ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഈ ജനാധിപത്യ പ്രക്രിയ ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ ഉറ്റു നോക്കികൊണ്ടിരിക്കയാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ തുടരെയായി കൊടുക്കുന്ന കവറേജ് ഈ വിഷയത്തിന്റെ പ്രാധാന്യം പ്രതിഫലിക്കുന്നതാണ്. സാങ്കേതികവും ഭൂപ്രദേശപരവുമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ വേണ്ടി വരുന്നു എന്ന് മാത്രം. ഏതാണ്ട് 100 കോടി ജനങ്ങൾ വോട്ടു രേഖപ്പെടുത്തുന്ന ഈ പ്രക്രിയയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി നിയമിച്ചിരിക്കുന്നത് മൂന്നു ലക്ഷം അർദ്ധ സൈനികരെയാണ്. ഇന്ത്യയുടെ നിയമം അനുസരിച്ച് ഒരു വോട്ടർക്ക് വോട്ടു ചെയ്യാൻ പരമാവധി രണ്ടു കിലോമീറ്ററിനുള്ളിൽ പോളിംഗ് സ്റ്റേഷൻ ഉണ്ടാവണമെന്നാണ്. അത് സാധ്യമാക്കേണ്ടതു കൊണ്ട് ഒരു കോടി ഇരുപതു ലക്ഷം പേരെയാണ് പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും അനുബന്ധ ജോലികൾക്കുമായി പ്രത്യേകം നിയമിച്ചിരിക്കുന്നത്. യാത്ര ദുഷ്‌കരമായ ഇന്ത്യയുടെ കിഴക്കൻ മേഖലകളിലും ഹിമാലയൻ സാനുക്കളിലും ഇവർ കൃത്യമായി ഈ ജോലി ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. 2004 ൽ തുടങ്ങിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കിയതുകൊണ്ട് ഒരു പോളിംഗ് സ്റ്റേഷനിൽ 12000 പേർക്കു വരെ പ്രതിദിനം വോട്ടു രേഖപ്പെടുത്താൻ കഴിയും. അതുപോലെതന്നെ, മാസങ്ങൾ എടുത്തു പോൾ ചെയ്യുന്ന ലക്ഷക്കണക്കിന് വോട്ടുകൾ, പക്ഷേ, എണ്ണിത്തീർക്കുവാൻ വെറും മണിക്കൂറുകൾ മാത്രം മതി എന്ന മെച്ചം കൂടിയുണ്ട്.
എല്ലാവർക്കും അറിയാവുന്നതുപോലെ അടുത്ത അഞ്ചു വർഷത്തേക്ക് ഇന്ത്യയെ നയിക്കാൻ ഇവിടെ മാറ്റുരയ്ക്കുന്നത് മുഖ്യമായും ബിജെപി നയിക്കുന്ന എൻ ഡി എ സഖ്യവും കോൺഗ്രസ്സ് നയിക്കുന്ന 'ഇൻഡ്യ' സഖ്യവും തമ്മിലാണ്. ഇതിൽ വടക്കേ ഇന്ത്യയിൽ പരക്കെ സ്വാധീനവും അധികാരവുമുള്ള ബിജെപി 400 സീറ്റുകൾ പ്രവചിക്കുമ്പോൾ അവരെ വെട്ടാനായി പ്രാദേശികമായി സ്വാധീനമുള്ള പാർട്ടികളെ കൂട്ടു പിടിച്ച് അധികാരത്തിൽ വരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ വോട്ടും രണ്ടു പാർട്ടിക്കും വിലപ്പെട്ടതാണ്. അപ്പോൾ പിന്നെ എങ്ങനെ തന്ത്രപരമായി വോട്ടുകൾ സംഘടിപ്പിക്കാം എന്നതാണ് രണ്ടു കൂട്ടരും നോക്കുന്നത്. ഇവിടെയാണ് പ്രചരണം അതിരുകൾ ഭേദിക്കുന്നത്.
അനായാസം പിന്തുണ ലഭ്യമാക്കാനുള്ള വഴി വർഗ്ഗീയത വളർത്തി മുതലെടുക്കുക എന്നതാണ്. കാരണം, ആരും അവരുടെ മതത്തെ തൊട്ടു കളിച്ചാൽ ക്ഷമിക്കില്ല. അപ്പോൾ പരമാവധി മതപ്രീണനം ആണ് കുറുക്കു വഴി എന്നത് രണ്ടു കൂട്ടർക്കും അറിയാം. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ തന്നെ അവിടത്തെ വോട്ടർമാരുടെ ജാതിയും മതവും നോക്കി മാത്രമാണ് നൽകുന്നത്. മതേതരത്വവും മത നിരപേക്ഷതയും വാ തോരാതെ പ്രസംഗിക്കുമ്പോഴും ലക്‌ഷ്യം വയ്ക്കുന്നത് ജാതി മതാടിസ്ഥാനത്തിൽ എങ്ങനെ ജനങ്ങളെ വേർതിരിച്ചു വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാമെന്നാണ്. ഇവിടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഭാരതത്തിന്റെ മതേതര മൂല്യങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് ഇവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നത്.
ഇങ്ങനെ ബോധപൂർവ്വം നേതാക്കൾ ചെയ്യുമ്പോൾ ജനങ്ങൾ എന്തുകൊണ്ട് ആ കെണിയിൽ വീഴുന്നു എന്ന് ചിന്തിക്കേണ്ടതാണ്. വടക്കേ ഇന്ത്യയെ തന്നെ എടുക്കാം. അവിടത്തെ ഗ്രാമങ്ങളിലെ ജനങ്ങൾ കൂടുതലും വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ്. രാജ്യത്തിന്റെ ജി ഡി പി ഉയരുന്നതോ ലോകരാഷ്ട്രങ്ങളിൽ സാമ്പത്തികവും സൈനികവുമായി ഇന്ത്യ ഏതു സ്ഥാനത്തു നിൽക്കുന്നു എന്നതിനേക്കാളുപരി കടയിൽ ഉള്ളിക്കു വില കൂടുന്നുണ്ടോ ഗോതമ്പ് ലഭിക്കുന്നുണ്ടോ എന്നതാണ് അവനെ ബാധിക്കുന്ന വിഷയം. പിന്നെ, അവന്റെ മതം. അമ്പലത്തിൽ പോയി പ്രാർത്ഥിക്കാനും പൂജകളിൽ സംബന്ധിക്കാനും അവനുള്ള താത്പര്യം. കാരണം അവന്റെ എല്ലാ പ്രവർത്തനങ്ങളിലും ഈശ്വര കടാക്ഷം കൊണ്ട് മാത്രമാണ് അവനു വിജയം കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന രൂഢമൂലമായ വിശ്വാസം. അതിനു തുരങ്കം വയ്ക്കുന്ന ഏതു കാര്യത്തെയും അവൻ എതിർക്കും. അവരെ അവൻ ശത്രുവായി കാണും.
ഇന്ന്, മുഖ്യമായും ബിജെപി ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വക്താക്കളായും സംരക്ഷകരായും സ്വയം പ്രഖ്യാപിച്ചിരിക്കയാണ്. അവർ പ്രത്യക്ഷമായി എടുത്തിരിക്കുന്ന ഒരു നിലപാട് മുസ്ലിം വിദ്വേഷമാണ്. എങ്ങനെയാണ് ഈ മുസ്ലിംവിദ്വേഷം സാധാരണ ജനങ്ങളിൽ കുത്തിവയ്ക്കുവാൻ അവർക്കു കഴിയുന്നത്? അതിനുത്തരവാദികൾ ഒരു പരിധി വരെ മുസ്ലിങ്ങൾ തന്നെയാണ്. അവർക്കു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അവർ ന്യൂനപക്ഷങ്ങളെ ഒതുക്കി നിർത്താൻ ശ്രമിക്കും. ചിലപ്പോൾ കിരാതവും മൃഗീയവുമായ നടപടികൾ അവർ കൈക്കൊണ്ടെന്നിരിക്കും. ഉദാഹരണത്തിന്, കാഷ്‌മീരിലെ പണ്ഡിറ്റുകളെ പൈശാചികമായി കൊന്നൊടുക്കിയ ചരിത്രം! ഇത് കണ്ടു ഹിന്ദുക്കൾ ഞെട്ടിയെങ്കിൽ അവരെ കുറ്റം പറയാനാകുമോ? വിഭജനകാലത്തു പാക്കിസ്ഥാനിൽ നിന്നു വന്ന ട്രെയിനിൽ നൂറു കണക്കിന് ഹിന്ദുക്കളുടെ ശവശരീരങ്ങളായിരുന്നു എന്ന ഞെട്ടിക്കുന്ന ഓർമ്മകൾ അവരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
എന്നാൽ അതിന്റെയൊന്നും അലയൊലികൾ അത്ര ആഴത്തിൽ വേരോടാത്ത തെക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, എങ്ങനെയാണ് മുസ്ലിം വിരോധത്തിന് ഇപ്പോൾ വേരോടിത്തുടങ്ങിയത്? ചില മുസ്ലിം പോഷക സംഘടനകളുടെ പ്രകോപനപരമായ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും കണ്ടു തരിച്ചു നിൽക്കുന്ന ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുൻപിലേക്ക് അഭ്യസ്‌ത വിദ്യരായ ചില മുസ്ലിം നേതാക്കൾ "പത്തു വർഷം കൊണ്ട് കേരളം നമുക്ക് ഒരു ഇസ്ലാമിക രാജ്യമാക്കാം" എന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോൾ അവർ ഞെട്ടിയില്ലെങ്കിലല്ലേ അതിശയമുള്ളൂ.
ഇപ്പോൾ കേരളത്തിൽ മുസ്ലിംകൾ പ്രസക്തമായ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ അവരുടെ പിന്തുണയില്ലാതെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്ക് ജയിക്കാനാവില്ല. അപ്പോൾ അവരെ പ്രീണിപ്പിച്ചു പ്രീതിപ്പെടുത്തി വോട്ടു നേടേണ്ടത് അവരുടെ ആവശ്യമാണ്. അതുകൊണ്ടാണ് ഇന്ന് കോൺഗ്രസ്സിലെ ഒരു സമുന്ന നേതാവ് പാലസ്തീൻ വിഷയത്തിൽ പത്രക്കാരുടെ ചോദ്യത്തിനുത്തരമായി, "കൂടി വന്നാൽ പാലസ്‌തീന് അനുകൂലമായി നിയമസഭയിൽ ഒരു പ്രമേയം പാസ്സാക്കാൻ മാത്രമേ കഴിയൂ. അല്ലാതെ സഹായിക്കാൻ ഇന്ത്യൻ മിലിട്ടറി ബിജെപിയുടെ കയ്യിലല്ലേ? അവർ അത് നമുക്ക് തരില്ലല്ലോ?" എന്ന് പറഞ്ഞത്. ഇന്ത്യൻ മിലിട്ടറിയെ ഇദ്ദേഹത്തിന്റെ കയ്യിൽ കൊടുത്താൽ എന്തോ ഉലത്തിയെനേം എന്ന് യാഥാർഥ്യമായി ചിന്തിക്കുന്നവർ ചുരുക്കമായതുകൊണ്ട് അത്യാവശ്യം അദ്ദേഹത്തിന് കയ്യടി കിട്ടും. എന്നാൽ ഈ പ്രീണനം കേട്ട് ഹിന്ദുക്കളും ക്രിസ്ത്യാനികളും പകച്ചു നിൽക്കുകയാണെന്നദ്ദേഹം ചിന്തിക്കുന്നില്ല. അഥവാ, അവരാരും ബിജെപി ക്ക് വോട്ടു ചെയ്യില്ല എന്ന ആത്മവിശ്വാസമായിരിക്കാം. തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ ആ വിശ്വാസം തെറ്റായിരുന്നു എന്ന് ഒരു പക്ഷേ അദ്ദേഹത്തിന് ചിന്തിക്കേണ്ടി വരും.
വടക്കേ ഇന്ത്യയിലെ ജാതി മത ഗോത്ര വർഗ്ഗ സ്വാധീനത്തിൽ 'ഇൻഡ്യ' സഖ്യം കൂടുതൽ സീറ്റുകൾ പിടിച്ച് അധികാരത്തിൽ ഏറിയാൽ പോലും ഒരു വർഷം തികയുന്നതിനു മുൻപു തന്നെ ഇവർ തല്ലി പിരിയുമെന്നതിനു സംശയമില്ല. ഈ സത്യം ചിന്തിക്കുന്നവരിൽ എത്ര പേര് അവർക്കു വോട്ടു ചെയ്യും എന്നത് കണ്ടറിയാം. കഴിഞ്ഞ പത്തുകൊല്ലത്തെ ഭരണത്തിൽ, നിഷ്പക്ഷമായി ചിന്തിച്ചാൽ, മോദിയുടെ ഭരണം ഭാരത്തിന്റെ യെശസ്സു പുറം ലോകത്തിൽ ഉയർത്തുകയും ഉള്ളിൽ ധാരാളം വികസന പ്രവർത്തനങ്ങളിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തിയെങ്കിലും വർഗ്ഗീയ വിദ്വേഷം വളർത്തി ജനതയെ കൂടുതൽ ഭിന്നിപ്പിക്കുകയാണ് എന്ന സത്യം മറച്ചു വച്ചിട്ട് കാര്യമില്ല. അതു പോലെ തന്നെ, മോദി അധികാരത്തിൽ വന്നതിനു ശേഷം അംബാനിയുടെ വരുമാനം ആയിരം ഇരട്ടി വർധിച്ചതായി റിപ്പോർട്ട് ചെയ്യുമ്പോൾ തൊഴിലില്ലായ്മ കാരണം ലക്ഷക്കണക്കിന് യുവാക്കളാണ് വഴിമുട്ടി നിൽക്കുന്നത്. ഒപ്പം, ഇലക്ടറൽ ബോണ്ട് വഴി ഏതാണ്ട് ഒൻപതിനായിരത്തോളം കോടി സമ്പാദിക്കയും ഇഷ്ടപ്പെടാത്തവരെ ജയിലിലടയ്ക്കുകയും ചെയ്യുന്ന നയം ജനാധിപത്യത്തിന് ഭൂഷണമല്ല. കോൺഗ്രസ്സിനെ നമ്പിയാൽ കെടുകാര്യസ്ഥതയും ന്യൂനപക്ഷ പ്രീണനവും മുഖമുദ്രയാക്കി പുരാവസ്തുക്കളായ നേതൃത്വം 'വയ്യാത്ത പട്ടി കയ്യാല കേറുന്ന' അവസ്ഥയാണ് കാണുന്നത്. അതുകൊണ്ടു തന്നെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്നതിനു സംശയമില്ല. ഒപ്പം, രണ്ടു സീറ്റുകൾ വിജയിച്ചു ബിജെപി കേരളത്തിലും അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് കാണുന്നത്. അത് സാധിച്ചില്ലെങ്കിൽ അവരുടെയിടയിൽ നിന്ന് തന്നെയുള്ള പാരയായിരുന്നു എന്ന് വേണം കരുതാൻ. കേരളത്തിൽ യു ഡി എഫ് 15 സീറ്റിലും എൽ ഡി എഫ് 3 സീറ്റിലും ബിജെപി 2 സീറ്റിലും വിജയിക്കുമെന്നാണ് ഇപ്പോഴത്തെ സർവ്വേ നില കാണിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി ഏതാണ്ട് 310 നും 320 നുമിടയിൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കണക്കാക്കപ്പെടുന്നു.
___________________