അദ്ധ്യായം 3
nazi era begins
1933 ജനുവരി മാസം മുപ്പതാം തിയതി ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാന്സ്ലര് ആയ അതേ ദിവസം ഞങ്ങളുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. യഹൂദരുടെ ബിസിനസ്സുകളില്‍ കടുത്ത നിയന്ത്രണം ഏര്പ്പെടുത്താനയാള് തീരുമാനിച്ചു. തെമ്മാടികളും പോക്കിരികളുമായ കുറെയേറെ കുറ്റവാളികള്‍ കറുപ്പും ബ്രൗണും നിറത്തിലുള്ള യൂണിഫോറം ധരിച്ച് അയാളുടെ ആജ്ഞാനുവര്‍ത്തികളായി പുറത്തിറങ്ങുകയും അയാളുടെ കല്പനകള് അനുസരിക്കുന്നതില്‍ ആവേശം കാട്ടുകയും ചെയ്തു.
എന്റെ പപ്പാ ഉടമയും മാനേജറുമായിരുന്ന കാര്സ്റ്റാഡ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ ശൃംഖല ജര്‍മ്മന്‍ ജ്യൂയിഷ് ഉത്തരവാദിത്വത്തിന് കീഴിലായിരുന്നു. ആ ശൃംഖലയെ ആര്യന്മാര്ക്ക് വിട്ടുകൊടുക്കാന്‍ ഹിറ്റ്ലര്‍ ഉത്തരവിട്ടു. ആ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുമായി ബന്ധപ്പെട്ട എല്ലാ യഹൂദരും ഉടന്‍ തന്നെ ജോലിയില്‍ നിന്നു പുറത്തുപോകാനും ഹിറ്റ്ലര്‍ ആജ്ഞാപിച്ചു.
ബഹിഷ്കരണം എന്ന വാക്കിന് വ്യക്തിപരമായ ഒരു അര്‍ത്ഥം തന്നെയുണ്ടായി. യൂണിഫോറമിട്ട നാസി ഗുണ്ടകള്‍ യഹൂദരുടെ ബിസിനസ്സ് സ്ഥാപനങ്ങളുടെ മുന്പില് 'ധൈര്യമുണ്ടെങ്കില്‍ അകത്തു കയറിക്കാണിക്ക്' എന്ന് വാങ്ങുന്നവരെയും വില്ക്കുന്നവരെയും വെല്ലുവിളിച്ച് നിന്നു. അതുമാത്രമല്ല, യഹൂദരെ തോന്നിയപാട് അറസ്റ്റു ചെയ്യാനും തുടങ്ങി. ചിലരെ പുറത്തുവിട്ടു, മറ്റു ചിലര്‍ക്ക് ജയിലിന്റെ രുചി അനുഭവിക്കേണ്ടിവന്നു. ധിക്കാരികളും ക്രൂരരുമായ ബ്രൗണ്‍ ഷര്ട്ട്കാര് ഉയരമുള്ള ബൂട്ട്സ് ധരിച്ച് കൈത്തണ്ടയില്‍ സ്വസ്തിക ചിഹ്നമുള്ള ബാന്‍ഡുമിട്ട് നടന്നു. അവരുടെ സഹോദരന്മാരായ 'ബ്ലാക്ക് ഷര്‍ട്ടു'കാര്‍ എസ്എസിന്റെ (Schutz Staffel Protection Squards) ആളുകളായിരുന്നു. സുബോധമുള്ളവര്‍ക്ക് അവരുടെ ചെയ്തികള്‍ മനസ്സിലാവുമായിരുന്നില്ല. ഈ തെമ്മാടികള്‍ സ്ഥിരമായി ജോലി ചെയ്തിരുന്നവരോ, ചെയ്യാന്‍ കഴിവുള്ളവരോ ആയിരുന്നില്ല. പ്രത്യുത കുറ്റവാളികളും കൊലപാതകരും ആയിരുന്നുതാനും. ഹിറ്റ്ലറില്‍ നിന്നു പുതുതായി കിട്ടിയ ഈ അധികാരം തങ്ങള്‍ പ്രമുഖരും പേടിക്കപ്പെടേണ്ടവരും ആണെന്ന ഒരു മനോഭാവം അവര്‍ക്കു നല്കി.
