ആനപ്പാറേന്ന് എരച്ചെറങ്ങി വരണ മഴ. പണ്ട് കുഞ്ഞിലേ ... വലിപ്പത്തിൻ്റെ ദോഷങ്ങളൊക്കെ വരണേലും മുന്നേ എത്ര ഇഷ്ടത്തോടെ
നോക്കിയിരുന്നിട്ടുണ്ടെന്നോ!
ഇന്നീ ഇറ്റലില് അത്ര ദൂരത്തൊന്നും അല്ലാത്ത കുന്നിൻമോളീന്ന് മഴ എരച്ചോണ്ട് വന്നപ്പോ അന്നത്തെ ആ ഓർമ്മേല്ങ്ങനെ നോക്കി നിക്കാരുന്നു.
അപ്പഴാ മിഷേത്തോ കരഞ്ഞോണ്ടോടി വന്നെ.
"ടീ... ചേച്ചി ഇതെന്തൂട്ടാ ഈ വരണേ. അയ്യോ പേട്യാവണേയ് "
" നീയെന്നെ മഴ കാണാനും സമ്മയ്ക്കില്ലെ"ന്നും ചോച്ചോണ്ടാ തിരിഞ്ഞു നോക്കീത്.
"അയ്യോ... അയ്യോ " ന്നും വിളിച്ച് വട്ടം കറങ്ങുന്നു. നോക്കിപ്പോ പ്രസവിക്കാനുള്ള പ്ലാനാ. പാതി പുറത്തെത്തിയ കുഞ്ഞിനേം കൊണ്ട് ഉരുളുന്നു ഓടുന്നു തിരിയുന്നു. പിടിച്ച് കെടത്തിപ്പോ...
"ഇതെന്താ ഈ സാധനം" ന്ന മട്ടില് കുഞ്ഞിനേ നോക്കുന്നു.
പതുക്കെ ഞാനതിനെ വലിച്ച് പൊറത്തിട്ടു.
കുഞ്ഞ് പൊറത്തെത്തി ഒരു തുമ്മലും കരച്ചിലും. അതോടെ മാറീലേ ഭാവം.
"മതി. എൻക്ക് മൻസിലായി"ന്നും പറഞ്ഞ് കുഞ്ഞിനേം കടിച്ചെടുത്ത് സ്റ്റോർറൂമിലെ അലാമാരേടെ മുക്കിലേക്കോടിക്കയറി.
ഇത്തിരി കഴിഞ്ഞ് ഞാനൊന്ന് നോക്കാൻ ചെന്നപ്പം ലോകത്തേറ്റം അറിവാളത്തി അവളാന്ന മട്ടിലൊരു നോട്ടോം..
" നിൻക്കിവ്ടെ എന്താ കാര്യം. പോക്കോപടന്ന് " ന്നൊരു ചീറ്റലും.
" പ്രസവാലസ്യം ഒക്കെ കഴിമ്പോ തിന്നാൻ വരൂലൊ. അപ്പ കാണിച്ചരാടീ " ന്ന് സമാധാനിച്ചു. എത്ര പിള്ളേരുണ്ടാവോ?
ന്നാലും മിഷേത്തോ ആ മറ്റേ പെങ്കൊച്ചിൻ്റൂട്ട് പേറ് ന്ന് പറഞ്ഞാ ഇത്രേള്ളോ ന്ന ഗമേലാ ന്നാ തോന്നണെ. ഇത്തിരി മുമ്പ് അവ്ടിങ്ങനെ അള്ളാപട്ച്ചോന്ന് കെടക്ക്ണ്ടാർന്നതാന്നേ.
മീഷേത്തോക്ക് നാല് കുട്ട്യോള്. നാലെണ്ണോ ന്ന അതിശയത്തോടെ ഞാനാ കുഞ്ഞുങ്ങളെ സൂക്ഷിച്ചൊന്ന് നോക്കി. നോട്ടം കണ്ട് അവള് തെറ്റിദ്ധരിച്ചൂന്നേ.
"ന്താ വക്രിച്ചൊരു നോട്ടം. നിങ്ങക്കത്ര പിടിച്ചില്ല്യാന്ന് തോന്നണു. അല്ലെങ്കിലും നിങ്ങടെ നാട്ടാർക്ക് കർത്തോരെ അത്ര പിടിക്കില്ല്യാന്ന് എൻക്കറിയാം. "
ശ്ശൊ. ഞാനതൊന്നും ആലോയ്ച്ചതല്ല. മൂന്ന് കറമ്പൻമാരും പിന്നെ ഒരെണ്ണം മീഷേത്തൂനെപ്പോലേം. ഞാനവരുടെ ഒരു ഫോട്ടോ എടുക്കാൻ നോക്കി.
" എന്തിനാ? നിൻക്ക് പേസ്ബുക്കിലിടാനല്ലേ. വേണ്ട. അങ്ങനിപ്പോ ആഗോഷിക്കണ്ട. ഇത് വെൾത്തോർടെ നാടാ. ന്ന്ട്ടും ഇവടെങ്ങനെ കറുപ്പും വെളുപ്പും ന്നൊന്നും ഇല്ല്യ."
" പ്പൊ ഫോട്ടം പിടിക്കാൻ വന്നേക്കാ. അന്ന് ആ ടീച്ചറെ കുറ്റം പറഞ്ഞ് നീയും പോസിറ്റിട്ടില്ലേ? എന്നിട്ടിപ്പോ ന്തേ മോന്ത ചുളിക്കണു. "
ഞാനപ്പോ അങ്ങനൊന്നും ആലോചിച്ചില്ലാരുന്നുട്ടോ. ഈ മിഷേത്തോൻ്റെ ഒരു കാര്യം. എന്നാലും അവള് മാറ്യ തക്കത്തിന് ഫോട്ടോയെടുത്തു. എന്നാലും ആ കറുത്ത കണ്ടൻ്റെ കൂടെ അവളെന്തിനാ പോയെ? വെളുപ്പും സ്വർണക്കളറും കൂടിക്കലർന്ന നെറൊള്ള നല്ല ഒരു കണ്ടനുണ്ടാർന്നല്ലോ ..
എന്നാലും കഷ്ടായി !