Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 17 - സാംസി കൊടുമണ്‍) 

Published on 04 May, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം 17 - സാംസി കൊടുമണ്‍) 

ഹാരിയറ്റ് ടബ്മാന്റെ കഥ

ഹാരിയറ്റ് ടബ്മാന്‍ എന്ന മിന്റി റോസ് ജനിച്ചത് ആയിരത്തി എണ്ണുറ്റി ഇരുപതിനും ഇരുപത്തഞ്ചിനും (1820/25) ഇടയിലാണെന്നു പൊതുവെ വിശ്വസിക്കുന്നു. അതിനെന്തെങ്കിലും തെളിവുകള്‍ കാണുമായിരിക്കും. അമ്മ ഹാരിയറ്റ് ഗ്രീന്‍, അപ്പന്‍ ബെഞ്ഞമിന്‍ റോസ്. മെരിലാന്റിലെ ഒരു പ്ലാന്റേഷനിലെ സ്ലേവ് ക്യാബിനില്‍ ജനിച്ച മിന്റി റോസിന് സഹോദരങ്ങളായി എട്ടുപേര്‍ ഉണ്ടായിരുന്നതായി ഞങ്ങളുടെ വായ്പ്പാട്ടുകളില്‍പറയുന്നു.മിന്റിയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നത്, തനിക്ക് സഹോദരങ്ങളായി ജനിച്ച മൂത്ത രണ്ടു സഹോദരിമാരെ സ്ലേവ് കച്ചോടക്കാര്‍ കൈകള്‍ കൂട്ടിക്കെട്ടി അരയില്‍ കെട്ടിയ കയറുകളില്‍ ബന്ധിക്കപ്പെട്ടവരായി വലിച്ചിഴക്കപ്പെടുന്നവരുടെ നിലവിളിയിലാണ്. എന്താണു നടക്കുന്നതെന്നറിയാനുള്ള അറിവ് മിന്റിക്കോ, പേരുപോലും അറിയാത്ത സഹോദരിമാര്‍ക്കോ ഇല്ലായിരുന്നു. പക്ഷേ അവരുടെ നിലവിളി പിന്നിട് ആ ജീവിതത്തില്‍ എന്നും മിന്റിയെ പിന്തുടര്‍ന്നു. അന്ന് മനസ്സില്‍ മുളച്ച പകയും വിദ്വേഷവുമായിരിക്കാം അടിമത്വത്തിനെതിരെയുള്ള പോരാളിയായി മിന്റിയെ വളര്‍ത്തിയത്. വളരെ ശ്രമിച്ചെങ്കിലും പിന്നിടൊരിക്കലും ആ സഹോദരിമാരെ കണ്ടിട്ടില്ലാ എന്ന് വേദനയോടെ അവര്‍ ഓര്‍ക്കുന്നു.

ഒട്ടും ദയയില്ലാത്ത യജമാനന്‍ സ്വന്തം ലാഭത്തില്‍ മാത്രം കണ്ണുള്ളവനായിരുന്നു. മിന്റിയുടെ അഞ്ചാം വയസില്‍ അവളെ അയല്‍ത്തോട്ടത്തിലെ കൂട്ടുകാരന്റെ് വീട്ടിലെ അടുക്കള ജോലിക്കും അവരുടെ നാലുവയസായ മകളുടെ നോട്ടക്കാരിയും ആയി പാട്ടത്തിനു കൊടുത്തു. . മിന്റി എന്ന സ്ലേവിന്റെ ഉള്ളില്‍ വളര്‍ന്ന നിസഹായതയും പകയുമായിരിക്കാം അവരുടെ ഉള്ളില്‍ സ്വാതന്ത്ര്യത്തിന്റെ വിത്തുകള്‍ പാകിയത് . പിന്നീട് അതു വളര്‍ന്ന് ഒരു അബോളിഷ്‌നിസ്റ്റായി, അണ്ടര്‍ഗ്രൗണ്ട് റെയില്‍ റോഡ് കണ്ടക്ടര്‍ ആയി മാറുന്നതിനിടയില്‍ അവര്‍ അനുഭവിച്ചതൊക്കെ എത്ര വലിയ സഹനങ്ങളായിരിക്കും.മറവിയാണു മനുഷ്യന്റെ വലിയ ശത്രുവും, ഒപ്പം ജീവിത പ്രചോദനവും. എന്നാല്‍ മിന്റിക്ക് പ്രചോദനം ജീവിതത്തില്‍ ഏറ്റ പ്രഹരങ്ങളുടെ വേദനയും നീറ്റലുമായിരുന്നു. ഒന്നും മറക്കാതെ എല്ലാം മനസില്‍ കുറിച്ച് ഒരു നിക്ഷേധിയെ വളര്‍ത്തി. എല്ലാത്തിനോടും പകരം ചോദിക്കാനുള്ള പകക്കൊപ്പം, സ്വാതന്ത്ര്യം എന്ന മന്ത്രം ഉള്ളില്‍ വിങ്ങി..

