ചെറിയ കാലയളവിൽ നാലാം പതിപ്പിറങ്ങുകയും, ഒരു അഖിലേന്ത്യാ പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത 'വുമൺ ഈറ്റേഴ്സ്' അടുത്ത കാലത്തിറങ്ങിയ മലയാളം കഥാസമാഹാരങ്ങളിൽ ഏറ്റവും മികച്ചതെന്നു വായനക്കാരും നിരൂപകരും ഒരുപോലെ കരുതുന്നു.
സ്ത്രീ തനിയെ ജീവിച്ചാൽ സദാചാര ലംഘന കുറ്റങ്ങൾ ചുമത്തി സമൂഹം അവളെ പച്ചയ്ക്കു തിന്നുമെന്നു വി.കെ ദീപ തൻ്റെ പുസ്തകത്തിലെ 'വുമൺ ഈറ്റേഴ്സ്' എന്ന കഥയിലൂടെ തുറന്നുകാട്ടുകയാണ്.
ഈ കഥയും ഇതേ പേരിലെ സമാഹാരവും നെഞ്ചോടു ചേർത്തുവച്ചു വായിച്ചുകൊണ്ടിരിക്കുന്നതിനു സഹൃദർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടു മലപ്പുറം മഞ്ചേരിയിലെ സ്കൂൾ അധ്യാപിക പറഞ്ഞു തുടങ്ങി...
🟥 സാർവത്രികമായ പ്രമേയം
2022-ലാണ് 'വുമൺ ഈറ്റേഴ്'ൻ്റെ ആദ്യ പതിപ്പ് ഇറങ്ങിയത്. അതു വരെ എഴുതിയ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അഖിലേന്ത്യാ തലത്തിൽ 'വുമൺ ഈറ്റേഴ്സ്' മികച്ച കഥയ്ക്കുള്ളൊരു ബഹുമതി മുമ്പു നേടിയിരുന്നു. അതിനാലാണ് സമാഹാരത്തിന് ഈ പേരു തന്നെ നൽകിയത്. 'വുമൺ ഈറ്റേഴ്സ്' കൂടാതെ 'ഷൈൻസ് ലാബിറിന്ത്', 'മരിച്ച പെണ്ണുങ്ങൾ', 'പ്രണയവും എലനയും', 'അഭയം' തുടങ്ങിയവയുമുണ്ട് കൂട്ടത്തിൽ. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീയെ സദാചാരവാദികൾ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും സദാ അധിക്ഷേപിക്കുകയും ചെയ്തു അവളുടെ ജീവിതം താറുമാറാക്കുന്നതാണു പ്രമേയം. നിസ്സഹായയായ പെണ്ണിനെ അപവാദ പ്രചാരണങ്ങളാൽ കൊന്നു തിന്നുന്നവരാണ് ചുറ്റുമുള്ളതെന്ന് ഒടുവിൽ അവൾ തിരിച്ചറിയുന്നു. സംശയമില്ല, ഇതു സാർവത്രികമായൊരു യാഥാർത്ഥ്യമാണല്ലൊ! ചെറിയ കാലത്തിനുള്ളിൽ തന്നെ പുസ്തകത്തിൻ്റെ നാലാം പതിപ്പിറങ്ങി. കുറേ പുരസ്കാരങ്ങളും നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. 'ഹൃദയഭുക്കും' (കഥാസമാഹാരം), 'എൻ്റെ ദേശാടനങ്ങളു'മാണ് (യാത്രാവിവരണം) എൻ്റെ മറ്റു രണ്ടു പുസ്തകങ്ങൾ.
