Image

ഒടുവിലയാൾ ( കവിത : മിനി ആന്റണി )

Published on 21 April, 2024
ഒടുവിലയാൾ ( കവിത : മിനി ആന്റണി )

അതൊരു
ഭംഗിയുള്ള
ചില്ലുപാത്രമായിരുന്നു.
കട്ടിയുള്ളതെങ്കിലും
പെട്ടെന്ന്
തകരുന്ന തരത്തിലൊന്ന്

ലോലമായ,
ചിത്ര പണികളാൽ
സുന്ദരമാക്കിയ
അരികുകളുള്ള,
ആരുടേയും
കണ്ണുടക്കി പോകുന്ന
ആകാരമുള്ളയൊന്ന്.

മുൻപാരോ
അലക്ഷ്യമായി
ഉപയോഗിച്ചതിന്റെ
ശേഷിപ്പായി
നിറയെ കോറലുകളും 
ചെറിയ
ചിന്നലുകളും
അതിലുണ്ടായിരുന്നു.

ചെറുതായി
പൊട്ടിയടർന്നിരുന്ന
വക്ക്
ചേർത്തൊട്ടിച്ചിരുന്നു.

അയാളാ പാത്രം
അതീവ ശ്രദ്ധയോടെ
ഒരുപാടിഷ്ടത്തോടെ
നെഞ്ചോടടുക്കി പിടിച്ചു.

ഇനിയും
ഒരു വട്ടം കൂടി
താഴെ വീണാൽ
കൂട്ടിച്ചേർക്കാൻ
കഴിയാത്ത വിധം
അതു പൊട്ടിതകരുമെന്ന്
അയാൾക്കറിയാമായിരുന്നു.

പാത്രമഹങ്കരിച്ചു
താനെന്ന ഭംഗിയെ
താഴെയിടില്ലെന്നഹങ്കരിച്ചു

പൊട്ടിയ അരികിലെ
മൂർച്ചയാലയാളുടെ
നെഞ്ചുരച്ചു
വേദനിപ്പിച്ചുകൊണ്ടേയിരുന്നു.

ഒടുവിലയാൾ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക