"മറിയ ചേച്ചി എങ്ങോട്ടാ ഈ ആടിനെയും കൊണ്ടു പോകുന്നേ?"
"ആടിന്റെ ഒരു സിൽമാ വന്നില്ലേ അത് കാണാൻ പോകുവാ "
"അതിനു ആടിനെയും കൊണ്ട് ചെന്നാൽ ആരെങ്കിലും തിയേറ്ററിൽ കയറ്റുമോ ചേച്ചീ? "
"ചോദിച്ചു നോക്കാം.. ബസ്സുകാര് കേറ്റീല്ല. അതാ നടന്നു പോണത്.. ഇവള് എന്റെ കൂടെ ചായ കുടിക്കും. ഉച്ചക്ക് ചോറൂണ്ണും. കട്ടിലിന്റെ അടിയിൽ കിടത്തി ഉറക്കുകയും ചെയ്യും. പിന്നെന്താ കുഴപ്പം ?"
"കൊള്ളാല്ലോ.. ആടുകളെ ആട്ടിൻ കൂട്ടിൽ അല്ലേ കെട്ടുക? കട്ടിലിൽ ആണോ?."
"എന്നിട്ട് വേണം വല്ല കടുവയും വന്നു കടിച്ചു കൊല്ലാൻ.. പിന്നെ ഇവൾ പെറ്റത് ആണെന്നു പറഞ്ഞിട്ട് കാര്യം ല്ല. മക്കളായ രണ്ടു മുട്ടന്മാര് തിന്നു കൊഴുത്തു കയറും പൊട്ടിച്ചു എപ്പോ വേണേലും പീഡിപ്പിക്കാൻ റെഡി ആയി നില്പുണ്ട്."
"അങ്ങനെ ആണോ.. എന്നും വെച്ചു തിയേറ്ററിൽ ഇങ്ങനെ ആടിനെ കൊണ്ടു പോയി കൂടാ..അവർ ഓടിക്കും."
"ആടുജീവിതം എന്നല്ലേ സിൽമയുടെ പേര്.. കാണിച്ചില്ലേൽ ഞങ്ങൾ അവിടെ സത്യാഗ്രഹം ഇരിക്കും.ആ ടിന്റെ കദ അല്ലെ "
"ആടിന്റെ കഥ ഒന്നും അല്ല ചേച്ചി മരുഭൂമിയിൽ ജോലിക്ക് പോയി കഷ്ടകാലത്തിനു ആടിനെ നോക്കി ഒറ്റപ്പെട്ടു നിൽക്കേണ്ടി വന്ന ഒരു പാവം മനുഷ്യന്റെ ദുരിത ജീവിതമാ അത്."
"ഞാൻ ഓർത്തു ആടിന്റെ കദ ആണെന്ന്..അതാ പോന്നത്..
പറഞ്ഞപോലെ ഇവൾക്ക് മാസം തികഞ്ഞു നിൽക്കുവാണല്ലോ. നീ പറഞ്ഞ പോലെ തിയേറ്ററിൽ എങ്ങാനും പെറ്റാലോ. തിരികെ പോയേക്കാം... പെറ്റിട്ടു കുഞ്ഞുങ്ങളെയും കൊണ്ടു വരാം. പാല് വിറ്റു കാശായാൽ ഫാൽക്കണി ടിക്കറ്റ് എടുക്കാം..."
"അതാ നല്ലത് ഇപ്പൊ വീട്ടിൽ പൊയ്ക്കോ "
"എന്നാൽ പിന്നെ അങ്ങനെ ആകട്ടെ... പിന്നെ കാണാം ല്ലേ..നല്ല സിനിമ അല്ലേ അപ്പൊ ഉടനെ എങ്ങും മാറൂല്ലായിരിക്കും."
" മറിയ ചേച്ചിയുടെ തലയിൽ നെല്ലിക്കാത്തളം വെയ്ക്കാറായി എന്ന് ആന്റപ്പൻ ചേട്ടൻ ഇന്നലെ പറഞ്ഞതെ ഉള്ളൂ. ചുമ്മാതല്ല.. ഇത്തിരി വട്ടുണ്ട് അല്ലെ "
"അങ്ങേരു അങ്ങനെ പലതും പറയും പുള്ളിക്കാരനെ കുതിരവട്ടത്തു കൊണ്ടു പോയി ഇടാൻ ഞാൻ ആരോടെങ്കിലും പറയാൻ ഇരിക്കുവാ.. കള്ളും കുടിച്ചു വന്നാൽ പിരാന്താ അങ്ങേർക്കു.. വയസ്സ് പത്തെഴുപതായി ന്ന് പറഞ്ഞിട്ട് ഒരു കാര്യോം ല്ല. അതല്ലെ ഞാൻ ആടിനെ കട്ടിലിൽ കയറ്റി കിടത്തുന്നെ..എങ്ങനെ എങ്കിലും ഒന്ന് ജീവിച്ചു പോകണ്ടേ. ഈ ജീവിതം ന്നു പറയുന്നത് വല്ലാത്ത ഒരു സാധനമാ.. വെളിവ് ഉള്ള കാലത്തും അങ്ങേരുടെ തല്ല് പേടിച്ചു ആട്ടിൻ കൂട്ടിൽ കിടന്ന കാലം ഒക്കെ ഉണ്ടാരുന്നേ.. ഇപ്പോളും നിക്ക് വട്ട് ഒന്നും ല്ലാട്ടോ..ചുമ്മാ അഭിനയിക്കുന്നതാ "