🟥 ഓർമകൾ പുനർജനികൾ
മനസ്സിനെ ബാധിച്ച കാഴ്ചകളാണ് പലപ്പോഴും കഥകളുടെ പ്രമേയങ്ങളായി രൂപപ്പെടുന്നത്. വേദനിപ്പിച്ചതും, ആനന്ദിപ്പിച്ചതുമായ അനുഭവങ്ങൾ ഉള്ളിലങ്ങനെ ഒളിമങ്ങാതെ നിറഞ്ഞു നിൽക്കാറില്ലേ! അത്തരം സ്മരണകൾക്കു മോചനം ലഭിക്കണമെങ്കിൽ അവ കഥകളായി എഴുതപ്പെടണം. ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മുൻനിര ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'സോയ @ സിക്സ്റ്റി പ്ലസ് വൈബ്സ്' എന്ന കഥ ആ വിധമൊരു കണ്ടറിവാണ്. മലബാർ സ്പെഷ്യൽ പോലീസിൽ ജോലി ചെയ്തിരുന്ന വല്യമ്മാവൻ്റെ വസതിയിൽ കുട്ടിക്കാലത്തു പതിവായി വിരുന്നു പോകാറുണ്ടായിരുന്നു. പോലീസ് ക്യാംപിൽ വല്യമ്മാവൻ്റെ ക്വാർട്ടേഴ്സിനു തൊട്ടു മുമ്പിലായിരുന്നു കഥാനായികയായ സോയയും കുടുംബവും താമസിച്ചിരുന്നത്. വിദ്യാസമ്പന്നയായിരുന്നുവെങ്കിലും, സമൂഹവും, വ്യവ്യസ്ഥിതിയും, സ്വന്തം കുടുംബവും കുഴിച്ച കുഴിയിൽ വീണു നരകതുല്യമായ ജീവിതമാണ് സോയ നയിച്ചിരുന്നത്. കയ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നു രക്ഷപ്പെട്ടു, അഭയം തേടിപ്പോകാൻ അവർക്കൊരു ഇടവുമില്ലായിരുന്നു. സോയയുടെ ശോച്യാവസ്ഥ എൻ്റെ മാനസികാവസ്ഥയെ തന്നെ അന്നു രൂക്ഷമായി ഗ്രഹിച്ചിരുന്നു. ദശകങ്ങൾക്കു ശേഷം കഥയായി പുനർജനിയ്ക്കും വരെ അതവിടെക്കിടന്നു നീറിപ്പുകഞ്ഞു; ഗാർഹികപീഢന ദൃശ്യങ്ങളും, സോയയുടെ ദയനീയമായ തേങ്ങലുകളും എൻ്റെ ഉള്ളിൽ പൊള്ളിത്തണിർത്തു തന്നെ കിടന്നു. 'ഹൃദയഭുക്ക്' എന്ന കഥയിലെ ജറീറ്റയും, അതു പോലെ പലരും ഏതോ കാഴ്ചകളിലൂടെ, കേട്ടറിവുകളിലൂടെ അടുത്തു പരിചയമുള്ളവർ. ജീവിത സങ്കടങ്ങൾ ദൈവഭക്തിയിൽ അലിയിച്ചു കളയാൻ ബോധപൂർവം ശ്രമിക്കുന്ന സ്ത്രീകളിൽ ഒരുവളാണു ജറീറ്റയെങ്കിൽ, സമാനമായ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ മൂർത്തരൂപങ്ങളായിരുന്നു ഞാൻ തീർത്ത മറ്റനേകം കഥാപാത്രങ്ങൾ.
🟥 എഴുതും മുമ്പേ കാണും
അനുഭവമില്ലാത്ത വിഷയങ്ങളും, പരിചിതമല്ലാത്ത കഥാപരിസരങ്ങളും സന്ദർഭങ്ങളും കഥകളിൽ പൊതുവെ ഉപയോഗിക്കാറില്ല. എഴുത്തിൻ്റെ സത്യസന്ധത നഷ്ടമാകുമെന്നൊരു ഭയമുണ്ടെനിയ്ക്ക്. എല്ലാം മനസ്സിൽ കൃത്യമായി തെളിഞ്ഞു വരുമ്പോഴാണ് കഥയെഴുത്തു തുടങ്ങുന്നത്. ഒരു ചലച്ചിത്രം പോലെ ആ കഥ മനസ്സിൽ കാണാൻ കഴിയുമ്പോൾ മാത്രം! കഥാപാത്രങ്ങൾ, അവരുടെ രൂപം, ഗന്ധം, സംസാരശൈലി, ജീവിത പരിസരങ്ങൾ തുടങ്ങിയവയെല്ലാം സുതാര്യമാകണം. കഥാപാത്രങ്ങളും കഥാകാരിയും തമ്മിലുള്ള ഉള്ളിലെ ഇടപഴക്കത്തിനു അതിർവരമ്പുകൾ ഇല്ലാതാകുമ്പോൾ മാത്രമേ അതു സംഭവിയ്ക്കൂ. സാമൂഹികമായ ചില വ്യവസ്ഥിതികളെ സ്വാഭാവികമായി ചോദ്യം ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ കഥകളിൽ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ അത്തരം ചോദ്യം ചെയ്യലുകൾക്ക് മന:പൂർവം ശ്രമിക്കാറില്ല. കഥയെഴുത്തിൽ ആദ്യമൊക്കെ വലിയ തുടർവാചകങ്ങൾ ഉപയോഗിച്ചിരുന്നു; ചങ്ങല പോലെ. ഇപ്പോൾ ചെറിയ വാക്യങ്ങളാണിഷ്ടം. പ്രമേയ വൈവിധ്യത്തിലും, എഴുത്തിൻ്റെ ക്രാഫ്റ്റിലും, ഭാഷയിലും, എഡിറ്റിംഗിലും ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്നു ഇടയ്ക്കു തോന്നാറുണ്ട്.
🟥 ബോധപൂർവം ബിംബങ്ങളില്ല
മനോഹരമായ ബിംബങ്ങളും ഭാഷാ പ്രയോഗങ്ങളും കഥയിൽ കൊണ്ടുവരാൻ കഴിയണേയെന്നു ആഗ്രഹിക്കാറുണ്ടെങ്കിലും, അവയ്ക്കുവേണ്ടി അത്ര മെനക്കെടാറൊന്നുമില്ല. എഴുത്തിനിടെ സ്വാഭാവികമായി എന്തെങ്കിലും കയറിവന്നാൽ അവയെ മനസ്സിലിട്ടൊന്നു ചെത്തിമിനുക്കി ഉപയോഗിക്കുമെന്നു മാത്രം. ധാരാളം പുസ്തകങ്ങൾ വായിക്കാനും അതേപ്പറ്റി ചിന്തിക്കാനും കുട്ടിക്കാലത്ത് അവസരം ലഭിച്ചിട്ടുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരെ വായിച്ചതിലൂടെ ഭാഷാഭംഗിയും ഇമേജറികളുടെ പ്രയോഗവും വായനയെ അവിസ്മരണീയമാക്കുമെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഭാവനാസമ്പന്നമായ ഒരു സർഗമനസ്സിൻ്റെ രൂപീകരണത്തിന് ആഴത്തിലുള്ള വായനകൾ അനിവാര്യമാണല്ലൊ. അതിൻ്റെയെല്ലാം അനുരണനങ്ങളായി ഞാൻ എഴുത്തിനെ കാണുന്നു.
🟥 ഹൃദയപക്ഷത്തെ കഥ
എഴുതിയ എല്ലാ കഥകളും പൊതുവെ ഇഷ്ടമാണെങ്കിലും, പ്രണയ വിഭ്രാന്തി നിറഞ്ഞ 'ഷൈൻസ് ലാബറിന്ത്' ഹൃദയത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നു. 'വുമൺ ഈറ്റേഴ്സ്' സമാഹാരത്തിലെ പ്രഥമ കഥയാണിത്. മനശാസ്ത്രപരമായ ചില ഭാവനകളെ സ്വന്തം രീതിയിൽ അപഗ്രഥിച്ചെഴുതിയത്. സത്യമേത് മിഥ്യയേത് എന്നു കഥയിലെ നായികയെപ്പോലെ അനുവാചകർക്കും നിർണയിക്കാനാവാതെ കുടുങ്ങിപ്പോകുന്നതാണ് ഇക്കഥയുടെ ക്രാഫ്റ്റ് -- ഇവിടെ അന്വർത്ഥമാകുന്നു കഥയുടെ ശീർഷകം! ബിംബങ്ങൾ ഉപയോഗിക്കുന്നതിൽ പതിവില്ലാത്തത്ര ശ്രദ്ധ പുലർത്തിയ ഒരേയൊരു കഥയുമിതാണ്. വായന വിരസമാക്കാതെ, ആദ്യ വരിയിൽ തന്നെ വായനക്കാരെ ചിലന്തിവലയിൽ ഇരയെന്ന പോലെ കുടുക്കിയിടണമെന്ന് ആരോ പറഞ്ഞത് ഓർക്കുന്നു. അത്തരത്തിലുള്ളൊരു സമീപനമായിരുന്നു എനിയ്ക്കു 'ലാബറിന്തി'നോട്. ദുരൂഹതയുള്ള നീണ്ട കഥയായിട്ടു പോലും, തുടക്കം മുതൽ ഒടുക്കം വരെ ഔൽസുക്യത്തോടെ മുഴുകുവാൻ കഴിഞ്ഞെന്നു മിക്ക വായനക്കാരും അഭിപ്രായപ്പെട്ടത് വലിയ പ്രോത്സാഹനമായി അനുഭവപ്പെട്ടു. ആദ്യമുള്ള കൗതുകവും ആസ്വാദ്യതയും കഥാവസാനം വരെ നിലനിർത്തി കൊണ്ടു പോകുവാൻ കഴിയുമോയെന്നോർത്ത് ഇത്തിരി പിരിമുറുക്കം ആരംഭത്തിൽ തോന്നിയെങ്കിലും, എഴുത്തിൽ വ്യക്തിപരമായി ഏറെ സംതൃപ്തിയും ആത്മവിശ്വാസവും തന്ന പ്രമേയമാണിത്. ഞാൻ കഥയെയല്ല, കഥ എന്നെയും കൊണ്ടു പോകുകയായിരുന്നു എന്നു വിശേഷിപ്പിക്കുന്നതാണു കൂടുതൽ ശരി! ഫാൻ്റസി ഇഷ്ട മേഖലയായതിനാൽ ആത്മാവുകൊണ്ടു രസിച്ചെഴുതിയ കഥ; ഭാഷാ പ്രയോഗങ്ങൾ സ്വയമേവ ഉള്ളിൽ രൂപപ്പെട്ടുവരുന്നത് നേരിട്ട് അനുഭവിക്കാനായ രചന. ഓരോ പുനർവായനയിലും 'ലാബറിന്ത്' എനിയ്ക്കു നൽകിയത് തൃപ്തിയും, അതിനപ്പുറം അഭിമാനവുമാണ്!
🟥 മറ്റൊരാൾ എഴുതിയ ഇഷ്ടകഥ
മൃദുൽ വി.എം എഴുതിയ 'കുളെ' എന്ന കഥ എന്നെ ഏറെ വിസ്മയിപ്പിച്ചൊരു സൃഷ്ടിയാണ്. വായനക്കാരി എന്ന നിലയിൽ പൂർണ സംതൃപ്തി തന്ന കഥയാണിത്. അതിൻ്റെ ഗംഭീര ക്രാഫ്റ്റ് എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തി. ഫാൻ്റസിയും, യാഥാർത്ഥ്യവും, ജാതീയ പ്രശ്നങ്ങളും തദ്ദേശീയമായ ആചാരങ്ങളുമൊക്കെ പെർഫക്ട് ബ്ലെൻഡിംഗിൽ എഴുതിയ കഥ. ഒന്നും മുഴച്ചു നിൽക്കുന്നില്ല. പ്രത്യേകിച്ച് എടുത്തു പറയാതെ പറയാനുദ്ദേശിച്ച ഓരോ കാര്യവും വായനക്കാരുടെ ഹൃദയത്തിൽ തറഞ്ഞുനിൽക്കും വിധം എഴുതപ്പെട്ട ഒരു തികഞ്ഞ കൃതി. ഒറ്റ ഒഴുക്കിന് കഥ വായനക്കാരെയും കൊണ്ടു തുടക്കം മുതൽ ഒടുക്കം വരെ ഒരു പോക്കു പോവുകയാണ്! വായനയുടെ അവസാനം, 'ഹൊ!' എന്നൊരു ശബ്ദം നാം അറിയാതെ ഹൃദയം പുറപ്പെടുവിച്ചു പോകുന്ന കഥ; എനിക്കിങ്ങനെ ഒരു കഥ എഴുതാൻ കഴിഞ്ഞില്ലല്ലോയെന്നു നിരാശ തോന്നിപ്പിക്കുന്ന കഥ; ഇങ്ങനയൊരു കഥ എഴുതാൻ കഴിഞ്ഞെങ്കിലെന്നു കൊതി തോന്നിപ്പിക്കുന്ന കഥ...
🟥 എഴുത്തിലെ പുതു പ്രവണത
തുറന്നെഴുത്തുകളാണ് പുതിയ പ്രവണതയായി തോന്നുന്നത്. പറയാനുള്ളത് കൃത്യമായി പറയുന്ന വിധമുള്ള എഴുത്ത്. അതിനി രാഷ്ട്രീയമായാലും, ലൈഗിംകതയായാലും, സാമൂഹിക വിഷയങ്ങളായാലും. എഴുത്തിൽ പുതു പരീക്ഷണങ്ങൾ നടത്താൻ ഏറെ പ്രിയമുണ്ട് പുതു തലമുറയ്ക്ക്. ഭാഷയിലും, ക്രാഫ്റ്റിലും, അവതരണത്തിലുമെല്ലാം അവർ മാറ്റങ്ങൾക്കു ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷേ, പരീക്ഷണങ്ങൾ പരാജയപ്പെട്ടാൽ ഖേദിച്ചിരിക്കാനും അവർ തയാറല്ല. തങ്ങളുടെ എഴുത്ത് വലിയ പ്രതീക്ഷയോടെ നിരന്തര പരീക്ഷണ വേദിയാക്കാൻ പലരും ഉത്സാഹിക്കുന്നു. പുസ്തകത്തിൻ്റെയും കഥകളുടെയും പേരുകളിലും, വിഷയസ്വീകരണത്തിലും നടത്തുന്ന സർഗാത്മക പരീക്ഷണങ്ങൾ ശരിയ്ക്കും രസകരവും കൗതുകം നിറഞ്ഞതുമാണ്. അതേസമയം, ക്രാഫ്റ്റിൽ സ്വാഭാവികതയില്ലാതെ, മന:പൂർവം നടത്തുന്ന ചില അടിച്ചേൽപ്പിക്കലുകൾ, അല്ലെങ്കിൽ പരീക്ഷണങ്ങൾ, നല്ല പ്രമേയമുള്ള കഥയെ വായനയിൽ വിരസമാക്കുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്.
🟥 സാഹിത്യത്തിലെ പുതു വസന്തം
വളരെ നന്നായി എഴുതുന്ന ഒത്തിരി കഥാകൃത്തുക്കളാൽ സമ്പന്നമായ ഒരു കാലമാണ് ഇപ്പോഴുള്ളത്. നല്ല വായനയുള്ളവരും കഴിവുള്ളവരുമായ യുവ കഥാകൃത്തുക്കളുടെ വൈവിധ്യമുള്ളതും സർഗസമ്പന്നവുമായ ധാരാളം കഥകൾ വായിക്കാൻ ലഭിയ്ക്കുന്നത് എന്നിലെ വായനക്കാരിയെ ഏറെ സന്തോഷിപ്പിക്കാറുമുണ്ട്. ഇടയ്ക്ക് ഒന്ന് മങ്ങിപ്പോയ വായനയുടെ ലോകത്തെ പലരും തിരിച്ചു പിടിച്ചത് വീട്ടിലടച്ചിരിക്കേണ്ടി വന്ന കോവിഡ് കാലത്താണ്. അന്നു മുതൽ അത് ഭംഗമില്ലാതെ പൂർവാധികം ശക്തിയായി നടക്കുന്നുവെന്നത് സാഹിത്യത്തിലെ പുതു വസന്തമായി അനുഭവപ്പെടുന്നു. വായനക്കാരും, എഴുത്തുകാരും, പ്രസാധകരുമെല്ലാം ഈ പൂക്കാലത്തിൻ്റെ സൗരഭ്യം ഉള്ളിലേക്കാവാഹിക്കുന്നു. വ്യക്തം, വായനയെ തിരിച്ചു പിടിച്ചതിലും, വായനയും എഴുത്തും ഉത്സവമാക്കി മാറ്റിയതിലും പുത്തനെഴുത്തുകാർക്ക് വലിയ പങ്കുണ്ട്. ഈ സോഷ്യൽ മീഡിയ കാലത്ത് പ്രത്യേകിച്ചും!
🟥 കഥയുടെ ലിംഗസ്വഭാവം
ആണ് പെണ്ണനുഭവം എഴുതുമ്പോഴും, പെണ്ണ് ആണനുഭവം എഴുതുമ്പോഴും ചിലത് ആത്മാവുകൊണ്ടു പൂർണ്ണമായി പൂരിപ്പിക്കാനാവാതെ വരും. പരസ്പരം പൂർണ്ണമായും ഉൾക്കൊള്ളാനും അനുഭവിക്കാനുമാവാത്ത എതിർ ജെൻഡറിൻ്റെ അനുഭവവും ജീവിത പരിസരവുമാണ് ഇതിൻ്റെ കാരണം. സാഹിത്യത്തിൽ സ്ത്രീ അനുഭവങ്ങൾ സ്ത്രീകൾ എഴുതിയതിനേക്കാൾ കൂടുതൽ, പുരുഷൻ എഴുതിയ സ്ത്രീ അനുഭവങ്ങളും ചിന്തകളും വ്യവഹാരങ്ങളാണ്. അതു കൊണ്ടു തന്നെ പരിമിതമാണ് അത്തരം അനുഭവക്കുറിപ്പുകൾ. പുരുഷ കേന്ദീകൃതമായ സ്ത്രീ വ്യവഹാരങ്ങളുടെ അടിച്ചേൽപ്പിക്കൽ കൂടിയാണ് അത്തരം സൃഷ്ടികൾ. നിർഭാഗ്യവശാൽ, സ്ത്രീ തൻ്റെ ജീവിതത്തെക്കുറിച്ചെഴുതുമ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ പ്രയാസം നേരിടുന്നു. അതിനു കാരണം പുരുഷൻ തൻ്റെ സ്ത്രീ എഴുത്തുകളിലൂടെ മുമ്പു ഉണ്ടാക്കിയെടുത്തുവച്ച സ്ത്രീ ജീവിതധാരണകളാണ്. പുതിയ കാലത്ത് അതിന് ഏറെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. സരസ്വതിയമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി എന്നിവർ അതിന് ശക്തമായ അടിത്തറ പാകി. മാധവിക്കുട്ടി അതുവരെ നിലനിന്നു പോന്ന ആണുങ്ങൾ എഴുതിയ പെണ്ണനുഭവങ്ങളെയാകെ തകിടം മറിച്ചു. സ്വന്തം സ്ത്രീ അനുഭവങ്ങളും, ജീവിതവും, വന്യമായ പ്രണയത്തിൻ്റെ തുറന്നുപറച്ചിലുകളുമായി തൻ്റെ സർഗാത്മക പെൺജീവിതത്തിൻ്റെ ആനന്ദനൃത്തം തന്നെ അവർ സാഹിത്യത്തിൽ നടത്തി. മാധവിക്കുട്ടിയെ പോലെ സ്വയം തുറന്നിടാനുള്ള ആത്മധൈര്യം പിന്നെ ഒരുവളിലും അങ്ങനെ കണ്ടതുമില്ല. സ്ത്രീകൾ സ്വന്തം അനുഭവങ്ങളും, തങ്ങളറിഞ്ഞ ആൺ ജീവിതാനുഭവങ്ങളും, തുറന്നു പറച്ചിലുകളും കുറച്ചുകൂടി ധീരതയോടെ സാഹിത്യത്തിൽ ആവിഷ്കരിക്കുന്നുവെങ്കിൽ അത് വലിയൊരു സംസ്കാരിക മാറ്റത്തിന് തുടക്കം കുറിയ്ക്കും. അങ്ങനെ വന്നാൽ പെണ്ണിനു മുകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ കെട്ടിവയ്ക്കാതെ, പുരുഷന് അവന് വ്യക്തതയുള്ള പെണ്ണനുഭവങ്ങൾ സത്യസന്ധമായി എഴുതാനുമാവും. വ്യവസ്ഥിതിയും സമൂഹവും അടിച്ചേൽപ്പിക്കുന്ന ചിലതുകളില്ലാതെ.
🟥 പെണ്ണെഴുത്ത് വേണോ?
പെണ്ണെഴുത്തെന്ന പദത്തോട് വ്യക്തിപരമായി വിയോജിപ്പാണ്. എഴുത്തുകാർ, കഥാകൃത്തുക്കൾ മുതലായ പൊതു സംജ്ഞകൾ ഉപയോഗിക്കുന്നതല്ലേ അഭികാമ്യം? കാരണം, ആൺ പെൺ നിറങ്ങൾ കൊടുത്തു പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യപ്പെടേണ്ടതല്ല സാഹിത്യം. അതേസമയം, കഴിവും സർഗാത്മകതയും ഉണ്ടെങ്കിലും സ്ത്രീകൾ ചിലപ്പോൾ പിന്തള്ളപ്പെട്ടു പോകുന്നു. വെട്ടിപ്പിടിച്ചാലേ തങ്ങളുടെയും പൊതുവിലുള്ളതുമായ ഇടങ്ങൾ സ്ത്രീകൾക്കു ലഭിയ്ക്കുന്നുള്ളൂവെന്നത് ഇന്നും ദുഃഖകരമായൊരു യാഥാർത്ഥ്യമാണ്. പെണ്ണെഴുത്തുകൾ, പെണ്ണിടങ്ങൾ മുതലായ വേർതിരിവുകൾ സ്വാഭാവികമായി അവസാനിച്ചു, എല്ലാം ഒപ്പം, എല്ലാവരും ഒപ്പം എന്ന അവസ്ഥയുണ്ടാകട്ടെ!