ഡ്യുസല്‍ഡോര്‍ഫ്
എന്റെ മാതാപിതാക്കള്‍ ഡ്യുസല്‍ഡോര്‍ഫിലേക്ക് താമസം മാറാന്‍ തീരുമാനിച്ചു. എന്റെ പപ്പാ ജനിച്ചത് അവിടെയാണ്. പപ്പായുടെ മമ്മയും സഹോദരനും എന്റെ കസിന്‍സും അവിടെയാണ് താമസിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ വിസിറ്റേഴ്‌സും ബിസിനസ്സുകളുമുള്ള വലിയ സിറ്റിയാണ് ഡ്യുസല്‍ഡോര്‍ഫ്. യഹൂദരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. അതുമൂലം വളരെ നല്ല പ്രൈവറ്റ് സ്‌കൂളുമുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ സുരക്ഷിതരാവുമെന്ന് എന്റെ മാതാപിതാക്കള്‍ കരുതി. എന്റെ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ്ഗിന് പ്രധാന ബിസിനസ്സ് സെന്റര്‍ ആയിരുന്ന ഫ്രിഡിക്‌സ്ട്രാസില്‍ ഒരു സ്റ്റോര്‍ ഉണ്ടായിരുന്നു. പത്തുനാല്‍പത് വര്‍ഷം മുന്‍പ് എന്റെ ഗ്രാന്‍ഡ്പാ ആണ് ആ സ്റ്റോര്‍ തുടങ്ങിയത്. ഏറ്റവും മനോഹരമായ ക്ലിസ്റ്റല്‍ പോഴ്‌സ്ലൈന്‍ പ്രതിമകള്‍, പാവകള്‍, സുന്ദരികളുടെ ചെറിയ പ്രതിമകള്‍ എന്നിവ അവിടെ വില്‍പനയ്ക്കുണ്ടായിരുന്നു. പക്ഷെ എനിക്കും എന്റെ സഹോദരനും സ്റ്റോറില്‍ പ്രവേശനമില്ലായിരുന്നു. സ്റ്റോറിന്റെ മുകളിലുള്ള കെട്ടിടത്തിലാണ് ഗ്രാന്‍ഡ്മാ താമസിച്ചിരുന്നത്.
ഡ്യുസല്‍ഡോര്‍ഫിലെ ഞങ്ങളുടെ ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റ് ക്രിക്ക്‌ഫെല്‍ഡാട്രാസില്‍ ആയിരുന്നു. നല്ല വലിപ്പമുള്ള ഒന്ന്. ധാരാളം മരങ്ങള്‍ വരിവരിയായി നിന്നിരുന്ന മനോഹരമായ അയല്‍വക്കമായിരുന്നു അവിടം. എന്റെ ഗ്രാന്‍ഡ്മായുടെ വീടിനടുത്താണ് അപ്പാര്‍ട്ട്‌മെന്റ്. താമസമാക്കിയ ഉടനേ ഞങ്ങളെ ജ്യൂയിഷ് സ്‌കൂളില്‍ ചേര്‍ത്തു. എനിക്ക് ആ അപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ച് അധികം ഓര്‍മ്മകളില്ല. എങ്കിലും ആപ്‌ളര്‍ബെക്കില്‍ നിന്നും കൊണ്ടുവന്ന കുറെ ഫര്‍ണിച്ചറുകളും ചവിട്ടുമെത്തകളും എനിക്ക് ഓര്‍മ്മയുണ്ട്. ആപ്‌ളര്‍ബെക്കില്‍ വച്ച് ഞങ്ങളുടെ വളരെയേറെ ഫര്‍ണിച്ചറുകള്‍ വിലകുറച്ചു വിറ്റു. വാങ്ങിയതോ പുതുപ്പണക്കാരായ നാസികളും.
എന്റെ പപ്പയ്ക്ക് ഒരു പുതിയ സ്റ്റോര്‍ ഡ്യുസല്‍ഡോര്‍ഫില്‍ സ്ഥാപിക്കാന്‍ പണം ആവശ്യമായിരുന്നു. സോപ്പ്, പരിമളതൈലങ്ങള്‍, മറ്റ് സൗന്ദര്യദായക വസ്തുക്കള്‍ എന്നിവയായിരുന്നു സ്റ്റോറില്‍. റോഡുനീളെ കൊണ്ടുനടന്ന് വില്‍ക്കുന്നവരും വഴിവാണിഭക്കാരും ജിപ്‌സികളുമായിരുന്നു പപ്പയുടെ കസ്റ്റമേഴ്‌സ്. റെയില്‍വേ സ്റ്റേഷനടുത്തായിരുന്ന സ്റ്റോറില്‍ വില്പന ഒരുവിധം നന്നായി നടന്നു.
