Image

നിഴൽ (കവിത: അശോക് കുമാർ. കെ)

Published on 03 May, 2024
നിഴൽ (കവിത: അശോക് കുമാർ. കെ)

അവൻ
 ചെയ്യുന്നതനുസരിച്ചെല്ലാം
നിഴൽ
ചലിക്കുന്നുണ്ട്.

എങ്കിലും
ആത്മനിഴൽ
ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു :

നിന്നിൽ
തെറ്റു ചയ്യാത്തവൻ്റെ
കുരിശുണ്ട് ...

കപട
അശ്വത്ഥാമാവെന്ന
ആനയുണ്ട്.

നിന്നിൽ
ചിരിയുടെയും
കരച്ചിലിൻ്റെയും
അപഥസഞ്ചാരമുണ്ട്.

തെറ്റു ചെയ്യാതെ
കൊലമരം പൂകിയ
ഞരക്കത്തിൻ്റെ
രക്തസ്രാവമുണ്ട്.

അശുദ്ധ സ്നേഹം നിറച്ച
ആസിഡു ബൾബുകളുടെ വിസ്ഫോടനമുണ്ട്...

അച്ഛൻ കൊന്നെറിഞ്ഞ
കുഞ്ഞു പുത്രിയുടെ
സ്വപ്ന ശലഭശവപ്പറമ്പുകളുണ്ട്....

കോപ കഠാര പതിച്ചു
മരിച്ച പിതാവിൻ്റെ
കണ്ണീർ പുത്രനുണ്ട്...

അകലെയൊരാഴിയിൽ
ജീവിതയഴലിൽ
മുങ്ങിമരിച്ച സോദരിയുടെ
തേങ്ങൽ കാറ്റുണ്ട്....

പക്ഷേ,
നിഴൽ തേങ്ങിത്തേങ്ങി
പറഞ്ഞു:

അവൻ്റെ ചോരയിലെനിക്ക്
പങ്കില്ല.

ഞാൻ വെറും
നിഴൽ മാത്രം...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക