ഏറെ നാളുകളായല്ലോ സഖീ ,
നീ എങ്ങോട്ടു പോയൊളിച്ചു
നിന്നോടു ഞാൻ പരിഭവത്തിലാണ് ..
ഇരുണ്ട പുകപറ്റിയ ഭിത്തിയിൽ
വെളിച്ചം തെളിയിക്കുന്നതും
പാല് പതഞ്ഞു പൊങ്ങുന്നതും നീ തലങ്ങും വിലങ്ങും പാഞ്ഞോടുന്ന കാഴ്ചയും
ഇല്ലാത്ത ഈ പ്രഭാതങ്ങൾ
എനിക്ക് സങ്കടമാകുന്നു ..
കാപ്പിയിൽ മധുരം പകർന്നു , സാരിത്തുമ്പുകൊണ്ടു കപ്പ് തുടച്ചു
ധൃതിയിൽ എന്തൊക്കൊയോ സ്വയം മൊഴിഞ്ഞു
നടന്നു നീങ്ങുന്ന , നീ എന്റെ കണിക്കാഴ്ച എവിടെയാണ് നീ ഇപ്പോൾ ?
പുലരും മുതൽ എന്റെയൊപ്പം
കൂടെ കൂട്ടുകൂടി
പാത്രത്തിന്റെ കലപിലകൾ സംഗീതമാക്കി
എന്നെ ഒരു സംഗീത സദസ്സാക്കി ,
ഒപ്പം നിൻറെ മൂളിപ്പാട്ടുകളും
ഇടയ്ക്കിടെയുള്ള ശകാരങ്ങളും ,
എന്നെ തനിച്ചാക്കി
നീ എങ്ങോട്ട് പോയ്ക്കളഞ്ഞു..
ഈ വിരസത ,
എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു
എന്റെ
പാതകത്തിൽ ഇരിക്കേണ്ട പച്ചക്കറി നിറങ്ങൾ ,
ഫ്രിഡ്ജിന്റെ തണുപ്പിൽ മങ്ങി വിറക്കുന്നുണ്ടാകും ..
മഞ്ഞളും , കടുകും , ഉലുവയും, ചായപ്പൊടിയും,
പരിപ്പും, മറ്റു സാധങ്ങളും നിറച്ച
കുപ്പികൾ
നീ എവിടെ പോയെന്ന് ഇടക്കിടെ എന്നോട് ചോദിക്കുന്നു ...
പകൽമുഴുവനും ജലമൊഴുക്കുന്ന
എന്റെ ശ്വാസനാളമായ
പൈപ്പ് ,
ദേ ... ജീവനില്ലാത്ത കണ്ണുകൾ കൊണ്ടെന്നെ
തുറിച്ചുനോക്കി ഭയപ്പെടുത്തുന്നു ..
ജാലകപ്പടിയിൽ ചെറു പാത്രങ്ങളിൽ നീ വെച്ച ഇലച്ചെടികൾ
പച്ചനിറം മാറി , ഇലകൾ കൊഴിച്ചു മഞ്ഞളിച്ചു ..
ദുഃഖത്താൽ തലതാഴ്ത്തി വിതുമ്പുന്നു ..
ദിനവും നാലുവട്ടമെങ്കിലും നീ തുടച്ച് തുടുപ്പിക്കുന്ന
തറയാകെ പൊടിപിടിച്ചു പോയ് ...
വരൂ സഖീ ..നിന്നെയും കാത്തിരിക്കുന്നു ഞാൻ...
വെളിച്ചമായ് , ശബ്ദമായ് ..
നീ കടന്നുവരുന്നതും
കാത്തിരിപ്പൂ ഞാൻ ... തനിച്ചാക്കല്ലേ
നിൻറെയീ പാവം അടുക്കളയെ ...