പൂ ചൂടിയവള്‍
തോമ്മാച്ചന്റെ ജീവിതത്തിലേക്ക് ആദ്യം കടന്നുവന്ന പെണ്ണ് ശോശാമ്മയാണ്. അവരുടെ ബന്ധം പ്രണയത്തിനും അപ്പുറത്തേക്കു കടന്നിരുന്നു. എങ്കിലും സ്ത്രീധനം സംബന്ധിച്ച അച്ഛന്റെ പിടിവാശിമൂലം തോമാച്ചന് അവളില്‍ നിന്ന് അകലേണ്ടി വന്നു.
പിന്നീടാണ് ഏലിയാമ്മയുമായി അവന്‍ അടുപ്പത്തിലാകുന്നത്. ക്രമേണ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു.
വിവാഹത്തിനു തോമാച്ചന്‍ പഴയ കാമുകിയെ ക്ഷണിച്ചെങ്കിലും അവള്‍ പോയില്ല. മാത്രമല്ല ജീവിതകാലം മുഴുവന്‍ താന്‍ തോമാച്ചനെ മനസ്സില്‍ പൂജിച്ചുകൊണ്ടു ജീവിച്ചുകൊള്ളാമെന്നും ശോശാമ്മ പറഞ്ഞു.
തോമാച്ചന്‍ - ഏലിയാമ്മമാരുടെ ദാമ്പത്യത്തിന്റെ തുടക്കം സന്തോഷകരമായിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനു ശോശാമ്മയുമായുണ്ടായിരുന്ന പഴയ അടുപ്പത്തെക്കുറിച്ചറിഞ്ഞതോടെ ഏലിയാമ്മ അസ്വസ്ഥയായി. ആ പ്രശ്‌നത്തില്‍ കുടുംബകലഹവും പതിവായി.
അതിനിടയിലും വര്‍ഷങ്ങള്‍ കടന്നുപോയി. അവര്‍ മൂന്നു കുട്ടികളുടെ മാതാപിതാക്കളായി. അവരുടെ പുരയിടത്തിലെ കുടികിടപ്പുകാരനായ കുട്ടന്‍ചേട്ടന്റെ മകള്‍ റോസിയും അമ്മ മറിയാമ്മയുമാണ് തോമാച്ചന്റെ വീട്ടിലെ അടുക്കള സഹായികള്‍.
ഞായറാഴ്ച ഏലിയാമ്മയും മറ്റും പള്ളിയില്‍ പോയ സമയത്ത് ശോശാമ്മ തോമാച്ചന്റെ വീട്ടിലെത്തി അവളുടെ വിവാഹമാണെന്നും, തമിഴ്‌നാട്ടില്‍ ഡ്രൈവറായ ഒരു രണ്ടാം കെട്ടുകാരനാണ് വരനെന്നും വിവാഹത്തിന്റെ അടുത്ത ദിവസം തന്നെ തമിഴ്‌നാട്ടിലേക്കു പോകുമെന്നും അറിയിച്ചു. തോമ്മാച്ചന്‍ ഒരു സാരി അവള്‍ക്കു വിവാഹ സമ്മാനമായി നല്‍കി.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. ഭര്‍ത്താവ് ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശോശാമ്മ ഇപ്പോള്‍ മധുരയിലെ കുപ്രസിദ്ധ ഗണികയാണത്രെ. എങ്കിലും താന്‍ ഇന്നും മനസ്സില്‍ പൂജിക്കുന്ന ഏകപുരുഷന്‍ തോമാച്ചനാണെന്നും അവള്‍ പറഞ്ഞു. മാത്രമല്ല അയാളെ തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു.
അവര്‍ തമ്മില്‍ കണ്ടതും സംസാരിച്ചതുമായ വിവരങ്ങള്‍ ഏലിയാമ്മയുടെ ചെവിയിലുമെത്തി. അത് വീണ്ടും ആ വീട്ടില്‍ ഒരു കലഹത്തിനു തിരികൊളുത്തി.
തോമാച്ചന്റെ പുരയിടത്തിലെ കുടികിടപ്പുകാര്‍ മലബാറില്‍ സ്ഥലം വാങ്ങിപ്പോകുന്നു. പരീക്ഷ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ മൂത്തമകള്‍ റോസിയെ തോമാച്ചന്റെ വീട്ടില്‍ത്തന്നെ താല്‍ക്കാലികമായി താമസിപ്പിച്ചു. അവള്‍ ഒരു യുവസുന്ദരിയായി വളര്‍ന്നു വരികയായിരുന്നു.
ഒരിക്കല്‍ മുറ്റമടിച്ചുകൊണ്ടിരുന്ന റോസിയുടെ മുടിയില്‍ തോമാച്ചന്‍ ഒരു പൂ ചൂടിക്കൊടുത്തു. അത് വഴിവിട്ട മറ്റൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു.
ഇതിനിടെ ശോശാമ്മ തോമ്മാച്ചന് അയച്ച ഒരു രഹസ്യ കത്ത് ഏലിയാമ്മയുടെ കൈയിലാണ് കിട്ടിയത്. അതോടെ ആ വീട്ടിലെ കുടുംബകലഹം ഏറി.
ഇതിനിടെ റോസി തോമാച്ചനില്‍ നിന്നും ഗര്‍ഭവതിയായി. അയാള്‍ അവളെ മദിരാശിയിലെ ഒരു ഹോസ്റ്റലില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു.
തിരിച്ചെത്തുമ്പോള്‍ തന്റെ ആദ്യ കാമുകിയായ ശോശാമ്മയുടെ മരണവൃത്താന്തം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ശോശാമ്മയുടെ വില്‍പത്രപ്രകാരം തോമാച്ചന്റെ മകള്‍ ബിന്ദുവിന് ഒരുലക്ഷം രൂപയുടെ ഡ്രാഫ്റ്റും ലഭിച്ചു.
ജൂലൈ മാസം പത്താം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിക്ക് റോസി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടിക്കും തോമ്മാച്ചന്റെയും ബിന്ദുമോളുടെയും പോലെ വയറ്റത്ത് ഒരു മറുകുണ്ടായിരുന്നു. ആ കുഞ്ഞിനും അവര്‍ ബിന്ദു എന്ന് പേരിട്ടു. കുട്ടിയെ ദുമ്മിനി ഉപദേശി ദത്തെടുത്തു.
ആയുര്‍വ്വേദ ചികിത്സകൂടി കഴിഞ്ഞതോടെ റോസി പൂര്‍വ്വാധികം സുന്ദരിയായി. തോമാച്ചന്‍ അവളെ മലബാറിലുള്ള അവളുടെ വീട്ടിലെത്തിച്ചു. മാത്രമല്ല വിവാഹച്ചെലവിലേക്ക് നല്ലൊരു തുക നല്‍കുകയും ചെയ്തു.
വീട്ടില്‍ മടങ്ങിയെത്തിയ തോമ്മാച്ചന്‍ തന്റെ ബിന്ദുമോള്‍ ആറ്റില്‍ മുങ്ങിമരിച്ചെന്ന വിവരമറിഞ്ഞ് ബോധരഹിതനായി. അയാള്‍ അവള്‍ക്കുവേണ്ടി കൊണ്ടുവന്ന കളിപ്പാട്ടങ്ങള്‍ നിലത്തുവീണു ചിതറി.
ബിന്ദുമോള്‍ മുങ്ങിമരിച്ചത് ജൂലൈ 10-ന് വ്യാഴാഴ്ച 5.30 ന് ആയിരുന്നു. അതായത് റോസി തോമ്മാച്ചന്റെ കുട്ടിയെ പ്രസവിച്ച അതേ സമയത്ത്.
ആ ദുരന്തം തോമാച്ചനെ മാനസികമായി തളര്‍ത്തി. ഏലിയാമ്മയും ഒരു രോഗിയായി മാറി. അവര്‍ മരിച്ചുപോയ തന്റെ മകളെച്ചൊല്ലി കരയാത്ത ദിവസമില്ല.
തോമാച്ചന്‍ ഇടയ്ക്കിടയ്ക്ക് ദുമ്മിനി ഉപദേശിയുടെ വീട്ടിലെത്തി തനിക്കു റോസിയില്‍ ജനിച്ച 'ബിന്ദു' വിനെ കാണുന്നു. ഏലിയാമ്മയുടെ മാനസികനില തകരാറിലായേക്കുമോ എന്നു സംശയിച്ച ഘട്ടത്തില്‍ അയാള്‍ ദുമ്മിനി ഉപദേശിയില്‍ നിന്ന് ആ കുഞ്ഞിനെ തിരികെ വാങ്ങി. പിന്നീട് ഒരു പള്ളിയില്‍ ആരോ ഉപേക്ഷിച്ചുപോയ കുട്ടിയാണെന്നു പറഞ്ഞ് ഏലിയാമ്മയുടെ പക്കലെത്തിച്ചു.
അവര്‍ ആ 'ബിന്ദു' വിനെ പൊന്നുപോലെ വളര്‍ത്തി. ഇടയ്ക്ക് റോസി കുഞ്ഞിനെക്കുറിച്ചു തിരക്കിയപ്പോള്‍ അവള്‍ മരിച്ചുപോയതായി തോമാച്ചന്‍ പറഞ്ഞു. മാത്രമല്ല ഏലിയാമ്മ വീണ്ടും പ്രസവിച്ചതായും ആ കുട്ടിക്ക് തങ്ങള്‍ ബിന്ദു എന്നു പേരിട്ടു വളര്‍ത്തുകയാണെന്നും അയാള്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ കടന്നുപോയി. ബിന്ദുമോള്‍ ഒരു യുവസുന്ദരിയായി മാറി. തോമാച്ചനാണെങ്കില്‍ സ്ഥലം മുനിസിപ്പല്‍ ചെയര്‍മാനും എം.എല്‍.എ.യുമൊക്കെ ആയിരിക്കുന്നു.
ബിന്ദുവിന്റെ വിവാഹം ആര്‍ഭാടമായി നടത്തുന്നതിന് ഒരുക്കങ്ങളായി. കാനഡയില്‍ ഡോക്ടറാണ് പ്രതിശ്രുതവരന്‍.
വിവാഹത്തിന് ബിന്ദുവിന്റെ യഥാര്‍ത്ഥ മാതാവായ റോസിയെയും ഭര്‍ത്താവിനെയും തോമാച്ചന്‍ കാറയച്ചു വരുത്തി. തന്റെ മകളാണെന്ന് അറിയാതെ റോസി വിവാഹച്ചടങ്ങുകളില്‍ ആദ്യന്തം പങ്കെടുത്തു.
തോമാച്ചന്റെ നിര്‍ബന്ധപ്രകാരം റോസിയെ അവിടെ നിറുത്തിയിട്ട് സണ്ണി മലബാറിലേക്കു പോയി.
തുടര്‍ന്നൊരു ദിവസം റോസിയോട് ബിന്ദു അവള്‍ പ്രസവിച്ച പെണ്‍കുട്ടിയാണെന്ന സത്യം തോമാച്ചന്‍ വെളിപ്പെടുത്തി. ആദ്യമായി തിരിച്ചറിയുന്ന ബിന്ദുവും റോസിയും പരപസ്പരം കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കുന്നു.
റോസിയില്‍ വികാരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. അവള്‍ ബോധരഹിതയായി തോമാച്ചന്റെ കരങ്ങളിലേക്കു വീഴുന്നു. അയാളുടെ കരവലയത്തിനുള്ളില്‍ വച്ചു തന്നെ അവള്‍ കണ്ണുകളടയ്ക്കുന്നു. എന്നന്നേക്കുമായി.