കവര്ച്ചസംഘത്തിലായി തീര്‍ന്നതോടെ അവര്‍ അതിഭയങ്കരമായ ദുഷ്ടതയ്ക്ക് കഴിവുള്ളവരുമായി. ഈ കാട്ടാളന്മാരാണ് യഹൂദരുടെ സ്വത്തുകളും വ്യാപാരങ്ങളും പിടിച്ചെടുത്തത്. പിടിച്ചെടുത്തവയെ അവര്‍ സ്വന്തമാക്കുകയും ചെയ്തു. ജര്‍മ്മനിയിലെ 525,000 യഹൂദന്മാര് (ജര്‍മ്മന്‍ ജനതയുടെ ഏകദേശം ഒരു ശതമാനം മാത്രം) ആണ് അന്ന് ജര്‍മ്മനിയിലെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് അവര്‍ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ പിടിച്ചെടുത്തതെല്ലാം യഥാര്‍ത്ഥ ജര്മ്മന്കാര്ക്കുള്ളതാണെന്നും, യഹൂദന് അതിലൊരവകാശവുമില്ലെന്നും അവര്‍ തീര്‍ത്തു പറഞ്ഞു.
ആപ്ളര്ബെക്കിലെ തുവല്ക്കിടക്ക നിര്‍മ്മാതാക്കളായ റോസന്‍സ്റ്റീന്‍ കുടുംബം പപ്പായുടെയും മമ്മായുടെയും നല്ല കൂട്ടുകാരായിരുന്നു. 1933-ല്‍ ജര്‍മ്മനി വിട്ടുപോകുവാന്‍ എന്റെ മാതാപിതാക്കളെ അവര്‍ ഉപദേശിച്ചു. ''ആ തെമ്മാടി അധികകാലം അധികാരത്തിലിരിക്കില്ല'' എന്നു പറഞ്ഞ എന്റെ മാതാപിതാക്കളുടെ സ്വരം ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.
നാസികള്‍ കൈയടക്കിയ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ തൊട്ടടുത്തായി എന്റെ പപ്പാ വലിയൊരു പീടിക വാങ്ങി. ഇരുമ്പുസാമാനങ്ങളും, ഗ്ലാസ്, ക്രിസ്റ്റല്‍, പൊര്സ്ലെന് സാധനങ്ങളുമുള്ള ആ സ്റ്റോര്‍ ജര്‍മ്മനി വിട്ടുപോകാന്‍ തീരുമാനിച്ച സ്റ്റീന്വെഗ് കുടുംബത്തില്‍ നിന്നും വാങ്ങിയതാണ്. മോശപ്പെട്ട രാഷ്ട്രീയാന്തരീക്ഷത്തിലും ആ സ്റ്റോര്‍ നന്നായി നടന്നു.
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിരണ്ടില് ഒന്നാം ക്ലാസില്‍ ചേര്‍ന്ന ദിവസം എന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ നിന്ന എന്റെ രണ്ടു കൂട്ടുകാരികളുടെയും മാതാപിതാക്കള്‍, അവര്‍ എന്നോടു മിണ്ടുന്നതിനും കളിക്കുന്നതും വിലക്കി (1933-ല്‍ ഒരു വര്‍ഷം കഴിഞ്ഞതേയുള്ളായിരുന്നു). നീ യഹൂദക്കുട്ടിയാണ്, നിന്നോടൊപ്പം കളിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല എന്നു പറഞ്ഞ് എന്നെ വിട്ടുപോയത് വെറും ഏഴു വയസ്സുകാരിയായ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതേയില്ല.
1934-ല്‍ ആപ്പിള്ബെക്കിലെ സ്കൂള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതയായപ്പോള്‍ എനിക്ക് ഡോര്‍ട്ട്മണ്ടിലെ ഒരു ജ്യൂയിഷ് എലിമെന്ററി സ്കൂളില്‍ ചേര്‍ന്നു പഠിക്കേണ്ടി വന്നു. ആപ്പിള്‍ബെക്ക് മുതല്‍ ഡോര്‍ട്ട്മണ്ട് വരെയും, തിരിച്ചും അരമണിക്കൂര്‍ വീതം എനിക്ക് ട്രാമില്‍ യാത്ര ചെയ്യേണ്ടിയിരുന്നു. കണ്ഠമാല (പെരുമുട്ട്) കാരണം എനിക്ക് ഒരുവര്‍ഷത്തെ സ്കൂള്‍ നഷ്ടമായി. നഷ്ടപ്പെട്ട പഠിത്തം വീണ്ടെടുക്കാന്‍ പപ്പാ ഒരു ട്യൂട്ടറെ ഏര്‍പ്പാടാക്കി. ഞങ്ങളുടെ ജ്യൂയിഷ് എലിമെന്ററി സ്കൂളിന്റെ ഹെഡ്മാസ്റ്ററുടെ ഭാര്യ സുന്ദരിയായ മിസിസ് ബുക് ഹൈം ആയിരുന്നു ട്യൂട്ടര്‍. നാല്പതിനടുത്തു പ്രായമുള്ള അവരുടെ ചലനങ്ങളും വേഷവിധാനങ്ങളുമെല്ലാം ആരിലും ബഹുമാനം ജനിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരത്ത് ഡോര്‍ട്ട്മണ്ടിലെ ഗ്രാന്‍ഡ്മാ ഷ്നൈഡറുടെ വീട്ടില്‍ വന്നാണ് അവരെനിക്ക് ട്യൂഷന് തന്നിരുന്നത്. ഗൃഹപാഠങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ അവര്‍ പപ്പായോടു പറഞ്ഞ് പപ്പായുടെ സെക്രട്ടറി മിസ് ശ്ലേഖ്റ്റ്നെം ഏര്‍പ്പാടാക്കി. രണ്ടു സ്ത്രീകളും പരസ്പരം കണ്ടിട്ടേയില്ലായിരുന്നു.
മിസ് ശ്ലേഖ്റ്റ് മധ്യവയസ്കയായ ഒരു കണിശക്കാരിയായിരുന്നു. നീളമുള്ള തീരെ വണ്ണമില്ലാത്ത ശരീരപ്രകൃതി. തലമുടി പിറകിലേക്ക് വലിച്ച് ഉണ്ടയാക്കി കെട്ടി വച്ചിരുന്നു. ഒരു ഫാഷനും അവരുടെ സമീപത്തുകൂടി പോലും പോയിട്ടില്ല എന്നു തോന്നും കെട്ടും മട്ടും കണ്ടാല്‍. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മിസിസ് ബുക്ഹൈം എന്നെ പഠിപ്പിക്കേണ്ട കാര്യമില്ല, എല്ലാം തനിക്ക് മാനേജ് ചെയ്യാനാവുന്നതേയുള്ളു എന്ന് ശ്ലേഖ്റ്റ് സ്വയമങ്ങ് തീര്‍ച്ചപ്പെടുത്തി. ട്യൂട്ടറിംഗും ഗൃഹപാഠം നോക്കലും ഒരാള്‍ ചെയ്താല്‍ മതിയാവില്ല എന്നാരു പറഞ്ഞു?
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും മിസിസ് ബുക്ഹൈമിനോട് അവര്‍ക്ക് വല്ലാത്തൊരിഷ്ടക്കേടുണ്ടായി. പഠിക്കുന്ന കാര്യത്തില്‍ പിറകോട്ടായിരുന്ന എനിക്ക് ആ രണ്ടു സ്ത്രീകളെയും തമ്മിലടിപ്പിക്കുന്നതില്‍ ഒരു രസം തോന്നി. മിസ് ശ്ലേഖ്റ്റ് ട്യൂട്ടറുടെ കുറ്റം പറയുമ്പോള്‍ ഞാനത് സന്തോഷപൂര്‍വ്വം അവരെ അറിയിച്ചു. അതുപോലെ തന്നെ തിരിച്ചും. ഓരോ മിനിട്ടും ഞാന്‍ ആസ്വദിക്ക മാത്രമല്ല, കുറച്ചു പൊടിപ്പും തൊങ്ങലും കൂട്ടി ചേര്‍ത്ത് സംഭാഷണങ്ങള്‍ക്ക് എരിവുകൂട്ടുകയും ചെയ്തു. ദുഷ്ടമനസ്സോടെ ചെയ്തതല്ലെങ്കിലും ഈ കളി ഒരു വലിയ പ്രതിസന്ധിഘട്ടത്തിലെത്തി. രണ്ടു സ്ത്രീകളും പരസ്പരം കുറ്റം പറഞ്ഞ് എഴുത്തുകള്‍ എഴുതി അയച്ചു തുടങ്ങി. ഞാന്‍ ഒന്നുമറിയാത്തതുപോലെ രണ്ടുപേരെയും നോക്കി. പക്ഷെ ഇതിനൊക്കെ കാരണക്കാരി ഞാനാണെന്ന് പപ്പ മനസ്സിലാക്കി, എന്നെ കുറ്റക്കാരിയും വികൃതിയുമെന്ന് വിധിയെഴുതി. ഈ സംഭവങ്ങള്‍ ജീവിതത്തിലൊരിക്കലും എനിക്ക് മറക്കാനായില്ല, കാരണം ഇതിലെ പ്രധാന കഥാപാത്രം ഞാനായിരുന്നല്ലോ.
എന്റെ ഗ്രാന്‍ഡ്മാ ഷ്നൈഡര്‍ ഇതൊക്കെ കേട്ട് ഭയാശങ്കകളിലായി. അവരുടെ ഉര്സ്യുലക്കുട്ടിക്ക് ഇങ്ങനെയൊന്നും ചെയ്യാനാവില്ലെന്ന് - ഇല്ലാവചനം പറഞ്ഞുണ്ടാക്കി രണ്ടു സ്ത്രീകളെ തമ്മിലടിപ്പിക്കാന്‍ ഒരിക്കലും ആവില്ലെന്ന് - വാശിപിടിച്ചു. അവരുടെ ഹൃദയം വേദനിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു ജീവിതത്തിലൊരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന്.
ഡോര്‍ട്ട്മണ്ടിലെ സ്കൂളില്‍ പോയപ്പോള്‍ എനിക്ക് ക്ലാസിലെ ഏറ്റവും പിറകിലായിരുന്നു സ്ഥാനം. ദൂരക്കാഴ്ചയില്ലാത്തതിനാല് - എന്റെ മാതാപിതാക്കള്‍ക്ക് അക്കാര്യം അറിയില്ലായിരുന്നു - ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്നതൊന്നും വായിക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. ഊഹിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ച ഞാന്‍ ക്ലാസിലെ ഏറ്റവും ബുദ്ധിയില്ലാത്ത കുട്ടിയെന്ന പേര് സമ്പാദിച്ചു. ഒരു പ്രതീക്ഷക്കും വകയില്ലാത്ത കുട്ടി! എന്നാല്‍ ഞങ്ങളുടെ വീട്ടുജോലിക്കാരി ഗ്രെട്ട് അത് വിശ്വസിച്ചില്ല. എനിക്ക് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും, കിച്ചന് കബോര്‍ഡില്‍ വച്ചിരിക്കുന്ന കുപ്പികളുടെ ലേബലുകളും വായിക്കാന്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ ഗ്രെട്ട് ഇക്കാര്യം എന്റെ മമ്മായോട് പറയുകയും ഡോര്‍ട്ട്മണ്ടിലെ ടീച്ചര്‍മാര്‍ക്ക് ഒരു വസ്തുവും അറിയില്ലെന്ന് വിളംബരം ചെയ്യുകയുമുണ്ടായി. ജാറുകളില്‍ ഒട്ടിച്ചിരിക്കുന്ന ചെറിയ അക്ഷരത്തിലുള്ള ലേബല്‍ എന്റെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് എന്നെക്കൊണ്ട് വായിപ്പിച്ചു. അങ്ങനെ ഗ്രെട്ട് എന്റെ രോഗനിര്‍ണ്ണയം നടത്തി. ''ഉര്‍സ്യുല ക്ലാസില്‍ എല്ലാം ഊഹിക്കുകയാണ്. അവളുടെ കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കണ്ടുപിടിക്കണം'' ഗ്രെട്ട് എന്റെ മാതാപിതാക്കളോട് നിര്‍ദ്ദേശം വച്ചു. ഡോര്‍ട്ട്മണ്ടിലെ കണ്ണുരോഗവിദഗ്ദ്ധന് എനിക്ക് ഹ്രസ്വദൃഷ്ടി യും അേെശഴാമശോെ എന്ന നേത്രരോഗവും ഉണ്ടെന്ന് കണ്ടുപിടിക്കയും എന്റെ ആദ്യത്തെ കണ്ണടയ്ക്കുള്ള ചീട്ട് തരികയും ചെയ്തു. ആ കണ്ണട ഞാന്‍ വെറുത്തു. അത് എന്നെ സുന്ദരി അല്ലാതാക്കി എന്നു ഞാന്‍ വിശ്വസിച്ചു. എങ്കിലും ലോകം കുറച്ചുകൂടി സുന്ദരമായതായി എനിക്കനുഭവപ്പെട്ടു. എന്റെ ക്ലാസിലെ ആണ്‍കുട്ടികള്‍ എന്നെ കോബ്രസ്നേക്ക് എന്നു വിളിക്കാന്‍ തുടങ്ങിയതോടെ, കണ്ണട ഉപയോഗിക്കാതിരിക്കാന്‍ വീണ്ടും തീരുമാനിച്ചു. കുറെ കഴിഞ്ഞ് ആ കണ്ണട ജീവിതത്തിന്റെ ഒരു ഭാഗമായി തീര്‍ന്നപ്പോള്‍ കണ്ണടയില്ലാതെ നോക്കുമ്പോള്‍ ലോകം വെറും വിരസവും, വിളറിയതുമായി എനിക്കു തോന്നി.
കാണ്‍സ് എന്നു പേരുള്ള, പപ്പായുടെ കൂട്ടുകാരന് പുരുഷന്മാരുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു സ്റ്റോര്‍ ഉണ്ടായിരുന്നു, മെയിന്‍സ്ട്രീറ്റില്‍. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല. ആര്‍ഗോ എന്നു പേരുള്ള ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ അവര്‍ വളര്‍ത്തിയിരുന്നു. ഒരു വലിയ പട്ടിക്കൂട്ടില്‍ നീണ്ട ചങ്ങലയിട്ടാണ് അതിനെ വളര്‍ത്തിയിരുന്നത്. ഞാന്‍ ആ വീട്ടിലെ ഒരു നിത്യ സന്ദര്‍ശകയായിരുന്നു. വേനല്‍ക്കാലത്തെ ഒരു സുന്ദരമായ ദിവസം അവരുടെ വീട്ടിലെ ഹാമക്കില്‍ (ഊഞ്ഞാല് കിടക്ക) ഞാന്‍ ആടിക്കൊണ്ടിരിക്കയായിരുന്നു - ഞാനത് പതിവായി ചെയ്തിരുന്നതാണു താനും - എന്റെ പിന്‍ഭാഗം ആര്‍ഗോയുടെ പല്ലിനടുത്തെത്തുകയും ആ നായ എന്നെ കടിക്കുകയും ചെയ്തു. അന്നു മുതലാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കളെ ഞാന്‍ വിശ്വസിക്കാതായത്, ഞാന്‍ ഭയപ്പെടാന്‍ തുടങ്ങിയത്. എനിക്ക് എല്ലാ മൃഗങ്ങളോടും സ്നേഹമായിരുന്നു, വിശേഷിച്ചും നായ്ക്കളോട്. നിര്‍ഭാഗ്യവശാല്‍ ആ നായ ഒരു ദുഷ്ടത്തരത്തിന്റെ അടയാളമായി എനിക്ക് അനുഭവപ്പെട്ടു. ഇന്നും ഞാന്‍ ആ ചിന്തയില്‍ നിന്ന് മുക്തയല്ല.
