Image

പ്രേമനാണോ പ്രമാണി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 24 April, 2024
പ്രേമനാണോ പ്രമാണി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം കൗതുകത്തോടെ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പു ഫലങ്ങളിൽ ഒന്നാകും കൊല്ലം മണ്ഡലത്തിലേത്. 
.                           
ദേശീയ പാർട്ടിയായ ആർ എസ് പി ക്കു ഏറെ ശക്തിയുള്ള ഈ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്‌ഥാനാർഥികൾ ആണ് കൂടുതൽ വെന്നിക്കൊടി പാറിച്ചിട്ടുള്ളതെങ്കിലും കോൺഗ്രസ്‌ സ്‌ഥാനാർഥികളും ജയിച്ച ചരിത്രമുണ്ട്. 
.                           
കോൺഗ്രസ്‌ ലീഡർ കെ കരുണാകരന്റെ ഏറ്റവും വിശ്വസ്ഥരിൽ ഒരാളായിരുന്ന മുൻ ഐ എ എസ് ഉദ്യോഗസ്‌ഥൻ എസ് കൃഷ്ണകുമാർ പലതവണ കോൺഗ്രസ്‌ ടിക്കറ്റിൽ ഇവിടെ നിന്നും എം പി ആയിട്ടുണ്ട്.  
.                          
2009ലെ തെരഞ്ഞെടുപ്പിൽ തീപ്പൊരി പ്രാസംഗികൻ എൻ പീതാംമ്പരകുറുപ്പ് കോൺഗ്രസിനു വേണ്ടി മണ്ഡലം പിടിച്ചെടുത്ത നേതാവാണ്. 
.                        
ഈ തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് നായി അങ്കം വെട്ടുന്നത് ആർ എസ് പി നേതാവും സിറ്റിംഗ് എം പി യുമായ എൻ കെ പ്രേമചന്ദ്രനാണ്. 
.                      
ആർ എസ് പി യുടെ വിദ്യാർത്ഥി പ്രസ്‌ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ പ്രേമചന്ദ്രൻ വളരെ ചെറുപ്പത്തിൽ തന്നെ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ടു. 
.                      
പിന്നീട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആയിരിക്കെ 35ആം വയസ്സിൽ 96ൽ ഇടതുപക്ഷ സ്‌ഥാനാർത്തി ആയി കൊല്ലം മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചു ആദ്യമായി പാർലമെന്റിൽ എത്തി.   
.                   
 തുടർന്ന് 98ലും ജയിച്ചെങ്കിലും കേന്ദ്രത്തിൽ സ്‌ഥിരമായ സർക്കാരുകൾ ഉണ്ടാകാതിരുന്നതിനെ തുടർന്നു 99ൽ നടന്ന തെരഞ്ഞെടുപ്പിൽ സി പി എം ആണ് ഇടതുപക്ഷത്തിനായി മത്സരിച്ചത്. 
.                     
കൊല്ലം സീറ്റിന് പകരം ആർ എസ് പി ക്കു ലഭിച്ച രാജ്യസഭാ സീറ്റിൽ മത്സരിച്ച പ്രേമചന്ദ്രൻ ജയിച്ചു പാർലമെന്റിന്റെ ഇരു സഭകളിലും ഇരിക്കുവാൻ ഭാഗ്യം ലഭിച്ച നേതാക്കളിൽ ഒരാളായി. 
.                        
 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ ഇടതുപക്ഷ സ്‌ഥാനാർത്തി ആയ പ്രേമചന്ദ്രൻ ജയിച്ചു അച്ചൂതാനന്ദൻ സർക്കാരിൽ ജലസേചന വകുപ്പ് മന്ത്രി ആയി. 
.                     
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ എസ് പി ക്കു സി പി എം സീറ്റ് നിഷേധിച്ചപ്പോൾ യൂ ഡി ഫ് ൽ ചേക്കേറി പ്രേമചന്ദ്രനും കൂട്ടരും. 
.                   
ഒരു വിവാദത്തെ തുടർന്ന് സിറ്റിംഗ് എം പി പീതാമ്പരകുറുപ്പിന് കോൺഗ്രസ്‌ സീറ്റ് നൽകാതിരുന്നതും പ്രേമചന്ദ്രനു അനുഗ്രഹമായി. 
.                   
അങ്ങനെ ആ തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് സ്‌ഥാനാർത്തി ആയ പ്രേമചന്ദ്രൻ സി പി എം ലെ അതികായനും പോളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബിയെ തറപറ്റിച്ചു വീണ്ടും ഡൽഹിയിലെത്തി. 
.                       
തുടർന്ന് 2019ലെ രാഹുൽ തരംഗത്തിൽ ഇപ്പോഴത്തെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ ഒന്നര ലക്ഷത്തിൽ പരം വോട്ടുകൾക്ക് കീഴടക്കിയ പ്രേമചന്ദ്രൻ ജൈത്രയാത്ര തുടർന്നു. 
.                    
പോസിറ്റീവ് രാഷ്ട്രീയക്കാരൻ എന്ന് പ്രതിച്ചായ ഉള്ള പ്രേമൻ തനിക്കെതിരെ മോശം പ്രയോഗം നടത്തിയിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെ മകന്റെ വിവാഹം കൊല്ലത്തു നടത്തിയപ്പോൾ ക്ലിഫ് ഹൗസിൽ നേരിട്ട് പോയി ക്ഷണിച്ചാണ് പങ്കെടുപ്പിച്ചത്. 
.                      
രാഷ്ട്രീയത്തിൽ മെയ് വഴക്കമുള്ള പ്രേമചന്ദ്രൻ മകന്റെ വിവാഹ വിരുന്ന് ദേശീയ നേതാക്കൾക്കായി ഡൽഹിയിൽ നടത്തിയപ്പോൾ പ്രധാനമന്ത്രി മോദിയെയും ക്ഷണിച്ചു പങ്കെടുപ്പിച്ചു. 
.                        
എൽ ഡി ഫ് നായി പോരിനിറങ്ങുന്നത് പ്രശസ്ത സിനിമതാരവും കൊല്ലം എം എൽ എ യുമായ എം മുകേഷ് ആണ്. കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ സ്‌ഥാപക നേതാക്കളിൽ ഒരാളും നാടകചര്യനും ആയിരുന്ന ഒ മാധവന്റെ പുത്രൻ ആയ മുകേഷ് 82ൽ ബലൂൺ എന്ന സിനിമയിലൂടെ ആണ് അഭിനയ രംഗത്തെത്തുന്നത്. 
.                   
80കളുടെ മദ്ധ്യത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിനോപ്പം കോമഡി സിനിമകളുടെ രാജാവായിരുന്ന പ്രിയദർശൻ ചിത്രങ്ങളിൽ തകർത്ത് അഭിനയിച്ചാണ് മുകേഷ് മലയാള സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കിയത്. ബോയിങ് ബോയിങ് മഴ പെയ്യുമ്പോൾ മദ്ദളം കൊട്ടുന്നു തുടങ്ങിയ സിനിമകൾ സൂപ്പർ ഹിറ്റായപ്പോൾ 80കളുടെ അവസാനം മലയാള സിനിമയിൽ തരംഗമായ സംവിധായക കൂട്ടുകെട്ട് സിദ്ദിഖ് ലാൽ മുകേഷിന് ഏറ്റെടുത്തു നായകനാക്കി റാംജിറാവ് സ്പീക്കിങ് ഇൻ ഹരിഹർ നഗർ പോലുള്ള വൻ ഹിറ്റുകൾ ഉണ്ടാക്കി. 

തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ 417 ദിവസം ഓടിയ ഗോഡ്ഫാദർ സിനിമയിലെ നായകൻ ആയിരുന്ന മുകേഷ് സൂപ്പർസ്റ്റാർ പദവിയിൽ എത്താതിരുന്നതിനു കാരണം ഹാസ്യവും സീരിയസ് വേഷങ്ങളും ഒരു പോലെ ചെയ്യുവാൻ ഉള്ള മെയ് വഴക്കം ഇല്ലാതിരുന്നതുകൊണ്ടാണ്. 
.                        
സിനിമകൾ കുറഞ്ഞപ്പോൾ രാഷ്ട്രീയത്തിൽ എത്തിയ മുകേഷ് 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തു സി പി എം ടിക്കറ്റിൽ മത്സരിച്ചു ആദ്യമായി എം എൽ എ ആയി. 
.                
തുടർന്ന് 2021ൽ കോൺഗ്രസിലെ ബിന്ദു കൃഷ്ണയുമായി നടന്ന കടുത്ത മത്സരത്തിൽ നിസാര വോട്ടുകൾക്ക് ജയിച്ചാണ് വീണ്ടും നിയമസഭയിൽ എത്തിയത്. 
.                             
ബി ജെ പി ക്കു വേണ്ടി കളത്തിൽ ഇറങ്ങുന്നത് നടനും ബി ജെ പി ദേശീയ നിർവാഹക സമിതി അംഗവും ആയ ജി കൃഷ്ണകുമാർ ആണ്. 
.                        
ദൂരദർശനിലെ മുൻ ന്യൂസ്‌ റീഡർ ആയിരുന്ന കൃഷ്ണകുമാർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു മത്സരിച്ചു ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചതാണ്. 
.                   
ബി ജെ പി വോട്ടുകൾ കൂടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നായ കൊല്ലത്തു കൃഷ്ണകുമാർ ശക്തനായ സ്‌ഥാനാർത്തി ആണ്. 
.                      
പരാജയമറിയാത്ത പദവികൾ തേടിയെത്തുന്ന പ്രമാണിയായ പ്രേമചന്ദ്രനെ പേടിയില്ലാതെ നേരിടുന്ന മുകേഷ് അത്ഭുതം സൃഷ്ടിക്കുമോയെന്നു ജൂൺ നാലിനറിയാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക