ഭാഗം - 13
ചില തുറന്നു പറച്ചിലുകൾ നമുക്ക് മനസിന് വല്ലാതെ സന്തോഷം തരും. സ്നേഹമായാലും സന്തോഷമായാലും സങ്കടമായാലും ചിന്തകളായാലും അലോസരപ്പെടുത്തുന്ന വേദനകളായാലും പങ്കുവെച്ചുകഴിയുമ്പോൾ വല്ലാത്തൊരാശ്വാസം എല്ലാരിലും വന്നു ചേരാറുണ്ട്. അമ്പലമുറ്റത്തുള്ള അരയാൽ തറയുടെ മുന്നിൽ നിന്നും എന്റെ ഹൃദയത്തിന്റെ ശ്രീകോലിലിൽ പ്രതിഷ്ഠ ഉറപ്പിച്ച വിഗ്രഹമായ സ്ത്രീയോട് പ്രേമഭാഷ്യം തുറന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിന് വല്ലാതെ സന്തോഷം തോന്നി. അരയാൽ മരത്തിനു മുകളിലൂടെ ചിറകടി ശബ്ദത്തോടെ ഇണപ്രാവുകൾ വട്ടമിട്ടു പറന്നു. സ്വതന്ത്ര ഇന്ത്യയിലെ ദേശീയ വൃക്ഷമായ ആൽമരത്തിന്റെ ശിഖരത്തിൽ കാറ്റുവന്നു തഴുകി ഇലകളെ ഇക്കിളിപ്പെടുത്തി ചെറിയൊരു മർമ്മരം കേൾപ്പിച്ചു കടന്നുപോയി. മഴ കാത്തു കഴിയുന്ന വേഴാമ്പലിനെപ്പോലെ സിമിയുടെ ചുണ്ടുകളിൽ നിന്നും ഞാൻ കേൾക്കാനാഗ്രഹിച്ച വാക്കുകൾക്കായി കാത്തിരുന്നു. ഞങ്ങൾക്കിടയിൽ അൽപനേരം മൗനം തളംകെട്ടി നിന്നു.
ആരുടെയോ വരവിനെ എതിരേൽക്കുന്നപോലെ വിദൂരതയിലേക്ക് സിമി കണ്ണുകൾ എറിഞ്ഞു. അന്നുവരെ ചിരിപടർത്തി പ്രകാശിച്ചിരുന്ന സിമിയുടെ കണ്ണുകളിൽ ഞാൻ ആദ്യമായി പരിഭ്രമത്തിന്റെ വേരുകൾ ഓടിപ്പായുന്നതു കണ്ടു. അവളുടെ കൈവിരലുകൾ അരയാൽ തറയിൽ നിർത്തമാടുന്നുണ്ടായിരുന്നു. വാക്കുകൾക്ക് വേണ്ടി ചിന്തയുടെ കടലാഴങ്ങളിൽ സിമി നീന്തുന്നതുപോലെ തൊണ്ടയിടരുന്നതായി എനിക്ക് തോന്നി. ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു.
"സിമീ..."
എന്റെ വിളികൾ സിമിയുടെ ഉപബോധമനസ്സിനെ തൊട്ടുണർത്തിയതിനാൽ ഒരു മൂളൽ അവളിൽ നിന്നും എന്നിലേക്ക് വന്നു ചേർന്നു. അവളുടെ കാൽപാദങ്ങൾ മണ്ണുകൾ വകഞ്ഞു മാറ്റുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ എന്റെ കൈവിരലുകളിലെ ഞൊട്ടയൊടിച്ചതിനുശേഷം വാക്കുകൾക്ക് വേണ്ടി അമ്പലമുറ്റത്തേക്കു ഒന്ന് കണ്ണോടിച്ചു നോക്കി. നിശബ്ദ്ധത കീറിമുറിച്ചു സിമിയിൽ നിന്നും എന്നിലേക്ക് വാക്കുകൾ പൊട്ടി വീഴാൻ തുടങ്ങി. "വിഷ്ണു...." എനിക്ക് വീട്ടിലേക്കു പോകാൻ സമയമായി ഞാൻ പോട്ടേ... സമ്മതം മൂളുന്നതിനു മുൻപ് എന്റെ വാക്കുകൾക്ക് മറുപടി ലഭിച്ചില്ലെന്ന മുഖഭാവം ഞാൻ സിമിക്ക് നേരെ പ്രതിഭലിപ്പിച്ചു. സിമി എന്റെ മുഖത്തേക്ക് നോക്കുന്നതിനിടയിൽ ഞാൻ എന്റെ പ്രതിബിംബം അവളുടെ കണ്ണുകളിൽ കണ്ടു. സിമി എന്റെ മുഖത്ത് തന്നെ നോക്കി പറഞ്ഞു തുടങ്ങി. താൻ അന്ന് ലൈബ്രറിയിൽ വെച്ച് പറഞ്ഞതുപോലെ ഇപ്പോൾ നമുക്ക് രണ്ടുപേർക്കും ലക്ഷ്യമുണ്ട്. എന്റെ മറുപടി എന്താണെന്നു ഞാൻ ഇപ്പോൾ തുറന്നു പറയുന്നില്ല. എനിക്ക് സമയമെടുത്തെ പറയാൻ കഴിയൂ. ആദ്യം പ്രാധാന്യമർഹിക്കുന്ന ജീവിതത്തിന്റെ ലക്ഷ്യം നിറവേറട്ടെ.. എന്ന് പറഞ്ഞുകൊണ്ട് സിമി എന്നോട് യാത്ര പറഞ്ഞു മുന്നോട്ടു നടന്നു നീങ്ങി.
ജീവിതത്തിൽ എന്ത് ലക്ഷ്യമെന്നറിയാതെ പകച്ചിരുന്ന എന്റെ ലക്ഷ്യത്തെക്കുറിച്ചു സിമിയുടെ ചോദ്യത്തിന് അന്ന് ലൈബ്രറിയിൽ വെച്ച് മറുപടി പറഞ്ഞിരുന്നത് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്നപോലെയായിരുന്നു. ഭാവിയെക്കുറിച്ചു ഇന്നുവരെ എന്ത് ചെയ്യണമെന്നോ എവിടെ തുടങ്ങണമെന്നോ ഒരു ധാരണയില്ലാതിരുന്ന എന്റെ നേർക്കാണൂ സിമി ജീവിതലക്ഷ്യം എന്ന ഉൽക്ക പതിപ്പിച്ചു കടന്നു പോയത്. അൽപനേരം കൂടി അൾത്താരയിൽ ആരെയോ കാത്തിരിക്കുന്നവനെപ്പോലെ നിലയുറപ്പിച്ചിരുന്നു ഞാൻ വീട്ടിലേക്കു നടന്നു. പോകുന്ന വഴിയിൽ എന്റെ ചിന്തയിൽ ജോയ് ആലുക്കാസ് ഗാനോത്സവം എന്ന പരിപാടിയിലെ കത്തിനെക്കുറിച്ചും ഞാൻ സിമിക്ക് നൽകിയ പ്രേമലേഖനത്തെക്കുറിച്ചുമായിരുന്നു. എല്ലാ ആഗ്രഹങ്ങളും നമ്മൾ വിചാരിക്കുന്ന സമയത്തു ജീവിതത്തിൽ നടക്കണമെന്നില്ല. പ്രതീക്ഷയർപ്പിക്കാത്തതു ചിലതു ജീവിതത്തിൽ വന്നു സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ജീവിത വഴി എന്ന് പതിനാറാം വയസ്സുകാരനായ എന്റെ മുന്നിൽ തെളിയിച്ചുകൊണ്ട് മുൻപിലേക്കും വശങ്ങളിലേക്കും വഴികൾ പിരിഞ്ഞു.
പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടുകൂടി പാസ്സായതിനു അച്ഛന്റെ വകയായി ഷർട്ടും പാന്റും അമ്മയുടെ വക രണ്ടു ഗ്രാമിന്റെ മോതിരവും ആനന്ദവല്ലിയമ്മ തന്റെ പെൻഷൻ കാശിൽ നിന്നും ഇരുന്നൂറു രൂപയും എനിക്ക് സമ്മാനിച്ചിരുന്നു. ഞാൻ പാടത്തു ക്രിക്കറ്റ് കളിയും അച്ഛന്റെ കടയിൽ സഹായികളും ചെറിയ ചെറിയ വീട്ടു ജോലികളുമായി ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. പ്ലസ് വൺ കോഴ്സിന് അപ്ലിക്കേഷൻ കൊണ്ടുക്കുന്നതിനു നിശ്ചിത സമയക്രമം വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉത്തരവ് ഇറങ്ങിയിട്ടില്ലായിരുന്നു. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് സ്കൂളിൽ നിന്നും ലഭിച്ചതിനുശേഷം മാത്രമായിരുന്നു കോഴ്സിന് അപ്ലിക്കേഷൻ കൊടുക്കാനും സാധിക്കുമായിരുന്നുള്ളൂ. ഞാനും ബിനീഷും ചേർന്ന് പരീക്ഷ ഫലം വന്നു ഒരാഴ്ചക്ക് ശേഷം സ്കൂളിൽ സെറിട്ടിഫിക്കറ്റിന്റെ വിവരം അന്വേഷിച്ചു ചെന്നിരുന്നു. പ്യൂൺ സുഗുണൻ ചേട്ടൻ പറഞ്ഞതനുസരിച്ചു ഒരാഴ്ച കൂടി കഴിഞ്ഞേ സെർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ വന്നു തുടങ്ങുകയുള്ളു എന്നായിരുന്നു.
വിരസതയിലേക്കു കൂപ്പുകുത്തിയ എന്റെ സമയത്തിന് തിന്നു തീർക്കാൻ ഞാൻ ലൈബ്രയിൽ നിന്നും വീണ്ടും പുസ്തകങ്ങൾ എടുത്തു വായിക്കാൻ തുടങ്ങി. ഇത്തവണ പുസ്തക വായനക്കായി ഞാൻ കൈയ്യിലെടുത്ത് എം. ടി വാസുദേവൻ നായരുടെ 'മഞ്ഞ്' എന്ന കാത്തിരിപ്പിന്റെ കഥ പറഞ്ഞ പുസ്തകയിരുന്നു. ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ് നമുക്കു എല്ലാവർക്കുമുണ്ട്. ഒന്നു കഴിയുമ്പോൾ മറ്റൊന്നിനു വേണ്ടി കാത്തിരിപ്പ് ആരംഭിന്നുന്നവരാണ്. കാലത്തിന്റെ പാറക്കെട്ടുകളിൽ മഞ്ഞു വീഴുകയും ഉരുകുയും വീണ്ടും മഞ്ഞു പടലങ്ങൾ തണുത്തുറഞ്ഞു കട്ടപിടിക്കുകയും ചെയ്യുന്നു. വേനൽ മഴയെയും മഴ മഞ്ഞിനെയും മഞ്ഞ് വേനലിനെയും അങ്ങനെ അന്ത്യമില്ലാതെ തുടരുന്നതാണ് കാത്തിരിപ്പ്. ഒരിക്കൽ ആഴത്തിൽ സ്നേഹിച്ചുപോയ വ്യക്തിയെ കാത്തിരിക്കുന്ന വിമല, അച്ഛനെ കാത്തിരിക്കുന്ന ബുദ്ധു, മരണത്തെ കാത്തിരിക്കുന്ന സർദാർജി ഈ കാത്തിരിപ്പുകളിൽ തുടങ്ങുന്ന നോവൽ കാത്തിരിപ്പുകളിൽ തന്നെ അവസാനിക്കുന്നു. "വരാതിരിക്കില്ല " എന്ന നോവലിന്റെ അവസാന വാചകത്തിൽ പ്രതീക്ഷയോടുള്ള കാത്തിരിപ്പാണ്. എന്തിനൊക്കെയോവേണ്ടി കാത്തിരിക്കുന്ന മനുഷ്യരാണ് നമ്മളോരോരുത്തരും. ഇത്രയും മനോഹരമായി മനുഷ്യന്റെ കാത്തിരിപ്പ് എന്ന വികാരത്തെ ആസ്പദമാക്കി വേറൊരെഴുത്ത് മലയാളത്തിലുണ്ടോന്ന് എനിക്കറിയില്ല. നൂറു പേജുകളിൽ താഴെയുള്ള മഞ്ഞ് എന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ കാത്തിരിപ്പിന്റെ ഒരു കുളിരാണ് അനുഭപ്പെട്ടത്.
പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും ഒരുപോലെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന മഞ്ഞ് എന്ന പുസ്തകം വായിച്ച ഞാൻ സിമിക്ക് വേണ്ടി കാത്തിരുന്നു. തന്റെ മനസ്സും ശരീരവും കവർന്നെടുത്തു തന്നെ വിട്ടുപോയ കാമുകനെ ഒരിക്കൽ പോലും ചതിയനായി കാണാൻ കഴിയാത്ത വിമല അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിലകൊണ്ടതുപോലെ സിമിയും അവളുടെ ജീവിതലക്ഷ്യത്തിലെത്തി ചേരും വരെ എന്നെയും കാത്തിരിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു ദിനരാത്രങ്ങൾ എന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുകൊണ്ടിരുന്നു.
(തുടരും.....)