വിസ്ബ്രണ് കുടുംബം എന്റെ മാതാപിതാക്കളുടെ കൂട്ടുകാരായിരുന്നു. ഞങ്ങളുടെ സ്റ്റോറിനടുത്തായിരുന്നു അവരുടെ ഷൂ സ്റ്റോര്‍. അതിനു മുകളിലെ ഒരു വലിയ അപ്പാര്‍ട്ട്മെന്റിലാണ് അവര്‍ താമസിച്ചിരുന്നത്. സ്റ്റോറില്‍ ഒരു മെഷീന് ഉണ്ടായിരുന്നു, പുതിയ ഷൂസ് ഇട്ടശേഷം കാല് ആ മെഷിനകത്തേക്ക് കയറ്റിവച്ചാല്‍, ആ ഷൂസ് ഒരു പെര്‍ഫെക്ട് ഫിറ്റാണോ എന്ന് മെഷീന് പറയും. ഈ മെഷീന് ഒരു 'ഫ്ളൂറോ സ്കോപ്പിക് എക്സ്റേ സ്ക്രീന്‍' ഉണ്ടായിരുന്നതാണ് കാരണം. (എന്റെ മമ്മാ എനിക്ക് സാലി വിസ്ബ്രണിന്റെ കടയില്‍ നിന്ന് ഒരുപാട് ചെരിപ്പുകള്‍ വാങ്ങിത്തന്നിട്ടുണ്ടാവില്ല എന്നു ഞാന്‍ ആശിക്കുന്നു.)
പപ്പായുടെ ചില കൂട്ടുകാര്‍ സ്കാറ്റ് എന്നു പേരുള്ള ഒരു കാര്‍ഡ് ഗെയിം കളിക്കുമായിരുന്നു. കാര്‍ഡ് ഗെയിംസില്‍ താല്പര്യമില്ലാതിരുന്നതിനാല് പപ്പാ ആ ക്ലബ്ബില്‍ അംഗമായിരുന്നില്ല. ക്ലബ്ബിന്റെ സ്ഥാപകനായ സാലിവിസ്ബ്രണ് ഒരിക്കല്‍ ഒരു ഡിന്നര്‍ പാര്‍ട്ടി നടത്തി. പാര്‍ട്ടിക്ക് ബിസ്ബ്രണ് പപ്പായെ മാത്രം ക്ഷണിച്ചില്ല. കാര്‍ഡ് ക്ലബ്ബില്‍ ചേരാഞ്ഞത് ഒരു ദൈവനിന്ദ പോലെ സാലി ബിസ്ബ്രണിനു തോന്നി. ക്ലബ്ബിലെ മറ്റു മെമ്പര്‍മാര്‍ പപ്പായെ ഡിന്നറിനു ക്ഷണിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടും സാലി നിരസിക്കുകയാണുണ്ടായത്. സാലിയുടെ ഭാര്യയ്ക്കായിരുന്നു ഡിന്നറിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം. ഒരു തടിച്ചുരുണ്ട സ്ത്രീയായതിനാല്‍ അവരെ 'റോള്‍' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അവര്‍ ഉണ്ടാക്കാന്‍ പോകുന്ന വലിയ ഡക്ക് ഡിന്നറിനെക്കുറിച്ച് പറഞ്ഞ് കൂട്ടുകാര്‍ പപ്പായെ എരിവു കയറ്റിക്കൊണ്ടിരുന്നു.
