മനസ്സമ്മതം
മനസ്സമ്മതം കത്തോലിക്കരുടെ വിവാഹത്തിനു മുമ്പുള്ള പ്രധാന ചടങ്ങാണ്. ഇതേ പേരില്‍ മുട്ടത്തുവര്‍ക്കി എഴുതിയ നോവല്‍ കര്‍മ്മലകുസുമം മാസികയിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് അത് പുസ്തകരൂപത്തിലുമെത്തി.
നിര്‍ദ്ധനനായ തൊമ്മന്‍ ചേട്ടന്റെ മകന്‍ വര്‍ഗീസ് മാര്‍ക്കറ്റിലെ കടയില്‍ കണക്കെഴുത്തുകാരനാണ്. അവന്റെ ഇളയസഹോദരി മേരിമ്മ കാണാന്‍ അത്ര സുന്ദരിയല്ല. അതിനാല്‍ കെട്ടുപ്രായം തികഞ്ഞ പെണ്ണിന് വിവാഹ മാര്‍ക്കറ്റില്‍ അത്ര ഡിമാന്റു ലഭിച്ചില്ല. വര്‍ഗീസിനു ലഭിക്കുന്ന സ്ത്രീധനത്തുക കൊണ്ട് മകളുടെ വിവാഹം നടത്തുക എന്നതാണ് തൊമ്മന്‍ചേട്ടന്റെ പ്ലാന്‍.
പെണ്ണു കാണാന്‍ 'വര്‍ക്കത്തില്ലാത്ത'താണെങ്കില്‍ സ്ത്രീ സ്വത്ത് കൂടുതല്‍ കിട്ടുമെന്ന കണക്കുകൂട്ടലില്‍ തൊമ്മന്‍ ചേട്ടന്‍ മകനുവേണ്ടി കാണാന്‍ കൊള്ളില്ലാത്ത പെണ്‍പിള്ളാരെയാണ് ആലോചിക്കുന്നത്. അങ്ങനെ ഒട്ടേറെ പെണ്‍കുട്ടികളെ പോയി കണ്ടെങ്കിലും ഒന്നിനെയും വര്‍ഗീസിന് ഇഷ്ടപ്പെടുന്നില്ല. അപ്പനും മകനും പെണ്ണുകണ്ടു മടുത്തു.
അതിനിടെ വര്‍ഗീസ് ചുങ്കക്കാരന്‍ അല്ലേശു മൂപ്പന്‍ എന്ന കല്യാണ ബ്രോക്കറെ കണ്ടുമുട്ടി. ഷാപ്പില്‍ കൊണ്ടുപോയി സല്‍ക്കരിച്ചു. വര്‍ഗീസിന് ഒരു നല്ല പെണ്ണിനെ ഒപ്പിച്ചുകൊടുക്കാമെന്ന് അയാള്‍ സമ്മതിച്ചു.
കടുവാച്ചിറ പള്ളിക്കടുത്തുള്ള ഒരു പെണ്‍കുട്ടിയെക്കുറിച്ച് മൂപ്പന്‍ വര്‍ഗീസിനോടു പറഞ്ഞു. 'മിടുക്കി, വെളുത്തതാ...' എന്നാല്‍ അത്ര വെളുത്തതുമല്ല. ഒരു പതിനേഴു പതിനെട്ടു വയസ്സു പ്രായം. ഒന്നാം ക്ലാസ് സ്വഭാവം. തങ്കപ്പെട്ട വീട്ടുകാര്. ഐശ്വര്യമുള്ള പെണ്‍കുട്ടി, ഇങ്ങനെയൊക്കെ അയാള്‍ വര്‍ണ്ണിച്ചു കേട്ടപ്പോള്‍ നാളെത്തന്നെ പെണ്ണുകാണാന്‍ പോകാമെന്നായി വര്‍ഗീസ്.
എന്നാല്‍ പെരുന്നാള്‍ സ്ഥലങ്ങളിലെ പ്രാര്‍ത്ഥനപ്പുസ്തകങ്ങളുടെ കച്ചവടക്കാരനായ അല്ലേശു മൂപ്പന് ഒരു മാസത്തേക്കു സമയമില്ല. അതുവരെ കാത്തിരിക്കാന്‍ വര്‍ഗീസിനു വയ്യ. ഒടുവില്‍ മൂപ്പന്‍ പെണ്ണിന്റെ വീട്ടിലേക്കുള്ള വഴിയും അവരുടെ വീട്ടുപേരും പെണ്ണിന്റെയും അമ്മയുടെയുമൊക്കെ പേരും പറഞ്ഞുകൊടുത്തു.
ഊണിലും ഉറക്കത്തിലുമൊക്കെ ആ കടുവാച്ചിറക്കാരി സുന്ദരി അവന്റെ മനസ്സിന്റെ മണിമുറ്റത്തുനിന്ന് കൈമാടി വിളിക്കുന്നു. വര്‍ഗീസ് അയല്‍ക്കാരനായ അന്ത്രോയെയും കൂട്ടി കടുവാച്ചിറയില്‍ എത്തി. മൂപ്പന്‍ പറഞ്ഞ അടയാളം വച്ച് അവര്‍ മുന്നോട്ടു നടന്നു. പക്ഷേ, വീട്ടുപേരു മറന്നു. പുത്തന്‍പുരയെന്നോ പുത്തന്‍പറമ്പെന്നോ?
അപ്പോള്‍ തോട്ടില്‍നിന്ന് കുളി കഴിഞ്ഞ് സുന്ദരിയായി ഒരു പെണ്‍കുട്ടി അതുവഴി വരുന്നതുകണ്ടു. അവളോട് വീടും പേരുമൊക്കെ അവര്‍ തിരക്കി. പുത്തന്‍പുരയെന്നു വീട്ടുപേരു പറഞ്ഞപ്പോള്‍ തങ്ങള്‍ കാണാന്‍ വന്ന പെണ്‍കുട്ടിയാവും അതെന്ന് അവര്‍ ഊഹിച്ചു. പെണ്ണിന്റെ പേരും അവന്‍ മറന്നുപോയിരുന്നു ത്രേസ്യാമ്മയോ മറിയക്കുട്ടിയോ?
എന്തായാലും അവന്‍ അവളുടെ വീട്ടിലെത്തി. ആഗമനോദ്ദേശ്യം പറഞ്ഞു. അവളുടെ അമ്മയ്ക്കു വര്‍ഗീസിനെ ഇഷ്ടമാവുകയും വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു.
പക്ഷേ, അല്ലേശു മൂപ്പന്‍ പറഞ്ഞ പെണ്‍കുട്ടി മൂന്നാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. എന്നാല്‍ ഈ ത്രേസ്യാക്കുട്ടി സ്‌കൂള്‍ ഫൈനല്‍കാരിയാണ്. മൂപ്പന്‍ പറഞ്ഞത് പെണ്‍കുട്ടിക്ക് ഇരുനിറമെന്നാണ്. അതേസമയം ത്രേസ്യാക്കുട്ടി നല്ല വെളുപ്പാണ്. വര്‍ഗീസിന് അല്പം ചിന്താക്കുഴപ്പമുണ്ടായി. സ്ത്രീ സ്വത്ത് അല്പം കുറവാണെങ്കിലും അത് അപ്പനോടു പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം അന്ത്രോ ഏറ്റു.
അവര്‍ അവിടെനിന്നും മടങ്ങുമ്പോള്‍ അമ്മ മറിയാമ്മ പ്രത്യേകിച്ചൊരു കാര്യം പറഞ്ഞിരുന്നു.
അയല്‍ക്കാരൊക്കെ ശത്രുക്കളാണ്. പ്രത്യേകിച്ചും വടക്കുവശത്തെ വീട്ടുകാരും മറിയാമ്മയുടെ വീട്ടുകാരും തമ്മില്‍ വലിയ ശത്രുതയാണ്. കാരണം ആ വീട്ടിലും ഒരു പെണ്ണിന് കല്യാണാലോചന നടക്കുന്നുണ്ട്. അവള്‍ കാണാന്‍ മെച്ചമല്ല. മാത്രമല്ല മഹാധിക്കാരിയുമാണ്. അതിനാല്‍ അവിടെ വരുന്ന ആലോചനകള്‍ മിക്കതും മുടങ്ങിപ്പോവുകയാണ്. മറിയാമ്മയുടെ വീട്ടില്‍ ആരെങ്കിലും വിവാഹാലോചനുമായി എത്തിയാലുടന്‍ അവര്‍ പെണ്ണും തള്ളയും ചീത്തയാണെന്ന് പറഞ്ഞ് കല്യാണം മുടക്കുകയും പതിവാണ്. അതുകൊണ്ട് മടങ്ങിപ്പോകുന്ന വഴി അവരെ ശ്രദ്ധിക്കരുതെന്ന് മറിയാമ്മ അവരോടു പറഞ്ഞു.
പോകാന്‍ നേരത്ത് വര്‍ഗീസ് ആ അയലത്തെ വീട്ടിലേക്ക് ഒന്നു നോക്കിപ്പോയി. അപ്പോള്‍ അവിടെ ഒരു ഇരുപതുകാരി പെണ്ണുനിന്ന് അവരെത്തന്നെ സൂക്ഷിച്ചുനോക്കുന്നുതു കണ്ടു. തന്റെ ത്രേസ്യാക്കുട്ടിയുടെ ശത്രു!
വര്‍ഗീസും അന്ത്രോയും നാട്ടിലെത്തി പെണ്‍കുട്ടിയെ തങ്ങള്‍ക്ക് ഇഷ്ടമായെന്ന വിവരം അല്ലേശു മൂപ്പനെ ധരിപ്പിച്ചു. അതനുസരിച്ച് മൂപ്പനും തൊമ്മന്‍ ചേട്ടനുംകൂടി കടുവാച്ചിറയിലേക്കു പോയി. വിവാഹം ഏറെക്കുറെ ഉറപ്പിച്ചിട്ടാണ് അവര്‍ മടങ്ങിവന്നത്.
തൊമ്മന്‍ചേട്ടന്‍ ഭാര്യയോട്, നമ്മള്‍ ആവശ്യപ്പെട്ട പൊന്നും പണവും അവര്‍ തരുമെന്നു പറയുന്നതു കേട്ടപ്പോള്‍ വറുഗീസിനൊരു സംശയം. അത്രയും തുകയും സ്വര്‍ണ്ണവും തരാന്‍ തങ്ങളെക്കൊണ്ട് സാധിക്കുകയില്ലെന്നല്ലേ ആ ചേടത്തി തന്നോടു പറഞ്ഞത്? ഒരു പക്ഷേ അപ്പന്റെ കഴിവുകൊണ്ട് കൂടുതല്‍ തുകയും സ്വര്‍ണ്ണവും വാചകമടിച്ച് സമ്മതിപ്പിച്ചതാകാം.
അമ്മ അല്ലേശു മൂപ്പനോട് വീണ്ടും വിവരങ്ങള്‍ തിരക്കി. അയാളുടെ മറുപടി: പെണ്ണു നാലാം ക്ലാസ്സുവരെയേ പഠിച്ചിട്ടുള്ളൂ. മറിയാമ്മയെന്നാണ് പേര്, രണ്ടാങ്ങളമാരുണ്ട്, ഇരുനിറം, എന്നൊക്കെയാണ്. അതുകേട്ടപ്പോള്‍ വറുഗീസിന് വീണ്ടും ചിന്താക്കുഴപ്പം. താന്‍ കണ്ട പെണ്ണ് വെളുത്തിട്ടാണ്, സ്‌കൂള്‍ ഫൈനല്‍ വിദ്യാഭ്യാസമുണ്ട്, പേര്‍ ത്രേസ്യാക്കുട്ടി, അവള്‍ക്ക് ഒരു ആങ്ങളയേ ഉള്ളൂ!
അല്ലേശു മൂപ്പന്‍ നന്നായി മദ്യപിച്ചിട്ടുണ്ട്. അതുകൊണ്ട് അയാള്‍ ഓര്‍മ്മപ്പിശകില്‍ പറയുന്നതാവാം എന്ന് അവന്‍ സമാധാനിച്ചു. എങ്കിലും അവരുടെ വീട്ടുപേര് പുത്തന്‍പറമ്പ് എന്ന് മൂപ്പര്‍ പറയുന്നതു കേട്ടപ്പോള്‍ വറുഗീസിന്റെ വയറ്റില്‍ തീയാളി. താന്‍ കണ്ട പെണ്ണിന്റെ വീട്ടുപേര് പുത്തന്‍പുര എന്നാണല്ലൊ! ചിലപ്പോള്‍ പെണ്ണുകാണലിന്റെ വെപ്രാളത്തിനിടെ തനിക്കങ്ങനെ തോന്നിയതാവാം.
എന്തായാലും അടുത്ത ഞായറാഴ്ച വിവാഹം ഉറപ്പിച്ചു. അതിനടുത്ത വ്യാഴാഴ്ച മനസ്സുചോദ്യവും രണ്ടാഴ്ച കഴിഞ്ഞ് കല്യാണവും നടത്താനും തീരുമാനമായി.
അങ്ങനെ മനസ്സമ്മതനാള്‍ വറുഗീസും ബന്ധുക്കളും കടുവാച്ചിറ പള്ളിയില്‍ എത്തി. മുഖം മറയത്തക്കവിധം സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട് മുട്ടു കുത്തി നിന്ന തന്റെ ഭാവി വധുവിന്റെ മുഖം കാണാന്‍ വറുഗീസിനു സാധിച്ചില്ല. പെണ്ണിന്റെ കൈപ്പത്തികളും പാദങ്ങളും കാണാം. അവ ഇത്രയും കറുത്തതായിരുന്നില്ലല്ലൊ!
എന്തായാലും വൈദികന്‍ മനസ്സുചോദ്യം നടത്തുകയും അവന്‍ സമ്മതം മൂളുകയും ചെയ്തശേഷമാണ് പെണ്ണു മാറിയപ്പോയ വിവരം അവനു മനസ്സിലായത്. വര്‍ഗീസ് ബോധരഹിതനായി വീണുപോയി. വിവാഹം മുടക്കാന്‍ വേണ്ടി അപസ്മാരരോഗിയായും കിറുക്കനായും ഒക്കെ അഭിനയിച്ചിട്ടും അത് ഏശിയില്ല.
മാത്രമല്ല കൂടുതല്‍ സ്ത്രീധനം തരാനും പെണ്‍വീട്ടുകാര്‍ തയ്യാറായി. ബന്ധുക്കളുടെയും മിത്രങ്ങളുടെയും പള്ളി വികാരിയുടെയുമൊക്കെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ അവളെത്തന്നെ വിവാഹം കഴിക്കാന്‍ അവന് അര മനസ്സായി.
പക്ഷേ അപ്പോഴേക്കും ത്രേസ്യാക്കുട്ടിയുടെ ഒരു കത്ത് വറുഗീസിനു ലഭിക്കുന്നു. പെണ്ണുകാണലിന് ചെന്നതുമുതല്‍ താന്‍ അവനെ ഹൃദയത്തില്‍ പൂജിക്കുകയാണെന്നും വര്‍ഗീസ് അല്ലാതെ മറ്റൊരു ഭര്‍ത്താവ് തനിക്കുണ്ടാകില്ലെന്നുമൊക്കെ അവള്‍ എഴുതിയതു വായിച്ചതോടെ വീണ്ടും അവന്റെ മനസ്സുമാറി.
അങ്ങനെ സ്ത്രീധനത്തുകയുടെ കൈമാറ്റദിനം എത്തി. പെണ്‍വീട്ടുകാര്‍ പണവുമായി എത്തി. അപ്പോഴാണ് അന്ത്രോ ഓടിക്കിതച്ചെത്തി ഒരു കത്ത് തൊമ്മന്‍ചേട്ടനെ ഏല്പിച്ചത്. ഈ വിവാഹത്തിന് താല്‍പര്യമില്ലാത്തതിനാല്‍ നാടുവിട്ട് പോവുകയാണെന്നും തന്നോടു ക്ഷമിക്കണമെന്നും വര്‍ഗീസ് അതില്‍ എഴുതിയിരുന്നു.
അതോടെ വീട്ടില്‍ ബഹളമായി. ഇരുകൂട്ടരും തമ്മില്‍ അടിപിടി വരെ നടന്നു. ഇടവകവികാരി സ്ഥലത്തെത്തി ഇരുകൂട്ടരെയും സമാധാനിപ്പിച്ചു.
മാസങ്ങള്‍ കഴിഞ്ഞു. വര്‍ഗീസ് വയനാട്ടില്‍ ഉണ്ടെന്നറിഞ്ഞ് തൊമ്മന്‍ ചേട്ടനും നാട്ടുകാരും കൂടി അവിടെയെത്തി. അവനെ കണ്ടെത്തി. പെണ്ണു കാണാന്‍ പോയ താന്‍ വീടുമാറിപ്പോയി ത്രേസ്യാക്കുട്ടിയെ കണ്ട ചരിത്രമൊക്കെ അവന്‍ പറഞ്ഞപ്പോള്‍ മകന്റെ ഇഷ്ടംപോലെ കാര്യങ്ങള്‍ നടക്കട്ടെയെന്നായി തൊമ്മന്‍ ചേട്ടനും.
പിന്നീട് മംഗളമായി രണ്ടു കല്യാണങ്ങളാണ് നടന്നത്. വര്‍ഗീസ് തന്റെ ഇഷ്ടംപോലെ തന്നെ ത്രേസ്യാക്കുട്ടിയെ വരണമാല്യം അണിയിച്ചു. അവന്റെ സഹോദരി മേരിയമ്മയുടെ കഴുത്തില്‍ ത്രേസ്യാക്കുട്ടിയുടെ സഹോദരന്‍ മിലിട്ടറിക്കാരന്‍ തമ്പിച്ചനും താലിമാല അണിയിച്ചു. എല്ലാം ശുഭ.