ്ണുറ്റി മുപ്പതില്‍ (1830) മരിക്കുമ്പോള്‍ വാക്കറിനു മുപ്പത്തി മൂന്നു വയസെയുള്ളായിരുന്നു. ഇത്ര ചെറുപ്രായത്തില്‍ മരണമോ എന്നു ചിന്തിക്കേണ്ട. ഒരു അടിമയുടെ ജീവിത കാലം അത്രയൊക്കെയുള്ളായിരുന്നു. ജനിച്ചത് ഒരു വിടുതല്‍ കിട്ടിയ അമ്മക്ക് അടിമയായ അപ്പനില്‍ നിന്നും ആണെന്നു രേഖ. അമ്മയോട് യജമാനനു തോന്നിയ സ്‌നേഹവും കരുണയും ചിലപ്പോള്‍ മോചനത്തിന്റെ വഴിയായതാണോ... അതോ യജമാനത്തിയുടെ നല്ല തോഴിയോടുള്ള ഇഷ്ടം വില്പത്രത്തില്‍ സ്വാതന്ത്ര്യ രേഖ ആയതോ...? മരിച്ചു പോയവരെക്കുറിച്ച് എന്തും നമുക്കു പറഞ്ഞു പരത്താം എന്നതിനേക്കാള്‍ ഞാന്‍ ചരിത്രത്തിനെ തിരുത്തി എന്ന ആക്ഷേപവും ഉണ്ടാകാം എന്നതിനാല്‍ അവര്‍ അടിമത്വത്തില്‍ നിന്നുംവിടുതല്‍ കിട്ടിയ ഒരു സ്ത്രീ എന്നു തിരുത്തുന്നു. അപ്പോഴും അപ്പന്‍ അടിമതന്നെ. മക്കള്‍ എന്നും അമ്മയുടെ അവകാശത്തിന്റെ പങ്കാളികളും തുടര്‍ച്ചക്കാരും ആയിരുന്നു. ഒരടിമയെ സംബന്ധിച്ച് അച്ഛന്‍ ആരെന്ന ചോദ്യം ഇല്ല എന്നു ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതോര്‍ത്താണോ താങ്കള്‍ ചിരിക്കുന്നത്.

ഞാന്‍ പറഞ്ഞതത്രയും ശരിയായിരുന്നു. ഇന്നും അതു ശരിയാണ്. വളരെ ശിഥിലമായ കുടുംബബ ബന്ധങ്ങളാണ് ഞങ്ങളുടെ വംശത്തിന്റെ ശാപം. ആദ്യകാലങ്ങളില്‍ ഉരുക്കളായി വാങ്ങിയ അടിമകള്‍ക്കിടയില്‍ സ്ത്രികള്‍ കുറവായിരുന്നു. ആവശ്യമനുസരിച്ച് ഉല്പന്നമില്ലാത്തതിനാല്‍, സ്ത്രീകള്‍ പൊതു സ്വത്തായി. എവിടേയും ആര്‍ക്കും വിധേയപ്പെടേണ്ടവള്‍. അതുകൊണ്ടു തന്നെ അടിമകള്‍ക്കിടയില്‍ വിവാഹം എന്നൊരു ചടങ്ങില്ലാതെയായി. എങ്കിലും പാരമ്പര്യക്കഥകള്‍ കേള്‍ക്കാന്‍ ഇടയായ പെണ്‍കുട്ടികളുടെ ഉള്ളില്‍ അതൊരു സ്വപ്നമായി കെടാതെ ഒപ്പം ഉണ്ടായിരുന്നു. ഇരൂനൂറുവര്‍ഷം കൊണ്ട് അടിമകളുടെ എണ്ണം കൂടി. സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കാം എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറി. അപ്പൊഴും അവരുടെ ഉടമസ്ഥ്യാവകാശം യജമാനനു തന്നെ ആയിരുന്നു. ഡേവിഡ് വാക്കറിന്റെ അച്ഛന്‍ അന്നും മോചിനല്ലാത്ത അടിമയായിരുന്നു. ഡേവിഡ് അമ്മയുടെ അവകാശത്തിന്റെ പേരില്‍ സ്വതന്ത്രനായിരുന്നുവെങ്കിലും, അടിമകള്‍ക്കു നേരെയുള്ള കരുണയില്ലാത്ത ക്രൂരതകളത്രയും കണ്ടുതന്നെയാണു വളര്‍ന്നത്. എങ്ങനെയൊ എഴൂത്തും വായനയും പഠിച്ചു. തന്റെ ജീതം അടിമകളുടെ മോചനത്തിനായി സമര്‍പ്പിച്ച്, അതിനുവേണ്ടി പ്രവര്‍ത്തിച്ചു. ഡേവിഡിന്റെ വിഖ്യാതമായ ആഹ്വാനം എത്ര അടിമകള്‍ കേട്ടിട്ടുണ്ടാകും. 'ലോകത്തുള്ള എല്ലാ അടിമകളുമേ നിങ്ങളുടെ മോചനത്തിനായി സ്വയം പ്രവര്‍ത്തിക്കുവീന്‍' എന്ന ഡേവിഡ് വാക്കറുടെ ആഹ്വാനം ലോകം മറക്കുമോ…? അടിമത്വം ശാരീരികം മാത്രമല്ല, ഇക്കാലത്തും എല്ലാത്തിനും അടിമയായിരിക്കുന്നവനോടും ആ വചനങ്ങള്‍ സംവദിക്കാതിരിക്കുമോ…? പ്രത്യേകിച്ചും മതതീവ്രവദികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയത കറുത്തവനു വീണ്ടും ചങ്ങലയാണു തരുന്നതെന്നു മറക്കാതിരിക്കുക…. അടിമകളുടെ മോചന പ്രക്യാപനം കേള്‍ക്കാനുള്ള വിധി ഡേവിഡ് വാക്കറിനില്ലായിരുന്നു.