എന്റെ പപ്പായുടെ വഴിയോര കസ്റ്റമേഴ്‌സില്‍ ചിലര്‍ നല്ല മനക്കട്ടിയുള്ള ജര്‍മ്മന്‍ സ്ത്രീകളായിരുന്നു, യഹൂദരുടെ ദുരന്ത ജീവിതത്തില്‍ സഹതാപമുള്ളവര്‍. പൈന്‍മണമുള്ള സോപ്പുകള്‍ വില്‍ക്കുന്ന ഒരു സ്ത്രീയെ ഞാനിപ്പോഴും ഓര്‍ക്കുന്നു. അവര്‍ക്ക് 'ബ്ലാക്ക് മാര്‍ക്കറ്റിംഗും' ഉണ്ടായിരുന്നു. രഹസ്യമായി എന്റെ മമ്മാക്ക് അവര്‍ മാംസവും മറ്റ് ആഹാരസാധനങ്ങളും വിറ്റിരുന്നു. സാധാരണക്കാരിയെങ്കിലും ധൈര്യമുള്ള സ്ത്രീയായിരുന്നു അവര്‍. മമ്മാ പറയുന്നതുപോലെ 'വിത്ത് ഹാര്‍ട്ട് ഇന്‍ ദി റൈറ്റ് പ്ലെയ്‌സ്'.
മമ്മാ ജിപ്‌സികളെ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ രണ്ട് ജിപ്‌സികള്‍ ഞങ്ങളുടെ സ്റ്റോറില്‍ വന്നു. ഒരു ജിപ്‌സിക്ക് സാധനം കൊടുക്കുന്നതിനിടയില്‍ മറ്റവളെ നോക്കിക്കോളാന്‍ മമ്മ ശബ്ദം താഴ്ത്തി എന്നോടു പറഞ്ഞു. മുറിഞ്ഞ ജര്‍മ്മന്‍ ഭാഷയില്‍ ആ സ്ത്രീ പറഞ്ഞു 'പേടിക്കേണ്ട ഞാന്‍ മോഷ്ടിക്കില്ല'. എനിക്ക് കുറ്റബോധം തോന്നി എങ്കിലും ഞാനും അവരെ വിശ്വസിച്ചില്ല. ഞങ്ങളുടെ സ്റ്റോറിന്റെ മുകളിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റ്കളില്‍ 'രാത്രിസ്ത്രീകളും', അവരുടെ 'ഭര്‍ത്താക്കന്മാരും' താമസിച്ചിരുന്നു. അങ്ങനെയാണ് മാതാപിതാക്കള്‍ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്. സത്യത്തില്‍ ഭര്‍ത്താക്കന്മാര്‍ അവരുടെ കൂട്ടിക്കൊടുപ്പുകാരായിരുന്നു. അടുത്ത ചില വീടുകളിലും ഇത്തരക്കാര്‍ താമസിച്ചിരുന്നു. അവര്‍ യഹൂദരോട് കൂറുള്ളവരും യഹൂദരോട് നന്നായി പെരുമാറുന്നവരും ആയിരുന്നു; ബഹുമാന്യര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജര്‍മ്മന്‍കാരെക്കാള്‍ നല്ലവര്‍. ആ സ്ത്രീകളുടെ വേഷവിധാനങ്ങളും മേക്കപ്പും, ഹൈ ഹീല്‍ഡ് ഷൂസും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. അതുപോലെ അവര്‍ പാതയോരത്തു കൂടി നടക്കുന്നതു കണ്ടും. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവരുടെ ജോലിയെപ്പറ്റി മനസ്സിലാക്കുന്നത്.