ഒരു അഞ്ചുവയസുകാരി തന്നേക്കാള്‍ അധികം പ്രായവ്യത്യാസമില്ലാത്ത ഒരാളുടെ നോട്ടക്കാരിയായപ്പോള്‍ എന്തൊക്കെ ഒരു കുട്ടിക്ക് ചെയ്യാമൊന്നോ, ചെയ്യരുതെന്നോ ഉള്ള വകതിരുവ് രണ്ടുപേരിലും ഇല്ലാതിരുന്നതിനാല്‍, യജമാനന്റെ കുട്ടി ചെയ്യുന്ന എല്ലാ അരുതാഴ്മകള്‍ക്കും ഉള്ള അയഞ്ഞ ചൂരല്‍ പ്രയോഗം മിന്റിയുടെ ദേഹത്താകെ നീര്‍ക്കെട്ടുകളായി.ശിക്ഷിക്കപ്പെടുന്നവളുടെ കുറ്റം എന്തെന്നറിഞ്ഞ് തെറ്റുതിരുത്താനുള്ള അറിവിലേക്കുള്ള വളര്‍ച്ചക്ക് കാലം ഏറേ ഇനിയും വേണമെന്ന സത്യം മനുഷ്യത്വമില്ലാത്ത യജമാനത്തി തിരിച്ചറിഞ്ഞില്ല.കുട്ടിയുടെ ഉടുപ്പില്‍ അഴുക്കു പറ്റിയാല്‍, കോരിക്കുടിക്കുന്ന റവക്കുറുക്ക് ചിറിയില്‍ പറ്റിയിരുന്നാല്‍, അപ്പിയിട്ടകുട്ടിയെ കഴുകിക്കാന്‍ അല്പം താമസിച്ചാല്‍ കൈയ്യില്‍ കിട്ടുന്നതെടുത്ത് അവര്‍ മിന്റിയെ തല്ലി. ഒരു അടിമയുടെ ജീവിതം ഇങ്ങനെയാണന്ന തിരിച്ചറിവിന്റെ പാഠങ്ങള്‍ പഠിക്കുമ്പോള്‍ മോചനത്തിന്റെ ചിന്തയുടെ വേരുകളും വളരുന്നുണ്ടായിരുന്നു എന്ന് മിന്റി അറിഞ്ഞിട്ടുണ്ടാവില്ല.. ഞാന്‍ എന്തിനാണിക്കഥ ഇങ്ങനെ പറയുന്നത്... സ്വയം ചോദിക്കുന്നപോലെ അങ്കിള്‍ ടോം സാമിനെ നോക്കി. സാം നിങ്ങള്‍ക്ക് മുക്ഷിയുന്നുണ്ടോ..? എന്നാലും വേണ്ടില്ല. എനിക്കു പറയാവുന്നതില്‍ ഏറ്റവും ഭംഗിയായി മിന്റി എന്ന ഹാരിയറ്റ് ടബ്മാന്റെ കഥ പറയണം എന്നുനിനച്ചാ ഞാന്‍ തുടങ്ങിയത്. പക്ഷേ എന്തു ചെയ്യാം. എവിടെയെല്ലാമോ ഉടക്കുന്നു.

സാരമില്ല ഞാന്‍ ഒന്നുകൂടി തുടങ്ങാം. അങ്കിള്‍ ടോം പറഞ്ഞു. മിന്റിയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ എന്റെ ഹൃദയം വിങ്ങും. അങ്ങനെയല്ലാതെ എനിക്കവരെ ഓര്‍ക്കാന്‍ കഴിയുന്നില്ല. ഒരു ദിവസം യജമാനത്തി കുട്ടിത്തേവാങ്കിനേയും ഏല്പിച്ച് വീട്ടില്‍ വിരുന്നുവന്ന ഒരുത്തനുമായി സല്ലപിച്ചിരിക്കുമ്പോള്‍ ആ സാധനം നിലത്തുകിടന്ന് ഉരുളാനും കരയാനും തുടങ്ങി. കിട്ടാന്‍ പോകുന്ന പ്രഹരത്തെ ഭയന്നും ഇതിനെന്തു പറ്റിയെന്ന വേവലാതിയിലും, തനിക്കു താങ്ങാന്‍ കഴിയാത്ത ഭാരത്തെ വലിച്ചെടുക്കാന്‍ ശ്രമിക്കവെ രണ്ടാളുമായി താഴെവീണു. അതിന്റെ മുഖം നിലത്തിടിച്ച് പല്ലുകൊണ്ട് ചിറിമുറിഞ്ഞ് ചോരവന്നു. യജമാനത്തി സല്ലാപത്തിനിടയിലെ രസക്കേടും, ഒരടിമയോടുള്ള വെറുപ്പും മറച്ചുവെയ്ക്കതെ തുടരെമര്‍ദിച്ചു. ഒരോ പ്രഹരവും സഹനത്തിന്റെ ഒരു പുതിയ തലത്തിലേക്കവളുടെ അടിമമനസ്സിനെ ഉയര്‍ത്തി. അവള്‍ വേദനകളെ മറന്ന് നിസംഗതയുടെ പുതിയ പടവുകള്‍ പണിതു. മൂന്നു ദിവസത്തെ പട്ടിണി. തണുത്ത തറയില്‍ വിശപ്പിന്റെ മരവിപ്പില്‍, കാലുകള്‍ ഫയര്‍പിറ്റിലെ തണുത്തു തുടങ്ങിയ കനലുകളില്‍ പൂഴ്ത്തിക്കിടന്നു. പിന്നീടൊരിക്കല്‍ ഡയിനിംഗ് ടേബിളില്‍ ഒരു പാത്രത്തിലെ പഞ്ചസാര എന്നും കൊതിപ്പിച്ചെങ്കിലും, അതെന്താണെന്നം അതിന്റെ രുചിയെന്താണെന്നും അറിയാന്‍ ഉള്ളില്‍ ഒരു തള്ളല്‍. യജമാനന്മാര്‍ തങ്ങളുടെ ചായവെള്ളത്തില്‍ കലക്കി രുചികരമെന്നു പറയുന്നു. ഇംഗ്ലണ്ടില്‍ നിന്നും വന്ന ഈ വിശേഷ സാധനത്തിനോട് ഉള്ളില്‍തോന്നിയ പ്രേരണയെ സഹിക്കവയ്യതെ, ആരും കാണുന്നില്ലന്നുറപ്പുവരുത്തി ഒരു പിടി വാരി വായിലിട്ടു. യജമാനത്തിയുടെ ചാരക്കണ്ണുകള്‍ അതു കണ്ടെത്തി. പിന്നെ എന്താണു നടന്നതെന്നറിയില്ല. ബോധം വീണപ്പോള്‍ തൊഴിത്തിലെ കച്ചിക്കൂനയ്ക്കു നടുവില്‍ പൊട്ടിയ പുറത്തിന്റെ വേദനയാലും നീറ്റലിനാലും കിതുക്കുകയായിരുന്നു. പെട്ടന്നൊരുള്‍വിളിയുണ്ടായവളെപ്പോലെ ചാടിയെഴുനേറ്റവള്‍ ആരും കാണുന്നില്ലെന്നുറപ്പുവരുത്തി, പലപ്പോഴായി കണ്ടുവെച്ചിരുന്ന ഒളിത്താവളമായ പാറയിടുക്കില്‍ ഒളിച്ചു. മിന്റിയെക്കാണാനില്ല എന്ന ലാഘവ ചിന്തയോട് യജമാനനും കുടുംബവും സുഖമായി ഉറങ്ങി. നാലാം ദിവസം യജമാനന്റെ പട്ടി അവളെ കണ്ടെത്തി. ഇതൊക്കെ ജിവിതത്തിലെ സഹനങ്ങളുടെ ആദ്യപാഠങ്ങളായിരുന്നു.

പിടിക്കപ്പെട്ടവളുടെ ജീവിതം എങ്ങനെ ദുരിതപൂര്‍ണ്ണമാക്കാമോ അത്രയും പീഡനമുറകളിലൂടെ കടന്നു പോയ ആ പിഞ്ചുബാല്ല്യം പ്രതിരോധമുറകളും സ്വയം അഭ്യസിച്ചു. വേദന അനുഭപ്പെടാത്ത ഒരവസ്ഥയിലേക്ക് ശരീരത്തേയും മനസ്സിനേയും ബലപ്പെടുത്തി. ശരീരത്തില്‍ ഏല്‍ക്കുന്ന ഒരോ പ്രഹരങ്ങളും മറ്റാരുടെയോ ശരീരത്തിലെന്നപോലെ ഒരു ശൂന്യതാ ബോധം സ്വയം ജനിപ്പിച്ചു. അങ്ങനെ ഒരവസ്ഥയെക്കുറിച്ചറിയാനുള്ള അറിവോ പഠിപ്പോ, പ്രായമോ ഇല്ലായിരുന്നെങ്കിലും, അതിജീവനത്തിനായി പ്രകൃതി അവളെ പഠിപ്പിച്ചതാകാം. ഏഴാം വയസ്സില്‍ യജമാനനു മനസിലായി ഇതിനെ നന്നാക്കിയെടുക്കാന്‍ പറ്റില്ലെന്ന്, വെണ്ടത്ര ആഹാരമില്ലാതെ എന്നും അനാരോഗ്യം കൂടെപ്പിറപ്പായിരുന്നുവെങ്കിലും, ഉള്ളിലെ പോരാളി എല്ലാത്തിനേയും മറികടക്കന്‍ അവളെ പ്രാപ്തയാക്കി. ഒടുവില്‍ കടംകൊണ്ട മുതലിനെ ഉടമയ്ക്ക് തിരിച്ചേല്പിച്ച്, കടംകൊണ്ടവന്‍ സ്വയം ഒഴിഞ്ഞു. ഉടമ ആരോഗ്യമില്ലാത്ത ഈ ചരക്കിനെ എന്തുചെയ്യണമെന്നറിയാതെ പാടത്തിറക്കി. വിശാലമായ കൃഷിഭൂമിയില്‍ തുറന്ന ആകാശം അവളിലെ പോരാളിയെ രൂപപ്പെടുത്തിക്കൊണ്ടിരുന്നു. ആകാശത്തിലെ മേഘപടലങ്ങളെപ്പോലെ പാറിനടക്കാന്‍ അവളുടെ മനസ്സില്‍ മോഹങ്ങള്‍ മുളപൊട്ടി. രാത്രിയില്‍ ഒപ്പം ഉള്ള സഹോദരങ്ങളോടവള്‍ തന്റെ മോഹം പങ്കുവെച്ചെങ്കിലും അവര്‍ അതു മനസിലാക്കിയോ എന്തോ. അന്ന് സ്വാതന്ത്ര്യം എന്ന വാക്ക് അറിയില്ലായിരുന്നു. പകരം എങ്ങോട്ടെങ്കിലും ഒളിച്ചോടണം എന്നായിരിക്കും പറഞ്ഞത്. അതുകേട്ട അപ്പനും അമ്മയും ചോദിച്ചത് നമ്മള്‍ ഇവിടുന്ന് നമ്മുടെ യജമാനെ വിട്ട് എങ്ങോട്ടു പോകണം എന്നാ നീ പറയുന്നത്. മറ്റൊരു തോട്ടത്തിലേക്ക് നമ്മളെ ആരെങ്കിലും വാങ്ങിയാലും കഥ ഇതൊക്കയല്ലെ... മിന്റിക്കും താന്‍ പറഞ്ഞതിന്റെ പൊരുള്‍ ഒളിച്ചോട്ടം...സ്വാതന്ത്ര്യത്തിലേക്കുള്ള ഒളിച്ചോട്ടം എന്നു പറായന്‍ അറിയില്ലായിരുന്നു.

പിന്നീട് ആ മനസ്സില്‍ നിന്നും സ്വാതന്ത്ര്യം എന്ന ചിന്ത ഒഴിഞ്ഞിട്ടില്ല. അവള്‍ കൂടുതല്‍ അന്തര്‍മുഖിയായി. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധാലുവായി. കലപ്പവെച്ചുകെട്ടിയ കോവര്‍ക്കഴുത അവള്‍ക്കുവേണ്ടി നിലം ഉഴുതു. അവള്‍ പറയുന്നതൊക്കെ ആ കോവര്‍ക്കഴുതയ്ക്കു മാത്രം മനസ്സിലാകുമായിരുന്നു. പാടത്തുള്ള മറ്റുപണിക്കാരൊക്കെ അവളുടെ ജോലിയിലെ ആത്മാര്‍ത്ഥത കണ്ടറിഞ്ഞ് പരസപരം തലയാട്ടി. നമ്മുടെ ദണ്ണക്കാരി മിന്റി മിടുക്കിയായിരിക്കുന്നു എന്ന വിവരം യജമാനനും അറിഞ്ഞു. അവള്‍ ഉഴുത നിലത്തെ കോണ്‍ നല്ല വിളവുതരുന്നുണ്ടന്ന സന്തോഷം മുതലാളിയുടെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു. അവളുടെ വിലയെത്ര ചോദിക്കണമെന്ന ഒരു കണക്കുകൂട്ടലിലില്‍ ഡിസംബറിനുവേണ്ടി ചില ദല്ലാളുമാരുമായി മുതലാളി ചിലധാരണകളൊക്കെ ഉണ്ടാക്കിയിരുന്നു. ഒപ്പം വില്‍ക്കേണ്ടവരുടെ ഒരു കുറുപട്ടികയും ഉണ്ടായിരുന്നു.

മിന്റി തന്റെ ഉള്ള് മറ്റാരേയും അറീയ്ക്കാത് എല്ലാം മനസ്സില്‍ കുറിച്ച് സന്തോഷമായി നടന്നു. പ്ലാന്റേഷനില്‍ രാത്രികാലങ്ങളില്‍ വരുന്ന സുവിശേഷകരുടെ നല്ലപുസ്തകത്തിലെ സുവുശേഷങ്ങള്‍ ശ്രദ്ധയോടു കേട്ടു. മോശ എന്ന വീണ്ടെടുപ്പുകാരാന്‍ അതോ വിമോചകനോ... എന്തായാലും മോശയുടെ കഥ ഉള്ളില്‍ ഉറച്ചു. യഹോവ ക്രിത്യമായി മോശയെ നയിച്ച വഴികള്‍ ഉള്ളില്‍ ഇരുന്ന് വിങ്ങുന്നു. എന്റെ ദൈവം! അതൊരു വികാരമായി ഉള്ളില്‍ ഉറച്ചു. ദൈവം എന്നേയും വീണ്ടെടുക്കുമായിരിക്കും. അതൊരു പ്രതീക്ഷയായി, പ്രത്യാശയായി ഉള്ളില്‍ തിളയ്ക്കുമ്പോള്‍ ആത്മാവില്‍ ആയതുപോലെ തോന്നും. ഇതൊക്കെ മിന്റിയുടെ മാത്രം സ്വകാര്യതയായിരുന്നു. അവളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. അവള്‍ സുന്ദരി ആയതുപോലെ. അപ്പോള്‍ മിന്റിക്ക് പന്ത്രണ്ടുവയസുകാണുമെന്നാ പറഞ്ഞുകേട്ടത്. മുതലാളിയുടെ കണ്ണ് മിന്റിയില്‍ ഉറച്ചത് ലാഭക്കൊതിയാലാകാം. മിന്റിയെ കോണ്‍ വില്‍ക്കാന്‍ കടയിലൊക്കെ വിടാന്‍ തുടങ്ങിയത്, മിന്റി മുതലാളിയുടെ വിശ്വസ്ഥ എന്നൊരു തോന്നല്‍ ജനിപ്പിച്ച്, അവളില്‍ നിന്നും കൂടുതല്‍ അദ്ധ്വാനം ഈടാക്കാനായിരുന്നു.

ഒരു ദിവസം മിന്റിയും തോട്ടത്തിലെ നാല്പതുവയസെങ്കിലുമുള്ള ഒരു അടിമയും ചേര്‍ന്നാണ് കടയില്‍ പോയത്. ഇതിനുമുമ്പ് അയാളെ കണ്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിച്ചിട്ടില്ല. രാത്രികാലങ്ങളിലെ പ്രാര്‍ത്ഥനാശേഷം അയാള്‍ ഒരു വെളുത്തവളുമായി ഏറെനേരം വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നതു കണ്ടിട്ടുണ്ടെങ്കിലും, അതവരുടെ കാര്യം എന്ന മട്ടില്‍ ആകാംക്ഷയെ അടക്കി നടക്കും. ചാക്കു കെട്ടും തലയില്‍ വെച്ചയാള്‍ ഇന്നവളൊടു ചിരിക്കുന്നു. ഇന്നു സമയം ഒത്തുവന്നിരിക്കുന്നു... എല്ലാം അതിന്റെ സമയത്തു നടക്കും. അയാള്‍ ആരൊടെന്നില്ലാതെ പറഞ്ഞ് മിന്റിയെനോക്കിയെങ്കിലും അവള്‍ക്കൊന്നും മനസിലായില്ല. അയാള്‍ എന്തോ പിച്ചും പേയും പറയുന്നു എന്ന മട്ടില്‍ അവള്‍ നടന്നു. പക്ഷേ വഴിനീളെ അയാള്‍ മോചനത്തെക്കുറിച്ചു പറഞ്ഞു. അബോളിഷ്ണിസ്റ്റുകളെക്കുറിച്ചു പറഞ്ഞു. അയാള്‍ സംസാരിക്കാറുള്ള ആ സ്ത്രി വിമോചന പ്രസ്ഥാനക്കാരിയെന്നു പറഞ്ഞു. ഒടുവില്‍ അയാള്‍ വളരെ നാളായി ചിന്തിക്കുന്ന രക്ഷയുടെ ദിവസം ഇന്നാണെന്നു പറഞ്ഞു. അവളുടെ ഉള്ളില്‍ വെളിച്ചത്തിന്റെ ഒരു ചിരി വിരിഞ്ഞു. അയാള്‍ സാധനം കടയില്‍ ഇറക്കിയിട്ട് കടയുടെ പുറംവാതിലിലൂടെ രക്ഷപെടും. ആരും അറിയാതെ കാട്ടുപാതയിലെത്തിയാല്‍ പിന്നെ എല്ലാം എളുപ്പമാണ്. കടയില്‍ കടക്കാരന്റെ ശ്രദ്ധതിരിച്ച് അയാള്‍ക്ക് വഴിയൊരുക്കേണ്ട ജോലി മിന്റിയെ അയാള്‍ ഏല്പിച്ചു. മിന്റിക്കേറെ സന്തോഷമായി. ഒന്ന് ഒരാള്‍ തന്നെ വിശ്വസിക്കുന്നു. രണ്ട് ഒരാള്‍ക്ക് രക്ഷപെടാനുള്ള സഹായിയാകുന്നു. മറ്റൊരിക്കലും ഇല്ലാത്ത സന്തോഷത്താല്‍ സാധങ്ങള്‍ കടയില്‍ ഇറക്കി, ഇന്നുവരെ ചിരിച്ചിട്ടില്ലാ വിധം ചിരിച്ച് കടക്കാരന്റെ അടുത്തേക്കു നടക്കവെ ഒളിച്ചോടാന്‍ ഒരുങ്ങിയവന്‍ പുറംവാതില്‍ ലക്ഷ്യമാക്കി പതുങ്ങി നടന്നു. എന്തോ സംശയം തോന്നിയ കടക്കാരന്‍ മുന്നിലിരുന്ന രണ്ടുകിലോ കട്ടിയെടുത്തയാളെ ലക്ഷ്യമാക്കി എറിഞ്ഞു. ഉന്നം തെറ്റി അതു മിന്റിയുടെ തലയില്‍ കൊണ്ട് തലമുറിഞ്ഞൊഴുകി. ആളുകള്‍ അയാളെ പിടിച്ചു കെട്ടി കഠിനശിക്ഷക്കു വിധേയനാക്കി. തലപൊട്ടിയ മിന്റിയുടെ ജീവിതത്തില്‍ നിത്യ അടയാളമായ നെറ്റിയിലെ മുറിവും, ചുഴലി ദീനവും കൂട്ടായി. രക്ഷപെടണം എന്ന തീരുമാനം അന്നു മനസ്സില്‍ ഒന്നുകൂടി ഉറപ്പിച്ച് ഊറിച്ചിരിച്ചു.

തലയോട്ടിയിലെ മുറിവുണങ്ങുന്നതിനു മുമ്പ്, ഉണങ്ങിയചോരയുമായി പാടത്തേക്കിറക്കിയ മിന്റിയുടെ ജീവിതം ഒരു മാറാരോഗിയുടെതായി. ഓര്‍ക്കാപ്പുറത്തുവരുന്ന ചുഴലിയില്‍ അവള്‍ വീണിടത്തുകിടന്ന് കയ്യുംകാലും തല്ലി. അവളുടെ രോഗവിവരം മറച്ച് അവളെ മറ്റാര്‍ക്കെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും അവളെ വാങ്ങാന്‍ താല്പര്യമില്ലായിരുന്നു. അവള്‍ ഒറ്റക്കിരിക്കുമ്പോള്‍ ശബ്ദങ്ങള്‍ കേള്‍ക്കുകയും, പലതരം കാഴ്ചകള്‍ കാണുകയും ചെയ്യാന്‍ തുടങ്ങി. ദൈവം അവളൊടു നേരിട്ടു സംസാരിക്കുന്നതായി അവള്‍ക്കുതോന്നും. 'മൈ ഗുഡ് ലോര്‍ഡ്' എന്നാണവള്‍ അതിനെക്കുറിച്ചു പറയുന്നത്. ഇവാഞ്ജലിസ്റ്റുകള്‍ പറയുന്ന ജീസസിനെക്കുറിച്ചാണവള്‍ അതികം പറയുന്നത്. ജീസസ് അവള്‍ക്കൊപ്പമുണ്ടന്നവള്‍ വിശ്വസിക്കാന്‍ തുടങ്ങി. പാടത്തെ പണികളില്‍ അവളുടെ അരുതാഴ്മളെ മറന്ന് അവള്‍ പൊരുതി. യജമാനന്‍ അവളുമായി ഒരു കരാറുണ്ടാക്കി; അറുപതു രുപയ്ക്ക് തുല്ല്യമായ ജോലിപൂര്‍ത്തിയാകുമ്പോള്‍ നിന്റെ മോചനം. മിന്റി മോചനവും സ്വപ്നം കണ്ട് കൂടുതല്‍ ഉത്സാഹിയായി. എത്രപ്രയാസമുള്ള ജോലിയും അവള്‍ ചെയ്തു ദിവസത്തില്‍ ഏറെ സമയവും വെയിലത്ത് പണിയെടുത്ത്, ഞയാറഴ്ചകളില്‍ അവധിയെടുക്കാതെ തന്റെ മോചനദ്രവ്യവും സ്വപ്നം കണ്ട് നല്ല പുസ്തകത്തിലെ രക്ഷകനോട് രഹസ്യമായി വേദനകളെ പങ്കുവെച്ച് കഴിഞ്ഞു. അമ്മയേയും, അപ്പനേയും, സഹോദരങ്ങളെയും രക്ഷയുടെ ദിവസത്തേക്കുറിച്ചുള്ള സൂചനകള്‍ രഹസ്യമാക്കി. സമയമാകുമ്പോള്‍ അവരേയും ഒപ്പം കൂട്ടാമെന്നു കരുതി.

പത്തുവര്‍ഷത്തോളം മോചനത്തിന്റെ ദിവസവും കാത്ത് ഒരു കോവര്‍ക്കഴുതയെപ്പോലെ പണിയെടുത്തിട്ടും യജമാനനു തന്നെ വിട്ടയ്ക്കാന്‍ മനസില്ലത്രേ. ഫറവോന്‍ മോശയോടു പറഞ്ഞകാര്യം പാസ്റ്റര്‍ പറഞ്ഞതവള്‍ ഓര്‍ത്തു. എനിക്ക് മനസ്സില്ലത്രേ...ഇനിയും എന്തേഎന്നു മനസ്സിലെ വലിയ ചോദ്യത്തിനു മുന്നില്‍ അവള്‍ എന്തൊക്കയോ വഴികള്‍ ഓര്‍ത്ത് ചിരിച്ചു. എവിടെയെല്ലാമോ ഒളിച്ചോട്ടത്തിന്റെ കഥകള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഒരൊളിച്ചോട്ടത്തെക്കുറിച്ച് തന്റെ രണ്ടു സഹോദരങ്ങളുമായി അവള്‍ ആലോചിച്ചു. ഭയംകൊണ്ട് അവരുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിവരുന്നതവള്‍ കണ്ടു. സ്വാതന്ത്ര്യത്തിനു മരണത്തേക്കാള്‍ വിലയുണ്ടെന്ന തത്വം ആദ്യമായി അവരൊടാണു പറഞ്ഞത്. അവര്‍ക്കതു എത്രത്തോളം ഉള്ളില്‍ തട്ടിയെന്നറിയില്ല. ഒരടിമ മറ്റെന്തു ചെയ്യും എന്നായിരുന്നവരുടെ ഭീതി. അപ്പനും അപ്പമ്മയും മറ്റൊരു ലോകത്തില്‍ നിന്ന് എന്നപോലെ കേട്ടതെയുള്ളു. തന്റെ സഹാദരന്മാരേയും, യജമാനനു പണത്തിനാവശ്യം വന്നാല്‍ ഏതെങ്കിലും പ്ലന്റേഷനുകളിലേക്കു വില്‍ക്കും എന്നവള്‍ക്കറിയാമായിരുന്നു. തന്റെ സഹാദരിമാര്‍ എവിടെ എന്ന ചോദ്യം രാത്രികാലങ്ങളിലെ സ്വപ്നങ്ങളോടു ചോദിച്ചു.

സെഗ്രിഗേറ്റഡ് ചര്‍ച്ചില്‍ അങ്ങനെ പോകാറില്ലെങ്കിലും, ചില ഞയറാഴ്ചകളില്‍ മനസ്സിന്റെ നീറ്റല്‍ ഏറുമ്പോള്‍ പോകും. സാം താങ്കള്‍ക്ക് സെഗ്രിഗേറ്റഡ് ചര്‍ച്ച് എന്നു പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായോ.. അങ്കിള്‍ ടോം വെറുതെ ചോദിച്ച് ഒരുനിമിക്ഷം എന്തെല്ലാമോ നീറ്റലില്‍ ഒന്നു പുളഞ്ഞു. ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോട് പറഞ്ഞു.ഒരു അടിമയുടെ ഇടം അതായിരുന്നു. പള്ളിയെ രണ്ടുതട്ടായി തിരിക്കുന്നു. ഒന്നു കറുത്തവന്റെ ഇടം ഏറ്റവും പിറകില്‍, വെളുത്തവനേക്കാള്‍ ഒരു കാതം അകലെ. അവര്‍ ദൈവസ്‌നേഹത്തെക്കുറിച്ചാണു പ്രസംഗിക്കുന്നത്. അതു പാസ്റ്റര്‍മാരുടെ കുഴപ്പമായിരുന്നില്ല. അല്ലെങ്കില്‍ വെള്ളക്കാര്‍ ആരാധനക്കുവരില്ല. പിന്നീട് ബ്ലാക്ക് ചര്‍ച്ചുകളുടെ ഉത്ഭവം ഈ മനോഭാവത്തിന്റെ ബാക്കിപത്രം ആയിരിക്കാം. ഏതായാലും നിങ്ങളുടെ പൂര്‍വ്വികരും നിങ്ങളുടെ മാതൃരാജ്യത്തും തൊട്ടുകൂടഴ്മയുടെയും, തീണ്ടിക്കൂടാഴ്മയുടെയും ഇരകള്‍ ആയിരുന്ന കഥ നിനക്കറിയാമോ...? എല്ലാ പ്രദേശത്തും മനുഷ്യ മനസ്സൊരുപോലെയാണ്. പിന്നെ പ്രാദേശിക വകഭേദങ്ങള്‍ ഉണ്ടാകാം. അങ്കിള്‍ ടോം സാമിനെ ഒന്നു ഇരുത്തിനോക്കി, നീ ഞങ്ങളേക്കാള്‍ മെച്ചമല്ല എന്നര്‍ത്ഥം വെച്ചു. സാം അപ്പോഴും ബീയറിന്റെ ചെറിയ ലഹരിയിലായിരുന്നു. മിന്റി റോസ് തലയിലെവിടെയോ കലഹിക്കുന്നു.

ആ യാത്രയില്‍ രണ്ടുകാര്യങ്ങള്‍ മിന്റിയുടെ ജീവിതത്തിലേക്കിറങ്ങിവന്നു. ഒന്ന് ചര്‍ച്ചിലെ ആരാധനക്കിടയില്‍ ഒരു വെളുത്ത ചെറുപ്പക്കാരിയുടെ കരുണയുള്ള നോട്ടം. ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ മിന്റിക്കപ്പോള്‍ കഴിഞ്ഞില്ലെങ്കിലും, അവര്‍ തന്നോടെന്തോക്കയോ പറയാന്‍ ആഗ്രഹിക്കുന്നതുപോലെ അവള്‍ക്കു തോന്നി. മിന്റി ഒരടിമയെ രക്ഷപെടാന്‍ സഹായിച്ചവള്‍ എന്ന നിലയില്‍ സമീപ പ്രദേശത്തുള്ളവരൊക്കെ അവളെ തിരിച്ചറിഞ്ഞിരുന്നു. ആ സ്ത്രീയുടെ നോട്ടത്തില്‍ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞവള്‍ എന്നായിരിക്കുമെന്ന് മിന്റി ഗ്രഹിച്ചുവെങ്കിലും, തലകുനിച്ചിരുന്നതെയുള്ളു. മറ്റൊന്ന് ചര്‍ച്ചിലേക്കുള്ള നാട്ടുപാതയില്‍ മറ്റുപ്ലന്റേഷനുകളിലെ തൊഴിലാളികളെങ്കിലും തങ്ങളുടെ സ്വാതന്ത്ര്യം വിലയ്ക്കുവാങ്ങിയവരുടെ കൂറെ വീടുകള്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരു വീടിന്റെ മുന്നില്‍ ഒരു ചെറുപ്പക്കാരന്‍ തന്നെ സാകുതം നോക്കുന്നത് നെഞ്ചുതുളച്ചു കയറുന്നുണ്ടെങ്കിലും, അയാളെ തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിയുന്നില്ല. അതും ഉള്ളില്‍ എന്തോ ഒരു തിരയിളക്കും സൃഷ്ടിക്കുന്നതായി അവള്‍ അറിഞ്ഞു. അപ്പോഴേക്കും മിന്റിക്ക് ഇരുപത്തിനാലുവയസെങ്കിലും ആയിട്ടുണ്ടാകും.

Read : https://emalayalee.com/writer/119

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക