Image

എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-5: നീനാ പനയ്ക്കല്‍)

Published on 04 May, 2024
എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-5: നീനാ പനയ്ക്കല്‍)

ലിപ്പ്‌ബോര്‍ഗ്


എന്റെ ആന്റി മിന്‍ചെന്റെ വീട്ടില്‍ പോയ അവസാനത്തെ വെക്കേഷന്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. പക്ഷെ അത് 1938 ലായിരുന്നോ അതോ 1939-ലോ എന്ന് എനിക്ക് തീര്‍ച്ചയില്ല. ആന്റി മിന്‍ചെന്റെ ഭര്‍ത്താവ് അങ്കിള്‍ ഫ്രാന്‍സ് ട അ എന്ന ബ്രൗണ്‍ ഷര്‍ട്ടിലെ അംഗമായിരുന്നു.  S A  എന്നാല്‍ Storm Detachment എന്നാണര്‍ത്ഥം. ആന്റി മിന്‍ചെനെ സ്ത്രീകളുടെ നാസി ശക്തിയുടെ സഹായസേനയില്‍ ചേരാന്‍ അങ്കിള്‍ ഫ്രാന്‍സ് നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ശക്തിയായി എതിര്‍ത്തു. എങ്കിലും പിന്നീടു മനസ്സുമാറ്റി. ''നിന്റെ മമ്മാക്കും പപ്പാക്കും അനുജനും നിനക്കും ആഹാരസാധനങ്ങള്‍ എത്തിക്കുമ്പോള്‍, ഹിറ്റ്‌ലറുടെ സ്വസ്തിക ബട്ടണ്‍ ധരിച്ചിരിക്കയാണെങ്കില്‍, പേടികൂടാതെയും കൂടുതല്‍ ഭംഗിയായും ചെയ്യാന്‍ എനിക്കു സാധിക്കും'' ആന്റി മിന്‍ചെന്‍ എന്നോടു പറയും. 'ഈ നശിച്ച സാധനം' - അവര്‍ അങ്ങനെയാണ് ആ ബട്ടണെ വിളിച്ചിരുന്നത് - ഞാന്‍ ധരിക്കുന്നത് നിങ്ങളെ സഹായിക്കാന്‍ വേണ്ടിമാത്രമാണ്.
ഒരിക്കല്‍ അവര്‍ എന്നെ ഒരു വലിയ ജര്‍മ്മന്‍ ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോയി. എല്ലാവരും എഴുന്നേറ്റുനിന്ന് 'പതാക ഉയര്‍ത്തിപ്പിടിക്കുവിന്‍' എന്ന നാസിഗാനം ''ഹിറ്റ്‌ലര്‍ സല്യൂട്ടില്‍'' നിന്ന് ഉറക്കെ പാടാന്‍ തുടങ്ങി. ആന്റി മിന്‍ചെന്‍ എന്നെ നോക്കി കണ്ണിറുക്കിക്കാട്ടി, താന്‍ ചെയ്യുന്നതുപോലെ ചെയ്‌തോളാന്‍ പറഞ്ഞു. ഞാന്‍ കൈകള്‍ ഉയര്‍ത്തി പാട്ടുപാടുന്നതുപോലെ അഭിനയിച്ചു നിന്നു. ഈ നാട്യം സംശയങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാനും ഞങ്ങളെ പരമാവധി സഹായിക്കാനും അവരെ പ്രാപ്തയാക്കി. വലിയ ബുദ്ധിമതിയൊന്നും ആയിരുന്നില്ലെങ്കിലും കോമണ്‍സെന്‍സ് ധാരാളമുള്ള സ്ത്രീയായിരുന്നു അവര്‍. സ്വയം അപകടത്തിലേക്ക് ചാടുകയാണെന്നറിയാമായിരുന്നിട്ടും ഞങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ അവര്‍ പിന്നോക്കം മാറിയതേയില്ല.
വിവാഹശേഷം അവരുടെ ജീവിതം പരിപൂര്‍ണ്ണമായി മാറി. ഡോര്‍ട്ട്മണ്ട് എന്ന വലിയ സിറ്റിയില്‍ നിന്ന് ഒരു കൃഷിഭൂമിയിലേക്ക് താമസം മാറേണ്ടിവന്നു. ലിപ്പ്‌ബോര്‍ഗിലേക്ക് മാറിയ ശേഷം അവര്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ജോലി ചെയ്തു. വസന്തകാലാരംഭം മുതല്‍ ശരത്ക്കാലാവസാനം വരെ അവര്‍ തോട്ടത്തില്‍ കൃഷികള്‍ ചെയ്തു. ഏറ്റവും നല്ലതും ഗുണമേറിയതുമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കേടുവരാതെ സൂക്ഷിച്ചുവച്ചു. തന്റെ കൃഷി ഫലങ്ങളെക്കുറിച്ച് വലിയ അഭിമാനമായിരുന്നു അവര്‍ക്ക്. എണ്ണിയാലൊടുങ്ങാത്തത്ര, പേരെഴുതിയ കുപ്പികള്‍ വീടിനകത്തും, അടുക്കളയിലും നിറഞ്ഞിരുന്നു. മര്‍മ്മലേഡുകളും ജാമുകളും, ഫ്രൂട്ട് സിറപ്പുകളും ഉണ്ടാക്കി, വലിയ തടികൊണ്ടുള്ള ടബ്ബുകളില്‍ ബീന്‍സും പിക്കിള്‍ ചെയ്ത മലക്കറികളും നിറച്ചുവച്ചു. വേനല്‍ക്കാലത്തിലെ അവസാനദിവസങ്ങള്‍ അവരുടെ വീട് ഭക്ഷണ ഫാക്ടറിപോലെയായി.
യാത്ര ചെയ്യാന്‍ അവര്‍ക്ക് ക്യാരിയര്‍ ഉള്ള ഒരു സൈക്കിളാണ് ഉണ്ടായിരുന്നത്. അടുത്തുള്ള ഫാമുകളില്‍ പോയി അവര്‍ മുട്ടയും വെണ്ണയും പാല്‍ക്കട്ടിയും മറ്റെന്തൊക്കെ കിട്ടുമോ അവയൊക്കെയും വാങ്ങും. അവരോടൊപ്പം സൈക്കിള്‍ യാത്ര ചെയ്യാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വലിയ ഗോതമ്പു വയലുകള്‍ക്കിടയിലൂടെയാണ് യാത്ര. അങ്കിള്‍ ഫ്രാന്‍സിന് ഒരു മോട്ടോര്‍ ബൈക്കാണ് ഉണ്ടായിരുന്നത്. ആന്റി മിന്‍ചെന്‍ ബൈക്കില്‍ അദ്ദേഹത്തോടൊപ്പം 'ബെക്കം' എന്നു പേരുള്ള ടൗണില്‍ പോകുമായിരുന്നു. ധീരയാണെന്ന് ഭാവിക്കുമെങ്കിലും ആന്റി മിന്‍ചെന് ആ ബൈക്കില്‍ യാത്ര ചെയ്യാന്‍ (ചെയ്യുന്നത്) ഭയങ്കര പേടിയായിരുന്നു.
അങ്കിള്‍ ഫ്രാന്‍സ് നോട്ടില്‍മാന്‍ ലിപ്പ്‌ബോര്‍ഗില്‍ 1892-ല്‍ ജനിച്ചു. നല്ല നീളമുള്ള ആളായിരുന്നു അദ്ദേഹം. കണ്ണുകളില്‍ സൂത്രം ഒളിപ്പിച്ചവന്‍. പറ്റെ വെട്ടിയ, നരച്ച ബ്രൗണ്‍ നിറത്തിലുള്ള തലമുടിയായിരുന്നു അങ്ങേര്‍ക്ക്. മരസാമാനങ്ങള്‍ നിര്‍മ്മിക്കുന്ന ജോലി ചെയ്തിരുന്ന അങ്കിള്‍ ഫ്രാന്‍സ്, പണിചെയ്യുന്ന സമയത്ത് ഓവറാള്‍ ധരിക്കുമായിരുന്നെങ്കിലും, കസ്റ്റമര്‍ വരുമ്പോള്‍ നന്നായി വസ്ത്രധാരണം ചെയ്ത ശേഷമേ മുന്നില്‍ ചെല്ലൂ. വെസ്റ്റ്ഫാലിയന്‍ ഭാഷാഭേദം സംസാരത്തില്‍ മുഴച്ചു നിന്നിരുന്നു. സാധാരണയായി അങ്ങേര്‍ ജര്‍മ്മന്‍ സ്റ്റൈല്‍ ഹണ്ടിംഗ് ഹാറ്റ് ആണ് ധരിച്ചിരുന്നത്. അതിന്റെ  വക്കില്‍ ഒരു തൂവല്‍ കുത്തിയിരിക്കും. വൈകുന്നേരങ്ങളിലും ആഴ്ചയവസാനങ്ങളിലും അങ്ങേരുടെ കൂടെ മദ്യപിക്കാന്‍ പോകാന്‍ തീരെ ബഹുമാന്യനല്ലാത്ത ഒരുത്തന്‍ വരുമായിരുന്നു. അയാളും ലിപ്പ്‌ബോര്‍ഗില്‍ ജനിച്ചുവളര്‍ന്നവനാണ്.
ആന്റി മിന്‍ചെന്‍ കുടുംബനാഥന്‍ എന്ന നിലയില്‍ തന്നെ അങ്ങേയറ്റം ബഹുമാനിക്കണമെന്ന് അങ്കിള്‍ ഫ്രാന്‍സിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങേരുടെ ആഗ്രഹങ്ങള്‍ അങ്ങോട്ടൊരു ചോദ്യവും കൂടാതെ സാധിച്ചുകൊടുക്കണമെന്നും പ്രതീക്ഷിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ അങ്ങേരാണ് ബോസ്. (ആദ്യഭാര്യ അങ്ങേരെ ഉപേക്ഷിച്ചുപോയി. അവര്‍ക്ക് കുട്ടികളില്ലായിരുന്നു.)
അങ്കിള്‍ ഫ്രാന്‍സിനെ എങ്ങനെയാണ് ആന്റി മിന്‍ചെന്‍ കണ്ടുമുട്ടിയതെന്ന് കുടുംബത്തിലെല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. നാല്പതുകളിലാണ് അവര്‍ അങ്കിളിനെ വിവാഹം കഴിച്ചത്. തങ്ങള്‍ ന്യൂസ്‌പേപ്പര്‍ പരസ്യത്തിലൂടെയല്ലേ കണ്ടുമുട്ടിയത് എന്നാണ് ആന്റി മിന്‍ചെന്‍ ഇന്നും സംശയിക്കുന്നത്. അക്കാര്യത്തില്‍ രണ്ടുപേര്‍ക്കും നിശ്ചയമില്ല.
അങ്കിള്‍ ഫ്രാന്‍സ് ഒരു നല്ല കത്തോലിക്കാ ഭവനത്തിലാണ് ജനിച്ചുവളര്‍ന്നത്. അങ്ങേരുടെ സഹോദരിമാര്‍ ആരും ലിപ്പ്‌ബോര്‍ഗിലെ വീട്ടില്‍ താമസിച്ചിരുന്നില്ല. മമ്മാ ആന്റി മിന്‍ചെനോടൊപ്പം ഗ്രാമത്തിന്റെ നടുവില്‍ കല്ലുകൊണ്ട് പണിത ഒരു വീട്ടില്‍ താമസിച്ചിരുന്നു. കിച്ചനും പാന്‍ട്രിയും മമ്മാ നോട്ടില്‍മാന്‍ന്റെ മുറിയും ഒന്നാം നിലയിലാണ്. ഡൈനിംഗ് റൂമും ലിവിംഗ് റൂമും ഒന്നാം നിലയില്‍ തന്നെ. പക്ഷെ വിശേഷദിവസങ്ങളില്‍ മാത്രമേ ഉപയോഗിക്കൂ. ആന്റി മിന്‍ചെന്‍ന്റെ കിടപ്പുമുറി രണ്ടാം നിലയിലാണ്. താഴത്തെ നിലയില്‍ തറയോട് ഇട്ടിരുന്നതിനാല്‍ ഭയങ്കര തണുപ്പാണ്. ബെഡ്‌റൂമുകളൊഴികെ മറ്റുമുറികളില്‍ കല്ക്കരി കൊണ്ടുള്ള അടുപ്പുകളുണ്ട്. ടോയ്‌ലറ്റ് വീടിനു പുറത്താണ് തണുത്ത വെള്ളം വരുന്ന പൈപ്പുകളാണ് ആ വീട്ടിലുണ്ടായിരുന്നത്.
കുളി ദിവസം - സാധാരണയായി ശനിയാഴ്ച - കിച്ചനില്‍ വലിയ പാത്രത്തില്‍ ആന്റി മിന്‍ചെന്‍ പറയുന്ന ക്രമത്തില്‍ ഓരോരുത്തരായി കുളിക്കും. എന്നെ കുളിപ്പിക്കുന്നത് ആന്റിയാണ്. കുളികഴിഞ്ഞ് ഒരു വലിയ ടവ്വല്‍ കൊണ്ട് എന്നെ പൊതിയും. വെള്ളം ചൂടാക്കിയതു കാരണം അടുപ്പും കിച്ചനും നല്ല ചൂടായിരിക്കും. ആ ചൂട് അടുപ്പില്‍ ആന്റി ബ്രഡുകളും കേക്കുകളും ബേക്ക് ചെയ്യുന്നതിന്റെ നല്ല മണമുണ്ടാവും.
അങ്കിള്‍ ഫ്രാന്‍സിനെ വിവാഹം കഴിക്കുമ്പോള്‍ ആന്റിയുടെ പക്കല്‍ ധാരാളം പണമുണ്ടായിരുന്നു. കടങ്ങള്‍ വീട്ടാനും ചില വിലകൂടിയ മെഷീനുകള്‍ വാങ്ങാനും ആന്റിയുടെ പണമെടുത്ത് അങ്ങേര്‍ ചെലവാക്കി. കുടിയും പെണ്ണുപിടിയും ആയിരുന്നു അയാളുടെ വലിയ പ്രശ്‌നങ്ങള്‍. ഗ്രാമത്തിലെ കുപ്രസിദ്ധകളായ ചില സ്ത്രീകളോടൊപ്പം മദ്യശാലകളില്‍ അങ്ങേര്‍ പതിവായി പോകാറുണ്ടായിരുന്നു. താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാനും ആന്റിയുടെ പണമെടുത്ത് അങ്ങേര്‍ ഉപയോഗിച്ചു.
ഇത്രയധികം ചീത്തസ്വഭാവങ്ങളുണ്ടായിരുന്നിട്ടും ആന്റി മിന്‍ചെന്‍ ഞങ്ങളെ സഹായിക്കുന്നതില്‍ അങ്ങേര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. ഞങ്ങളുടെ കുടുംബ പശ്ചാത്തലം അറിയാമായിരുന്നിട്ടും! എന്റെ മമ്മായ്ക്ക് ആപത്തിനെതിരെ സംരക്ഷണം നല്‍കുകവരെ ചെയ്തിരുന്നു. അങ്ങേരുടെ മമ്മ മിസിസ് നോട്ടില്‍മാന്‍ നാസികളെ വെറുത്തിരുന്നു, അതുകൊണ്ടുതന്നെ എന്റെ മമ്മായുടെ നല്ല കൂട്ടുകാരിയും സംരക്ഷകയും ആയി. പക്ഷെ മിസിസ് നോട്ടില്‍മാനും എന്റെ ആന്റി മിന്‍ചെനും തമ്മില്‍ രസച്ചേര്‍ച്ചയില്ലായിരുന്നു. അങ്കിള്‍ ഫ്രാന്‍സിന്റെ സ്വന്തക്കാര്‍, വിശേഷിച്ചും അങ്ങേരുടെ സഹോദരിമാര്‍ തന്നെ വെറുത്തിരുന്നു എന്ന് ആന്റി മിന്‍ചെന്‍ വിശ്വസിച്ചു. കാരണമുണ്ട്. താനൊരു കത്തോലിക്കാ സ്ത്രീ ആയിരുന്നില്ലല്ലോ. ഉള്ളിന്റെ ഉള്ളില്‍ അങ്കിള്‍ ഫ്രാന്‍സിന്റെ പാപങ്ങള്‍ക്കെല്ലാം കാരണം മമ്മായാണെന്നവര്‍ വിശ്വസിച്ചു.
നാസിഭരണത്തിന്റെ ഏറ്റവും ചീത്ത സമയത്ത് അങ്ങേര്‍ നാസി ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് എന്റെ മമ്മായോട് പറഞ്ഞു : ''ലീന, നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല.'' ആ സത്യം അങ്ങേര്‍ പാലിക്കുകയും ചെയ്തു. അതുകൊണ്ട് അങ്ങേരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് സമ്മിശ്രവികാരങ്ങളാണുള്ളത്.

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക