വിമോചകര്‍ 2
സാമിന്റെ ജീവിതത്തിലേക്ക് റീന കടന്നുവരുന്നു.
സാം ക്യൂന്‍സ് വില്ലേജിലെ ജെമേക്ക അവന്യൂവും ജോണ്‍ ബ്രൗണ്‍ സ്റ്റ്രീറ്റും സന്ധിക്കുന്ന തിരക്കുകളിലേക്ക് തലനീട്ടി നില്‍ക്കുന്ന പതിഞ്ചുനില അപ്പാര്‍ട്ടുമെന്റിന്റെ പതിമുന്നാം നിലയിലെ പതിമൂന്നാം മുറിയിലേക്ക് അങ്കിള്‍ ടോമിനെ നടത്തി. അങ്കിള്‍ ടോം എന്തൊക്കയൊ പറയാന്‍ വെമ്പുന്നവനെപ്പൊലെ കിതയ്ക്കുന്നു. എന്തിന് അങ്കിള്‍ ടോം തനിക്കൊപ്പം കൂടി. സാം സന്ദേഹപ്പെട്ടു. ചിലപ്പോള്‍ ചരിത്രത്തെ കേള്‍ക്കാനും അറിയാനും ആഗ്രഹമുള്ള ഒരാളെത്തിരഞ്ഞുള്ളു നടപ്പ് തന്നിലേക്ക് എത്തിയതാകാം. താന്‍ എങ്ങനെ ഭൂതകാലത്തിന്റെ ഈ ഓര്‍മ്മകളുമായി ബന്ധിക്കപ്പെട്ടു. ഒക്കെ നിമിത്തങ്ങളായിരിക്കാം. റീനയുമായി തനിക്കുള്ള ബന്ധം, ലെമാറിലേക്കും, ലെമാര്‍ എപ്പോഴും പറയാറുള്ള അങ്കിള്‍ ടോമിന്റെ ആത്മാവിനൊപ്പം നടന്ന്, ചരിത്രത്തിലേക്കുമുള്ള നടപ്പാത പണിയുന്നത് സാം കൗതകത്തോട് ഓര്‍ത്തൊന്നു ചിരിച്ചു. നീണ്ട ദിവസത്തിന്റെ ക്ഷീണം സിരകളിലേക്ക് ഇത്തിക്കണ്ണിയായി പടരുന്നു. ഒറ്റമുറി അപ്പാര്‍ട്ടുമെന്റിന്റെ വാതില്‍ തുറക്കുമ്പോള്‍ ഒരു തണുത്ത ബീയര്‍ മനസില്‍ ഉറപ്പിച്ചു. അലങ്കോലപ്പെട്ടുകിടക്കുന്ന ലിവിംഗ് റൂമിലേ സോഫയില്‍ ഇന്നലെ കഴിച്ച പാത്രങ്ങളും, ഊരിയെറിഞ്ഞ ടി ഷര്‍ട്ടും നാണക്കേടിനാല്‍; അഥിതി ആരെന്ന മട്ടില്‍ സാമിനെ ഒളികണ്ണിട്ടു നോക്കി. സാം തന്റെ കുത്തഴിഞ്ഞ ജീവിതത്തെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു. അങ്കിള്‍ ടോം ഒരു സ്വപ്നാടകനെപ്പൊലെ ആയിരുന്നു ഒന്നും കാണുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഒരു മൃതന്റെ ഓര്‍മ്മകള്‍ എന്തെങ്കിലും കാണുമോ...? കണ്ടാലും ഒരു അടിമയുടെ സ്ലേവു ക്യാബിനില്‍ ജീവിച്ചവന് ഈ ഒറ്റമുറി അപ്പാര്‍ട്ടുമെന്റും അതിലെ സൗകര്യങ്ങളും സ്വര്‍ഗ്ഗതുല്ല്യമായിരിക്കില്ലെ…?.
എല്ലാം ഒന്നടുക്കിപ്പറുക്കിയിട്ടെത്ര ദിവസങ്ങള്‍ ആയോ..?റീന എന്നാണൊടുവില്‍ വന്നത്. അതാണു കണക്ക്. റീന മുറിയില്‍ കയറുമ്പോള്‍ തന്നെ മൂക്കുപൊത്തി എല്ലാം ഒന്നോടിച്ചു നോക്കി തന്റെ നേരെ കോപിച്ച് പാഞ്ഞടുക്കും. അപ്പോഴും അവളുടെ കണ്ണുകളിലെ സ്‌നേഹത്തിന്റെതിളക്കം തിരിച്ചറിയും. അവളുടെ ചുരുട്ടിയ കൈ മൂക്കോളം എത്തും... എന്നിട്ട് പല്ലുകടിച്ച് ആത്മഗതം എന്നോണം പറയും; നീ ശരിയാകത്തില്ല. ഞാന്‍ പറഞ്ഞു പറഞ്ഞു മടുത്തു. അവളെ നോക്കി നിസംഗതയുടെ ചിരിവിതറുമ്പോള്‍ അവളും ചിരിക്കും.
''യു ഇടിയറ്റ്...'' തോറ്റവളുടെ രോക്ഷം പ്രകടിപ്പിച്ചവള്‍ ശ്രമദാനം തുടങ്ങും. തന്റെ കണ്ണുകള്‍ അവളുടെ യൗവ്വനത്തില്‍ ഉടക്കിയിരിക്കുനതവള്‍ അറിഞ്ഞ് ഊറിച്ചിരിക്കും. താന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല.ഇങ്ങനെയൊക്കെ ആയിപ്പോയതാണ്. ജീവിതം തന്ന പ്രഹരങ്ങളില്‍ ഒന്നിനോടും പ്രതിബദ്ധതയില്ലാതെ, ജീവിതത്തില്‍ അര്‍ത്ഥങ്ങളും മൂല്ല്യങ്ങളും നഷ്ടപ്പെട്ടവനായി, ഒരു ഉണങ്ങിയ ഇലമാതിരി കാറ്റത്തു പറന്നു. മൂത്തമകന്‍ ഗ്യാഗ് വാറില്‍ ആരുടെയോ തോക്കിനിരയായി, ഇരുപതുവര്‍ഷങ്ങള്‍ കൊണ്ട് അവന്‍ തിരശീലക്കു പിന്നിലായപ്പോള്‍, ഇളയവനെ പതിനെട്ടില്‍ തിരകള്‍ കൊണ്ടുപോയി. കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയവനെ കാത്ത് സീത അവന്റെ അമ്മ ഏറെ രാത്രികള്‍ കാത്ത് ഒടുവില്‍ എണ്ണമില്ലാത്ത ഉറക്കഗുളികകളില്‍ ഉറങ്ങി. പത്തുവയസുകാരി ഇളയ മകളെ സീതയുടെ ഡിപ്രഷന്‍കലത്തു തന്നെ മുത്തശ്ശിയെ ഏല്‍പിച്ച് കുഞ്ഞിന്റെ ഭാവി ഉറപ്പിച്ചത് സീത എല്ലാം തീരുമാനിച്ചുറപ്പിച്ചതിനാലാകാം. എങ്കിലും സീത എന്തിനു തന്നെ തനിച്ചാക്കി. ഒന്നിനും ഉത്തരം ഇല്ലല്ലോ…!
ആരും ഇല്ലാത്തവന്റെ ചുറ്റിനും ഏകാന്തത തളംകെട്ടി. അവന്റെ ജീവിതത്തിന്റെ താളം തെറ്റി. അവന്‍ ബാറുകളുടെ തിരക്കുകളില്‍ സ്വയം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു. ഒരു ദിവസം ബാറിന്റെ കൗണ്ടറില്‍ നിലതെറ്റിയവനായി ഉച്ചത്തില്‍ അലറി. ബാര്‍ ബൗണ്‍സര്‍ ഒറ്റക്കയ്യില്‍ തൂക്കി റോഡിലേക്കെറിഞ്ഞവന്‍ കണ്ണുതുറന്നത് ക്യൂന്‍സ്ജനറല്‍ ആശുപത്രിയിലാണ്. റീന അപ്പോള്‍ അടുത്തുണ്ടായിരുന്നു. റീനയെ ജോലിയില്‍ ഏറെക്കാലമായി അറിയുന്ന ഒരു നല്ല സുഹ്യത്തെന്നല്ലാതെ കൂടുതല്‍ അടുപ്പമൊന്നും ഇല്ലായിരുന്നു. തന്റെ ദുരന്തങ്ങളൊക്കെ കേട്ടറിവുള്ളവള്‍ എന്നും എന്നോടനുകമ്പയുള്ളവളായിരുന്നു എന്ന് പിന്നിട് അവള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
തന്നെ വീണ്ടെടുത്ത കഥ പറയുമ്പോള്‍ അവള്‍ ചിരിക്കാറില്ലായിരുന്നു. പകരം കരച്ചിലിനോടു ചേര്‍ന്ന ഒരു മുഖഭാവമായിരുന്നു. യാദൃച്ഛികമായി ബാറിനുമുന്നിലൂടെ പോകവേ തെരുവില്‍ മൂളുകയും ഞരങ്ങുകയും ചെയ്യുന്നവന്റെ മുഖപരിചയം ഒട്ടും സന്ദേഹിക്കാതെ ആശുപത്രിയിലേക്കുള്ള വഴി ഒരുക്കി. പിന്നെ റീഹാബിലിറ്റേഷനും മറ്റുമായി രണ്ടുമൂന്നുമാസം അവള്‍ നിത്യസന്ദര്‍ശകയായി. ജോലിയില്‍ ഏതാണ്ട് ടെര്‍മിനേഷനോളം എത്തിയിരുന്നെങ്കിലും യൂണിയന്‍ക്കാരെ കണ്ട് അവള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ജോലി തിരികെവാങ്ങിത്തന്ന്, പുതിയ അപ്പാര്‍ട്ട്‌മെന്റും എടുത്ത് തന്നെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തി. തണുത്ത ബീയര്‍ സിപ്പ് ചെയ്യുന്നതിനിടയില്‍ സാം റീനയെക്കുറിച്ചോര്‍ക്കുകയായിരുന്നു. അപ്പോള്‍ പെട്ടന്ന് അങ്കിള്‍ ടോം എവിടെയെന്നു സ്വയം ചോദിച്ച്, ചുറ്റിനും നോക്കി. അങ്കിള്‍ ടോം സോഫയില്‍ തന്റെ ഇടം കണ്ടെത്തി വിശ്രമത്തിലേക്ക് വഴുതിയിരുന്നു.
സാം തണുത്ത ബീയറിന്റെ കുമിളകളില്‍ തന്റെ ജീവിതം കണ്ടെത്താന്‍ നോക്കി. ഒരോ കുമിളകളും അല്പായിസായി പൊട്ടിച്ചിതറുന്നു. അത്രയെയുള്ളു ജീവിതവും, സ്വപ്നങ്ങളും. അല്ലെങ്കില്‍ തന്റെ ജീവിതമെങ്കിലും അങ്ങനെ ആയിപ്പോയി. ഒത്തിരിയേറെ സ്വപ്നങ്ങളുമായാണി ഭൂമിയില്‍ അച്ഛന്‍ ഒരു കുടിയേറ്റക്കാരനായത്. അച്ഛന്റെ ഒപ്പം അമ്മയും രണ്ടു കുഞ്ഞങ്ങളും. തനിക്കു ചേച്ചിയായിരുന്നവള്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടോ...ഉണ്ടെങ്കില്‍ എവിടെ. ഒക്കേയും ഒരു ദുരന്തനാടകത്തിലെ അന്ത്യരംഗമ്പോലെയാണ്. എവിടെയും കരച്ചിലും നിലവിളിയും മാത്രം. പക്ഷേ അച്ഛന്‍ ഈ നാടകം സംവിധാനം ചെയ്യാന്‍ തുടങ്ങിയത് വളരെ ആത്മവിസ്വാസത്തോടെയായിരുന്നു. ഒരോ ദിവസത്തേയും തിരക്കഥ സ്വയം എഴുതി സംവിധാനം ചെയ്യുന്നവന്‍ നാടകാന്ത്യം എങ്ങനെ എന്നറിഞ്ഞിരുന്നുവോ...?
ഗയാനയിലെ ഒരു തൊഴിലാളി (അടിമയെന്ന വാക്ക് ഇവിടെ ചേരില്ല) കുടുംബത്തിലെ മൂന്നാം തലമുറക്കാരനായിരുന്നു അച്ഛന്‍. അച്ഛന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവന്റെ ആത്മവിസ്വാസത്തിലും, പുതിയ സൗഭാഗ്യങ്ങള്‍ വെട്ടിപ്പിടിക്കാനുമുള്ള സാമ്രാജ്യമോഹങ്ങളുമായിട്ടാണ്, മുന്‍തലമുറയുടെ അസ്ഥിത്തറയെ ഉപേക്ഷിച്ച് അമേരിക്ക എന്ന കുടിയേറ്റഭൂമിയിലേക്ക് തന്റെ ഭാണ്ഡവും ചുമലിലേറ്റി വന്നത്. പക്ഷേ പാരമ്പര്യമായി കരിമ്പിന്‍ തോട്ടത്തിലെ കൃഷിക്കാരുടെ അറിവുകളെ വിലയ്ക്കുവാങ്ങാന്‍ ഇവിടെ ആളില്ലായിരുന്നു. ഈ രാജ്യത്തിലെ കരിമ്പിന്‍ തോട്ടങ്ങളും, പരുത്തികൃഷിയും, പുകയില കൃഷിയുമൊക്കെ എന്നേ അന്യം നിന്നു പോയിരുന്നു. കൂലിയില്ലാതെ പണിയെടുക്കാന്‍ അന്ന് അടിമകള്‍ ഇല്ലായിരുന്നു എന്നതായിരിക്കാം കാര്യം.
അച്ഛന്‍ കുടിയേറ്റക്കാരനായിരുന്നു. ഏതൊരു കുടിയേറ്റക്കാരനും സ്വന്തം ഇടം തേടിയുള്ള യാത്രയില്‍ അറച്ചുനില്‍ക്കാനോ, അകന്നു നില്‍ക്കാനോ, തിരഞ്ഞെടുക്കാനോ സാവകാശമില്ലാത്തവനായി മുന്നില്‍ വന്നുപെടുന്നതിനു പിന്നാലെ ഓടും. അങ്ങനെയാണ് ടാക്‌സിക്കാരനായത്. അഞ്ചാറു വര്‍ഷം അച്ചന്റെ തണലില്‍ അല്ലലില്ലാതെ കഴിഞ്ഞു. ഒരു നാള്‍, മറ്റുള്ളവന്റെ അദ്ധ്വാനത്തെ കൊള്ളയടിച്ചു ജീവിക്കുന്ന ഒരു കൊലയാളിയുടെ വെടിയേറ്റ് അച്ഛന്‍ മരിച്ച. പിന്നെ ജീവിതം എങ്ങനെയൊക്കെയോ ആയി. അമ്മ വലിയ വീടുകളില്‍ തുണിയലക്കാനും, വീടുവൃത്തിയാക്കാനും പോയി. അപ്പോഴേക്കും പത്തുപന്ത്രണ്ടു വയസായ ചേച്ചിയും അമ്മക്കൊപ്പം പോയി.പിന്നീടെപ്പോഴോ ചേച്ചി സ്വന്തം വഴികള്‍ കണ്ടെത്തി. അതില്‍ അമ്മക്ക് പങ്കുണ്ടായിരുന്നുവോ എന്തോ...? അമ്മയും അന്നു ചെറുപ്പമായിരുന്നു എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍, ആരൊക്കെയൊ വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ ഓര്‍മ്മകള്‍ തികട്ടുന്നു. ജീവിതം എവിടെ എത്തി. ചേച്ചി വാങ്ങിത്തരുന്ന പുത്തന്‍ കുപ്പായങ്ങളും, ബ്രാന്റ്‌നെയിം ഷൂസും, ബുക്ക്ബാഗും, ആവശ്യത്തിനു പോക്കറ്റുമണിയും ധാരാളം കൂട്ടുകരെ നേടിത്തന്നു. പലപ്പോഴും ചേച്ചി വീട്ടില്‍ വരാതെയായി. അമ്മ രാത്രി ഇരുട്ടുവോളം കാക്കും. പിന്നെ രാവിലെ അന്വേഷിച്ചിറങ്ങും. പലപ്പോഴും അധികം മദ്യപിച്ചോ, ലഹരിമരുന്നുകളില്‍ മയങ്ങിയോ ആശുപത്രികളില്‍ എത്തും. നഷ്ടമായ ഒരു ജീവിതത്തെ ഓര്‍ത്തു വിലപിക്കുന്ന ദിവസങ്ങളിലാണതു സംഭവിക്കുന്നത്. അമ്മയുടെ മരണശേഷം ചേച്ചിയെ അധികം കാണാറില്ല. അപ്പൊഴേക്കും സ്വയം ജോലിചെയ്തു ജീവിക്കാന്‍ താന്‍ പ്രാപ്തനായിരുന്നു.
ചേച്ചി തന്നെ അന്വേഷിച്ചു വരാതായി. എവിടെതിരയണം എന്നറിയാതെ മനസിനു ബാധിച്ച മരവിപ്പുമായി നടക്കുമ്പോഴാണ് സബ്‌വേ സ്റ്റേഷന്റെ കവാടത്തില്‍ ഒരു തെരുവു നാടകക്കാരിയെപ്പോലെ ചേച്ചി ഒരു കുപ്പിയില്‍ വോട്കയും മോന്തി നിന്നാടുന്നു. ഇടക്ക് സദാചാരത്തിന്റെ സീമകളൊക്കെ കടന്ന് നിനക്കൊക്കെ വേണൊടാ എന്നു ചോദിക്കുന്നു. ചുറ്റിനും ചിരിയുടെ മാലപ്പടക്കം. ഫ്രിയായി ഒരു കൂത്തുകാണാന്‍ കിട്ടിയ പൊതുജനം അമര്‍ത്തിച്ചിരിച്ച് അവരുടെ സന്തോഷം പങ്കുവെയ്ക്ക്ന്നു. ആരെന്നറിയാനുള്ള കൗതുകത്താല്‍ ഒന്നെത്തിനോക്കിയതാണ്. ചേച്ചിയുടെ പതനമോര്‍ത്ത് ഉള്ളില്‍ കരഞ്ഞ്, ഒരാംബുലന്‍സില്‍ ഹോസ്പറ്റിലെത്തിച്ചു. രണ്ടുദിവസം അവിടെ കിടന്ന് വെളിവു വീണപ്പോള്‍ അരോടും പറയാതെ അവിടെ നിന്നും ഒളിച്ചോടി. പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്തോ...?
കുടിയേറ്റകഥകള്‍ ഏറെ പറയാനുണ്ടെങ്കിലും ഒന്നും ഓര്‍ക്കാതിരിക്കുന്നതല്ലെ നല്ലത്. സാംചിന്തകളില്‍ നിന്നും ഒഴിയാനായി സ്വയം പറഞ്ഞു.രണ്ടാമത്തെ ബീയര്‍ ക്യാന്‍ പൊട്ടിക്കുന്ന ശബ്ദം കേട്ടിട്ടെന്നപോലെ അങ്കിള്‍ ടോം ഞെട്ടിയുണര്‍ന്ന് താന്‍ എവിടെ എന്നു നോക്കി പരിഭ്രമിച്ച് സാമിനെ ഒരപരിചിതനെപ്പോലെ നോക്കി. സാം പരിചയം പുതുക്കാനെന്നവണ്ണം അങ്കിള്‍ ടോമിനെ നോക്കി ചിരിച്ചു. സ്ഥലകാലത്തിലൂടെ ഇറങ്ങി നടക്കാന്‍ കൊതിക്കുന്നവനപ്പോലെ അങ്കിള്‍ ടോമിന്റെ കണ്ണുകള്‍ ചിമ്മിത്തുറന്നു. ആ കണ്ണുകളില്‍ സഹനത്തിന്റെയും, വേദനയുടെയും അടുക്കുകള്‍ പാറപോലെ ഉറച്ച് ഇന്നത്തെ കാഴ്ചകളിലേക്ക് തുറക്കാന്‍ കഴിയാത്തവനായി. സാം അങ്കിള്‍ ടോമിന്റെ കണ്ണുകളില്‍ ഉറച്ച ദുഃഖത്തിന്റെ അടരുകളെ മാന്തിയിളക്കാന്‍ എന്നവണ്ണം, ബീയറിന്റെ ചെറുലഹരിയില്‍ അങ്കിള്‍ ടോമിനോടു ചേര്‍ന്നിരുന്നു. അപ്പോള്‍ യുഗാന്തരങ്ങളില്‍ എന്നോ തന്നോടു ചേര്‍ന്നിരുന്ന ലെമാറിന്റെ ഓര്‍മ്മകള്‍ അങ്കിള്‍ ടോമില്‍ ഒരു വിതുമ്പലായി.
ഒരടിമക്ക് വേദനിക്കാനോ കരയാനോ അവകാശമില്ല. ഞങ്ങളുടെ കാലത്തും ഒരടിമ ഒരു മനുഷ്യന്റെ അഞ്ചിലൊന്ന് അവകാശങ്ങള്‍ മാത്രമുള്ളവനായിരുന്നു. അപ്പോള്‍ അതിനു മുമ്പുള്ള കാലമോ...?അന്നും അവകാശങ്ങളെക്കുറിച്ചും, അടിമയും മനുഷ്യനാണെന്നും ചിന്തിച്ചവരുടെ ത്യാഗമാണു ഞങ്ങലുടെ ജീവിതം. ഞങ്ങളുടെ എന്നു പറഞ്ഞതു മനഃപ്പൂര്‍വ്വമാണ്. ഞങ്ങളുടെ തലമുറകള്‍ അനുഭവച്ച അടിമത്വമല്ല നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ അനുഭവിച്ചത്. അവിടെ കാലദേശത്തിന്റെ വകതിരുവുകള്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ഗയാനയിലേക്ക് കൊണ്ടുവരപ്പെട്ടത് തൊഴിലാളികളായിട്ടാ... ഞങ്ങളോ...പാടത്തു പണിയാനുള്ള കന്നുകളായിട്ട്. പിന്നെ അവരുടെ ഉടമമനസ്സിന്റെ ഇരകളാക്കപ്പെട്ട്, വെറും വില്പനച്ചരക്കായി, നുകത്തിന്റെ കീഴില്‍ തൊഴിത്തില്‍ തളയ്ക്കപ്പെട്ടവരായി.പ്രതിക്ഷേധിച്ചവരുടെ വരിയുടച്ചവരെ നിശബ്ദരാക്കി.എന്നിട്ടും ഒതുക്കപ്പെടാന്‍ കഴിയാത്തവരുടെ പ്രതിക്ഷേധമാണ് കലാപങ്ങളും ഒളിച്ചോട്ടങ്ങളും ആയി മാറിയതും, റിബലിയന്‍സിനെ ജനിപ്പിച്ചതും. ചാട്ടവാറുകള്‍ക്കും, ചങ്ങലകള്‍ക്കും മെരുങ്ങാത്തവരുടെ നേരെ അവര്‍ തീതുപ്പുന്ന തോക്കുകള്‍ പുതിയ ആയുധമായി കണ്ടു. എന്നും പേടിക്കാത്തവരുടെ ഒരു വലിയ നിരയുണ്ടായി വന്നു. പൂര്‍വ്വികരുടെ കഥകള്‍ കേട്ടുവളര്‍ന്ന എനിക്ക് ഒരു പേര് എപ്പോഴും പ്രചോദനമായി ഉള്ളില്‍ തിളയ്ക്കും. അവരുടെ മോചനത്തിനുവേണ്ടിയുള്ള ത്യാഗം എന്നെ കോരിത്തരിപ്പിക്കുന്നു. ഒരു സ്ത്രി ആയിരത്തി എണ്ണൂറ്റി അമ്പതുകള്‍ക്ക് (1850) അടുത്ത് സ്വയം മോചിതയാകുകയും, അനേകം അടിമകളെ മോചിപ്പിക്കുകയും ചെയ്ത കഥ തലമുറകള്‍ അറിയണം. അവരുടെ പേര് ഹാരിയറ്റ് ടബ്മാന്‍!..അങ്ങനെ ഒരു പേര് കേട്ടിട്ടുണ്ടോ എന്ന ഭാവത്തില്‍ അങ്കിള്‍ ടോം സാമിനെ നോക്കി.
അങ്കിള്‍ ടോം അപ്പോള്‍ ക്ഷീണമെല്ലാം മറന്നവനായി വലിയ ഉത്സാഹത്തില്‍ ആയിരുന്നു. ആയിരങ്ങളെ അഭിസംബോദന ചെയ്യുന്ന ഒരു നേതാവിനെപ്പോലെ സാമിനെ മറന്ന് എവിടെയോ ദൃഷ്ടി ഉറപ്പിച്ച് പറഞ്ഞു തുടങ്ങി; ഒരടിമ എന്ന് എവിടെ ജനിച്ചു എന്നാരെങ്കിലും ക്രിത്യമായി കണക്കുകള്‍ സൂക്ഷിച്ചിരുന്നുവോചില തോട്ടങ്ങളില്‍ പേരുവിവരങ്ങളും, ക്രയവിക്രയക്കണക്കുകളും കാണാമെങ്കിലും, ക്രിത്യമായ ജന്മദിനമോ, സ്ഥലമോ, അപ്പനമ്മമാരുടെ പേരോ കാണില്ല. ഒരടിമക്ക് അതൊന്നും ആവശ്യമുള്ള ചരിത്ര പിന്നാമ്പുറങ്ങള്‍ ആയിരുന്നില്ല. അവരുടെ ആരോഗ്യമാണു വിലയുറപ്പിച്ചിരുന്നത്. പല്ലും നഖവും നോക്കി അവര്‍ പ്രായം നിശ്ചയിച്ചു. ഞാന്‍ പറഞ്ഞു വരുന്നത്, ഒരടിമക്ക് അല്ലെങ്കില്‍ ഒരു നീഗ്രോക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരാളെക്കുറിച്ച് പറയാണാണ്. അവരെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. യിസ്രായിലിനെ ഈജിപ്റ്റില്‍ നിന്നും മോചിപ്പിച്ച മോശയെപ്പോലെ, കറുത്ത അടികളുടെ വിമോചക അല്ലെങ്കില്‍ ബ്ലാക് മോസശ് എന്നറിയപ്പെടുന്ന ഹാരിയറ്റ് ടബ്മാനെക്കുറിച്ചാണു ഞാന്‍ പറയുന്നത്. അവര്‍ എന്റെ ഉള്ളില്‍ അത്രമാത്രം ആവേശമായി പകര്‍ന്നാടുന്നു. ഏകദേശം മുന്നുറ് അടിമകളെ അവര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മോചിപ്പിച്ചു എന്നാണു പറയുന്നത്. മോചിതരുടെ എണ്ണം പലകഥകളിലും പലതാണെങ്കിലും അവരുടെ ത്യാഗത്തിന്റെ അളവ് ഒട്ടും കുറയുന്നില്ല. എഴുത്തും വായനയും അറിയാത്ത ആ മുത്തശ്ശിയുടെ കഥ പകര്‍ത്തിയവര്‍ ചിലപ്പോള്‍ കേട്ടറിവുകളുടെ അതിശയോക്തി കുറെയെങ്കിലും ചേര്‍ത്തിട്ടുണ്ടാകാമെങ്കിലും, സത്തയില്‍ കലര്‍പ്പില്ലായിരുന്നു എന്ന് എന്നേപ്പോലെ എഴുത്തും വായനയും അറിയാത്തവരുടെ അറിവുകളുടെ ശ്രോതസായ വായ്പ്പാട്ടുകളില്‍ കേട്ടിട്ടുണ്ട്.