പപ്പാക്ക് പ്രതികാരം ചെയ്യണമെന്ന വാശിയുണ്ടായത് കാര്‍ഡ് ക്ലബ്ബിലെ കൂട്ടുകാര്‍ക്ക് രസമായി. ഏതു വിധത്തിലും പപ്പായെ സഹായിക്കാനവര്ക്ക് സന്തോഷമായിരുന്നു. പപ്പാ, സെക്രട്ടറി മിസ് ശ്ലേഖ്റ്റ്നോട് മിസിസ് വിസ്ബ്രണിനെ ഫോണില്‍ വിളിക്കാനും കുറെയേറെ സമയം അവരോട് സംസാരിച്ച് അവരെ അടുക്കളയില്‍ നിന്നു മാറ്റി നിര്‍ത്താനും ആവശ്യപ്പെട്ടു. അവര്‍ ഫോണില്‍ സംസാരിക്കുന്ന സമയത്ത് പപ്പായും ഞങ്ങളുടെ ജാനിറ്ററും കൂടി ഒരു ഏണി അടുക്കള ജനാലയില്‍ ചാരി വച്ച് നല്ല സുന്ദരമായി മിസിസ് വിസ്ബ്രണ് ബേക്ക് ചെയ്ത ഡക്കിനെ എടുത്തു കൊണ്ടുപോയി. അതോടെ പപ്പക്ക് ഡക്ക് കള്ളന് എന്ന പേരും ലഭിച്ചു.
നാസികള്‍ 1933-ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു ശേഷം, യഹൂദരുടെ നേര്‍ക്കുള്ള ബോയ്ക്കോട്ടുകളും പീഡനങ്ങളും ഓരോ ആഴ്ചയും ഓരോ മാസവും കുതിച്ചുകയറിക്കൊണ്ടിരുന്നു. യഹൂദരല്ലാത്തവര്‍ക്ക് (ജന്റയില്സ്) യഹൂദരുടെ സ്റ്റോറുകളില്‍ ജോലിചെയ്യാന്‍ അനുവാദം ഇല്ലാതായി. ബ്രൗണ്‍ ഷര്‍ട്ടുകള്‍ ജന്റയില്സിനെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. അതു കാരണം പപ്പാക്ക് ഒരുപാട് നല്ല ജോലിക്കാരെ നഷ്ടപ്പെട്ടു.
ഞങ്ങളുടെ വീട്ടുജോലിക്കാരി ഞങ്ങളെ വിട്ടുപോയപ്പോള്‍ എനിക്ക് വലിയ സങ്കടമായി. എനിക്ക് ഓര്‍മ്മവച്ച കാലം മുതല്ക്കേ അവര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവരൊരു ജന്റയില്‍ സ്ത്രീ ആയതിനാല്‍ ഞങ്ങളോടൊപ്പം ജീവിക്കുന്നത് അവര്‍ക്ക് അപകടം ആയിരുന്നു. യഹൂദസ്ത്രീയല്ലാത്ത ഒരാളെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിക്കുക വലിയ കുറ്റമായി തീര്‍ന്നു. ''ന്യൂറെന്‍ബര്‍ഗ് ഗസറ്റ്'' യഹൂദര്‍ ജന്റയില്‍ സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തുന്നത് കുറ്റകരമെന്ന് പ്രഖ്യാപിച്ചു. പല യഹൂദരെയും അക്കാര്യം പറഞ്ഞ് കാരണം കൂടാതെ അറസ്റ്റു ചെയ്ത് ജയിലിലാക്കി. ഇത്തരം ആരോപണങ്ങള്‍ കഠിനമായ ശിക്ഷകള്‍ക്കും, ജയിലിനും, ചിലപ്പോള്‍ മരണത്തിനുവരെയും കാരണമായി.
എന്റെ മമ്മായുടെ സഹോദരി ആന്റി മിന്ചെന് ഡോര്‍ട്ട്മണ്ടിലെ ബാങ്ക് ജോലി ഉപേക്ഷിച്ച് മമ്മായുടെ സ്റ്റോറില്‍ ജോലിക്കു വന്നു. ആന്റി മിലി ഇടയ്ക്കിടക്ക് ഞങ്ങളുടെ വീട്ടില്‍ വരികയും വീട്ടുജോലികളില്‍ സഹായിക്കുകയും ചെയ്തുപോന്നു.
പപ്പായും മമ്മായും ഞങ്ങളെ ആപത്തു വരാതെ സൂക്ഷിച്ചെങ്കിലും തൊട്ടടുത്തുള്ള യഹൂദാസ്റ്റോറുകളുടെ ജനാലകള്‍ 'ബ്രൗണ്‍ ഷര്‍ട്ട്'കള്‍ തല്ലിപ്പൊട്ടിക്കുന്നതു കേട്ടും കണ്ടും ഞാനും എന്റെ സഹോദരനും വളരെ ഭയപ്പെട്ടു, അതിഭയങ്കരമായി പേടിച്ചു. എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല എങ്കിലും എന്റെ മാതാപിതാക്കളുടെയും ആന്റിമാരുടെയും മുഖഭാവത്തില്‍ നിന്ന് എന്തോ ഭീകരമായത് സംഭവിക്കുന്നുണ്ട് എന്നു മനസ്സിലായി. ടൗണിലെ ചില സ്റ്റോറുകളുടെ മുന്നില്‍ 'യഹൂദര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡുകള്‍ തൂങ്ങി. തിയേറ്ററുകള്‍ക്കു മുന്നിലും കള്‍ച്ചറല്‍ ബില്‍ഡിംഗുകളുടെ മുന്നിലും ആ ബോര്‍ഡുകള്‍ തൂക്കിയിടപ്പെട്ടു. ഞങ്ങളുടെ സ്റ്റോറുകള്‍ പലതവണ ബോയ്ക്കോട്ട് ചെയ്യപ്പെട്ടു. 'യഹൂദനില്‍ നിന്ന് ഒന്നും വാങ്ങാതിരിക്കുക' എന്ന ബോര്‍ഡുകള്‍ യഹൂദരുടെ കടകള്‍ക്കു മുന്നിലും തൂക്കിയിടപ്പെട്ടു. പപ്പായുടെ പഴയ ചില കസ്റ്റമേഴ്സ് ഞങ്ങളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ 'ബ്രൗണ്‍ ഷര്‍ട്ട്'കള്‍ ഇരുമ്പുവടികള്‍ ചുഴറ്റി കടയ്ക്കു മുന്നില്‍ നിലയുറപ്പിച്ചു.
ആപ്പിള്‍ബെക്ക് ഒരു ചെറിയ ടൗണ്‍ ആയിരുന്നതിനാല്‍ പല യഹൂദകുടുംബങ്ങള്ക്കും അവിടെ താമസിക്കുക അസാധ്യമായി. എന്റെ മാതാപിതാക്കള്‍ക്കും ആപ്പിള്‍ബെക്ക് വിടേണ്ടിവന്നു. അവര്‍ സ്റ്റോറുകള്‍ ഒരു റോമന്‍കത്തോലിക്ക ബിസിനസ്മാന് വിറ്റു. അങ്ങേര് ഒരു ഡീസന്റ് മനുഷ്യന് ആയിരുന്നതു കൊണ്ട് ഒരുവിധം നല്ല വില തന്ന് സ്റ്റോറുകള്‍ വാങ്ങി. അക്കാലത്ത് ഇത്തരം സത്യസന്ധമായ പെരുമാറ്റം പതിവില്ലായിരുന്നു.
ആപ്പിള്‍ബെക്ക് വിടുന്നതിനു മുന്‍പ് ഞങ്ങള്‍ ഗ്രാന്‍ഡ്മാ ഷ്നൈഡറെ പോയി കണ്ടു. അവര്‍ പള്ളിയില്‍ പോയിട്ട് വന്നതേ ഉള്ളായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ ഗ്രാന്‍ഡ്മാ നിര്‍ത്താതെ കരയുകയായിരുന്നു. അവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കരച്ചില് ഒന്നടങ്ങിയപ്പോള്‍, പള്ളി വികാരി പ്രസംഗത്തിനിടയില്‍ നാസികളെ വിമര്‍ശിച്ച കാര്യം പറഞ്ഞു. യഹൂദപൗരരെ ഉപദ്രവിക്കുന്ന നാസികളെ അദ്ദേഹം കര്‍ശനമായി വിമര്‍ശിച്ചു. അതിനിടിയല്‍ യൂണിഫോറമിട്ട കുറെ നാസികള്‍ പള്ളിക്കകത്ത് ചാടിക്കയറി പ്രസംഗപീഠത്തില്‍ നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയി.അദ്ദേഹത്തെക്കുറിച്ച് പിന്നെ കേട്ടതേയില്ല.