കൃച്‌ഫെല്‍ഡ്ട്രാസ്സിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്, കുറെക്കൂടി നല്ല വാടകക്കാര്‍ക്ക് (യഹൂദരല്ലാത്തവര്‍ക്ക്) കൊടുക്കാനായി ഞങ്ങളെ ഒഴിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ്ഗിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഗ്രാന്‍ഡ്മായുടെ വീട്ടില്‍ വാടകക്കു താമസിച്ചിരുന്നവര്‍, യഹൂദസ്ത്രീയുടെ വീട്ടില്‍ താമസിക്കാന്‍ ഭയപ്പെട്ട് ഇറങ്ങിപ്പോയതു കാരണം ഞങ്ങള്‍ക്ക് അങ്ങോട്ട് താമസം മാറാന്‍ സാധിച്ചു. പഴയ താമസക്കാര്‍ പോകുന്നതിനു മുന്‍പ് ഗ്രാന്‍ഡ്മായുടെ പൂച്ച 'ഇലി' യെ വിഷം കൊടുത്ത് കൊന്നു.
ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ് അവരുടെ മകന്‍ എറിക്ക്‌നോടൊപ്പമായിരുന്നു താമസം. അങ്കിള്‍ എറിക്കിന്റെ ഭാര്യ എര്‍ണ്ണാ കത്തോലിക്കാ മതവിശ്വാസിയായിരുന്നു. അങ്കിള്‍ എറിക്ക് നാസി ഭരണ(അതിക്രമ)കാലത്തും കുടുംബാസൂത്രണത്തില്‍ വിശ്വസിച്ചില്ല. ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നപ്പോഴാണ് അവരുടെ മൂത്തമകന്‍ പോള്‍ ജനിച്ചത്. അവര്‍ക്ക് മൂന്നു കുട്ടികള്‍ കൂടി ഉണ്ടായി. ഉര്‍സൂള്‍, മാഡി, പീറ്റര്‍. പോളച്ചന്‍ എന്ന പോളിനെ യഹൂദാമതത്തിലേക്ക് മാറ്റി ഡ്യുസല്‍ഡോര്‍ഫിലെ ജ്യൂയിഷ് കമ്മ്യൂണിറ്റി രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. അതേ രജിസ്റ്ററില്‍ നിന്നാണ് 'ഗസ്റ്റപ്പോ'ക്ക് എന്റെയും സഹോദരന്റെയും പേരുകള്‍ ലഭിച്ചത്. മിശ്രവിവാഹസന്തതികളായി ഞങ്ങളെ കണക്കാക്കി.
ജനനത്തില്‍ തന്നെ യഹൂദമതത്തിലേക്ക് ചേര്‍ത്ത ഒരു അരയഹൂദക്കുട്ടിക്ക് ജ്യൂയിഷ് ഇന്‍ഡിവിഡ്വല്‍ ഓഫ് മിക്‌സ്ഡ് റെയ്‌സ് എന്ന സ്റ്റാറ്റസ് ആണ് ഉണ്ടായിരുന്നത്. ക്രിസ്തുമതത്തിലേക്ക് ജനനത്തില്‍ തന്നെ ചേര്‍ക്കപ്പെട്ട അരയഹൂദക്കുട്ടിക്ക് ഇന്‍ഡിവിഡ്വല്‍ ഓഫ് (പ്രിഫറെന്‍ഷ്യല്‍) മിക്‌സ്ഡ് റെയ്‌സ് എന്ന സ്റ്റാറ്റസും. അരയഹൂദക്കുട്ടിയേക്കാള്‍ അരക്രിസ്ത്യാനിക്കുട്ടിക്ക് നിയന്ത്രണങ്ങള്‍ കുറവായിരുന്നു. കുറെക്കാലം കഴിഞ്ഞ് യഹൂദര്‍ക്കും അരയഹൂദക്കുട്ടികള്‍ക്കും ക്രിസ്ത്യാനിയാവാന്‍ സാധിക്കാതായി.
എല്ലാ തെരുവ് മൂലകളിലും നാസികളുടെ കുപ്രസിദ്ധപ്രചരണ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. യഹൂദര്‍ ചോരക്കണ്ണുകളുമായി പാവപ്പെട്ട ജര്‍മ്മന്‍കാരെ പീഡിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അവ. ശുദ്ധ ആര്യന്മാരായ ജര്‍മ്മന്‍കാരുടെ പണമെല്ലാം കവര്‍ന്നെടുക്കുന്ന ദുഷ്ടശക്തികളായി യഹൂദരെ ചിത്രീകരിച്ചിരുന്നു. ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ആരും കാണാതെ അടുത്തു ചെന്ന് അതിലെ ലിഖിതങ്ങള്‍ ഞാന്‍ വായിക്കും.
കെട്ടുകള്‍ കൂടുതല്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. എന്റെ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗിനും അങ്കിള്‍ എറിക്കിനും അവരുടെ സ്റ്റോറുകള്‍ മ്യൂണിച്ചില്‍ നിന്നും വന്ന നാസികള്‍ക്ക് നിസ്സാരവിലയ്ക്ക് വില്‍ക്കേണ്ടിവന്നു. വളരെക്കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് മാറേണ്ടിയിരുന്നതിനാല്‍ അവരുടെ മുഴുവന്‍ സാധനങ്ങളും പണം കൊടുത്തു വാങ്ങാന്‍ ആളെ കിട്ടിയില്ല. മ്യൂണിച്ചുകാര്‍ ലിനനും, ബെഡ്ഡിംഗും വില്‍ക്കുന്നവര്‍ ആയിരുന്നതിനാല്‍ ക്രിസ്റ്റലിലും പോഴ്‌സ്ലൈനിലും അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ താമസിച്ചിരുന്ന, ഗ്രാന്‍ഡ്മായുടെ അപ്പാര്‍ട്ട്‌മെന്റും വിട്ടുകൊടുക്കേണ്ടിവന്നു. ഞങ്ങള്‍ വീണ്ടും വീടുമാറി. കൂടുതല്‍ പ്രാകൃതമായ സംസ്‌കാരമില്ലാത്ത ഇടങ്ങളിലേക്ക്.
പപ്പാ ഞങ്ങളുടെ ഫര്‍ണിച്ചറുകളും പെയിന്റിംഗുകളും ചവിട്ടുമെത്തകളും വീണ്ടും വിറ്റു. അതു കഴിഞ്ഞയുടനേ കാള്‍സ്ട്രാസേയിലെ സ്റ്റോറും വില്‍ക്കേണ്ടിവന്നു. യഹൂദര്‍ക്ക് ബിസിനസ്സ് നടത്താനോ, ജോലി ചെയ്യാനോ ഉള്ള അവകാശം റദ്ദാക്കപ്പെട്ടു.
ഒരു വലിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ജോലിതേടി മമ്മാ ബര്‍ലിനിലേക്കു പോയി. അവരുടെ പഴയ കസ്റ്റമേഴ്‌സിനോട് സഹായം അഭ്യര്‍ത്ഥിച്ചു. നന്നായി വസ്ത്രം ധരിച്ചാണ് മമ്മാ പോയത്. വീട്ടില്‍ ആഹാരത്തിനുള്ള വകയുണ്ടാക്കുന്നത് മമ്മായുടെ ജോലിയായിരുന്നു. മമ്മായുടെ പഴയ യഹൂദരായ കൂട്ടുകാരെല്ലാം ബര്‍ലിനില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു. യഹൂദരല്ലാത്ത കൂട്ടുകാര്‍ മമ്മായെ സഹായിക്കാന്‍ മടിച്ചു.
കുറച്ചു ദിവസം കഴിഞ്ഞ് ഒരു ലതര്‍ബെല്‍റ്റ് കടയില്‍ മമ്മാക്ക് ചെറിയൊരു ജോലി ലഭിച്ചു. ഉടമസ്ഥര്‍ ക്രിസ്ത്യാനികളായിരുന്നു. മിസ്റ്റര്‍ ആന്റ് മിസിസ് ഷേ്‌റേയെക് .
എന്റെ പപ്പക്ക് ജോലി ചെയ്യാന്‍ വിലക്കുണ്ടായിരുന്നതിനാല്‍, കുറെ ജോലി വീട്ടില്‍ കൊണ്ടുപോയി പപ്പാക്കു കൊടുക്കാന്‍ മിസ്റ്റര്‍ ഷേ്‌റേയെക് മമ്മയെ പ്രേരിപ്പിച്ചു. ലതര്‍ബെല്‍റ്റുകള്‍ ഒട്ടിക്കുന്നതായിരുന്നു പപ്പയുടെ ജോലി, ചില മറ്റു ചില്ലറ ജോലികളും.
അവരുടെ ശമ്പളപ്പട്ടികയില്‍ പപ്പാ ഇല്ലായിരുന്നു.
Read: https://emalayalee.com/writer/24