അടിമകളുടെ മറ്റൊരു വീരനായകന്‍ വില്ല്യം സ്റ്റില്ലിനെ ഫാദര്‍ ഓഫ് ദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ് എന്നാണറിയപ്പെട്ടിരുന്നത്. ഫിലഡല്‍ഫിയയിലെ വിമോചന പ്രസ്ഥാനത്തിന്റെ അമരക്കാരനും, ബിസിനസുകാരനും, എഴുത്തുകാരനും ഒക്കെയായ വില്ല്യം ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയിരുന്നു. ഒളിച്ചോടി വരുന്നവര്‍ക്കഭയം കൊടുക്കുകമാത്രമല്ല, അത്തരം ഒളിച്ചോട്ടക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കയും ചെയ്തിരുന്ന ഒരു കണ്ടക്ടറും സ്റ്റേഷന്‍ മാസ്റ്ററും ആയിരുന്നു. വില്ല്യമിന്റെ അമ്മ ഒരു പോരാട്ടക്കാരിയായിരുന്നു. പലപ്രാവശം ഒളിച്ചോടി പിടിക്കപ്പെട്ട് കൊടിയ മര്‍ദനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടും ഒടുവില്‍ തന്റെ പരിശ്രമത്തില്‍ വിജയിച്ച് മെരിലാന്റില്‍ എത്തി. അപ്പന്‍ അപ്പോഴേക്കും സ്വന്തം സ്വാതന്ത്ര്യം ഉടമയില്‍ നിന്നും വിലയ്ക്കുവാങ്ങി സ്വാതന്ത്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് മെരിലാന്റില്‍ എത്തി. അമ്മ പതിനെട്ടുപെറ്റതില്‍ ഇളയവനായിരുന്നു വില്ല്യം. തന്റെ മക്കളത്രയും പലതോട്ടങ്ങളിലെ സ്ലേവുക്യാബിനുകളില്‍ പരസ്പരം തിരിച്ചറിയാത്തവരെന്ന് അമ്മ നൊന്തു. സ്ലേവറിയുടെ ക്രൂര മുഖങ്ങള്‍ കണ്ടും അറിഞ്ഞും വളര്‍ന്നവന്റെ ഉള്ളില്‍ വളര്‍ന്ന പ്രതിക്ഷേധത്തിന്റെ മാറ്റൊലികളാണ് സ്വാതന്ത്ര്യത്തിന്റെ കനലായി ഉള്ളില്‍ എരിഞ്ഞത്. നൂറുകണക്കിനടിമകളെ സ്വാതന്ത്ര്യത്തിന്റെ നടപ്പാത കാണിച്ചുകൊടുക്കാന്‍ വില്ല്യമിനു കഴിഞ്ഞത്. ആയിരത്തി എണ്ണുറ്റി നല്പത്തിനാലില്‍ (1844) ഫിലഡല്‍ഫയിലേക്ക് കൂടാരം മാറ്റി, അവിടെ തന്റെ പ്രേക്ഷിത വേല ആരംഭിക്കുകയും, വിവാഹിതനാകുകയും ചെയ്തു. കുടുംബം എന്ന സ്ഥാപനത്തിന്റെ മഹത്വം മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു വില്ല്യം. എനിക്ക് ഇതിനേക്കാള്‍ നന്നായി പറയാന്‍ അറിയില്ല. കുടുംംബം എന്നൊരവസ്ഥ ഒരു നീഗ്രോയുടെ ജീവിതത്തില്‍ അന്നുവരെ ആരും അത്രകാര്യമായി കരുതിയിട്ടുണ്ടാകില്ലായിരിക്കും. അതായിരിക്കാം അങ്ങനെ എടുത്തു പറയാന്‍ കാര്യം.

എഴുത്തും വായനയും സ്വയം പഠിച്ച് പുറം ലോകത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്കു പകരുന്ന വില്ല്യം ഒരെഴുത്തുകാരനും, പ്രബോധകനും, പ്രഭാഷകനും ആയിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്.. സ്വന്തം പുസ്ത്കങ്ങള്‍ സ്വന്തം ചിലവില്‍ അച്ചടിച്ച്, അടിമകളുടെ ജീവിതകഥകള്‍ ലോകത്തെ അറീച്ചു. ഇതൊക്കെ സിവില്‍ വാറിനു ആക്കം കൂട്ടി എന്ന സത്യം ഓര്‍ക്കാതെ പോകണ്ട.നല്പതു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പീറ്റര്‍ എന്ന തന്റെ സഹോദരനെ കണ്ടെത്താനും, മോചിപ്പിക്കാനും കഴിഞ്ഞു എന്നത് വില്ല്യം തെല്ലഭിമാനത്തോട് കുറിച്ചത് അക്കാലത്തെ അടിമകള്‍ക്കിടയില്‍ വലിയ ആവേശമായി, മോചിതരായ പലരും സ്വന്തം സഹോദരങ്ങളെ തേടാന്‍ തുടങ്ങി. വില്ല്യം അടിമകള്‍ക്കിടയിലെ ആദ്യത്തെ ബിസിനസുകാരന്‍. എണ്ണവിളക്കുകളും, കല്‍ക്കരിയും കച്ചോടം ചെയ്ത് നല്ല വരുമാനം ഉണ്ടാക്കിയതായി പറയുന്നു. അതൊക്കെ അടിമകളുടെ മോചനത്തിനായി ചിലവു ചെയ്തിട്ടുണ്ടാകും. വില്ല്യം സ്റ്റില്‍ വിമോചന സമരത്തിനും, അടിമകളുടെ മോചത്തിനുമായി ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ ചിലരോടെങ്കിലും പറയാന്‍ കഴിയുന്നതു തന്നെ അടിമവംശത്തിന്റെ മൊത്തം നന്ദിയായി സ്വീകരിക്കപ്പെടുമോ എന്തോ...? പ്രത്യേകിച്ചും ഇന്നത്തെ സ്‌കൂള്‍ ചരിത്രത്തില്‍ നിന്നും ഇത്തരം ഏടുകള്‍, വെളുത്തവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ക്രൂരതകളെ തുറന്നു കാട്ടും എന്ന ഭയത്താല്‍ തുടച്ചു നീക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ദശാസന്ധിയില്‍ ഇത്തരം ഓര്‍മ്മകള്‍ നാം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കണ്ടെ.

ആ കാലത്തെക്കുറിച്ച് ഞാന്‍ കേട്ട ഒരാളുടെ കഥകൂടി പറയാതിരിക്കാന്‍ കഴിയുന്നില്ല. അങ്കില്‍ ടോം ഓര്‍മ്മകളില്‍ എന്നപോലെ ഒന്നു തേങ്ങി.സാം കാര്‍ നിരത്തില്‍ പാര്‍ക്കു ചെയ്ത് വീട്ടിലേക്കു കയറാനുള്ള പുറപ്പാടില്‍ ആയിരുന്നു. അങ്കില്‍ ടോമിന്റെ ഓര്‍മ്മകളെ നിരസിക്കാന്‍ മനസില്ലാത്തവനായി, സാം അങ്കിള്‍ ടോമിനേയും ഒപ്പം കൂട്ടി.

Read: https://emalayalee.com/writer/119

Join WhatsApp News
abdul punnayurkulam 2024-04-20 13:00:44
Not only in slavery, but also our forefathers' sufferings and agonies, the younger generations not honoring it. It's painful. Moreover it, the bureaucracy wiping out the histories from schoolbooks! It's sad...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക