Image

ഉണ്ണിച്ചനായ ഉണ്ണിത്താൻ (സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

Published on 22 April, 2024
ഉണ്ണിച്ചനായ ഉണ്ണിത്താൻ (സുനിൽ വല്ലാത്തറ ഫ്ലോറിഡാ)

2019ലെ രാഹുൽ തരംഗത്തിൽ നഷ്ടപ്പെട്ട തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ തിരിച്ചു പിടിക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന കേരളത്തിലെ സി പി എം ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലക്ഷ്യം ഇടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കാസർഗോഡ്. 

കാസർഗോഡിന്റെ ചരിത്രം പരിശോധിച്ചാൽ മൂന്നോ നാലോ തവണ ഒഴിച്ചാൽ എല്ലാ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ചെങ്കൊടിയാണ് പാറിയത്. 

71ലും 77ലും കോൺഗ്രസിന്റെ പടക്കുതിര കടന്നപ്പള്ളി രാമചന്ദ്രനും 84ൽ ഇന്ദിരാ തരംഗത്തിൽ ഐ രാമറായിയും കോൺഗ്രസിനുവേണ്ടി മണ്ഡലം പിടിച്ചെടുത്തവരാണ്. 

ഈ തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് നായി അങ്കം വെട്ടുന്നത് കോൺഗ്രസ്‌ നേതാവും സിറ്റിംഗ് എം പി യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ആണ്. 

കൊല്ലം എസ് എൻ കോളേജിലെ വിദ്യാഭ്യാസ കാലത്ത് കെ എസ് യൂ വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഉണ്ണിത്താൻ അധികം താമസിയാതെ കോൺഗ്രസ്‌ ലീഡർ കെ കരുണാകരന്റെ അരുമ ശിഷ്യരിൽ ഒരാളായി മാറി. 

കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് ആളിക്കത്തുമ്പോൾ എല്ലാം മൂർച്ചയേറിയ വാക്കുകളുമായി ഐ ഗ്രൂപ്പിന്റെ വക്താവായി പ്രത്യക്ഷപ്പെട്ടിരുന്നത് ഉണ്ണിത്താൻ ആയിരുന്നു.  

ദൃശ്യ മാധ്യമങ്ങൾ കേരളത്തിൽ ആരംഭിച്ച കാലം മുതൽ ചാനൽ ചർച്ചകളിലെ താരമായി മാറി വാചാലനായ ഉണ്ണിത്താൻ. 

ഒരു കാലത്ത് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ കേരളത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള സംവാദത്തിൽ വിനു വി ജോണിന്റെ മധ്യസ്‌ഥതയിൽ ബി ജെ പി ക്കു വേണ്ടി കെ സുരേന്ദ്രനും ഇടതുപക്ഷത്തിനായി മുൻ മന്ത്രിയും ഇപ്പോൾ തൃശൂരിലെ സ്‌ഥാനാർത്തിയുമായ വി എസ് സുനിൽകുമാറും അണിനിരക്കുന്ന പാനലിൽ കോൺഗ്രസിനെ ശക്തമായി പ്രതിരോധിച്ചിരുന്നത് വെട്ടിനു മുറിരണ്ടു സംസാര ശൈലിക്കുടമയായിരുന്ന ഉണ്ണിത്താൻ ആയിരുന്നു. 

 2004ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ താത്പര്യം ഉണ്ടായിരുന്ന ഉണ്ണിത്താനെ വെട്ടി തന്റെ അടുപ്പക്കാരൻ ആയ ശൂരനാട് രാജശേഖരന് കെ മുരളീധരൻ സ്‌ഥാനാർത്തിയാക്കിയപ്പോൾ മറ്റൊരു ഐ ഗ്രൂപ്പ്‌ നേതാവായ ശരത്ചന്ദ്രപ്രസാദും ഒന്നിച്ചു പത്രസമ്മേളനത്തിൽ കെ മുരളീധരനെതിരെ പൊട്ടിത്തെറിച്ചാണ് ഉണ്ണിത്താൻ കേരള രാഷ്ട്രീയത്തിൽ പോപ്പുലർ ആകുന്നത്. 

തുടർന്നു കെ പി സി സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ കേരളത്തിലെ സമൂന്നതരായ കോൺഗ്രസ്‌ നേതാക്കൾ യോഗം കൂടുന്ന സമയത്തു അവിടെ എത്തിയ ഉണ്ണിത്താന് ഒരു സംഘം മുണ്ട് പറിച്ചെടുത്തു ആക്രമിച്ചത് അക്കാലത്തെ ചൂടുള്ള വാർത്ത ആയിരുന്നു. 

പിന്നീട് ഗ്രൂപ്പ്‌ രാഷ്ട്രീയത്തിൽ നിന്നും മാറി സ്വാതന്ത്ര നിലപാട് സ്വീകരിച്ച ഉണ്ണിത്താൻ 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ് കോട്ടയായ തലശ്ശേരിയിൽ കരുത്തനായ കോടിയേരി ബാലകൃഷ്ണനോട് ഏറ്റുമുട്ടി കോടിയേരിയെ വിറപ്പിച്ചു അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ചാണ് തലശ്ശേരി വിട്ടത്. 

അതിന്റെ തുടർച്ചയെന്നോണം തമ്പാനൂർ റെയിൽവേസ്റ്റേഷനിൽ ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയ ഉണ്ണിത്താൻ ഇതു കോടിയേരിയുടെ പ്രതികാരം എന്നാണ് അന്ന് വിശേഷിപ്പിച്ചത്. 

2009ൽ ഒരു സഹപ്രവർത്തകയ്ക്കൊപ്പം മലപ്പുറത്തു മഞ്ചേരിയിൽ ഒരു ഭവന സന്ദർശനം നടത്തിയത് വിവാദം ആയപ്പോൾ ചോദ്യങ്ങൾക്ക് ഉരുളയ്കുപ്പേരി പോലെ മറുപടി പറയുന്ന ഉണ്ണിത്താൻ ആ സംഭവത്തിൽ നിന്നും അധികം പോറൽ ഏൽക്കാതെ രക്ഷപെട്ടു. 

15ൽ പരം സിനിമകളിൽ അഭിനയിച്ചു ഒരു സിനിമാ താരത്തിന്റെ ഇമേജ് ഉള്ള ഉണ്ണിത്താൻ 2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്തെ ഒരു വർഷം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർമാൻ ആയിരുന്നു. 

 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയായ കൊല്ലത്തു ഉൾപ്പെടുന്ന കുണ്ടറയിൽ മുൻ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയോട് ഏറ്റുമുട്ടി മുപ്പത്തിനായിരത്തിൽ പരം വോട്ടുകൾക്കു പരാജയപ്പെട്ടു തലയിൽ മുണ്ടിട്ടു മടങ്ങേണ്ടി വന്നത് ഉണ്ണിത്താന് വളരെ നാണക്കേടുണ്ടാക്കി. 

 2019ലെ ലോക്സഭ തെരെഞ്ഞെടുപ്പിന് മുൻപ് കാസർഗോഡ് കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകർ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് അന്നത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം സന്ദർശിച്ച ഉണ്ണിത്താന്റെ പേരാണ് കോൺഗ്രസ്‌ സ്‌ഥാനാർത്തി പട്ടികയിൽ മുല്ലപ്പള്ളി കാസർഗോഡിലേയ്ക്കു ശുപാർശ ചെയ്തത്. 

സ്‌ഥാനാർത്തി പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്തു നിന്നും ചെന്നൈ മെയിലിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കോൺഗ്രസിലെ ഗർജിക്കുന്ന സിംഹത്തിന് കാസർഗോട്ടെ കോൺഗ്രസ്‌ പ്രവർത്തകർ കൊടുത്തത് രാജകീയ വരവേൽപ് ആയിരുന്നു. 

തുടർന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടിരത്തിൽ നിന്നും തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ഉണ്ണിത്താൻ കാസർഗോട്ടെ സമൂന്നതനായ സി പി എം നേതാവും മുൻ എം ൽ എ യുമായ കെ പി സതീഷ് ചന്ദ്രനെ നാൽപ്പതിനായിരത്തിൽ പരം വോട്ടുകൾ ക്കു അട്ടിമറിച്ചാണ് ആദ്യമായി പാർലമെന്റിൽ എത്തിയത്. 

എൽ ഡി ഫ് നായി പോരിനിറങ്ങുന്നത് സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ആണ്. 

കാസർഗോഡ് ജില്ലാ പഞ്ചായത്തിന് രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ചപ്പോൾ അന്ന് പ്രസിഡണ്ട് ആയിരുന്നത് ബാലകൃഷ്ണൻ മാസ്റ്റർ ആയിരുന്നു. 

അന്ന് രാഷ്ട്രപതി ആയിരുന്ന പ്രതിഭ പട്ടീലിൽ നിന്നും അവാർഡ് സ്വീകരിച്ച മാസ്റ്റർ പിന്നീട് കാസർഗോഡ് രാഷ്ട്രീയത്തിലെ ജനകീയൻ ആയി മാറി. 

മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ ഉള്ള ഉണ്ണിത്താനെതിരെ മത്സരിക്കുവാൻ ഇന്ന് കാസർഗോഡ് സി പി എം ലെ ഏറ്റവും കരുത്തനായ നേതാവ് എം വി ബാലകൃഷ്ണൻ ആണ്. 

ബി ജെ പി ക്കുവേണ്ടി കളത്തിൽ ഇറങ്ങിയിരിക്കുന്നത് മഹിളാ മോർച്ച നേതാവും അധ്യാപികയുമായ എം എൽ അശ്വിനി യാണ്. 

ബി ജെ പി ക്കു ശക്തമായ വോട്ടുകൾ ഉള്ള കാസർഗോഡ് മഞ്ചേശ്വരം പോലുള്ള നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലത്തിൽ ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 2014ലെ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചതാണ്. 

ഒരു ത്രികോണ മത്സരം ഉറ്റുനോക്കുന്ന കർണാടകയോട് ചേർന്ന് കിടക്കുന്ന കാസർഗോഡ് വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായ എം എൽ അശ്വിനി ബി ജെ പി യുടെ ശക്തയായ യുവ പോരാളിയാണ്. 

കൊല്ലത്തുനിന്നും വന്ന് കാസർഗോട്ടുകാരുടെ മനസ് കീഴടക്കി ഉണ്ണിച്ചനായി മാറിയ ഉണ്ണിത്താന് അടുത്ത അഞ്ചു വർഷം കൂടി ഉണ്ണിച്ചൻ വിളി കേൾക്കുവാൻ സാധിക്കുമോയെന്നു ജൂൺ നാലിനറിയാം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക